മലയാളിക്കുളള സ്വീകാര്യത നമ്മുടെ മാനവവിഭവശേഷിയുടെ കരുത്ത്: പി. രാജീവ്

ലോകത്തെവിടെയും മലയാളികള്‍ക്ക് മികച്ച വേതനമുളള ജോലി ലഭിക്കുന്നത് നമ്മുടെ മാനവവിഭവശേഷിയുടെ കരുത്താണെന്ന് വ്യവസായ- നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. നോർക്ക റൂട്ട്സിന്റെ ജനറിക് പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പ്രോഗ്രാമിന്റെ (PDOP) സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിന്നും വിദേശങ്ങളിലേയ്ക്ക് കുടിയേറിയ പഴയതലമുറയിലെ നഴ്സുമാര്‍ സമ്പാദിച്ച സൽപ്പേരാണ് മലയാളി നഴ്സുമാരെന്ന ബ്രാന്റായി വളര്‍ന്നതിനു പിന്നിലെ കരുത്ത്. ലോകത്തെ പല രാജ്യങ്ങളിലേയും രോഗികള്‍ക്ക് മികച്ച ശുശ്രൂഷകള്‍ ലഭ്യമാക്കാന്‍ കഴിയുന്ന ആശുപത്രികളുടെ കേന്ദ്രമായി കേരളം മാറുകയാണ്. അതിനാല്‍ തന്നെ ഇവിടേയും നഴ്സുമാര്‍ക്കും ജീവനക്കാര്‍ക്കും ഉയര്‍ന്ന വേതനം നല്‍കാന്‍ ആശുപത്രി മാനേജ്മെന്റുകള്‍ നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശറിക്രൂട്ട്മെന്റിലെ തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഗവണ്‍മെന്റ് ടു ഗവണ്‍മെന്റ് റിക്രൂട്ട്മെന്റ് കരാറുകള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. ഈ മാതൃകയാണിപ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ പിന്തുടരുന്നതെന്നും നോര്‍ക്ക റൂട്ട്സിനെ അഭിനന്ദിച്ച് പി. രാജീവ് വ്യക്തമാക്കി.

മലയാളികളുടെ ജീവിതയാതയുടെ ഭാഗമാണ് പ്രവാസമെന്നും പ്രതീക്ഷയും പ്രയത്നവുമാണ് ഇതിന് കരുത്താകുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ, ഹരികൃഷ്ണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു. വിദേശ രാജ്യങ്ങളിലേയ്ക്ക് പഠനത്തിനോ, ഉദ്യാഗത്തിനോ പോകുന്നവര്‍ക്കായാണ് നോര്‍ക്ക റൂട്ട്സ് കേരള സംസ്ഥാന വനിതാവികസന കോർപ്പറേഷന്റെ ഭാഗമായ റീച്ച് ഫിനിഷിംഗ് സ്‌കൂളിന്റെ പിന്തുണയോടെ പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു വരുന്നത്. വിദേശ രാജ്യങ്ങളിലേക്കുളള കുടിയേറ്റ നടപടികളെപറ്റി വിദ്യാർത്ഥികളെയും ഉദ്യോഗാര്‍ത്ഥികളേയും ബോധവല്‍രിക്കുന്ന രീതിയിലാണ് പ്രോഗ്രാം രൂപകൽപ്പന. തിരുവനന്തപുരം ജില്ലയിലെ അഞ്ച് നഴ്സിങ് കോളേജുകളില്‍ നിന്നുള്‍പ്പെടെ 320 ഓളം വിദ്യാര്‍ത്ഥികള്‍ ഹോട്ടല്‍ എസ്.പി ഗ്രാന്റ് ഡേയ്സില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു. ഉദ്ഘാടനചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി സ്വാഗതം പറഞ്ഞു. കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ബിന്ദു.വി.സി, ജോയിന്റ് ഡയറക്ടര്‍ ഓഫ് നഴ്സിങ് എഡൂക്കേഷന്‍ ഡോ. സലീന ഷാ, നോര്‍ക്ക റൂട്ട്സ് പ്രോജക്ട്സ് മാനേജര്‍ സുഷമഭായി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. റീച്ച് ഫിനിഷിംഗ് സ്‌കൂളിന്റെ എംപാനല്‍ഡ് ട്രയിനര്‍മാരായ ജിജോയ് ജോസഫ്, അനസ് അന്‍വര്‍ ബാബു എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.