2013-ലെ ടാൻസാനിയൻ ക്രിസ്മസിന്റെ ഓർമയ്ക്ക് – ആഫ്രിക്കൻ പ്രവാസത്തിനൊരാമുഖം ചാപ്റ്റർ 2

ഡിസംബറിൽ വെയിലിന് തീയുടെ ചൂടാണ് . കണ്ണ് ചൂളി പോകുന്ന വെയിലിൽ വീടിന് പുറത്തേക്കിറങ്ങിയാൽ തൊലിയിളകി പോകുന്ന പോലുള്ള എരിച്ചിലാണ് . കൊടും ചൂടിൽ തിളയ്ക്കുന്ന വെയിലോര്മയാണ് ദാർ -എസ് -സലാമിലെ ആദ്യത്തെ ക്രിസ്ത്മസ്.നക്ഷത്ര വിളക്കുകളില്ലാത്ത തെരുവുകൾ. മഞ്ഞ് പൊഴിയാത്ത ക്രിസ്ത്മസ് രാത്രികൾ , കരോൾ സംഘങ്ങളുടെ ഒച്ചയില്ലാത്ത നാട്ടു വഴികൾ, ,കേക്കിന്റെ രുചിയില്ലാത്ത ആഘോഷങ്ങൾ ഒക്കെ ക്രിസ്ത്മസിന്റെ ഭാഗമാണെന്ന് 2013-ലെ ദാർ -സലാം ക്രിസ്ത്മസിലാണ് അറിഞ്ഞത് .

ടാന്സാനിയയിലെ തദ്ദേശീയർക്ക് ആരവങ്ങളോ , ചുവപ്പും ,വെളുപ്പും കുപ്പായമണിഞ്ഞ വെള്ളക്കാരനായ ക്രിസ്മസ് അപ്പൂപ്പനോ ഒന്നും ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായിരുന്നില്ല .പള്ളികളിൽ കുര്ബാനയുണ്ടായിരുന്നു . പള്ളികൾ മഞ്ഞയും വെള്ളയും തുണികൾ കൊണ്ടുള്ള തോരണങ്ങളും , മരച്ചില്ലകളും വെച്ചൊരുക്കിയിരുന്നു. എന്നത്തേയും പോലെ എല്ലാവരും ഒത്ത് ചേർന്നുള്ള പാട്ടുകളും കുർബാനയുടെ ഭാഗമായി ഉണ്ടായിരുന്നു . അതിനപ്പുറത്തേക്ക് ക്രിസ്മസിന്റെ ആഘോഷങ്ങൾ എത്തിയിരുന്നില്ല .പുറം രാജ്യങ്ങളിൽ പോയി വിദ്യാഭ്യാസം നേടി വന്നിരുന്ന ഉപരിവർഗ ടാന്സാനിയക്കാർ ക്രിസ്മസ് റീത്തുകളും , അലങ്കാരങ്ങളുമൊക്കെയായി ആഘോഷിക്കുമായിരുന്നു .

ദാർ എസ സ്ളാമിലെ മലയാളികൾ ക്രിസ്മസ് ആഘോഷിക്കാറുണ്ടായിരുന്നു .മലയാളികളുടെ വീടുകൾ സന്ദർശിച്ച് കരോൾ ഗാനങ്ങൾ പാടി ക്രിസ്മസ് സന്തോഷം പങ്കുവെയ്ക്കുന്നവരെ കണ്ടിട്ടുണ്ട്. എന്നാൽ വർഷങ്ങൾ കഴിയും തോറും ടാന്സാനിയയിലെ ക്രിസ്മസിന് മാറ്റം വന്നു.

2015 ൽ എത്തുമ്പോ ചൈനീസ് വ്യാപാരികൾ വിപണികളിൽ സജീവമായി . ക്രിസ്മസ് ഉത്പന്നങ്ങൾ തെരുവുകളിൽ എത്താൻ തുടങ്ങി .പോസ്റ്റയിലെയും , കിസൂട്ടുവിലേയും വഴിയോര കച്ചവടക്കാർ കയ്യിൽ സാന്തക്ളോസിന്റെ തൊപ്പികളും , ചുമന്ന വലിയ കണ്ണടകളുമൊക്കെ വിൽക്കാൻ തുടങ്ങി . ഓൺലൈൻ വിപണന സാദ്ധ്യതകൾ ഉപയോഗിച്ച് നവമാധ്യമങ്ങളിലൂടെ സ്ത്രീകൾ കേക്കുകൾ നിർമിച്ച് വിൽക്കുവാൻ തുടങ്ങി .

ദാർ എസ് സലാമിൽ ഗോവൻ ക്രിസ്ത്യൻ സമൂഹമുണ്ട്. അവരുടെ ആഘോഷങ്ങളിലേക്ക് ,കടന്ന് ചെല്ലാൻ കഴിഞ്ഞിട്ടില്ല . അതൊരു വലിയ വിടവായി ഇപ്പോൾ തോന്നുന്നു .സാൻസിബാറിലും ഒരു ഗോവൻ സമൂഹമുണ്ട് .ഇന്ത്യയിൽ നിന്ന് വന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരേക്കാൾ ടാന്സാനിയയുമായി ഗോവക്കാർ കൂടുതൽ ഇഴ ചേർന്നതായി തോന്നാറുണ്ട് .ഒമാൻ സുൽത്താനേറ്റിന്റ കാലത്ത് ഒമാൻ സൈന്യത്തിന്റെ സംഗീത വിഭാഗത്തിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നവരാണ് ഗോവയിൽ നിന്നുള്ള ക്രിസ്ത്യാനികൾ . അവരുടെ പ്രാർത്ഥനാവശ്യങ്ങൾക്കായി പള്ളികൾ നിർമിക്കാൻ സുൽത്താൻ സ്ഥലം നൽകിയെന്നും സാമ്പത്തിക സഹായം നൽകിയെന്നും പറയപ്പെടുന്നു .അവരുടെ പിൻ തലമുറക്കാരാണ് ടാന്സാനിയയിലും സാൻസിബാറും ഇപ്പോഴുമുള്ളത് .ബാക്കിയുള്ള പഞ്ചാബി , ഗുജറാത്തി , മലയാളി , തമിഴ് , കന്നഡ , ആന്ധ്രാ സമൂഹങ്ങളുടെ കൊളോണിയൽ പശ്ചാത്തലങ്ങളെക്കാൾ വ്യത്യസ്തമായ ചരിത്ര പശ്ചാത്തലമാണ് ടാന്സാനിയയിലെ ഗോവൻ സമൂഹത്തിന്റേത് എന്ന് കാണാൻ സാധിക്കും . സാൻസിബാർ ഫെറിയുടെ അടുത്തുള്ള ബസലിക്കയിൽ പള്ളിയിലെ കർമങ്ങൾക്ക് നേതൃത്വം നൽകുന്നതും ഗോവൻ -ടാന്സാനിയന് ക്രിസ്ത്യാനികളാണ് .പള്ളിയിലെ കുർബാനയിൽ ടാന്സാനിയന് ഗോവക്കാരെ കാണാൻ കഴിയും .

2015 ലെ ക്രിസ്മസ് അമാനിയിലെ ഒരു ക്രിസ്മസിനാണ് മസ്സേ സനക്ക് വന്നത് ( മസ്സേ – മുതിർന്നവരെ /പ്രായം ചെന്നവരെ ബഹുമാനത്തോടെ വിളിക്കുന്ന പദം ). സെനക്കപ്പൂപ്പൻ ആരായിരുന്നു എന്ന് ഇപ്പോഴും എനിക്കറിയില്ല.എൺപത്തിലധികം പ്രായമുണ്ടായിരുന്നു .ഫ്രാൻസിലാണ് ജനിച്ചതെന്നാണ് സനക്ക് പറഞ്ഞിരുന്നത് . പിന്നെ കോങ്കോയിലും ഘാനയിലും ആയിരുന്നു .അവിടെ നിന്ന് മൗറീഷ്യസിൽ എത്തി .അമാനി പണ്ട് ഒരു മൽസ്യ തൊഴിലാളി ഗ്രാമമായിരുന്നു . അതൊഴിപ്പിച്ച് ഇറ്റലിക്കാരനായ പിച്ചോട്ടൊയും സനക്കും ഒക്കെ കൂടിയാണ് സിംഹങ്ങളും ഹിപ്പോകളുമുണ്ടായിരുന്ന വന പ്രദേശമുൾപ്പെടെ ഹോട്ടലാക്കിയത് എന്ന് സനക്ക് പറഞ്ഞിട്ടുണ്ടായിരുന്നു .സനാക്കിന്റെ ഭാര്യയ്ക്ക് അൽഷിമേഴ്‌സ് ആയിരുന്നു .ഓർമ്മകൾ പൂർണമായും ഒഴിവായി പോയിരുന്ന അവർ മൗറീഷ്യസിലെ ആശുപത്രിയിലായിരുന്നു .

ഇടയ്ക്ക് എവിടെ നിന്നോ നൂ , പഞ്ഞി പോലെ നനുത്ത ശരീരമുള്ള ,പ്രായം പൂർണമായും ശരീരത്തെ കയ്യേറിയിട്ടുണ്ടെങ്കിലും മനസിനെ ബാധിക്കാത്ത സനക്ക് വരും .കുഞ്ഞു പാച്ചുവിനെ ബാൻഡിറ്റോ എന്ന് വിളിക്കും .അന്ന് വന്നപ്പോൾ ക്രിസ്മസ് സമ്മാനമായി ചോക്കലേറ്റുകളും മേപ്പിൾ സിറപ്പും കൊണ്ട് വന്നിരുന്നു .ഹോട്ടലിന് പിറകിലായുള്ള യാർഡിൽ ഒരു പഴയ മുറിയുണ്ടായിരുന്നു അവിടെയായിരുന്നു മസ്സേ സനക്ക് താമസിച്ചിരുന്നത് ആ ക്രിസ്മസിന് വീട്ടിലെ കാരണവരായി സനക്ക് ഒപ്പം കൂടി . വീട്ടിലുണ്ടാക്കിയ അപ്പവും സ്റ്റൂവും കഴിച്ച് എരിവ് കാരണം ബാക്കി കഴിക്കാൻ പുള്ളിക്ക് കഴിഞ്ഞില്ല .

ലാപ്ടോപ്പിൽ ക്രിസ്മസ് പാട്ടുകൾ ഇട്ടിട്ടുണ്ടായിരുന്നു . അതിനൊപ്പം ഞങ്ങൾ എല്ലാം ചുവട് വെച്ചു 2018 എത്തുമ്പോഴേക്കും ടാൻസാനിയ ആകെ മാറിയിരുന്നു നിറയെ മാളുകൾ വന്നു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ശര വേഗത്തിൽ കുതിക്കുകയായിരുന്നു . നവംബർ ആദ്യ വാരം തന്നെ ക്രിസ്‌മസ്‌ ഒഫറുകൾ വരാൻ തുടങ്ങി . തെരുവു കളിൽ ക്രിസ്മസ് വിളക്കുകൾ വന്നു .എയർ പോർട്ടിലേക്കുള്ള റോഡിൻറെ വശത്തുള്ള തുർക്കിയുടെ കടയിൽ ഏറ്റവും ആധുനികമായ ക്രിസ്മസ് അലങ്കാരങ്ങൾ വിൽക്കാൻ തുടങ്ങി .ചൈനീസ് കച്ചവടം ക്രിസ്മസ് കാലത്ത് പൊടിപൊടിച്ചു .എല്ലാ കടകൾക്ക് മുൻപിലും ക്രിസ്മസ് ട്രീകൾ വന്നു . മിലിമാനി സിറ്റിയിൽ വെള്ളത്താടിയുള്ള ക്രിസ്മസ് അപ്പൂപ്പനോടൊപ്പം ഫോട്ടോയെടുക്കാൻ സംവിധാനങ്ങൾ ഉണ്ടായി. സ്ലിപ് വേയിൽ ഫ്ലാഷ് മോബുകൾ കരോൾ ഗാനങ്ങൾ പാടാൻ തുടങ്ങി .അപ്പോഴും ടാന്സാനിയയിലെ ഡിസംബറിന് ചൂട് കൂടി കൊണ്ടേയിരുന്നു.