ബലിപെരുന്നാളിന് നീണ്ട അവധി പ്രഖ്യാപിച്ച് ജിസിസി രാജ്യങ്ങൾ

ബലിപെരുന്നാളിന് നീണ്ട അവധി പ്രഖ്യാപിച്ച് ജി സി സി രാജ്യങ്ങൾ, യുഎഇയിലെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. ജൂണ്‍ 15 ശനിയാഴ്ച മുതല്‍ ജൂണ്‍ 18 ചൊവ്വാഴ്ച വരെയാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 19 ബുധനാഴ്ചയാണ് അവധിക്ക് ശേഷം പ്രവൃത്തി ദിവസം പുനരാരംഭിക്കുക. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. ദുബൈയിലെ സ്വകാര്യ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും നഴ്സറികള്‍ക്കും 15 മുതല്‍ 18 വരെ അവധിയായിരിക്കും.

അതെ സമയം ഒമാനിൽ ജൂൺ 16 ഞായറാഴ്ച മുതൽ ജൂൺ 20 വ്യാഴാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ ഒമ്പത്​​ ദിവസത്തെ അവധിയാണ് ആകെ ലഭിക്കുക. ജൂൺ 23 ഞായറാഴ്ച മുതലായിരിക്കും അവധിക്ക് ശേഷം പ്രവൃത്തി ദിവസം വീണ്ടും ആരംഭിക്കുക.

അറഫാ ദിനം (ഒരു ദിവസത്തെ അവധി), ഈദ് അൽ അദ്ഹ (ബലി പെരുന്നാൾ) (മൂന്ന് ദിവസത്തെ അവധി) എന്നിങ്ങനെയാണ് അവധി വേർതിരിക്കുക. ഇസ്‌ലാമിക ആഘോഷങ്ങൾ ഹിജ്റ കലണ്ടർ മാസങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഒമാൻ ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഈ മാസം 16നാണ് ബലിപെരുന്നാൾ. ഒമാനിലും കേരളത്തിലും 17നാണ് ബലിപെരുന്നാൾ.