ഡീസല്‍ കടത്ത്; സൗദിയില്‍ വിദേശികളടക്കം പതിനൊന്ന് പേര്‍ക്ക് അറുപത്തഞ്ചുവര്‍ഷം തടവ് ശിക്ഷ

സൗദിയില്‍ വിദേശികളടക്കം പതിനൊന്ന് പേര്‍ക്ക് അറുപത്തഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ശിക്ഷക്കപ്പെട്ടവര്‍ 7.7 ദശലക്ഷം ഡോളര്‍ പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. സര്‍ക്കാര്‍ അധീനതയിലുള്ള ഡീസല്‍ വലിയ അളവില്‍ രാജ്യത്തിനു പുറത്ത് വിറ്റ സംഭവത്തിലാണ് കര്‍ശന ശിക്ഷ വിധിച്ചത്. പൊതു ഫണ്ട് ദുർവിനിയോ​ഗം ചെയ്തുവെന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കുറ്റകൃത്യത്തിലൂടെ ഇവര്‍ സമ്പാദിച്ച വന്‍തുകയും പിടിച്ചെടുത്തിട്ടുണ്ട്.

സർക്കാരിൽ നിന്നും സബ്സിഡി നിരക്കിൽ ഡീസല്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടി രാജ്യത്തിന് പുറത്തേക്ക് വിൽക്കുകയാണ് പ്രതികള്‍ ചെയ്തത്. പ്രതികളുടെ ഉടമസ്ഥാവകാശത്തിലുള്ള ഗ്യാസ് സ്റ്റേഷനുകള്‍ മുഖേനയാണ് വലിയ അളവില്‍ ഡീസല്‍ ഇവര്‍ വാങ്ങിയത്. പിന്നീട് സൗദിക്ക് പുറത്തുള്ളവര്‍ക്ക് ഡീസല്‍ വിൽപ്പന നടത്തുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. കൂടാതെ കള്ളപ്പണം വെളുപ്പിക്കല്‍, ബാങ്കിങ്ങ് നിയമങ്ങള്‍ ഭേദിക്കുക തുടങ്ങിയ കുറ്റങ്ങളും പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്. ജുഡീഷ്യല്‍ ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച് അറിയിച്ചത്. ഇവരുടെ ഉടമസ്ഥാവകാശത്തിലുള്ള ഗ്യാസ് സ്റ്റേഷനുകളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ഭാവിയില്‍ എതെങ്കിലും പൊതു സ്ഥാപനങ്ങളുമായി ഇടപാടുകള്‍ നടത്തുന്നതില്‍ ശിക്ഷക്കപ്പെട്ടവര്‍ക്ക് പൂര്‍ണമായും വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രതികളില്‍ എഴുപേര്‍ വിദേശ പൗരന്‍മാരാണെന്നാണ് സൂചന. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഇവരെ സ്വദേശത്തേക്ക് നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.