ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ തടഞ്ഞു, ബഹ്‌റൈനിലെ ഇന്ത്യൻ റസ്റ്റോറൻ്റ് അധികൃതർ അടച്ചു പൂട്ടി

ഹിജാബ് ധരിച്ചെത്തിയ യുവതിക്ക് പ്രവേശനം നിഷേധിച്ചതിന് ബഹ്‌റൈനില്‍ റെസ്റ്റോറന്റ് അടച്ചു പൂട്ടി.. തലസ്ഥാനമായ മനാമക്കടുത്ത് അദ്‌ലിയായിലെ പ്രമുഖ ഇന്ത്യന്‍ റെസ്റ്റോറന്റാണ് ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി പൂട്ടിയത്. സംഭവത്തില്‍ വിശദ അന്വേഷണം ആരംഭിച്ചതായി അതോറിറ്റി അറിയിച്ചു.

റെസ്റ്ററോന്റിലെക്കെത്തിയ രണ്ട് സ്ത്രീകളില്‍ ഒരാളെയാണ് തടഞ്ഞത്. സുഹൃത്തിനൊപ്പം പര്‍ദ്ദ ധരിച്ച ഒരു യുവതി റെസ്റ്ററോന്റിലേക്ക് പ്രവേശിക്കുന്നത് ജീവനക്കാരിലൊരാള്‍ തടയുന്ന വീഡിയോ സോഷ്യല്‍ മീഡിയായില്‍ വൈറലായിലിരുന്നു. ഹിജാബ് ധരിച്ചിരുന്നതിനാല്‍ തന്റെ സുഹൃത്തിനെ അകത്ത് കടക്കാന്‍ അനുവദിക്കാത്തത് അമ്പരപ്പുണ്ടാക്കിയതായി വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നുണ്ട്. നിരവധി പേര്‍ തങ്ങളുടെ പേജുകളില്‍ സംഭവത്തില്‍ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കുകയായിരുന്നു.

എല്ലാ സ്ഥാപനങ്ങളും നിയന്ത്രണങ്ങള്‍ പാലിക്കാനും രാജ്യത്തിന്റെ നിയമങ്ങള്‍ ലംഘിക്കുന്ന നയങ്ങള്‍ നടപ്പാക്കുന്നത് ഒഴിവാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. ആളുകളോട് വിവേചനം കാണിക്കുന്ന എല്ലാ നടപടികളും നിരസിക്കുന്നതായും മന്ത്രാലയം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാന്‍ ഉടന്‍ അറിയിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ റെസ്റ്ററോണ്ട് ക്ഷമാപണം നടത്തി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഡ്യൂട്ടി മാനേജരെ സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചു.