അമേരിക്കൻ മലയാളികൾക്ക് സാംസ്കാരിക കേന്ദ്രമൊരുങ്ങുന്നു; ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്കയുടെ ചിത്രവര്‍ണ്ണം ഏപ്രില്‍ 28 ന്

അമേരിക്കൻ മലയാളിയുടെ ദീർഘ കാല ആഗ്രഹമായിരുന്നു കലാ സാംസ്കാരിക കേന്ദ്രം അല (ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക ) ഷിക്കാഗോയിൽ തുടങ്ങുന്നു. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മലയാളി പ്രവാസിക്ക് അനുകൂലമായ അന്തരീക്ഷവും സൗകര്യവും നല്‍കാന്‍ പ്രാപ്തമാകുന്ന ഒരു കെട്ടിടം നിര്‍മ്മിക്കുക എന്നതാണ് അല ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. കേരളീയ കലകളുടെ പരിശീലന കേന്ദ്രം, ലൈബ്രറി, ഓഡിറ്റോറിയം, കേരളത്തില്‍ നിന്നും അമേരിക്കയില്‍ സന്ദര്‍ശനത്തിന് എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒത്തുകൂടാന്‍ ഒരിടം തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്ന സാംസ്‌കാരിക കേന്ദ്രം എന്ന നിലയിലാണ് അല ഇതിനെ രൂപകല്പന ചെയ്യുന്നത്.

അമേരിക്കയിലെ മലയാളികളുടെ കലാസാംസ്കാരിക സംഘടനയായ അലയുടെ ഈ പദ്ധതിയുടെ ധന സമാഹരണത്തിനായി ചിത്രവർണം എന്ന പേരിൽ സംഗീത പരിപാടി ഏപ്രിൽ ഇരുപത്തിയെട്ടിന് നേപ്രിവിൽ യെല്ലോ ബോക്ലിസ് ( Yellow Box, Naperville) നടക്കും. കെ എസ് ചിത്ര നയിക്കുന്ന പരിപാടിയിൽ സംഗീതജ്ഞൻ ശരത്ത്, ഗായകരായ നിഷാന്ത്, അനാമിക എന്നിവരും മറ്റ് ഒമ്പത് കലാകാരന്മാരും അണിനിരക്കും. അമേരിക്കയിലെ എല്ലാ മലയാളികള്‍ക്കും ഒരുപോലെ പ്രയോജനം നല്‍കുന്ന മഹത്തായ ഉദ്യമത്തിന് അമേരിക്കന്‍ പ്രവാസികളായ ഏവരുടേയും പിന്തുണയും സഹായവും അഭ്യര്‍ത്ഥിക്കുകയും പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായും ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക ഭാരവാഹികള്‍ അറിയിച്ചു.

ഇതോടൊപ്പം തന്നെ കേരള സർക്കാരിന്റെ വിവിധ വകുപ്പുകളുമായി ചേർന്ന് കേരള എക്സ്പോ എന്ന വിപണന മേള സംഘടിപ്പിക്കും. ഖാദി, മലയാളം മിഷൻ, ക്രാഫ്റ്റ് വില്ലേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾ എക്സ്പോയിൽ ലഭ്യമാക്കും. പുസ്തകമേളയും ഭക്ഷ്യമേളയും സംഘടിപ്പിക്കും. എഐ കൺസൾട്ടൻസി സ്ഥാപനമായ ഐഎക്സ്ഐ ജിഎഐ ( iXi gAI ) ആണ് പരിപാടിയുടെ മുഖ്യ സ്പോൺസർ. എല്മെസ്റ്റ് എക്സ്റെൻഡഡ്‌ കെയർ സെന്റർ ( Elmhurst Extended Care Center)സെർട്ടിഫൈഡ് അക്കൗണ്ടിങ്ങ് ആന്റ് ടാക്സ് ഐഎൻസിയും ( Certified Accounting & Tax Inc ) കോൾഡ് വെൽ ബാങ്കർ റിയൽട്ടിയും ( Coldwell Banker Realty) പരിപാടിയുടെ സ്പോൺസർമാരാകും.