നോമ്പു കാലത്തെ ചൈനീസ് തെരുവുകൾ: യിഞ്ചുവാന്റെ ഹൃദയത്തിലൂടെയുള്ള ഒരു സഞ്ചാരം – PART 1

എം. ജി സർവകലാശാല സമകാലിക ചൈന പഠന കേന്ദ്രം വിദ്യാർത്ഥി അരുൺ ദ്രാവിഡ് എഴുതുന്ന ചൈനീസ് ഡയറി പരമ്പര ആദ്യ ഭാഗം

ചൈനയിലൂടെയുള്ള ഓരോ യാത്രയും കൗതുകം ജനിപ്പിക്കുന്നതാണ്. റമളാൻ ആരംഭിച്ചതിനാൽ തെരുവുകളിൽ അതിന്റെ മാറ്റങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. വാഹനങ്ങളിൽ പ്രതേകിച്ചു ബസിൽ പള്ളിയിലേക്ക് പോയിവരുന്ന ആളുകളുടെ എണ്ണം കൂടിയപോലെ എനിക്ക് തോന്നി. തൊപ്പിയും ഹിജാബും ഒക്കെ അണിഞ്ഞു മനുഷ്യർ തെരുവിലൂടെ പോകുന്നത് കാണാം. മനസിലാക്കിയ സംഗതി തൊപ്പി അണിഞ്ഞു പോകുന്നവർ ഏറിയ പങ്കും പ്രായം ചെന്നവരാണ്. ചെറുപ്പക്കാരിൽ ചിലരെ മാത്രമേ നമുക്ക് അങ്ങനെ കാണാനാകു.

ഞാൻ താമസിക്കുന്നത് ചൈനയുടെ വടക്കൻ പ്രവശ്യയായ നിങ്ഷിയാ സ്വയംഭരണ പ്രവശ്യയുടെ തലസ്ഥാന നഗരിയായ യിൻചുവാൻ ആണ്. മുസ്ലിം ജനത കൂടുതലുള്ള പ്രവിശ്യയാണിത്. ഈ പ്രവശ്യയിലെ 34% ആളുകൾ മുസ്ലിം വിഭാഗക്കാരാണ്. നിരവധി മുസ്ലിം ആരാധനാലയങ്ങൾ ഈ പ്രവശ്യയിലുണ്ട്. യിഞ്ചുവാൻ സിറ്റിയിലെ ചില ആരാധനാലയങ്ങൾ സന്ദർശിച്ചപ്പോൾ കണ്ടൊരു കാഴ്ച അത് ലോകത്തിന്റെ ഇതര ഭാഗത്തുള്ള മുസ്ലിം മോസ്‌ക്കുകൾക്ക് സമാനമായല്ല നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നതാണ്. വലിയ മിനാരങ്ങൾ ഉള്ള പള്ളികൾ നമ്മുടെ നാട്ടിൽ സാധാരണയാണ് എന്നാൽ അങ്ങനെയൊന്നു ഇവിടെ കണ്ടില്ല. ചില പള്ളികളിൽ ഉണ്ടായിരുന്ന മിനാരങ്ങൾ വളരെ അടുത്ത വർഷങ്ങളിൽ ആണ് നീക്കം ചെയ്തത് എന്ന് അറിയാനായി.

അതീവ വലിപ്പമുള്ള ചുറ്റുമതിലും വലിയ കവാടവുമാണ് നാൻമിൻ സ്‌ക്വയറിനു സമീപത്തുള്ള മുസ്ലിം പള്ളിക്കു മുന്നിലുള്ളത്. കവാടത്തിന്റെ മുകളിൽ ചൈനീസിൽ എന്തോ കൊത്തി വെച്ചിട്ടുണ്ട്. പള്ളിയുടെ ചുറ്റുമതിൽ സാമാന്യം വലിപ്പമുള്ളതാണ്. വലത്തു ഭാഗത്തു ഒരു ചെറിയ ഫുഡ്‌ സ്ട്രീറ്റ് ആണ് ഇടത്തു ഭാഗത്തു ഒന്നാമത്തേത് വിവിധ ചൈനീസ് സ്നാക്സ് വിൽക്കുന്ന കട, പിന്നീട് അങ്ങോട്ട് മുഴുവൻ ഇറച്ചി കടകളാണ്. കൂടുതലും ആടും പശുവും. ചില കടകളിൽ ഒരു കൗതുകം കണ്ടു അവിടെ നമ്മുടെ നാട്ടിലെ പോലെ വിവിധ കഷണങ്ങൾ ആക്കി തൂക്കിയിട്ടിരിക്കുകയല്ല തലയും വാലും ഉള്ളിലെ അവശിഷ്ടങ്ങളും കളഞ്ഞു അതേ പടി തൂക്കിയിട്ടിരിക്കുകയാണ്. തൊലിയും തലയും ഇല്ലാത്ത ഒരു മുഴുവൻ ആട് ഇങ്ങനെ വായുവിൽ തൂങ്ങി കിടക്കുന്ന കാഴ്ച ഒന്ന് സങ്കൽപ്പിച്ചു നോക്കു.

ആ വലിയ കവാടം കടന്നു അകത്തേക്ക് കയറിയാൽ വിശാലമായ പള്ളി മുറ്റത്ത് വലിയൊരു കൊടിമരമുണ്ട്. അതിൽ ചൈനയുടെ ദേശീയ പതാക പാറിക്കളിക്കുന്നുണ്ട്. മുറ്റത്തിന്റെ ഇരു വശങ്ങളിലും സാമാന്യം വലിപ്പമുള്ള ശുചിമുറികൾ. നമ്മുടെ നാട്ടിലെ ചില മുസ്ലിം മതനുയായികളെ പോലെ മീശ വടിച്ച എന്നാൽ നീളൻ ഊശാൻ താടി വെച്ച ആളുകൾ മുറ്റത്തുള്ള ഇരിപ്പിടങ്ങളിൽ ഇരിക്കുന്നുണ്ടായിരുന്നു. വൃദ്ധരായ സ്ത്രീകളും അവർക്ക് ഒപ്പം ഇരിക്കുന്നുണ്ടായിരുന്നു.

വലിയ പടവുകൾ കയറി ഭീമൻ വാതിലുകൾ കടന്നാണ് പള്ളിയിലേക്ക് പ്രവേശിക്കാനാകുക. അകത്തെ തൂണുകൾ ഗ്രാനൈറ്റ് കൊണ്ട് മിനുസപ്പെടുത്തിയവ മുകൾ ഭാഗം അതിമനോഹരമായ വാസ്തു വിദ്യായാലും ഷോലൈറ്റ്കൾ കൊണ്ടും ഭംഗി വരുത്തിയിട്ടുണ്ട്. ഒത്ത നടുവിൽ താജ്മഹലിന്റെ ഒക്കെ ഉള്ളിലുള്ള പോലെ മകുടത്തിന്റെ അകം പോലെ പണിതിട്ടുണ്ട്. നിലത്ത് സ്പോഞ്ചു കൊണ്ടും വെൽവെറ്റ് കൊണ്ടും മിനുസപ്പെടുത്തിയ കാർപെറ്റുകൾ നിരത്തിയിരിക്കുന്നു. നോമ്പ് തുറക്കാൻ സമയമായിരിക്കുന്നു ആളുകൾ വരുന്നു പ്രാർത്ഥിക്കുന്നു. ഇത്തരത്തിൽ നിരവധി പള്ളികൾ യിൻചുവാൻ സിറ്റിയിൽ ഉണ്ട്‌. ഇവിടുത്തെ ഏറ്റവും വലിയ പള്ളിയിൽ സാദാ മുസ്ലിം പള്ളികൾക്ക് ഉള്ളത് പോലെയുള്ള മിനാരങ്ങൾ ഉണ്ട്‌.

26 മില്യൺ മുസ്ലിം വിഭാഗക്കാരാണ് ചൈനയിലുള്ളത്. അവരുടെ ജീവിതത്തെപ്പറ്റി നിരവധി വിവാദങ്ങൾ ആഗോള തലത്തിൽ ഉയരുന്നുണ്ട്. പ്രത്യേകിച്ച് ഷിജിയങ് പ്രാവശ്യയിലെ ഉയ്ഗർ വിഭാഗത്തെ സംബന്ധിച്ച കാര്യങ്ങൾ. 2010 മുതൽ 2020 വരെയുള്ള പത്തു വർഷങ്ങളിൽ ചൈനയുടെ മുസ്ലിം പോപ്പുലേഷനിൽ വളർച്ച ഉണ്ടായിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എത്തിനിക് ഗ്രൂപ്പ് ആയ ഹുയ് വിഭാഗത്തിന് സ്വാധീനം ഉള്ള പ്രാവശ്യയാണ് ഞാൻ താമസിക്കുന്ന നിങ്ഷിയ. മുൻപ് സൂചിപ്പിച്ച പോലെ ഇവിടെ മുപ്പത്തി നാല് ശതമാനം ആളുകളും മുസ്ലിം വിഭാഗത്തിൽ പെട്ടവരാണ്. മൂവായിരത്തോളം മോസ്കുകൾ നിങ്ഷിയയിൽ ഉണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. ചൈനയിലെ ഇസ്ലാം മതത്തിന്റെ വ്യാപനവും ഭരണകൂടത്തിന്റെ ഇടപെടലുകളും ഇന്ന് ഒരു വലിയ പഠന മേഖലയായി തന്നെ മാറിയിട്ടുണ്ട്.

ഇന്നാട്ടിലെ കച്ചവടക്കാർ ഏറിയ പങ്കും മുസ്ലിങ്ങളാണ് തൊപ്പിയും ഹിജാബുമണിഞ്ഞവർ. ഷിൻജിയാങ് പ്രവിശ്യയിലെ മുസ്ലിം സമൂഹം കച്ചവടത്തിന് എത്തുന്ന വലിയ മാർക്കറ്റുകൾ ഇവിടെയുണ്ട്. അവർ സ്വയം ഷിൻജിയാങ് ആണെന്ന് പറയാറില്ലെങ്കിലും. അങ്ങനെയൊന്ന് – ഒരുതരം ഇന്റണൽ മൈഗ്രെഷൻ ഇവിടെയുണ്ട്. മുസ്ലിം പള്ളികളും അവരുടെ കുപ്പായങ്ങൾ വിൽക്കുന്ന; ഭക്ഷണം വിൽക്കുന്ന അനേകം കടകളും ഇവിടെയുണ്ട്.

യിവൂ അന്താരാഷ്ട്ര സ്വാതന്ത്ര വ്യാപാര മേഖലയിൽ നിന്നും അത്ര ദൂരത്തല്ലാതെ ഒരു ബുദ്ധിസ്റ്റ് വിഹാരമുണ്ട്. മോഹൻലാലിന്റെ യോദ്ധ കണ്ട് പരിചയമുള്ള നമുക്ക് ഒരു ബുദ്ധ വിഹാരത്തിന്റെ അന്തരീക്ഷം അത്ര അന്യമല്ല. ഇതിനു മുൻപ് കണ്ട ചില ബുദ്ധ ക്ഷേത്രങ്ങൾ വനത്തിലോ മലയുടെ മുകളിലോ ആയിരുന്നു എന്നാലിത് പട്ടണത്തിനോട് ചേർന്നായിരുന്നു. സാമാന്യം വലിപ്പമുള്ള ക്ഷേത്രം, വിശാലമായ മുറ്റത്ത് തിരി കത്തിക്കാനും, എന്തോ പ്രാർത്ഥനകൾ എഴുതിയ കടലുസുകൾ കത്തിക്കുവനും പ്രത്യേക -ഉന്തുവണ്ടിക്ക് സമാനമായ- സംവിധാനങ്ങൾ ഉണ്ട്‌. പടവുകൾ കയറി ക്ഷേത്രത്തുള്ളിൽ കയറിയാൽ ധ്യാന നിമഞ്ജനായ ബുദ്ധന്റെ ഭീമമായ മൂന്നു പ്രതിമകൾ. സ്വർണം പൂശിയ മാതിരി തിളങ്ങുന്നവ.

ആളുകൾ കുടുംബമായും അല്ലാതെയും ഒക്കെ വന്ന് പ്രാർത്ഥിക്കുന്നു. ചുറ്റും അതി ഭീമമായ വലിയ പ്രതിമകൾ, ബുദ്ധന്റെ മാത്രമല്ല മറ്റു പലരുടെയും ഉണ്ട്‌. എല്ലാ പ്രതിമക്കും മുന്നിലും മുട്ട് കുത്തി നിന്ന് പ്രാർത്ഥിക്കാനുള്ള ചെറിയ തലയിണ പോലുള്ളവ പിടിപ്പിച്ച ചെറിയ പീഠങ്ങൾ അതിനു മുന്നിൽ ക്രൈസ്തവ ദേവാലയത്തിലെ അൽത്താരാ പോലുള്ള പുരോഹിതർ നിൽക്കുന്ന സ്ഥലം, മുന്നിൽ നിറയെ പൂക്കളും വിവിധ പഴങ്ങളും. ബുദ്ധന്റെ പ്രതിമക്ക് പിന്നിൽ ബുദ്ധിസത്തിന്റെ ചരിത്ര വഴികളെ അടയാളപെടുത്തുന്ന വ്യക്തികളെയും സംഭവങ്ങളെയും ആവിഷ്കരിച്ചിരിക്കുന്ന സാമാന്യം നല്ല ഉയരത്തിലുള്ള നിർമിതിയുണ്ട്. അതൊരു അത്യുഗ്രൻ നിർമിതിയാണ്.

പിന്നിലെ വാതിലിലൂടെ പുറത്തേക്ക് ഇറങ്ങിയാൽ മറ്റൊരു ക്ഷേത്രവും മുഖ്യ പുരോഹിതർ താമസിക്കുന്ന ആശ്രമവും കാണാം. ഞങ്ങൾ ചോദിച്ചതനുസരിച്ചു ആശ്രമവാസികളും മുഖ്യ പുരോഹിതനും അവരുടെ പ്രാർത്ഥനയും മറ്റു കാര്യങ്ങളും ചൊല്ലി കാണിച്ചു തന്നു. സാംബ്രാണി തിരി പോലെ ഒരു തിരി കത്തിച്ചു കയ്യിൽ തന്നു, എല്ലാവരോടും (കത്തോലിക്കാ പള്ളിയിൽ നിൽക്കുന്ന പോലെ) മുട്ടിൽ നിൽക്കാൻ ആവശ്യപ്പെട്ടു. പിന്നെ മുഖ്യ പുരോഹിതൻ എന്തെക്കെയോ വായിക്കുകയും ചൊല്ലുകയും ചെയ്തു. കഴിഞ്ഞപ്പോൾ എണീറ്റ് തിരികൾ കുത്തി വെക്കുന്ന പ്രത്യേക പത്രത്തിൽ വെക്കാൻ ആവശ്യപ്പെട്ടു. കഴിഞ്ഞപ്പോൾ മുന്നിൽ നിരത്തി വെച്ചിരുന്ന പഴങ്ങളിൽ നിന്നും ധാരാളം പഴങ്ങൾ ഞങ്ങൾക്ക് തന്നു.

ആ ക്ഷേത്ര സാമൂച്ചയത്തിൽ മൂന്നു വലിയ വിഹാരങ്ങൾ ആണുള്ളത്. മൂന്നാമത്തേതിൽ രാജാക്കന്മാരുടെ പ്രതിമകൾ ഉൾപ്പടെയുണ്ട്. അഞ്ചാം നൂറ്റാണ്ടിൽ ഇന്ത്യയിലാണ് ബുദ്ധിസം പിറവി എടുക്കുന്നത്, എന്നാൽ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ബുദ്ധിസ്റ്റ് വിശ്വാസികൾ ഉള്ള രാജ്യം ചൈനയാണ്. ചൈനീസ് സർക്കാർ അംഗീകരിച്ച ഓഫീഷ്യൽ മതങ്ങളിൽ ഏറ്റവും വലിയ മതം ബുദ്ധിസമാണ്. ചൈനയിലെ 42 മില്യൻ മനുഷ്യർ ബുദ്ധമത അനുയായികൾ ആണ്. അതിലേറെ മനുഷ്യർ സ്വയം ബുദ്ധമതം ഒരു മതമായി സ്വീകരിക്കതെ തന്നെ അതിനെ പിന്തുടരുന്നു. മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവരും ബുദ്ധന്റെ ആശയങ്ങളെ പിന്തുടരുന്നുണ്ട്. മഹായാന ബുദ്ധിസത്തിന്റെ ഭാഗമായ ഹാൻ ബുദ്ധിസം ആണ് ചൈനയിലെ ഭൂരിപക്ഷവും. വിവിധ പ്രൊവിൻസിലൂടെയുള്ള സഞ്ചാരത്തിൽ അനേകം ക്ഷേത്രങ്ങളെയും വിഹാരങ്ങളെയും കാണാനായി. മിക്കതും മല മുകളിൽ വലിയ പടിക്കട്ടുകൾ കയറി ചെല്ലേണ്ടവ ആയിരുന്നു, എന്നാലിത് നൽകിയ അനുഭവം വ്യത്യസ്തമായ ഒന്നായിരുന്നു.