എയർ ഇന്ത്യ സമരം: ദില്ലിയിൽ അധികൃതരെയും ജീവനക്കാരെയും ചർച്ചക്ക് വിളിച്ച് കേന്ദ്രസർക്കാർ

എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരുടെ സമരത്തെ തുടർന്ന് അധികൃതരെയും ജീവനക്കാരെയും ദില്ലിയില്‍ ചർച്ചക്ക് വിളിച്ച് കേന്ദ്ര സർക്കാർ. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. സമരത്തെ തുടർന്ന് നിരവധി വിമാന സർവീസുകളാണ് ഇന്നലെയും ഇന്നുമായി റദ്ദാക്കിയത്. യാത്രക്കായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് മിക്കവരും സർവീസ് റദ്ദാക്കിയ വിവരം അറിഞ്ഞത്. പലയിടത്തും ഇത് വൻപ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

അതെ സമയം ജീവനക്കാരുടെ പണിമുടക്ക് തുടരുന്നതിനാൽ എയർ ഇന്ത്യ സർവീസ് ഇന്നും മുടങ്ങി. കണ്ണൂരിൽ നിന്നുള്ള നാലു സർവീസുകൾ റദ്ദാക്കി. ഷാർജ, അബുദാബി, മസ്‌ക്കറ്റ്, ദമാം സർവീസുകളാണ് റദ്ദാക്കിയത്. എയർ ഇന്ത്യ എക്‌സ്പ്രസിൽ ക്യാബിൻ ക്രൂ അംഗങ്ങളുടെ കുറവ് കാരണം ഏപ്രിൽ 8, ബുധനാഴ്ച 80 ലധികം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നിരുന്നു. 200 ഓളം ജീവനക്കാർ സുഖമില്ല എന്ന് കാരണം റിപ്പോർട്ട് ചെയ്തു. എയർലൈനിൻ്റെ എച്ച്.ആർ. സമ്പ്രദായങ്ങളിലെ പ്രതിഷേധമാണ് കൂട്ട അവധിക്ക് പിന്നിലെ കാരണമെന്ന് റിപ്പോർട്ട്. സർക്കാർ ഇടപെടലിൽ, സിവിൽ ഏവിയേഷൻ മന്ത്രാലയം വിമാന കമ്പനിയിൽ നിന്നും റിപ്പോർട്ട് തേടുകയും, ഡൽഹിയിലെ റീജിയണൽ ലേബർ കമ്മീഷണർ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കമ്പനിയെ അറിയിക്കുകയുമുണ്ടായി. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ എയർ ഇന്ത്യ യാത്രക്കാരോട് അഭ്യർത്ഥിച്ചു.