ലോകജനസംഖ്യ 800 കോടിയിലേക്ക്, സുപ്രധാന നാഴികക്കല്ല്: വിഎസ് ശ്യാം എഴുതുന്നു – Part 2

ഭൂമിയുടെ ജീവരൂപങ്ങളുടെ മൊത്തം പിണ്ഡം ഏകദേശം 1.1 ട്രില്യൺ മെട്രിക് ടൺ ആണ്. വർഷങ്ങളായി ആ കണക്കിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. എന്നാൽ മനുഷ്യർ യുഗയുഗാന്തരങ്ങളായി ഉണ്ടാക്കിയ കൃത്രിമ വസ്തുക്കളുടെ പിണ്ഡം (Anthropogenic Mass) – റോഡ് – വീട്, കോൺക്രീറ്റ് നടപ്പാതകൾ, ഗ്ലാസ്-മെറ്റൽ അംബരചുംബികൾ മുതൽ പ്ലാസ്റ്റിക് കുപ്പികൾ, വസ്ത്രങ്ങൾ, കംപ്യൂട്ടറുകൾ, തുടങ്ങി ആളുകൾ നിർമ്മിച്ച എല്ലാറ്റിന്റെയും കൂടി പിണ്ഡം (Mass) ഇപ്പോൾ ഭൂമിയിലെ ജീവജാലങ്ങളുടെ പിണ്ഡത്തിന് തുല്യമായി! ലോകത്തിലെ നിലവിലുള്ള മനുഷ്യനിർമ്മിത പിണ്ഡത്തിന്റെ പകുതിയോളം കോൺക്രീറ്റാണ്, ബാക്കിയുള്ളവയിൽ ഭൂരിഭാഗവും ചരൽ പോലുള്ള അഗ്രഗേറ്റുകളാണ്. ഇഷ്ടികകൾ, അസ്ഫാൽറ്റ്, ലോഹങ്ങൾ, പ്ലാസ്റ്റിക്, മറ്റ് വസ്തുക്കൾ എന്നിവ മൊത്തം 19 ശതമാനമാണ്. ഭൂമിക്ക് ഭാരമായി ജീവിക്കുന്നു എന്നത് അന്വർത്ഥമാക്കുന്ന പോലെ

ഭൂമിയെ രൂപപ്പെടുത്തുന്നതിലെ പ്രബല ശക്തിയായി ഹോമോ സാപ്പിയൻസ് മാറുന്ന ആന്ത്രോപോസീനിലേക്ക് ഭൂമി പ്രവേശിച്ചുവെന്ന വാദത്തിന് ഇതോടെ ബലമായി. ഭൗമശാസ്ത്രത്തിലും പരിസ്ഥിതി വ്യവസ്ഥകളിലും ഇവിടുത്തെ ജീവജാലങ്ങൾ, വ്യവസ്ഥിതി, നിലനിൽപ്പ് തുടങ്ങി സകല കാര്യങ്ങളിലും മനുഷ്യ സ്വാധീനത്തിന്റെ പ്രഭാവം വിവക്ഷിക്കുന്ന ഒരു നിർദ്ദിഷ്ട ഭൂമിശാസ്ത്രയുഗമാണ് ആന്ത്രോപോസീൻ (Anthropocene). ആഗോള പോഷകചക്രങ്ങളെ പരിവർത്തനം ചെയ്യാനും കാലാവസ്ഥയിൽ മാറ്റം വരുത്താനും എണ്ണമറ്റ ജീവിവർഗങ്ങളെ വംശനാശത്തിന്റെ വക്കിലേക്ക് നയിക്കാനും ഭൂമിയുടെ, അതിൽ ഉള്ളടങ്ങിയ സകലത്തിന്റെയും ഭാവിയെ നിയന്ത്രിക്കാനും മനുഷ്യവർഗത്തിന് അതിന്റെ എണ്ണവും ഗുണവും ഇടപെടലും കൊണ്ട് എങ്ങനെ സാധിക്കുന്നുവെന്നു വിശദീകരിക്കാൻ ഈ കണക്കുകൾ നോക്കിയാൽ മതി. മാത്രവുമല്ല, എണ്ണം മനുഷ്യനേയും മനുഷ്യൻ എണ്ണത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്നു കൂടി നാം മനസിലാക്കണം.

സത്യത്തിൽ എന്താണീ കണക്കുകൾ പറയുന്നത്? എങ്ങിനെയാണ് ഭൂമിയിലെ കാക്കത്തൊള്ളായിരം സ്പീഷീസുകളിൽ ഒരു ലേമാൻ ജീവിയായ മനുഷ്യന്റെ എണ്ണം നമ്മുടെ ഗ്രഹത്തിന്റെ തന്നെ ഭാവിയിലേക്ക്, നിലനിൽപ്പിലേക്ക് ഉള്ള ചൂണ്ടുപലകയാകുന്നത്? അത് വളരെ പ്രധാനമാണ്.

ഏഷ്യയിൽ – ഇന്ത്യയിൽ – ചൈനയിൽ – ആഫ്രിക്കൻ രാജ്യങ്ങളിൽ ജനം തിങ്ങി നിറയുമ്പോൾ യുഎൻ കണക്കുകൾ പ്രകാരം ബൾഗേറിയ, ലിത്വാനിയ, ലാത്വിയ, സെർബിയ തുടങ്ങിയസ്ഥലങ്ങളിൽ ഓരോ കൊല്ലവും മനുഷ്യരുടെ എണ്ണം ഓരോ ശതമാനം വച്ചു കുറയുന്നു. യുദ്ധം നടക്കുന്ന ഉക്രെയ്ൻ മുതലായ സ്ഥലങ്ങളിൽ മനുഷ്യർ അതിലും ചുരുങ്ങുന്നു. ഇറ്റലിയിൽ മനുഷ്യർ ഇല്ലാത്തതിനാൽ ഗ്രാമങ്ങൾ വരെ നൂറുറുപ്യയ്ക്ക് വിൽക്കാൻ വച്ചിരിക്കുന്നു! ഹ്യൂമൻ റിസോഴ്‌സ് ഇല്ലാത്തതിനാൽ പല രാജ്യങ്ങൾക്കും വികസനവും ക്ഷേമവും സമ്പദ്‌വ്യവസ്ഥയും നേരാംവണ്ണം മാനേജ് ചെയ്യാനാവുന്നില്ല.ജോലി ചെയ്യാൻ ആളുകളില്ല. പ്രൊഡക്ഷൻ പ്രതിസന്ധിയിലാകും. പ്രായം ചെന്നവരെ നോക്കാൻ സമൂഹത്തിന് കൂടുതൽ പ്രയാസമാകും. ഉത്പാദനം – ഗതാഗതം – നിലനിൽപ് സകലതും വല്യ പാടാകും. വാർദ്ധക്യ ജനസംഖ്യയുള്ള രാജ്യങ്ങൾ, വർദ്ധിച്ചുവരുന്ന പ്രായമായവരുടെ എണ്ണത്തിനനുസരിച്ച് പൊതു പരിപാടികൾ ക്രമീകരിക്കാനും സാർവത്രിക ആരോഗ്യ പരിരക്ഷയും ദീർഘകാല പരിചരണ സംവിധാനങ്ങളും സ്ഥാപിക്കാനും സാമൂഹിക സുരക്ഷയുടെയും പെൻഷൻ സംവിധാനങ്ങളുടെയും സുസ്ഥിരത മെച്ചപ്പെടുത്തുന്നതിനും കൂടാതെ അവർക്ക് മുൻഗണന നൽകുന്ന പരിഷ്കരണ നടപടികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യേണ്ടി വരും. എന്നാൽ മറുപുറത്തോ, 2050-ഓടെ, എട്ട് രാജ്യങ്ങൾ-ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, യുണൈറ്റഡ് റിപ്പബ്ലിക്ക് ഓഫ് ടാൻസാനിയ എന്നിവിടങ്ങളിലായി ലോക ജനസംഖ്യാ വർദ്ധനവ് കേന്ദ്രീകരിക്കും.

മനുഷ്യനമ്പറിലെ വളർച്ചയുടെ പകുതിയിലേറെയും മനുഷ്യൻ സഹസ്രാബ്ദങ്ങൾക്ക് മുൻപ് ഉറവെടുത്തു പുറപ്പെട്ടു പോവാൻ തുടങ്ങിയ സബ്-സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളിലാവും. അപ്പോഴോ, ദാരിദ്ര്യം, പട്ടിണി, പോഷകാഹാരക്കുറവ് എന്നിവയ്‌ക്കെതിരെ പോരാടുന്നതും ഈ ദ്രുതഗതിയിലുള്ള ജനസംഖ്യാ വർദ്ധനയുടെ ഫലമായി ആരോഗ്യ-വിദ്യാഭ്യാസ-വികസന സംവിധാനങ്ങളിലേക്കുള്ള ഞങ്ങളുടെ ആക്സസ് വിപുലീകരിക്കുന്നതും കൂടുതൽ വെല്ലുവിളി നിറഞ്ഞതാവും! വികസന സൂചികകളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന 46 രാജ്യങ്ങളിൽ ആണ് ജനപെരുപ്പത്തിന്റെ നിരക്ക് ഏറ്റവും കൂടുതൽ ഉള്ളത്. വർദ്ധിച്ചുവരുന്ന ജനസംഖ്യയുടെ ഇരട്ട സമ്മർദ്ദത്തിനൊപ്പം അവർക്കൊക്കെ നിലനിൽക്കാൻ – ജീവിക്കാൻ ഭക്ഷ്യ ഉൽപ്പാദനം ഉറപ്പാക്കുന്നത്, അതിനായുള്ള വികസന പദ്ധതികൾ, അത് മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിനു വരെ കാരണമാകുന്ന പ്രത്യാഘാതങ്ങൾ തുടങ്ങിയവയും.

കഴിഞ്ഞ നൂറുകോടി മനുഷ്യരുടെ വർദ്ധനവിന്, കൂട്ടിച്ചേർത്ത ജനസംഖ്യയുടെ ഏകദേശം 70 ശതമാനവും താഴ്ന്ന വരുമാനമോ താഴ്ന്ന ഇടത്തരം വരുമാനമോ ഉള്ള രാജ്യങ്ങളിലായിരുന്നു. അടുത്ത നൂറു കോടി ആഡ് ചെയ്യുമ്പോൾ ഈ രണ്ട് ഗ്രൂപ്പുകളിലും ഉള്ള രാജ്യങ്ങളിലും മനുഷ്യനമ്പറിലെ ആഗോള വളർച്ചയുടെ 90 ശതമാനത്തിലധികവും സംഭവിക്കും! ഇപ്പോൾ മുതൽ 2050 വരെയുള്ള കാലയളവിൽ, 65 വയസ്സിന് താഴെയുള്ള ജനസംഖ്യയുടെ ആഗോള വർദ്ധനവ് പൂർണ്ണമായും താഴ്ന്ന വരുമാനക്കാരിലും താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലും സംഭവിക്കും, കാരണം ഉയർന്ന വരുമാനമുള്ളതും ഉയർന്ന ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിലെ ജനസംഖ്യാ വളർച്ച 65 വയസ്സ് പ്രായമുള്ളവരിൽ മാത്രമേ ഉണ്ടാകൂ. 2022-ൽ ഇന്ത്യയിലെ ജനസംഖ്യയുടെ 68% 15-64 വയസ്സിനിടയിലുള്ളവരാണ്, അതേസമയം 65 വയസും അതിൽ കൂടുതലുമുള്ളവർ ജനസംഖ്യയുടെ ഏഴു ശതമാനമാണ്.

രാജ്യങ്ങൾക്കിടയിലുള്ള ആളുകളുടെ കുടിയേറ്റം ആയുർദൈർഘ്യത്തിനും ജനനനിരക്കിനും പുറമേ പല രാജ്യങ്ങളിലെയും ജനസംഖ്യയിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒരു ഘടകമാണ്. ഒരു രാജ്യത്തിന്റെ ജനന-മരണ നിരക്കും കുടിയേറ്റ – എമിഗ്രേഷൻ നിരക്കും തമ്മിലുള്ള അന്തരം അതിന്റെ ജനസംഖ്യയെ ബാധിക്കുന്ന രണ്ട് പ്രധാന ഘടകങ്ങളാണ് ജനന-മരണ നിരക്കുകളിലും കുടിയേറ്റത്തിലും ഉണ്ടായ വ്യതിയാനങ്ങൾ കാരണം ഉയർന്ന വരുമാനമുള്ള വികസിത രാജ്യങ്ങളിലെ ജനസംഖ്യ യഥാക്രമം 6.62 കോടിയും 8.05 കോടിയും വർദ്ധിച്ചു. അന്താരാഷ്ട്ര കുടിയേറ്റം വിവിധ രാജ്യങ്ങളിലെ ജനസംഖ്യയിൽ കാര്യമായ സ്വാധീനം ചെലുത്തുകയും മൊത്തത്തിൽ ലോകജനസംഖ്യയെ സ്വാധീനിക്കുന്നില്ലെങ്കിലും അതത് സ്ഥലങ്ങളിലെ നയ – വികസന – പദ്ധതി – പരിപാടികളിലും പരിതഃസ്ഥിതികളിലും വലിയ സ്വാധീനം ചെലുത്തും.

കൂടാതെ ജനസംഖ്യയുടെ എണ്ണത്തിൽ കാണേണ്ട മറ്റൊരു കാര്യമാണ് ത്വരിതപ്പെട്ടു കൊണ്ടിരിക്കുന്ന നഗരവത്കരണം. മനുഷ്യരുടെ എണ്ണത്തിൽ പകുതിയിൽ കൂടുതലും ഇപ്പോൾ നഗരങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നു. 55%. ഭൂവിഭാഗത്തിന്റെ കൂടുതൽ കരപ്രദേശങ്ങളും ക്രമേണ കൂടുതൽ ഒഴിയും. പോക്കറ്റുകളിലേക്ക് പോയിന്റുകളിലേക്ക് മനുഷ്യർ കൂട്ടം കൂടും. അതിന്റെ പ്രത്യാഘാതങ്ങൾ വേറെയും.

ഈ അസമത്വം ഒക്കെ നാം നല്ല ഉശിരൻ കയ്-മെയ് വഴക്കത്തോടെ കൈകാര്യം ചെയ്യുമോ? സമ്പത്തുള്ളവരാണോ അതിജീവിക്കാൻ കൂടുതൽ സാധ്യതയുള്ളവർ? അതോ വികസിത വ്യവസ്ഥിതികളിൽ ഉള്ളവരോ? പണമുണ്ട്, പക്ഷെ വിഭവങ്ങൾ ഇല്ല! അപ്പോഴെന്തു ചെയ്യും? ദുർബല – ബലഹീന സമൂഹങ്ങൾ കൂടുതൽ പ്രശ്നങ്ങളിൽ ആകില്ലേ? ആഗോള പ്രശ്‌നങ്ങൾ, പ്രതിസന്ധികൾ, ആഘാതങ്ങൾ തുല്യമായി പങ്കിടാൻ, മറ്റുള്ളവരെ സഹായിക്കാൻ, ത്യാഗം ചെയ്യാൻ രാജ്യങ്ങളും ചേരികളും പരസ്പരം കൈകോർക്കുമോ? ചൊവ്വയിൽ ചെന്നു നാം ചേക്കേറുമോ? നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഫലമായി റോബോട്ടുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും രംഗം കയ്യടക്കി കുറഞ്ഞ ജോലിയും കൂടുതൽ വിശ്രമവും വാഗ്ദാനം ചെയ്യുമോ? മനുഷ്യനെ ഓവർടേക്ക് ചെയ്യുമോ? മനുഷ്യൻ ചെയ്തുകൂട്ടി കൂട്ടി മറ്റു സ്പീഷീസുകളെ, ഭൂമിയെ ഒരു വഴിക്കാക്കുമോ? മനുഷ്യരാശി നേരിടുന്ന ചോദ്യങ്ങൾ തീരുന്നേയില്ല !!

കാര്യമെന്തൊക്കെ ആയാലും, നോക്കൂ, നമ്മളിത്രയും പേരുണ്ട്! എണ്ണൂറു കോടി മനുഷ്യരുടെ ലോകം ഒരു ആഗോള വിജയഗാഥയാണ്. അത്രയും മനുഷരെ അഭിവൃദ്ധിപ്പെടുത്താൻ അനുവദിക്കുന്ന ഒരു ലോകം നമുക്ക് ഒരുമിച്ച് നിർമ്മിക്കേണ്ടതുണ്ട്. ചരിത്രത്തിലെ മുൻകാല ഘട്ടങ്ങളെ അപേക്ഷിച്ച് കൂടുതൽ എണ്ണം ആളുകൾ വിദ്യാസമ്പന്നരും ആരോഗ്യകരമായ ജീവിതം നയിക്കുന്നവരുമായ ഒരു ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. എങ്കിലും ആഗോളതലത്തിൽ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് ലോകം കൂട്ടായി പരിഹരിക്കുന്നില്ലെങ്കിൽ, പിരിമുറുക്കങ്ങളും അവിശ്വാസവും പ്രതിസന്ധികളും സംഘർഷങ്ങളും നിറഞ്ഞ എട്ടു ബില്യൺ മനുഷ്യരുടെ കൂട്ടത്തിലെ ഓരോരുത്തരും അതിനായി സ്വയം സജ്ജമാകേണ്ടി വരുമെന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറ്സ് പറയുന്നത്. “8 ബില്യൺ പ്രതീക്ഷകൾ. 8 ബില്യൺ സ്വപ്നങ്ങൾ. 8 ബില്യൺ സാധ്യതകൾ. നമ്മുടെ ഭൂമി ഇപ്പോൾ 8 ബില്യൺ മനുഷ്യരെ ഉൾക്കൊള്ളുന്നു” യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (UNFPA) ട്വീറ്റ് ചെയ്യുന്നു.

ഇന്ത്യയ്ക്ക് ചീനനെ മലർത്തിയടിച്ചു വന്ദേമാതരം വിളിക്കാനുള്ള അസുലഭാവസരമായും അതിന്റെ ചുറ്റിലുമായാണ് നമ്മുടെ ജനസംഖ്യാ ചിന്തകൾ കിടന്നു കറങ്ങുന്നതെന്നു തോന്നുന്നു. എന്നാൽ ഒപ്റ്റിമം – ഏതു വ്യവസ്ഥയും ഏറ്റവും അനുകൂലമാകുന്ന പോയിന്റ് – നമ്പരിലേക്ക് മനുഷ്യന്റെ എണ്ണത്തെ എത്തിച്ചു നിലനിർത്തുക എന്ന ക്രൂഷ്യൽ ആയ ടാസ്‌കാണ് രാജ്യങ്ങളുടെ അതിർവരമ്പുകൾക്കപ്പുറത്തേക്ക് ഉരുവായി വരേണ്ട കാര്യം. മറ്റൊന്ന് ക്വാണ്ടിറ്റിയും ക്വാളിറ്റിയും ഉള്ള മനുഷ്യകുലത്തിന് ലോകത്തെ മറ്റെല്ലാ സ്പീഷീസിന്റെയും നിലനിൽപ്പിൽ ഇടപെടാനാകും എന്ന സംഗതിയാണ്. അതിനാൽ ഏറ്റവും വലിയ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ട ഒരു ബാദ്ധ്യത നമുക്കുണ്ട്. ശാസ്ത്രത്തിന്റെ, സാങ്കേതികവിദ്യയുടെ തേരിലേറി, ശാസ്ത്രീയമായ പ്ലാനിങ്ങിലൂടെ നമുക്കതൊക്കെ ചെയ്യാനാകും. പ്രതിസന്ധികളെ നേരിടാനാകും. കാലത്തെ വെല്ലുവിളിച്ചു കൊണ്ട് ഇവിടെ ഈ പോയിന്റ് വരെ എത്തിയ മനുഷ്യരാശിക്ക് ഇനിയും നന്നായി മുന്നോട്ടു കുതിക്കാനാകും.