കാത്തിരിപ്പിന് വിരാമം; അബുദബിയിലെ ആദ്യ സിഎസ്ഐ ദേവാലയം നാടിന് സമർപ്പിച്ചു

വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് യുഎഇയില്‍ സിഎസ്‌ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ) ദേവാലയത്തിന്റെ വാതില്‍ തുറന്നു. ഞായറാഴ്ച വൈകിട്ട് 4.30നായിരുന്നു ദേവാലയം നാടിന് സമര്‍പ്പിച്ചത്. സിഎസ്‌ഐ മധ്യകേരള മഹാഇടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷ്ഠാശുശ്രൂഷയോടെയാണ് ദേവാലയം തുറന്നത്. . അബുദാബി അബൂമുറൈഖയിലെ കൾചറൽ ഡിസ്ട്രിക്ടിൽ ബിഎപിഎസ് ഹിന്ദു മന്ദിറിന് സമീപമാണ് ദേവാലയം. അകത്തും വശങ്ങളിലുമായി മൊത്തം 900 പേർക്ക് പ്രാർഥിക്കാൻ സൗകര്യമുണ്ട്. ഞായറാഴ്ചകളിൽ രാവിലെ 9.30നാണ് കുർബാന.

ഇന്നലെ വൈകിട്ട് 3.15ന് ബിഷപ് ഡോ. മലയില്‍ സാബുകോശി ചെറിയാന്റെ നേതൃത്വത്തില്‍ പരുരോഹിതനും ഗായകരും ജനങ്ങളും ചേര്‍ന്ന് ദേവാലയത്തെ വലംവെച്ച് പ്രദക്ഷിണ ശുശ്രൂഷ നടത്തി. തുടര്‍ന്ന് അംശവടിയാല്‍ അനുഗ്രഹിച്ച് ദേവാലയത്തിന്റെ പ്രധാന കവാടം തുറന്നു. ഇടവക വികാരി റവ. ലാല്‍ജി എം. ഫിലിപ് സഹകാര്‍മികനായി. ഇടവക മുന്‍ വികാരിമാരും ചടങ്ങില്‍ പങ്കെടുത്തു. ലോക സമാധാനത്തിനു വേണ്ടിയുള്ള പ്രാര്‍ഥനയുടെ പ്രതീകമായി ബിഷപ്പും സ്വാമി ബ്രഹ്‌മവിഹാരി ദാസും അബ്ദുല്ല അല്‍ തുനൈജി, അഹ്‌മദ് അല്‍ മന്‍സൂരി എന്നിവരും ചടങ്ങില്‍ അതിഥികളായി. ഇവര്‍ ചേര്‍ന്ന് ദേവാലയത്തില്‍ ഒലിവ് തൈകള്‍ നട്ടു. കവാടത്തിന്റെ ഇരുവശങ്ങളിലുമായി സ്ഥാപിച്ച ശിലാഫലകം വിശിഷ്ടാതിഥികള്‍ അനാഛാദനം ചെയ്തു. ആയിരത്തോളം വിശ്വാസികളായിരുന്നു ചടങ്ങില്‍പങ്കടുത്തത്.

യുഎഇ ഭരണാധകാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുവദിച്ച 4.37 ഏക്കറില്‍ 12,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ദോവാലയം നിര്‍മ്മിച്ചിരിക്കുന്നത്. 1.1 കോടി ദിര്‍ഹമാണ് സിഎസ്‌ഐ ദേവാലയത്തിന്‍റെ നിര്‍മ്മാണത്തിനായി ചിലവഴിച്ചത്. 2019 ഡിസംബർ 7നായിരുന്നു ശിലാസ്ഥാപനം. ജാതിമത ഭേദമന്യേ ഏവർക്കും പ്രവേശിക്കാം.