‘ഇനിയും ഇവിടം സന്ദർശിക്കണം, ഇരു രാജ്യങ്ങളും തമ്മിലുള്ളത് ഊഷ്മളമായ ബന്ധം’; ഇന്ത്യക്കാരോട് അഭ്യര്‍ഥനയുമായി മാലദ്വീപ് മന്ത്രി

ഇന്ത്യന്‍ വിനോ​ദ സഞ്ചാരികള്‍ ഇനിയും മാലദ്വീപിലേക്ക് വരണമെന്ന അഭ്യര്‍ഥനയുമായി മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസല്‍ . ഇന്ത്യയും മാലദ്വീപും തമ്മിൽ ഊഷ്മളമായ ബന്ധമാണുളളതെന്നും അദ്ദേഹം പറഞ്ഞു. മാലിദ്വീപുമായി ഏറ്റവും സൗഹൃദം പുലർത്തുന്ന രാജ്യമാണ് ഇന്ത്യ. ബംഗളൂരു ഡൽഹി ബോംബെ നഗരങ്ങളിൽ മാലദ്വീപ് ടൂറിസം പ്രോത്സാഹിപ്പിക്കുവാൻ റോഡ് ഷോ നടത്തുമെന്നും ഇബ്റാഹീം ഫൈസൽ പറഞ്ഞു. കേരളം സന്ദർശിക്കാൻ ആഗ്രഹമുണ്ട്. നിലവിലെ വിഷയങ്ങൾ പരിഹരിച്ചാൽ സന്ദർശനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ അഭ്യര്‍ഥന.

സമാധാനവും സൗഹൃദവും എന്നും ചേര്‍ത്തുപിടിക്കുന്നവരാണ് മാലദ്വീപുകാര്‍. അതുകൊണ്ട് തന്നെ ഞങ്ങളുടെ പുതിയ സര്‍ക്കാരിന് ഇന്ത്യയുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് ഇഷ്ടം. ഇന്ത്യക്കാര്‍ ഇനിയും മാലദ്വീപിലെത്തണമെന്നാണ് അഭ്യര്‍ഥന. ഞങ്ങളുടെ സമ്പദ് വ്യവസ്ഥ ടൂറിസത്തെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ മാലദ്വീപിലെ ജനങ്ങളും സര്‍ക്കാരും ഇന്ത്യക്കാരെ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നുവെന്നും മാലദ്വീപ് ടൂറിസം മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി മാലദ്വീപിലെ ചില മന്ത്രിമാര്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഇതിനെ തുടര്‍ന്ന് ക്രിക്കറ്റ്-സിനിമ സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ വ്യാപകമായി മാലദ്വീപിനെ ബഹിഷ്‌കരിച്ചിരുന്നു. ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ കാണം മാലദ്വീപ് സമ്പദ്ഘടനയിൽ സാരമായ നഷ്ടം സംഭവിച്ചതിനെ തുടർന്ന് ഇന്ത്യന്‍ സഞ്ചാരികളെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മാലദ്വീപിന്റെ ഈ നീക്കം.

ഇന്ത്യക്കാര്‍ ബഹിഷ്‌കരിക്കാന്‍ തുടങ്ങിയതോടെ മാലദ്വീപ് ടൂറിസം മേഖല വന്‍ തിരിച്ചടിയാണ് നേരിട്ടത്. വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ് ടൂറിസം പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ ഈ ദ്വീപ് രാഷ്ട്രത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതോടെ ഇന്ത്യയെ അനുനയിപ്പിക്കാന്‍ മാലദ്വീപ് ഭരണകൂടം ശ്രമിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് മാലദ്വീപ് ടൂറിസം മന്ത്രിയുടെ ഈ വാക്കുകള്‍.