ഒമാനില്‍ രാജകീയ ചിഹ്നം വാണിജ്യ ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നത് നിരോധിച്ചു

ഒമാന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക രാജകീയ മുദ്ര, വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് നിയന്ത്രണം. രാജ്യത്തെ വാണിജ്യ – വ്യവസായ – നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലുമെല്ലാം ഇത് ബാധകമാണ്. വാണിജ്യ – വ്യവസായ – നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക അനുമതി വാങ്ങാതെ രാജകീയ മുദ്ര ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്. പ്രസ്തുത ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടി എടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.

നേരത്തെ രാജ്യത്തിന്റെ ഔദ്യോഗിക മുദ്രകള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നതിനെതിരെ നടപടി 2017 – ൽ ഒമാൻ ഭരണകൂടം ശക്തമായ നടപടികൾ കൈകൊണ്ടിരുന്നു. ഔദ്യോഗിക മുദ്രകളോ രാജകീയ അടയാളമോ അനുമതി കൂടാതെ ഉപയോഗിക്കുന്നവര്‍ക്കെതിരെയാണ് നടപടി എടുക്കുന്നത്. റോയല്‍ ഒമാന്‍ പോലീസിന്റേതടക്കമുള്ള ചിഹ്നങ്ങള്‍ അനുമതി ഇല്ലാതെ ഉപയോഗിക്കുന്നത് വര്‍ധിച്ച് വന്ന സാഹചര്യത്തിലാണ് ഇതിനെതിരെ നടപടി എടുക്കാന്‍ തീരുമിച്ചത്. ഖഞ്ചറും വാളും ചേര്‍ന്ന രൂപമാണ് ഒമാന്‍ ചിഹ്നമായി ഉപയോഗിക്കുന്നത്. ഖഞ്ചറും വാളും കിരീടവും അടങ്ങിയതാണ് ആര്‍.ഒ.പിയുടെ മുദ്ര.അനുമതി ഇല്ലാതെ മുദ്രകള്‍ ഉപയോഗിക്കുന്നത് രാജ്യത്തിന്റെ പതാകയെയും ഔദ്യോഗിക മുദ്രയെയും രാജകീയ ഗാനത്തേയും കുറിച്ച് പ്രതിപാദിക്കുന്ന 53/2004 രാജകീയ ഉത്തരവിന്റെ ലംഘനമാണ്.