അമുസ്‌ലിങ്ങളായ ദമ്പതികള്‍ക്ക് സിവില്‍ മാര്യേജ് ലൈസന്‍സ് നല്‍കി യു.എ.ഇ

അമുസ്‌ലിങ്ങളായ ദമ്പതികള്‍ക്ക് യു.എ.ഇ സിവില്‍ മാര്യേജ് ലൈസന്‍സ് നല്‍കിത്തുടങ്ങി.ആദ്യ ദമ്പതികള്‍ക്ക് ഇത്തരത്തില്‍ ലൈസന്‍സ് നല്‍കിയതായി സ്റ്റേറ്റ് മീഡിയ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.അബുദാബിയില്‍ കഴിയുന്ന കാനഡയില്‍ നിന്നുള്ള ദമ്പതികളാണ് നിയമത്തിന്റെ ആദ്യ ഉപയോക്താക്കളായി ലൈസന്‍സ് നേടിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഒരു കോടിയോളം ജനസംഖ്യയുള്ള യു.എ.ഇയില്‍ 90 ശതമാനവും വിദേശികളാണ്. ഈ സാഹചര്യത്തിലാണ് വിദേശികളും മുസ്‌ലിം ഇതര വിഭാഗക്കാര്‍ക്കും ആകര്‍ഷകമായ രീതിയില്‍ രാജ്യം നിയമങ്ങളില്‍ മാറ്റം കൊണ്ടുവരുന്നത്. ഇസ്ലാം ഇതര മതസ്ഥര്‍ക്ക് വിവാഹത്തിനും വിവാഹമോചനത്തിനുമടക്കം രാജ്യാന്തര പരിരക്ഷ ലഭിക്കുന്ന രീതിയിലായിലാണ് വ്യക്തി നിയമം രൂപകല്‍പന ചെയ്തത്. നവംബര്‍ ആദ്യവാരമായിരുന്നു പ്രത്യേക വ്യക്തി നിയമം നടപ്പാക്കിയത്. അബുദാബി ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിന്‍ സയെദ് നഹയ്ന്‍ ആണ് ഉത്തരവ് പുറപ്പെുടവിച്ചത്. ഇസ്‌ലാം ഇതര കുടുംബങ്ങളിലെ കേസുകള്‍ നടത്തുന്നതിന് അബുദാബിയില്‍ പുതിയ കോടതി സ്ഥാപിക്കുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഇംഗ്ലീഷിലും അറബിയിലുമായിരിക്കും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍. ഇസ്‌ലാമിക് ശരീഅത്ത് നിയമമനുസരിച്ചായിരുന്നു ഇതുവരെ യു.എ.ഇയില്‍ വിവാഹങ്ങളും വിവാഹമോചനങ്ങളും നടന്നിരുന്നത്.