കുവൈത്ത്; തൊഴിലാളി ക്യാമ്പിലെ തീ പിടിത്തം, ആഭ്യന്തരമന്ത്രി നേരിട്ട് സ്ഥലത്തെത്തി

കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ വീണ്ടും ഉയര്‍ന്നു. ഇതുവരെ മലയാളികൾ ഉൾപ്പെടെ നാൽപ്പതിലധികം പേർ മരിച്ചതായാണ് പുതിയ കണക്ക്. നിരവധി പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ രാജ്യത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. മംഗഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെ കെട്ടിടത്തില്‍ തീ ആളിപ്പടരുകയായിരുന്നു. . കുവൈത്ത് ആഭ്യന്തരമന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് നേരിട്ട് സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് ഇന്ത്യൻ അംബാസഡറും സ്ഥലത്തെത്തിയിരുന്നു.

തെക്കൻ കുവൈത്തിലെ മാംഗഫില്‍ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാമ്പിലാണ് അഗ്നിബാധയുണ്ടായത്. 196 പേരാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് മുഴുവൻ പേരേയും കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. ജോലി കഴിഞ്ഞെത്തിയ തൊഴിലാളികൾ ഉറങ്ങികിടക്കുന്ന സമയത്താണ് ദുരന്തം ഉണ്ടായത്. തീ പടര്‍ന്നതിനെത്തുടര്‍ന്ന് രക്ഷപ്പെടാൻ കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടിയവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

” തൊഴിലാളികളെ പാർപ്പിക്കാൻ ഉപയോഗിച്ചിരുന്നതാണ് തീപിടുത്തമുണ്ടായ കെട്ടിടം. അവിടെ ധാരാളം തൊഴിലാളികൾ ഉണ്ടായിരുന്നു. ഡസൻ കണക്കിന് ആളുകളെ രക്ഷിച്ചു, പക്ഷേ നിർഭാഗ്യവശാൽ തീയിൽ നിന്നുള്ള പുക ശ്വസിച്ച് നിരവധി മരണങ്ങൾ ഉണ്ടായി,”
മുതിർന്ന പോലീസ് കമാൻഡർ പറഞ്ഞു.