60 ദിവസത്തെ യു.എ.ഇ ടൂറിസ്റ്റ് വിസ: അറിയേണ്ടതെല്ലാം

യു.എ.ഇയില്‍ ഈ മാസം പ്രാബല്യത്തിൽ വന്ന പുതിയ വിസ നിയമങ്ങള്‍ അറിയാം 60 ദിവസം രാജ്യത്ത് താമസിച്ച് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്ന ടൂറിസ്റ്റ് വിസയാണ് ഇതില്‍ പ്രധാനപ്പെട്ടത്. എല്ലാ എന്‍ട്രി വിസകളുടെയും കാലാവധി 60 ദിവസമാണ്. നേരത്തേ 30 ദിവസമായിരുന്നു. ഇഷ്യു ചെയ്ത തിയ്യതി മുതലാണ് ദിവസം കണക്കാക്കുക. കഴിഞ്ഞ എപ്രിലില്‍ മന്ത്രിസഭ പാസാക്കിയ പരിഷ്‌കാരങ്ങളാണ് ഇപ്പോള്‍ പ്രാബല്യത്തിലായത്. നേരത്തേ ടൂറിസ്റ്റുകള്‍ക്ക് പ്രത്യേകമായി വിസയുണ്ടായിരുന്നില്ല. രാജ്യം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസിറ്റ് വിസയാണ് നല്‍കിവന്നിരുന്നത്. ഇത് 30 ദിവസം, 60 ദിവസം, 90 ദിവസം എന്നീ കാലയളവിലേക്കാണ് നല്‍കിവന്നിരുന്നത്.

രാജ്യത്ത് എത്തിയ ശേഷം കാലാവധി ദീര്‍ഘിപ്പിക്കാനും സാധിക്കും. ഇത്തരം വിസിറ്റ് വിസ നല്‍കുന്നതില്‍ മാറ്റമൊന്നുമില്ല. വിസിറ്റ് വിസക്ക് യു.എ.ഇയിലെ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സമ്മതപത്രം ആവശ്യമാണ്. അപേക്ഷകന്റെ ബന്ധവും സന്ദര്‍ശനത്തിന്റെ ഉദ്ദേശവും വ്യക്തമാക്കണം. എന്നാല്‍ ടൂറിസ്റ്റ് വിസക്ക് ഇതാവശ്യമില്ല. എല്ലാ എന്‍ട്രി വിസകളും സിംഗിള്‍ എന്‍ടി, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ കാലാവധി 60 ദിവസത്തേക്ക് വരെ ദീര്‍ഘിപ്പിക്കാവുന്നതാണ്.

യു.എ.ഇയിലേക്ക് വിസ ഓണ്‍ അറൈവല്‍ ഉള്ള രാജ്യക്കാര്‍ക്കും ഫ്രീ എന്‍ട്രി വിസയുള്ളവര്‍ക്കും ഒഴികെ എല്ലാ ആളുകള്‍ക്കും ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം. 69 രാജ്യക്കാര്‍ക്കാണ് യു.എ.ഇ വിസ ഓണ്‍ അറൈവല്‍ സൗകര്യം നല്‍കുന്നത്. 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ കൂടെയില്ലെങ്കില്‍ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാനാവില്ല. ട്രാവല്‍ ഏജന്‍സി വഴിയോ എയര്‍ലൈനുകള്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. 60 ദിവസത്തെ ടൂറിസ്റ്റ് വിസക്ക് 550 മുതല്‍ 600 ദിര്‍ഹം വരെയാണ് ചാര്‍ജ് ഈടാക്കുന്നത്. 30 ദിവസം, 60 ദിവസം, 90 ദിവസം കാലയളവില്‍ വരുന്ന വിസിറ്റ് വിസക്ക് 350 മുതല്‍ 750 ദിര്‍ഹം വരെയാണ് നിരക്ക്.