നിയമലംഘനങ്ങൾ നടത്തിയ 3239 ഇന്ത്യാക്കാരെ സൗദി അറേബ്യയിൽ നിന്ന് തിരിച്ചയച്ചതായി ഇന്ത്യൻ അംബാസഡർ

വിവിധ നിയമലംഘനങ്ങൾ നടത്തിയ 3239 ഇന്ത്യാക്കാരെ സൗദി അറേബ്യയിൽ നിന്ന് തിരിച്ചയച്ചതായി ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്‍പോൺസർമാരുടെ കീഴിൽ നിന്ന് ഒളിച്ചോടി ഹുറൂബ് കേസിൽപെട്ടവരും താമസ രേഖ (ഇഖാമ) പുതുക്കാത്തവരുമായ ഇന്ത്യക്കാരെയാണ് റിയാദിലും ജിദ്ദയിലുമായി ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് അയച്ചത്.

എംബസി വെൽഫയർ വിങ്ങ് സൗദി കാര്യാലയങ്ങളുമായി ചേർന്ന് നടത്തിയ പ്രവർത്തനഫലമായാണ് ഇത്രയും പേർക്ക് നാട്ടിലേക്ക് മടങ്ങാനായത്. 27,000 ഓളം പേർ ഫൈനൽ എക്സിറ്റിനായി അപേക്ഷിച്ചിട്ടുണ്ട്. ഇവർക്ക് സൗദി ലേബർ, പാസ്‍പോർട്ട് വകുപ്പുകളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് ലഭ്യമാക്കി വരുകയാണ്. നിലവിൽ സൗദി അറേബ്യയിൽ 23 ലക്ഷം ഇന്ത്യക്കാരുണ്ട്. ഈ വർഷം 2205 ഇന്ത്യക്കാരാണ് സൗദിയിൽ മരിച്ചത്. ഇവരിൽ 781 പേരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. മറ്റ് മൃതദേഹങ്ങള്‍ സൗദി അറേബ്യയിൽ തന്നെ സംസ്‍കരിച്ചു. വിവിധ കേസുകളിലായി റിയാദ് ഇന്ത്യൻ എംബസിക്ക് പരിധിയിൽ 719 പേരും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് കീഴിൽ 604 പേരും സൗദി ജയിലിലുണ്ട്