യു എ ഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ ഊഷ്മള വരവേൽപ്പ്

ഔദ്യോഗിക സന്ദർശനത്തിനായി യു എ ഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ ഊഷ്മള വരവേൽപ്പ്. അബുദബി രാജകുടുംബാംഗവും യു എ ഇ ക്യാബിനറ്റ്‌ മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ശൈഖ് നഹ്യാന്റെ മകനും യു എ ഇ വിദേശകാര്യ സഹമന്ത്രിയുമായ ശൈഖ് ഷഖ്‌ബൂത്ത് ബിൻ നഹ്യാൻ അൽ നഹ്യാൻ എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിയെ അബുദാബിയിലെ കൊട്ടാരത്തിൽ സ്വീകരിച്ചത്. യു എ ഇയുടെ വികസനത്തിൽ മലയാളികൾ വഹിച്ച പങ്കിനെ ശൈഖ് നഹ്യാൻ പ്രകീർത്തിച്ചു. ഉന്നത ബൗദ്ധിക നിലവാരമുള്ള മലയാളികൾ യു എ ഇ ക്ക് എന്നും മുതൽക്കൂട്ടാണ്. പരസ്പര സഹകരണത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾ മികച്ച ഭാവി പ്രദാനം ചെയ്യും. പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാറിന്റെ തുടർഭരണം കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഗുണകരമാകുമെന്ന് ശൈഖ് നഹ്യാൻ കൂടിക്കാഴ്ചയിൽ എടുത്തു പറഞ്ഞു.

കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങളെ കുറിച്ച് മുഖ്യമന്ത്രി ശൈഖ് നഹ്യാൻ വിശദീകരിച്ചു. ഇന്ത്യക്കാരോട് വിശേഷിച്ച് മലയാളികളോട് യു എ ഇ ഭരണകൂടം കാണിക്കുന്ന സ്നേഹത്തിനും സാഹോദര്യത്തിനും മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചു. കേരളത്തിൻ്റെ ഉപഹാരം മുഖ്യമന്ത്രി ശൈഖ് നഹ്യാന് കൂടിക്കാഴ്ചക്ക് ശേഷം സമ്മാനിച്ചു. വ്യവസായ മന്ത്രി പി രാജീവ്, നോർക്ക വൈസ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലി എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.