ജെഫ്രി എപ്സ്റ്റൈനും, പീഡോഫീൽ ഐലാൻഡും: ലൈംഗികാരോപണ സാമ്രാജ്യത്തിന്റെ ഇരുണ്ട നിഴലുകൾ

സമീപകാലത്ത് അമേരിക്കൻ സമൂഹത്തെ പിടിച്ചുലച്ച വാർത്തകളിൽ ഒന്നാണ് ജെഫ്രി എപ്സ്റ്റൈൻ എന്ന ശതകോടീശ്വരനെതിരായി ഉയ‍‍ർന്നുവന്ന ലൈംഗികാരോപണങ്ങൾ. 2019 ൽ, അറസ്റ്റിലായി ദിവസങ്ങൾക്ക് അകം ജയിലിൽ മരണപ്പെട്ട നിലയിൽ എപ്സ്റ്റൈനെ കണ്ടെത്തിയോടെ ഈ വിഷയം കെട്ടടങ്ങി എന്നായിരുന്നു പൊതുവായ വിലയിരുത്തൽ. എന്നാൽ അടുത്തിടെ പുറത്തുവന്ന ചില കോടതി രേഖകളിലൂടെ ഈ വിവാ​ദത്തിന് പുതിയ മാനങ്ങൾ കൈവന്നിരിക്കുകയാണ്.

ആരാണ് ജെഫ്രി എപ്സ്റ്റൈൻ?

1953ൽ ന്യൂയോ‍ർക്കിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച ജെഫ്രി എഡ്വേ‍ർ‍ഡ് എപ്സ്റ്റൈൻ സ്കൂൾ അധ്യാപകനായാണ് തന്റെ കരിയ‍ർ ആരംഭിച്ചത്. എന്നാൽ മതിയായ യോഗ്യതകളില്ല എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 1976 ൽ അദ്ദേഹത്തെ ജോലിയിൽ നിന്ന് പുറത്താക്കി. പിന്നീട് ബാങ്കിംഗ് മേഖലയിലേക്ക് കടന്ന് അധികം വൈകാതെ സ്വന്തം ഫിനാൻഷ്യൽ കൺസൾട്ടിങ്ങ് സ്ഥാപനം ആരംഭിച്ചു. വാൾസ്ട്രീറ്റിലെ തന്റെ ബന്ധങ്ങളും വ്യവസായത്തിൽ തന്റെ സ്വതസി​ദ്ധമായ കൗശലവും ഉപയോ​ഗിച്ച് വളരെപ്പെട്ടന്നു തന്നെ അയാൾ കോടികളുടെ സമ്പാദ്യം സമാഹരിച്ചു. എന്നാൽ ഈ ശതകോടികളുടെയെല്ലാം പിന്നിൽ മറഞ്ഞിരിക്കുന്ന ഇരുണ്ട യാഥാർഥ്യങ്ങളിലേക്ക് വെളിച്ചമെത്താൻ പിന്നേയും വ‍‍ർഷങ്ങളെടുത്തു.

ലൈം​ഗികകാരോപണങ്ങളുടെ ദന്തഗോപുരം

14 വയസുകാരിയായ പെൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചുവെന്ന പാരതിയുടെ അടിസ്ഥാനത്തിൽ 2005 ലാണ് ഫ്ലോറിഡ പൊലീസ് എപ്സ്റ്റൈനെതിരായ അന്വേഷണം ആരംഭിക്കുന്നത്. ഇതിൻ്റെ ചുവടുപിടിച്ച് കൂടുതൽ ആരോപണങ്ങൾ ഉയ‍‍ർന്നതോടെ 2008ൽ എപ്സ്റ്റൈൻ അറസ്റ്റിലായി. കേസിൽ എപ്‌സ്റ്റൈൻ കുറ്റം സമ്മതിച്ചതിനെ തുടർന്ന് 18 മാസത്തെ തടവിനു ശിക്ഷിച്ചു. ഇയാളെ ലൈംഗിക കുറ്റവാളിയായി ഔദ്യോഗികമായി മുദ്രകുത്തി.

13നും18നും വയസ്സിനിടയിലുള്ള നിരവധി പെൺകുട്ടികളെ, ന്യൂയോർക്കിലെ മൻഹാറ്റനിലും ഫ്ളോറിഡയിലെ പാം ബീച്ചിലും മറ്റു സ്ഥലങ്ങളിലും പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു ഇയാൾക്കെതിരായ കുറ്റം. ഇതിനായി സ്കൂളുകളുമായും മോഡലിങ്ങ് ഏജൻസികളുമായും അദ്ദേഹം ഒത്തുകളിച്ചുവെന്ന വിവരങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു.

എപ്സ്റ്റൈൻ ലൈംഗിക ചൂഷണത്തിനായി ഉപയോഗിച്ചുവെന്ന് ആരോപിക്കപ്പെടുന്ന “ലിറ്റിൽ സെന്റ് ജെഫ്സ് ദ്വീപ്” എന്നറിയപ്പെടുന്ന ഒരു സ്വകാര്യ ദ്വീപിൽവെച്ച് നി​രവധി കുട്ടികളെ ലൈ​ഗിംക ചൂഷണത്തിന് ഇരയാക്കിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. 72 ഏക്കര്‍ വരുന്ന ‘പീഡോഫൈല്‍ ഐലന്‍ഡ്’ എന്ന് വിളിപ്പേരുള്ള ഈ ദ്വീപിൽ പ്രമുഖരായ നിരവധി വ്യക്തികൾ സന്ദർശനം നടത്തിയിട്ടുള്ളതായി പറയപ്പെടുന്നു. എപ്സ്‌റ്റൈന്‍ സ്ഥിരമായി സെക്സ് പാര്‍ട്ടികള്‍ നടത്താറുണ്ടായിരുന്നു. 12-നും 17-നും ഇടയില്‍ പ്രായമുള്ള നിരവധി പെണ്‍കുട്ടികളെ വിമാനത്തിലും ഹെലികോപ്റ്ററിലും ബോട്ടിലുമായി ഇയാള്‍ ദ്വീപിലേക്ക് കടത്തിയിരുന്നതയാണ് വിവരം.

​ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി അന്വേഷണത്തിൽ വെളിപ്പെട്ടെങ്കിലും വെറും 18 മാസത്തെ തടവു ശിക്ഷമാത്രമാണ് എപ്സ്റ്റൈന് ലഭിച്ചത്. അദ്ദേഹത്തിന്റെ ഉയർന്ന സാമ്പത്തിക സ്ഥിതിയും ഉന്നത ബന്ധങ്ങളും ഉപയോ​ഗിച്ച് മറ്റു കടുത്ത ശിക്ഷകളിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.

ജയിലേക്കുള്ള അവസാന യാത്ര

ആ​ദ്യ ഘട്ടത്തിലെ ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയ എപ്സ്റ്റൈൻ വീണ്ടും കുറ്റകൃതങ്ങളിൽ ഏർപ്പെട്ടതോടെ 2019 ൽ വീണ്ടും അറസ്റ്റിലായി. എന്നാൽ അറസ്റ്റിലായി ദിവസങ്ങൾക്കകം എപ്സ്റ്റൈനെ തന്റെ ജയിൽ സെല്ലിൽ ആത്മഹത്യ ചെയ്തതോടെ ഔദ്യോഗികമായി കേസ് അവസാനിച്ചെങ്കിലും ഇരകളുടെ നീതിക്കായുള്ള പോരാട്ടം തുടർന്നു.

കോടതി രേഖകൾ തുറന്നുവിട്ട ഭൂതം

അടുത്തിടെ പുറത്തുവന്ന കോടതി രേഖകൾ ജെഫ്രി എപ്സ്റ്റൈന്റെ സ്വകാര്യ ലോകത്തെ ദുരൂഹതകളിലേക്ക് പുതിയ വെളിച്ചം വീശുന്നതാണ്. മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ഡൊണാൾഡ് ട്രംപ്, ഹോളിവുഡ് താരം ലിയോനാർഡോ ഡികാപ്രിയോ തുടങ്ങി നിരവധി പ്രമുഖരുടെ പേരുകൾ ഈ രേഖകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇവർ എപ്സ്റ്റൈന്റെ പ്രവൃത്തികളിൽ എത്രത്തോളം പങ്കാളികളായിരുന്നു എന്നതിനെക്കുറിച്ചുള്ള തെളിവുകൾ ഇതുവരെ ലഭ്യമായിട്ടില്ല.

കോടതി രേഖകളിലെ ഈ പുതിയ വെളിപ്പെടുത്തലുകൾ പൊതുജനരോഷം വീണ്ടും ഉയർത്താൻ ഇടയാക്കി. എപ്സ്റ്റൈന്റെ ബന്ധുക്കളെയും സഹായികളെയും കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുന്നുണ്ട്. ഇരകൾക്ക് നീതി ലഭിക്കാനും ചൂഷണത്തിന് ഇരകളായ കൂടുതൽ പെൺകുട്ടികൾ മുന്നോട്ടുവരാനും തുടരന്വേഷണം സഹായിക്കുമെന്നാണ് പ്രതീക്ഷ.

എപ്‌സ്റ്റൈൻ്റെ ഇരകളിൽ ഒരാളായ വിർജീനിയ ​​ഗ്യൂഫ്രെ 2015-ൽ എപ്‌സ്റ്റൈൻ്റെ മുൻ പങ്കാളി ​ഗിസ്ലൈൻ മാക്‌സ്‌വെല്ലിനെതിരെ നൽകിയ കേസുമായി ബന്ധപ്പെട്ടാണ് നിലവിൽ രേഖകൾ പുറത്തുവരാൻ കാരണമായത്. തന്റെ 17ആം വയസിൽ, ട്രംപിന്റെ മാർ-എ-ലാഗോ ക്ലബിലെ സ്പാ അറ്റൻഡന്റായി ജോലി ചെയ്യവേ എപ്സ്റ്റൈൻ തന്നെ പെൻവാണിഭത്തിനായി പ്രേരിപ്പച്ചതായാണ് ഗ്യൂഫ്രെയുടെ പരാതി. എപ്‌സ്റ്റൈന്റെ സമ്മർദത്തിന് അടിപ്പെട്ട് ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നി‍ർബന്ധിതയായതായും ഗ്യൂഫ്രെ ആരോപിച്ചു. എന്നാൽ 2022-ൽ ആൻഡ്രൂ രാജകുമാരനെതിരെയുള്ള ആരോപണം ഒത്തുതീ‍ർപ്പിലെത്തുകയും അതേവർഷം തന്നെ, എപ്‌സ്റ്റൈന്റെ മുൻ അഭിഭാഷകനായ അലൻ ഡെർഷോവിറ്റ്‌സിനെതിരെ ഉന്നയിച്ച ആരോപണം ഗ്യൂഫ്രെ പിൻവലിക്കുകയും ചെയ്തു.

രേഖകളിൽ എന്താണുള്ളത്?

കേസുമായി ബന്ധപ്പെട്ട മിക്ക വിരങ്ങളും നേരത്തേ തന്നെ പരസ്യമായതാണ് ഇതുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാം എന്ന തീരുമാനത്തിലേക്ക് കോടതിയെ നയിച്ചത്. എപ്‍സ്റ്റൈന്റെ സ്വകാര്യവിമാനത്തിൽ 26-ലേറെത്തവണ ക്ലിന്റൺ യാത്രചെയ്തതായും ക്ലിന്റന്‌ ചെറിയ പെൺകുട്ടികളെയാണ്‌ ഇഷ്ടമെന്ന് എപ്‍സ്റ്റൈൻ പറഞ്ഞതായുള്ള മൊഴികളുമടക്കം രേഖകളിലുണ്ട്.

ഫ്ലോറിഡ, ന്യൂയോർക്ക്, യുഎസ് വിർജിൻ ഐലൻഡ്‌സ്, ന്യൂ മെക്‌സിക്കോ എന്നിവിടങ്ങളിലെ തന്റെ വീടുകളിൽ വെച്ച് എപ്‌സ്റ്റൈൻ തങ്ങളെ ലൈം​ഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയുമായി നിരവധി സ്ത്രീകൾ പിന്നാലെ എത്തിയുരുന്നു. ഇത്തരത്തിൽ ഉയ‍ർന്ന ആരോപണങ്ങളുടെയും പാരതികളുടേയും അടിസ്ഥാനത്തിലുള്ള രേഖകളാണ് വിവിധ ഘട്ടങ്ങളിലായി കോടതിയിൽ നിന്ന് പുറത്തുവന്നത്. ഇതിൽ നിരവധി സാക്ഷി മൊഴികളും ഉൾപ്പെടും. എപ്‌സ്റ്റൈന്റെ സന്തത സഹചാരിയും ഫ്രഞ്ച് മോഡലിംഗ് ഏജൻ്റുമായിരുന്ന ജീൻ ലൂക്ക് ബ്രൂൺ അടക്കമുള്ളവരുടെ മൊഴികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സം​ഗം ചെയ്തു എന്ന ആരോപണത്തിൽ വിചാരണ തടവിലിരിക്കെ 2022ൽ ബ്രൂണലിനെ പാരീസിലെ ജയിലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടുത്തുകയായിരുന്നു.

പ്രമുഖ വ്യക്തികൾക്കെതിരെ ടേപ്പ്?

പ്രമുഖ വ്യക്തികളുമായി ബന്ധപ്പെട്ട ചില സുപ്രധാന തെളിവുകൾ അടങ്ങുന്ന ടേപ്പുകൾ എപ്‌സ്റ്റൈന്റെ കൈവശമുണ്ടായിരുന്നതായി ജെഫ്രിയ്ക്കുവേണ്ടി പ്രവർത്തിച്ചിരുന്ന ബ്രിട്ടിഷ്–ദക്ഷിണാഫ്രിക്കൻ യുവതിയും കേസിൽ സാക്ഷികളിൽ ഒരാളായിരുന്ന സാറ റാൻസം അവകാശപ്പെട്ടിരുന്നു. ഇതിൽ പ്രിൻസ് ആൻഡ്രൂ, ബിൽ ക്ലിന്റൺ, സർ റിച്ചാർഡ് ബ്രാൻസൺ എന്നീ പ്രമുഖരും ഉൾപ്പെടുന്നുവെന്നാണ് സാറയുടെ ആരോപണം. എന്നാൽ എപ്സ്റ്റൈന് വേണ്ടി ഹാജരായ അഭിഭാഷക സംഘം ഈ ആരോപണത്തെ എതി‍‍ർത്തു. ഇതിനു പിന്നാലെ സാറ തൻ്റെ മുൻ ആരോപണം പിൻവലിക്കുകയും ചെയ്തു. മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് എതിരേയും നേരത്തേ സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നു.

2015-ൽ മാക്‌സ്‌വെല്ലിനെതിരെ സമർപ്പിച്ച സിവിൽ ക്ലെയിമിന്റെ ഭാഗമായി ഗ്യൂഫ്രെയുടെ നൂറുകണക്കിനു രേഖകൾ അൺസീൽ ചെയ്യാൻ യുഎസ് ജഡ്ജി ഉത്തരവിട്ടിരുന്നു. മുൻ തൊഴിൽ മന്ത്രി പീറ്ററിന്റെ ചിത്രങ്ങൾ അടക്കം ഇതിൻ്റെ ഭാ​ഗമായി പുറത്തുവന്നിരുന്നു. 2006-ൽ തൻ്റെ സ്വകാര്യ ദ്വീപിൽ വെച്ച് എടുത്ത ചിത്രങ്ങളിൽ, ഫ്രഞ്ച് മോഡൽ സ്കൗട്ട് ജീൻ ലൂക്ക്-ബ്രൂണലിനൊപ്പം മാക്‌സ്‌വെല്ലും ഫോട്ടോകൾക്ക് പോസ് ചെയ്യുന്ന വിവിധ പെൺകുട്ടികളും ഉൾപ്പെടുന്നുണ്ട്.

ആൻഡ്രൂ, മുൻ യുഎസ് പ്രസിഡന്റ് ക്ലിന്റൺ, ബ്രിട്ടീഷ് കോടീശ്വരനായ വ്യവസായി ബ്രാൻസൺ എന്നിവരെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം പുറത്തുവന്ന രേഖകൾ പ്രകാരം റാൻസം എഴുതിയ ഈ മെയിലുകൾ ഇങ്ങനെയാണ് – “ക്ലിന്റനും പ്രിൻസ് ആൻഡ്രുവുമായി തന്റെ സുഹൃത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇതിന്റെ ദൃശ്യങ്ങൾ ഓരോന്നും ജെഫ്രി ഓരോ പ്രത്യേക അവസരങ്ങളിൽ ചിത്രീകരിച്ചതാണ്. ഈ ദൃശങ്ങളിൽ ചിലത് തന്റെ സുഹൃത്തിന്റെ പക്കലുണ്ട്. അതിൽ ക്ലിന്റനെയും പ്രിൻസ് ആൻഡ്രുവിനെയും ബ്രാൻസനെയും വ്യക്തമായി കാണാം. നിർഭാഗ്യവശാൽ ദൃശ്യങ്ങളിൽ എപ്സ്റ്റൈനെ കാണാൻ സാധിക്കുന്നില്ല, കാരണം അവൻ സമ‍ർത്ഥനായിരുന്നു.” എന്നാൽ പീന്നീട് ഈ ആരോപണത്തിൽ നിന്ന് റാൻസം പിൻമാറി.

എപ്സ്റ്റൈന്റെ മരണത്തോടെ കേസ് അവസാനിച്ചെന്ന് തോന്നുമെങ്കിലും ഇരകളുടെ നീതിക്കായുള്ള പോരാട്ടം അവസാനിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ബന്ധുക്കളും സഹായികളും ഇപ്പോഴും അന്വേഷണപരിധിയിലാണ്. എപ്സ്റ്റൈൻ കേസ് ചൂണ്ടിക്കാട്ടുന്നത് അധികാരത്തിന്റെയും പണത്തിന്റെയും ഇരുണ്ട വശത്തെയാണ്. ഉന്നതരും ശക്തരുമായ വ്യക്തികൾക്ക് നിയമാനുസൃതമായ ശിക്ഷ ലഭിക്കാത്തത് പലപ്പോഴും ഇരകൾക്ക് നീതി നിഷേധിക്കുന്നതിന് കാരണമാകുന്നു.