ഒമാൻ ലോയേഴ്‍സ് അസോസിയേഷന്റെ നേതൃത്വത്തിൽ 2012 മുതൽ നടത്തിവരുന്ന ‘ഫാക് കുർബാ’ പദ്ധതി പ്രകാരം 668 തടവുകാരെ ജയിലുകളില്‍ നിന്ന് മോചിപ്പിച്ചതായി ഒമാന്‍. സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിൽ പരാജയപെട്ട് ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നവർക്ക്, രണ്ടാമതൊരു അവസരം കൂടി ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘ഫാക് കുര്‍ബ’ പദ്ധതി ആരംഭിച്ചത്. പത്ത് വര്ഷത്തിലധികമായി നടത്തി വരുന്ന ഈ പദ്ധതിയിലൂടെ ഇതിനോടകം ധാരാളം പേർക്ക് ജയിൽ മോചനം ലഭിച്ചിട്ടുണ്ട്.
ഈ വര്‍ഷം 1300 തടവുകാര്‍ക്ക് പദ്ധതിയിലൂടെ മോചനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം ഇതുവരെ മോചിപ്പിക്കപ്പെട്ടത് 668 തടവുകാരാണ്. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് 73, ബുറൈമിയില്‍ നിന്നും 42, തെക്കന്‍ ബാത്തിനയില്‍ നിന്നും 74, മസ്‌ക്കത്തില്‍ നിന്നും 40 മുസന്ദയില്‍ നിന്നും ഒന്ന് എന്നിങ്ങനെയാണ് മോചിപ്പിക്കപ്പെട്ട തടവുകാരുടെ കണക്ക്.
കുര്‍ബ പദ്ധതിയിലേക്ക് സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംരഭത്തിന്റെ വെബ്സൈറ്റായ www,fakkrba.om, മസ്‌കത്ത് ബാങ്ക് അക്കൗണ്ട് എന്നിവയിലൂടെയും സംഭാവന നല്‍കാം. പദ്ധതിക്ക് ഒമാന്‍ സുല്‍ത്താന്റെ പത്നിയും പ്രഥമ വനിതയുമായ അസ്റ്റയ്യിദ് അഹദ് അബ്ദുള്ള ഹമദ് അല്‍ ബുസൈദിയും സാമ്പത്തിക പിന്തുണ നല്‍കുന്നുണ്ട്. നിലവില്‍ നിരവധി വ്യക്തികളും ഗ്രൂപ്പുകളും ഉള്‍പ്പെടുന്ന കൂട്ടായ്മയായി പദ്ധതി മാറിയിട്ടുണ്ട്. ഒമാനിലെ നൂറിലധികം ലോയർമാരാണ് ഈ പദ്ധതിക്ക് വേണ്ടി സന്നദ്ധ സേവനം ചെയ്യുന്നത്.