10 വര്‍ഷത്തെ ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ച് യുഎഇ

ഗോൾഡൻ വിസയ്ക്ക് പിന്നാലെ മറ്റൊരു വമ്പൻ പ്രഖ്യാപനവുമായി യുഎഇ. പരിസ്ഥിതി സംരക്ഷകർക്ക് പത്തു വർഷം കാലാവധിയുള്ള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദാണ് പുതിയ വിസ അംഗീകരിച്ചത്. മെയ് 15 ന് അബുദാബിയിലെ കാസർ അൽ വതാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.

യോഗ്യരായവര്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. ബന്ധപ്പെട്ട അധികൃതര്‍ക്ക് അര്‍ഹതപ്പെട്ടവരുടെ പേരുകള്‍ നാമനിര്‍ദ്ദേശം ചെയ്യാനുമാകും.

പരിസ്ഥിതി സംരക്ഷണ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് വിസ നൽകുക. വായു ഗുണനിലവാരം മെച്ചപ്പെടുത്തൽ, കടലിലെയും കരയിലെയും പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത ഉറപ്പാക്കൽ, ഇതിനായുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കൽ തുടങ്ങിയ സംഭാവനകൾ പരിഗണിക്കും. 2024 സുസ്ഥിരതയുടെ വർഷമായി പ്രഖ്യാപിച്ച പ്രസിഡന്റിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. അതോടൊപ്പം യുഎഇയിലെ പരിസ്ഥിതി മേഖലയിലെ ശ്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും ആണ് ബ്ലൂ റെസിഡന്‍സി വിസയിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ 87 രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രീ-എൻട്രി വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശനത്തിനുള്ള അനുമതിയും യുഎഇ വിദേശകാര്യ മന്ത്രാലയം നൽകിയിരുന്നു.