യുഎഇ പൊതുമാപ്പ്: നോർക്ക റൂട്സ് ഹെൽപ്പ് ഡസ്ക് രൂപീകരിക്കും

Pravasi Schemes

യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ചു. സെപ്തംബർ ഒന്നു മുതൽ രണ്ടുമാസത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. പൊതുമാപ്പിന്റെ പശ്ചാത്തലത്തിൽ മലയാളി പ്രവാസികൾക്കായി ഹെൽപ്പ് ഡസ്ക് രൂപീകരിക്കാൻ നോർക്ക തീരുമാനിച്ചു. നോർക്ക-റൂട്സിന്റെയും ലോക കേരള സഭ സെക്രട്ടറിയേറ്റിന്റെയും നേതൃത്വത്തിൽ നടന്ന ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിലാണ് തീരുമാനം. അതെ സമയം പൊതുമാപ്പില്‍ നാട്ടില്‍ പോകുന്ന പ്രവാസികള്‍ക്ക് വേണ്ട സഹായങ്ങളുമായി ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സജ്ജമായി. രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് സൗജന്യമായി ലഭിക്കും.

യുഎഇയില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞ കാലാവധിയുള്ള പാസ്പോര്‍ട്ട് നല്‍കുന്നതിനും നടപടികള്‍ പൂര്‍ത്തിയായി. എമർജൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള കൗണ്ടറുകള്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും അവ്വീര്‍ ഇമിഗ്രേഷന്‍ സെന്‍ററിലും ഒരുക്കിയിട്ടുണ്ട്. ഈ കൗണ്ടറുകള്‍ സെപ്തംബര്‍ 2 മുതല്‍ പ്രവര്‍ത്തന സജ്ജമാകും. രാവിലെ 8 മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രവര്‍ത്തന സമയം. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, അപേക്ഷ സമര്‍പ്പിച്ചതിന്‍റെ പിറ്റേന്ന് തന്നെ ലഭിക്കും. ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ ഇത് ലഭിക്കും.

പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ ഗുണഫലങ്ങൾ എത്തിക്കുക, അപേക്ഷ സമർപ്പിക്കാനും രേഖകൾ തയാറാക്കാനും സഹായിക്കുക, കൂടാതെ നാട്ടിലേക്ക് തിരിച്ചു വരാൻ താല്പര്യമുള്ളവർക്ക് യാത്രാസഹായം ഉൾപ്പെടെ പ്രവാസികളുടെ സഹായത്തോടെ നൽകുക എന്നിവയാണ് ചെയ്തു വരുന്നത്. ഇവ സർക്കാരുമായും നോർക്കയുമായും എകോപിപ്പിക്കുന്നതിനാണ് ലോക കേരള സഭ പ്രതിനിധികളുടെ ഹെൽപ് ഡസ്ക് രൂപീകരിച്ചത്.