ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം മെയ് 21ന് സൗദി അറേബ്യയിലെത്തും

ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം മെയ് 21ന് സൗദി അറേബ്യയിലെത്തുമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. ഹജ്ജ് കമ്മിറ്റി മുഖേന 1,40,020 ഉം സ്വകാര്യ ഗ്രൂപ്പുകൾ വഴി 35,005 പേരുമായി 1,75,025 തീർഥാടകരാണ് ഇത്തവണ ഹജ്ജിനെത്തുന്നത്. പുരുഷ സഹചാരി ഇല്ലാതെ ഇത്തവണ 4,000 സ്ത്രീകൾ ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തുന്നുണ്ട്. ഹജ്ജ് വേളയിൽ അവരുടെ താമസത്തിനും വൈദ്യസഹായത്തിനും പ്രത്യേകം തന്നെ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർക്കുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കുന്നതിനായി സൗദിയിലെയും ഇന്ത്യയിലെയും വിവിധ ഓഫീസുകളുടെ ഏകോപനത്തിൽ രാപ്പകലില്ലാതെ കോൺസുലേറ്റ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതായി കോൺസുൽ ജനറൽ അറിയിച്ചു.

അതെ സമയം റമദാൻ മാസമായാതോടെ ഉംറ ബുക്കിങ്ങിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കുറക്കാൻ ഘട്ടങ്ങളായാണ് പെർമിറ്റ് നൽകി കൊണ്ടിരിക്കുന്നത്. ഉംറ ചെയ്യാൻ ആഗ്രഹിക്കുന്നവർ നിര്‍ബന്ധമായും പെർമിറ്റ് നേടണമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരാൾക്ക് ഒരു ഉംറക്ക് മാത്രമേ അനുമതിയുള്ളൂ. മറ്റുള്ളവർക്ക് ഉംറ കർമങ്ങൾ സമാധാനത്തോടെയും എളുപ്പത്തിലും നിർവഹിക്കുന്നതിന് അവസരം ലഭിക്കാനാണ് ഇത്.