റഹീമിന്റെ മോചനം; ബ്ലഡ് മണി ഏത് സമയവും നൽകാൻ തയ്യാറെന്ന് ഇന്ത്യൻ എംബസി, നടപടികൾ ആരംഭിച്ചു

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട്​ സ്വദേശി അബ്​ദുറഹീമിന്‍റെ മോചനത്തിനായുള്ള ദിയ ധനം (ബ്ലഡ്​ മണി) ഏത് സമയവും നൽകാൻ തയ്യാറാണെന്ന് ഇന്ത്യൻ എംബസി റിയാദ്​ ഗവർണറേറ്റിനെ അറിയിച്ചതായി ഏഷ്യാനെറ്റ് ഓൺലൈൻ റിപ്പോട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും റഹീം നിയമസഹായ സമിതി അംഗങ്ങളും റിയാദ് ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പണം എങ്ങനെ കുടുംബത്തിന് കൈമാറണം എന്നത്‌ സംബന്ധിച്ച മാർഗനിർദേശം നൽകണമെന്ന് ഗവർണറേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പണം സെർട്ടിഫൈഡ് ചെക്കായി കുടുംബത്തിന്‍റെ അക്കൗണ്ടിലേക്ക്​ നേരി​ട്ട്​ കൈമാറണോ അതോ കോടതിയുടെ അക്കൗണ്ടിലേക്ക്​ മാറ്റണോ എന്ന് ഗവർണറേറ്റ് രേഖാമൂലം ഇന്ത്യൻ എംബസിയെ അറിയിക്കും. പണം നൽകാനുള്ള ഗവർണറേറ്റിന്‍റെ നിർദേശത്തിനായി കാത്തിരിക്കുകയാണ്​ ഇന്ത്യൻ എംബസിയും സഹായ സമിതിയും.

മന്ത്രാലയത്തി​െൻറ അനുമതി ലഭിച്ചാൽ എംബസി തുക സെർട്ടിഫൈഡ് ചെക്കായി ഗവർണറേറ്റ് നിർദേശിക്കുന്ന അക്കൗണ്ടിലേക്ക്​ നൽകും. ഇതോടെ മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പ്രധാനഘട്ടം പൂർത്തിയാകും.പിന്നീട് ഇരു വിഭാഗത്തി​െൻറയും വക്കീലുമാർ കോടതിയുടെ സമയം മുൻകൂട്ടി വാങ്ങി ഹാജരാകും. അപ്പോഴേക്കും ഗവർണറേറ്റിൽ നിന്ന് രേഖകൾ കോടതിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ കോടതിയുടെ ഉത്തരവും മോചനവുമായി ബന്ധപ്പെട്ട നിർദേശങ്ങളും നൽകും എന്നാണ് വിദഗ്ദ്ധർ അറിയിച്ചത്. റഹീമി​െൻറ മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും റിയാദ് സഹായ സമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഫറോക്കിൽ ഓട്ടോ ഡ്രൈവറായിരുന്ന അബ്ദുൽ റഹീം 2006 നവംബർ 28നാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലേക്ക് പോയത്. തുടർന്ന് ഒരു മാസത്തിനകമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്പോൺസർ അബ്ദുല്ല അബ്ദുറഹ്‌മാൻ അൽ ശഹ്രിയുടെ ശാരീരിക വൈകല്യമുള്ള മകൻ അനസ് അൽ ശഹ്രിയുടെ കഴുത്തിൽ ഘടിപ്പിച്ച ട്യൂബിൽ കൈതട്ടി അനസിന് ബോധം നഷ്ടമാവുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു.

റിയാദ് കോടതി റഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചതു മുതൽ ജയിലിലാണ് അബ്ദുൾ റഹീം. മനഃപൂർവമല്ലാത്ത സംഭവമായിട്ടും ബാലന്റെ മാതാവ്, റഹീം മനഃപൂർവം നടത്തിയ കൊലപാതകമാണെന്ന് കോടതിയിൽ ഉറച്ചുനിന്നതോടെയാണ് വധശിക്ഷ വിധിച്ചത്. ഇന്ത്യൻ എംബസിയും സർവകക്ഷി സമിതിയും അഭിഭാഷകരെ നിയോഗിച്ച് കേസിൽ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. ഒടുവിൽ സമ്മർദ്ദങ്ങൾക്ക് പിന്നാലെ കുടുംബം ദയാധനം സ്വീകരിച്ച് മാപ്പ് നൽകാൻ സൗദി കുടുംബം തയാറാവുകയായിരുന്നു.