ലോകജനസംഖ്യ 800 കോടിയിലേക്ക്, സുപ്രധാന നാഴികക്കല്ല്: വിഎസ് ശ്യാം എഴുതുന്നു – Part 1

കോമൺ ഈറ രണ്ടായിരത്തി ഇരുപത്തിരണ്ടാം കൊല്ലം നവംബർ പതിനഞ്ച്. ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയ്ക്കടുത്ത് ടോൻഡോവിലെ ജോസ് ഫബെല്ലാ മെമ്മോറിയൽ ആശുപത്രിയിൽ രാവിലെ പിറന്ന പെൺകുട്ടി. വിനീസ് മാബൻസാഗ് എന്നവൾക്കു പേർ. കുഞ്ഞുമമ്മയും സുഖമായിരിക്കുന്നു. ചിരിക്കുന്നു. ഈ ഭൂമുഖത്തെ മനുഷ്യന്മാരുടെ എണ്ണം എണ്ണൂറു കോടി തികച്ച ജനനം !

വേൾഡ് മാപ്പിൽ അതിനുമൽപം താഴെയുള്ള സുമാത്രയിൽ എഴുപതിനായിരം കൊല്ലം മുൻപു പുകഞ്ഞു പൊന്തി ലോകത്തെ ചുടുവെണ്ണീറാക്കിയ ടോബാ വോൾക്കാനിക സ്ഫോടനത്തെ തുടർന്ന് ആയിരമോ പതിനായിരമോ ആയി ചുരുങ്ങിയ ഒരിരുകാലി ജീവിവർഗം സഹസ്രാബ്ദങ്ങൾ പിന്നിട്ട്, പടർന്നു പന്തലിച്ച്, പടവെട്ടി, മഴയിടി, കാറ്റ്, തണുപ്പ്, ചൂട്, യുദ്ധം, ക്ഷാമം, പ്ളേഗ്, പ്രളയം, പട്ടിണി, പരിവട്ടം, പലായനം എല്ലാം അതിജീവിച്ച ഡിസിസീവ് ബ്രേവ് സ്പീഷീസ് ആയി മാറിയ അത്ഭുത ചരിതം. ഹോമോ സാപ്പിയൻസ് ! വെറും ആറടി പൊക്കം. തുമ്മിയാൽ തെറിക്കുന്ന തൂക്കം. കൃശഃഗാത്രം. പക്ഷേ മാഗ്നിഫിഷ്യന്റ് മസ്തിഷ്‌കം ! മാരകമായ മേധ ! അതുകൊണ്ടവർ സകലതിനേയും വെല്ലുന്ന, കീഴടക്കുന്ന, പക്ഷിയേക്കാൾ ഉയരത്തിൽ പറക്കുന്ന, പുലിയേക്കാൾ വേഗത്തിൽ പായുന്ന, ഉപകരണങ്ങൾ ഉണ്ടാക്കി ഉലകത്തിന്റെ ഉദജനായകരായി, മിടുക്കരായി മാറിയ അഡ്വഞ്ചറസ് ത്രില്ലർ പീപ്പിൾ ആയി. ഭൂഖണ്ഡങ്ങൾ ഒക്കെ കടന്നു ചെന്ന് ഭൂമിയെ മാറ്റാൻ കെൽപ്പുള്ള വീരധീരരായി! ഹോമോ ഫാമിലിയിൽ തന്നെയുള്ള സഹോദര മനുഷ്യ വർഗ്ഗങ്ങൾ ഒക്കെ കാലാന്തരേണ ലയിച്ചും നശിച്ചും എണ്ണം കുറഞ്ഞ് അന്യം നിന്നു പോയപ്പോഴും ഹോമോ സാപ്പിയൻസ് മുന്നേറി. എണ്ണം കൂട്ടി. ഇന്നവരുടെ എണ്ണം – എണ്ണൂറു കോടി! എട്ട് ബില്യൺ ! ഇത് സങ്കൽപ്പിക്കാൻ ഒരല്പം പാടുള്ള വലിയ ഒരു സംഖ്യയാണ് കേട്ടോ. എന്ന് വച്ചാൽ ഈ വരി വായിക്കാൻ നിങ്ങൾ എടുക്കുന്ന സമയത്തിനുള്ളിൽ ലോകത്ത് ഇരുപതു മനുഷ്യക്കുഞ്ഞുങ്ങൾ ജനിച്ചു കഴിഞ്ഞു! രണ്ടായിരത്തി മുപ്പതിൽ നമ്മുടെ എണ്ണം എണ്ണായിരത്തി അഞ്ഞൂറും രണ്ടായിരത്തി അൻപതിൽ ഒമ്പതിനായിരം കോടിയും ഒര് രണ്ടായിരത്തി എണ്പതൊക്കെ ആവുമ്പോഴേക്കും ആയിരം കോടിയും കടന്നു കൊടുമുടിയിൽ എത്തുമെന്നു പ്രൊജക്ഷനുകൾ.

സാധ്യമായ സ്ഥലത്തെ ഒക്കെ സെൻസസ് ഡാറ്റ, ജനന-മരണ രജിസ്ട്രേഷൻ ഡാറ്റ, അന്താരാഷ്ട്ര കുടിയേറ്റത്തെക്കുറിച്ചുള്ള ഡാറ്റ എന്നിവ ഒക്കെ ഉപയോഗിച്ചാണ് ജനസംഖ്യാ കണക്കുകളിലും നിഗമനങ്ങളിലും നമ്മൾ എത്തിച്ചേരുന്നത്. ഇന്നോളമുള്ള ജനസംഖ്യാ സ്ഥിതിവിവരക്കണക്കുകളിലെ പ്രവണതകളും അടുത്ത ഏതാനും വർഷങ്ങളിൽ വിവിധ രാജ്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകളിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളെക്കുറിച്ചുള്ള അനുമാനങ്ങളും പിന്നെ ആയിരമായിരം ഘടകങ്ങളും ഒക്കെ കണക്കിലെടുത്താണ് പ്രൊജക്ഷനുകൾ ചെയ്യുക. ഇത്തരം പരിശ്രമങ്ങൾ ഒക്കെ തുടങ്ങുന്നതിനു മുൻപുള്ള കണക്കുകളും ഇത്തരത്തിൽ അനുമാനങ്ങൾ തന്നെ. പുരാതന ഈജിപ്ത്, പേർഷ്യൻ സാമ്രാജ്യം, ചൈന തുടങ്ങിയ ഇടങ്ങളിൽ നികുതി അല്ലെങ്കിൽ സൈനിക സേവന ആവശ്യങ്ങൾക്കായി മനുഷ്യരുടെ കണക്കെടുത്തിരുന്നു. എന്നാൽ ജീവിച്ചിരുന്ന ഭൂരിഭാഗം മനുഷ്യരും അതിലൊന്നും പെടാതെ പോയിരിക്കാനാണ് സാധ്യത. ജനസംഖ്യയുടെ ഒരു ഉപവിഭാഗത്തെ മാത്രം കണക്കാക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. ഒന്നാം നൂറ്റാണ്ടിലെ പ്രസിദ്ധീകരിച്ച കണക്കുകൾ സൂചിപ്പിക്കുന്നത് മൊത്തം എണ്ണത്തിൽ 50% വരെ അനിശ്ചിതത്വമുണ്ടാകുമെന്നാണ്.

കൂട്ടുകൂടി വേട്ടയാടി കാട്ടിലാകെ നടന്ന കാലത്ത് സകല പ്രതികൂല അവസ്ഥകളും നിലനിന്നിരുന്നതിനാൽ മനുഷ്യരുടെ ആയുർദൈർഖ്യവും അതിനാൽ തന്നെ എണ്ണവും തുലോം കുറവായിരുന്നു. എങ്കിലും സെറ്റിൽമെന്റ്, കൃഷി, സംസ്കാരം, വിനിമയം, കുടിയേറ്റം, കുടുംബം ഒക്കെ രൂപപ്പെട്ടതോടെ എണ്ണം കൂടാൻ തുടങ്ങി. പതിനായിരം ബിസിയിൽ ഒരു പത്തുലക്ഷം പേർ മിനിമം ഉണ്ടായിരുന്ന മനുഷ്യർ പുരാതന ഈജിപ്ഷ്യൻ നാഗരികത അവസാനിക്കുമ്പോൾ, ഏതാണ്ടൊരു രണ്ടരക്കോടി ആളുകളിൽ എത്തി. ചില കണക്കുകൾ അനുസരിച്ച് യുറേഷ്യയിൽ ഒക്കെ കൂടുതൽ ആളുകൾ ജീവിച്ചിരുന്നു എങ്കിലും റോമൻ ചക്രവർത്തിയായ ജസ്റ്റീനിയന്റെ ഭരണകാലത്ത് ആദ്യമായി ഉയർന്നുവന്ന ജസ്റ്റീനിയൻ പ്ലേഗ്, ആറും എട്ടും നൂറ്റാണ്ടുകൾക്കിടയിൽ യൂറോപ്പിലെ ജനസംഖ്യ ഏകദേശം 50% കുറയാൻ നിമിത്തമായി.

1340 മുതൽ 1400 വരെ, ലോകജനസംഖ്യ നാലര കോടിയിൽ നിന്ന് മൂന്നര ആയി കുറഞ്ഞെന്നു കണക്കുകൾ പറയുന്നു. സാംസ്കാരികമായി സജീവമായിരുന്ന ചൈനയിലും ഇന്ത്യയിലും എണ്ണം കുറഞ്ഞു. മംഗോളിയൻ അധിനിവേശം, ക്ഷാമം, പ്ലേഗ് തുടങ്ങി നിരവധി ചരിത്രപരമായ കാരണങ്ങളും അതിനുണ്ട്. കൊളംബസിനു മുൻപുള്ള അമേരിക്കൻ മനുഷ്യരുടെ എണ്ണം സംബന്ധിച്ചു നമുക്കുള്ള വിവരം തുലോം കുറവാണ്. എന്നാൽ 1500 മുതലുള്ള നവോത്ഥാന കാലഘട്ടത്തിൽ ജനസംഖ്യ വർദ്ധിക്കുവാൻ തുടങ്ങി. ഇതെല്ലാം ഏകദേശ കണക്കുകളാണ് – മധ്യകാലഘട്ടത്തിൽ നമുക്ക് സമഗ്രമായ സെൻസസുകൾ ഉണ്ടായിരുന്നില്ല – എന്നാൽ കഴിഞ്ഞ ഒന്നു രണ്ടു നൂറ്റാണ്ടുകളിൽ അത് അത് കുതിച്ചുയരുന്നത് വരെ, മനുഷ്യ ജനസംഖ്യ കൂടിയത് മന്ദഗതിയിലാണ്.

പിന്നെയതാ, സീൻ മാറുന്നു. കാർഷിക, വ്യാവസായിക വിപ്ലവങ്ങളുടെ കാലത്ത് കുട്ടികളുടെ ആയുർദൈർഘ്യം ഗണ്യമായി വർദ്ധിച്ചു. വാക്സിനേഷനും വൈദ്യശാസ്ത്രത്തിലും ആരോഗ്യത്തിലും ഭക്ഷണലഭ്യതയിലും ശുചിത്വത്തിലും വികസനം – വീട് – പാർപ്പിടം – സാമൂഹ്യ സൂചികകളിലെ മുന്നേറ്റം ഒക്കെ ആരംഭിച്ചതിന് ശേഷം പാശ്ചാത്യ ലോകത്ത് ജനസംഖ്യാ വളർച്ച വളരെ വേഗത്തിലായി. അറിവും ശാസ്ത്രവും അളവില്ലാതെ പ്രവർത്തിച്ചു ! ഒരു കണക്കു പറയാം. 1730-1749 കാലയളവിൽ ലണ്ടനിൽ ജനിച്ച കുട്ടികളിൽ 74.5% പേരും അഞ്ച് വയസ്സിന് മുമ്പ് മരണപ്പെട്ടു! ഇത് നൂറു കൊല്ലത്തിനപ്പുറം 1810-1829-ൽ 31.8% ആയി കുറഞ്ഞു. 1700-നും 1900-നും ഇടയിൽ യൂറോപ്പിലെ ജനസംഖ്യ ഏകദേശം പത്തു കോടിയിൽ നിന്ന് നാല്പതു കോടിയായി പൊങ്ങി. മൊത്തത്തിൽ, യൂറോപ്യൻ വംശജർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ 1900-ൽ ലോകജനസംഖ്യയുടെ 36% ആയി മാറി. ആയിരത്തി എണ്ണൂറ്റി നാലിൽ ലോകജനസംഖ്യ നൂറു കോടി മാർക്ക് കടന്നു. നൂറു കൊല്ലം കൊണ്ട് 1925-ലെ മഹാമാന്ദ്യത്തിന് തൊട്ടുമുമ്പ് ഇരുന്നൂറും അവിടെ നിന്ന് വെറും 35 കൊല്ലം കൊണ്ട് മുന്നൂറു കോടിയും ആയി. രാഷ്ട്രീയ സാമൂഹിക സാമ്പത്തിക കാരണങ്ങൾ – മാന്ദ്യം – മരണം – യുദ്ധം – ക്ഷാമം – അധിനിവേശം ഒക്കെ പലയിടങ്ങളിലും പ്രതിസന്ധികൾ ഉണ്ടാക്കിയെങ്കിലും പിന്നത്തെ പോക്ക് എടപ്പാൾ മീറ്ററിലെ പോലെ നൂറേ നൂറിൽ ആണ്. ഓരോ പത്തു – പതിനഞ്ചു കൊല്ലത്തിലും നാം ഓരോ നൂറുകോടി എണ്ണം കൂട്ടുന്നു !

ഇതിനിടെ ഇന്നോളം ഭൂമുഖത്താകെ എത്ര മനുഷ്യർ ജീവിച്ചു മരിച്ചുവെന്നതും കണക്കാക്കാൻ ശ്രമം നടന്നിട്ടുണ്ട്. പഠനങ്ങൾ അനുസരിച്ച് 11700 കോടി – എണ്ണിക്കോ : 117,000,000,000 – മനുഷ്യർ ഇപ്പോൾ ഉള്ളത് കൂടി കൂട്ടി ഇന്നോളം ഈ ഭൂമിയിൽ ജനിച്ചു ! അതിൽ ഏഴു ശതമാനത്തിൽ താഴെ മനുഷ്യർ ആണ് ഇപ്പോൾ ജീവിച്ചിരിക്കുന്ന എണ്ണൂറു കോടി.

ചരിത്രപരമായി നോക്കുമ്പോൾ കുറഞ്ഞ മരണനിരക്ക് ജനസംഖ്യാ വർദ്ധനവിന് ഒരു പ്രധാന സംഭാവനയാണ്. ആയുർദൈർഘ്യം വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന ഘടകമാണ് ശാസ്ത്രരംഗത്തേയും ആരോഗ്യമേഖലയിലേയും പുരോഗതിയെന്ന് പറയാതെ വയ്യ. ആഗോള ആയുർദൈർഘ്യം – 1990-കളിൽ ഏകദേശം 63 – 64 ആയിരുന്നത് 2019-ൽ 72.8 വർഷമായി വർദ്ധിച്ചു. (ഇതിനിടെ കോവിഡ് മഹാമാരി ജനസംഖ്യാ മാറ്റത്തിൽ ഒരല്പം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആഗോള ആയുർദൈർഘ്യം 2021-ൽ 71 വർഷമാക്കി താഴ്ത്താൻ സാർസ് വൈറസിനായി.) പക്ഷേ 2050 ആകുമ്പോഴേക്കും ഒരു വ്യക്തിയുടെ ശരാശരി ആയുസ്സ് 77.2 വർഷമായി ഉയരും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇന്നത്തെ ആളുകൾ ശരാശരി ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതിനേക്കാൾ കൂടുതൽ കാലം ജീവിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ചെറുപ്രായത്തിൽ തന്നെ മരിക്കുന്നവർ വളരെ കുറവാണ്.

പോപ്പുലേഷൻ കണക്കുകളിൽ മുൻകാലത്ത് ഉണ്ടായ വളർച്ച തുടർന്നുള്ള നിരവധി ദശാബ്ദങ്ങളിൽ സംഭവിക്കുന്ന വർദ്ധനവിന് കാരണമായി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വർത്തമാന-ഭാവി ദശകങ്ങളിൽ പ്രത്യുൽപാദനം നടത്താൻ കഴിവുള്ള യുവാക്കളും സന്നദ്ധരായ വ്യക്തികളും കഴിഞ്ഞ ഏതാനും ദശകങ്ങളിൽ ഉൽപ്പാദിപ്പിച്ച കുട്ടികളിൽ നിന്നുണ്ടായി വന്നവരാണ്. ജനനനിരക്ക് കുറയുന്നത് കണക്കിലെടുക്കുമ്പോൾ, ഈ വലിയ യുവജനസംഖ്യ സമീപഭാവിയിൽ ജനസംഖ്യാ വളർച്ചയിലേക്ക് നയിച്ചേക്കാം.

ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, കരീബിയൻ എന്നിവിടങ്ങളിലെ ചില രാജ്യങ്ങളിൽ കൗമാരപ്രായക്കാരുടെ ഫെർട്ടിലിറ്റി നിരക്ക് വളരെ ഉയർന്നതാണ്. ആ രാജ്യങ്ങളിൽ 2021-ൽ 20 വയസ്സിന് താഴെയുള്ള അമ്മമാർക്ക് 1.33 ബില്യൺ കുഞ്ഞുങ്ങൾ പിറന്നു. താരതമ്യേന അവികസിതമായ സാഹചര്യങ്ങൾ ഉള്ള രാജ്യങ്ങളിലെ ഈ പാറ്റേൺ സമൂഹത്തിന്റെ പൊതുവായ പുരോഗതിക്കും അമ്മമാരുടെയും ശിശുക്കളുടെയും ആരോഗ്യത്തിനും അത്ര നല്ല കാര്യമല്ല.

Source: Tribune India

കാര്യമിതൊക്കെയാണെങ്കിലും ജനസംഖ്യാ വർധനവിന്റെ നിരക്ക് മൊത്തത്തിൽ താഴുന്നതായാണ് കാണുന്നത്. ലോകജനസംഖ്യ എഴുന്നൂറിൽ നിന്ന് എണ്ണൂറു കോടിയായി വളരാൻ ഏകദേശം 12 വർഷമെടുത്തപ്പോൾ, അടുത്ത നൂറ് അടിക്കാൻ 14.5 വർഷമെടുക്കുമെന്ന് (2037) പ്രതീക്ഷിക്കുന്നു. ഇത് ആഗോള ജനസംഖ്യാവളർച്ചയിലെ മാന്ദ്യത്തെ പ്രതിഫലിപ്പിക്കുന്നു. ലോകമെമ്പാടും ഫെർട്ടിലിറ്റി നിരക്ക് കുത്തനെ ഇടിഞ്ഞതിനാൽ, ഇന്നത്തേതിനേക്കാൾ കൂടുതൽ കുട്ടികൾ ഇനിയൊരിക്കലും ജീവനോടെ ഉണ്ടാകില്ല എന്നു കൂടി നാം കാണണം. 1950-കളിൽ ഒരു സ്ത്രീയ്ക്ക് ശരാശരി അഞ്ച് കുട്ടികൾ വീതം ഉള്ളപ്പോൾ ഇന്നത് 2.3 ആണ്. കൂടാതെ ഇത് ലോകത്തിന്റെ പല പ്രദേശങ്ങൾക്കിടയിൽ വ്യത്യാസപ്പെട്ടുമിരിക്കുന്നു. മുപ്പതു വർഷങ്ങൾക്കുള്ളിൽ ലോകമെമ്പാടുമുള്ള 65 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആളുകളുടെ എണ്ണം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണത്തിന്റെ ഇരട്ടിയിലധികം വരും. ഭൂമിക്കും മനുഷ്യകുലത്തിനും പ്രായം കൂടുന്ന കാലമാണ് മുന്നിലേക്കുള്ളത്. “കൊച്ചുകുട്ടികളേക്കാൾ കൂടുതൽ പ്രായമായ ആളുകൾ ഉള്ള കൂടുതൽ കൂടുതൽ രാജ്യങ്ങൾ ഉള്ള ഭൂമി!” രണ്ടായിരത്തി എൺപതുകളിലെ പീക്കിനു ശേഷം മനുഷ്യരുടെ എണ്ണം ഏതാനും പതിറ്റാണ്ടുകൾ അങ്ങനെ തന്നെ സ്റ്റെഡിയായി നിന്ന ശേഷം ഇരുപത്തിരണ്ടാം നൂറ്റാണ്ടോടെ ഇടിയാൻ തുടങ്ങും. ചില ജനസംഖ്യാ പ്രവചന മാതൃകകൾ പറയുന്നത് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ പല രാജ്യങ്ങളിലും ഫെർട്ടിലിറ്റി കുറയുന്നത് തുടരുമെന്നും ഇത് ഐക്യരാഷ്ട്രസഭയുടെ പ്രവചനങ്ങളേക്കാൾ വലുതും വേഗത്തിലുള്ളതുമായ ആഗോള ജനസംഖ്യാ ഇടിവിന് കാരണമാകുമെന്നുമാണ്.

ഇതിനിടെ എണ്ണം കൂട്ടുന്നതിന്റെ കൂടെ മനുഷ്യൻ ചെയ്തു കൂട്ടിയതിനും കയ്യും കണക്കുമില്ല. നമ്മളീ എണ്ണൂറു കോടി എന്നൊക്കെ പൊങ്ങച്ചം പറയുന്നെങ്കിലും പഠനങ്ങൾ അനുസരിച്ച് അതീ ഭൂഗോളത്തിലെ എല്ലാ ജീവജാലങ്ങളുടെയും ഏതാണ്ട് 0.01% മാത്രമാണ്. മൊത്തം ബയോമാസ്സിന്റെ വെറും 2.5%. 350 മില്യൺ ടൺ. ബയോമാസ്സിനെ പറ്റി പറഞ്ഞാൽ ഭൂമിയിലെ 82% ജൈവസാന്നിധ്യവും സസ്യങ്ങൾ ആണ്. 13% ബാക്ടീരിയ ആണ് – അതിന്റെ എണ്ണം 4 ക്വാഡ്രില്യൺ ക്വാഡ്രില്യൺ! ഒരു ക്വാഡ്രില്യണ് പതിനഞ്ചു പൂജ്യം ആണ് ഉള്ളത്. ബാക്കി സകലതും കൂടി വരുന്ന 5% ആണ്

മനുഷ്യനും കന്നുകാലികളും മത്സ്യങ്ങളും ഒക്കെ. 10 കഴിഞ്ഞ് പതിനെട്ടു പൂജ്യം ഇട്ടാൽ 10 ബില്യൺ ബില്യൺ ആയി. അത്രയും ഉറുമ്പുകൾ ഉണ്ട് ലോകത്ത്. ബയോമാസിന്റെ മൂവായിരം മില്യൺ ടൺ അവരാണ്. മനുഷ്യന്റെ പത്തിരട്ടി! ചിതൽ എല്ലാം കൂടി 450 മില്യൺ ടൺ. മീൻ – കടൽജന്തുക്കൾ എല്ലാം കൂടി രണ്ടായിരം മില്യൺ ടൺ. അന്റാർട്ടിക്ക് ക്രിൽ അഞ്ഞൂറ് ട്രില്യൺ ആണ് എണ്ണം. അതായത് അഞ്ച് കഴിഞ്ഞ് പതിനാലു പൂജ്യം. അതിനെ ഭക്ഷിച്ചു കഴിയുന്ന തിമിംഗലങ്ങൾ പത്ത് സ്പീഷീസുകളിലായി ഒരു മുപ്പതു ലക്ഷം വരും. ഇരുപത് മില്യൺ ടൺ ആണ് ബയോമാസ്സ്‌. 500000 ഏഷ്യൻ ആഫ്രിക്കൻ ആനകൾ ചേരുമ്പോൾ രണ്ടു മില്യൺ ടൺ ബയോമാസ്സ്‌ ആയി. മനുഷ്യൻ വളർത്തുന്ന കോഴികൾ – ചിക്കൻ ടിക്ക – ഷവായി – ഹവായി – കടായി ആവാനുള്ളത്‌ 1800 കോടി എണ്ണം ഉണ്ട് ലോകത്ത്. മനുഷ്യന്റെ ഇരട്ടിയിൽ പുറത്ത്. നാൽപതു മില്യൺ ടൺ ബയോമാസ്സ്‌ ! ആട് 110 കോടിയും മാട് 150 കോടിയും ഉണ്ട്. അറുന്നൂറു മില്യൺ ടൺ ബയോമാസ്സ്‌ അവരാണ്. അങ്ങനെ ലോക ജൈവ സാന്നിധ്യത്തിൽ മനുഷ്യന് എണ്ണം വച്ച് കളിക്കാൻ ആവില്ല എങ്കിലും നാഗരികതയുടെ ഉദയം മുതൽ, മനുഷ്യരാശിയുടെ ഇടപെടൽ എല്ലാ വന്യ സസ്തനികളുടെയും പകുതി സസ്യങ്ങളുടെയും 83% നഷ്‌ടത്തിന് കാരണമായി ! എന്നിട്ടോ, കാലി – കോഴികളെ ഒക്കെ വളർത്തി അതുങ്ങടെ ഒക്കെ എണ്ണം കൂട്ടി! 60 % സസ്തനികളും ഇപ്പൊ കന്നുകാലികളാണ് !

(തുടരും)