സൗജന്യ കൺസൾട്ടേഷൻ; ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അബുദാബിയിൽ തുറന്നു

കാൻസർ രോ​ഗബാധിതർക്ക് അത്യാധുനിക ചികിത്സകൾ ലഭ്യമാക്കുന്നതിനായി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (ബി സി ഐ ) അബുദബിയിൽ പ്രഖ്യാപിച്ചു. അബുദാബി, അൽ ഐൻ, അൽ ദഫ്ര, ഷാർജ, ദുബായ് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബുർജീലിന്റെ കാൻസർ കെയർ സൗകര്യങ്ങൾ ഏകീകരിക്കുന്ന ശൃംഖലയുടെ കേന്ദ്രമായിരിക്കും ബി സി ഐ. സ്വകാര്യ കീമോതെറാപ്പി സ്യൂട്ടുകൾ, സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ, സ്തനാർബുദ യൂണിറ്റ് ചികിത്സ ഉൾപ്പെടെ നാല് നിലകളിലായി ലോകോത്തര സൗകര്യങ്ങൾ ആണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. പ്രതിവർഷം, 5,000-ലേറെ അർബുദ രോഗികളെ ചികിത്സിക്കുന്ന ബുർജീലിന്റെ ശൃംഖല പതിനായിരത്തിലധികം സ്ക്രീനിങ്ങുകൾ, റേഡിയോ തെറാപ്പി സെഷനുകൾ എന്നിവ അൻപതിലേറെ വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തുന്നു.

യുഎയിലെ സഹിഷ്ണുത, സഹവർത്തിത്ത മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഇൻസ്റ്റിറ്റ്യൂട്ട് ഉത്ഘാടനം ചെയ്തു. എല്ലാവർക്കും മികച്ച ആരോഗ്യ പരിരക്ഷയും മെഡിക്കൽ സേവനങ്ങളും നൽകാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഇൻസ്റ്റിറ്റ്യൂട്ട് ക്യാൻസർ ചികിത്സയെ മാറ്റിമറിക്കുകയും രോ​ഗികളുടെ ഫലങ്ങൾ ​ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ബുർജീൽ ഹോൾഡിം​ഗ്സിന്റെ സ്ഥാപകനുമായ ഡോ. ഷംസീർ വയലിൽ പറഞ്ഞു. സൗജന്യ കൺസൾട്ടേഷൻ നൽകുന്ന കാര്യം ചൂണ്ടിക്കാട്ടിയ പ്രമുഖ എമിറാത്തി ഓങ്കോളജിസ്റ്റ് പ്രൊഫ. ഹുമൈദ് അൽ ഷംസിയാണ് ഇൻസ്റ്റിറ്റ്യൂട്ടിനെ നയിക്കുന്നത്.