വാർണർ അല്ല, വോറിയർ; ദി കംപ്ലീറ്റ് എന്റർറ്റൈനെർ കളമൊഴിയുമ്പോൾ

ഡേവിഡ് ആൻഡ്രു വാർണർ എന്ന,1986 ൽ സിഡ്‌നിയിലെ പാഡിങ്ങ്ടണിൽ ജനിച്ച ഓസ്‌ട്രേലിയക്കാരൻ ബാല്യത്തിലെ ക്രിക്കറ്റ് കളിച്ച് തുടങ്ങി, 37 ആം വയസിൽ  ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും അയാൾ വിരമിക്കുമ്പോഴോ? വാർണർ  കേവലം ഒരു ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മാത്രമല്ല, മറിച്ച് ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ അയാൾ കളിക്കാൻ ഇറങ്ങുമ്പോൾ  ‘വാർണർ, വാർണർ’ എന്ന് ആർത്ത് വിളിക്കാൻ പോന്നത്ര ആരാധകരെ തന്റെ കേളി വൈഭവം വഴി സമ്പാദിച്ച ഒരു ഒരു പ്രൊഫഷണൽ ക്രിക്കറ്റർ ആണ്.

നൂറ്റിപന്ത്രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നാല്പത്തിനാലിലധികം ശരാശരിയിൽ 26 ശതകങ്ങൾ ഉൾപ്പെടെ 8786 റൺസ്. ഏകദിനത്തിൽ അതിലും മികച്ച ശരാശരിയിൽ ഏഴായിരത്തോളം റൺ.അന്താരാഷ്ട്ര ടി-ട്വൻറി മത്സരങ്ങളിൽ 99 കളികളിൽ നിന്ന് 33- ഓളം ശരാശരിയും 141 സ്‌ട്രൈക് റേറ്റുമായി മുവായിരത്തിനടുത്ത് റൺസ്. കൂടാതെ ലോകത്തെ വിവിധ ടി-ട്വെന്റ്റി ലീഗുകളിൽ ആയി ഓരോ വർഷവും നേടിയ നൂറുകണക്കിന്, ആയിര കണക്കിന് റൺ.

കൊളംബിയക്കാരൻ  ഗബ്രിയേൽ ഗാർസിയ മാർകേസിനെ സാഹിത്യത്തിൽ നിന്ന് എന്നപോലെ  ക്രിക്കറ്റിൽ നിന്ന് നമ്മൾ  മലയാളിയാക്കിമാറ്റിയ ഒരു താരമാണ് വാർണർ. കാരണം ക്രിക്കറ്റ് കളിക്കുമ്പോൾ അയാളുടെ സ്വത്വം ദേശത്തിന്റെയോ, വൻകരയുടെയോ, വർണ്ണത്തിന്റെയോ, വർഗ്ഗത്തിന്റെയോ ആയിരുന്നില്ല, ആ ടീമിന്റെ മാത്രം ആയിരുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദിന് കളിക്കുമ്പോൾ നൂറുശതമാനമല്ല, അതിലധികം  ‘സൺറൈസേഴ്‌സ്’.

ഇടം കൈയ്യൻ ഓപ്പണർ

മൂന്ന് ഫോർമാറ്റുകളിലും ബൗളർമാരുടെ പേടി സ്വപ്നമായിരുന്നു ഒരു ഇടം കൈയ്യൻ ബാറ്റർ എന്ന നിലയിൽ വാർണറുടെ ജീവിതത്തിൽ നിന്നും കണ്ടെടുക്കാവുന്ന രസകരമായ രണ്ട് അനുഭവങ്ങൾ ഉണ്ട്. തന്റെ പതിമൂന്നാം വയസ്സിൽ അയാളുടെ കോച്ച് അയാളോട് ഇടം കൈ വിട്ട് വലം കയ്യൻ ബാറ്റർ ആവാൻ ആവശ്യപ്പെട്ടിരുന്നു എന്നതാണ് ഒന്ന്. എന്നാൽ ഇത് കേട്ട് ആശയകുഴപ്പത്തിൽ ആയ വാർണറെ ‘അമ്മ നീ നിനക്ക് കംഫോര്ട്ടബിൾ ആകുന്നത് പോലെ കളിച്ചാൽ മതി’യെന്ന് ആശ്വസിപ്പിച്ച് തിരിച്ച് കൊണ്ടുവരികയായിരുന്നുവത്രെ.

ഇടംകയ്യനായി തന്നെ തുടർന്ന വാർണർ പതിനാറ് വയസിന് താഴെയുള്ളവരുടെ സിഡ്‌നി ക്രിക്കറ്റ് ലീഗിൽ ഏറ്റവും അധികം റൺ നേടി റെക്കോഡ് ഭേദിച്ചു എന്നത് പിന്നത്തെ കാര്യം. എങ്കിലും എന്തുകൊണ്ടാവും ആ കോച്ച് പതിമൂന്നാം വയസിൽ വാർണറോട് സ്വാഭാവികമായ ഇടം കൈ വിട്ട് വലത് കൈ പരിശീലിക്കാൻ പറഞ്ഞത്? വാർണർ കളിക്കുന്ന റിവേഴ്‌സ് സ്‌കൂപ്പ്, സ്വിച്ച് ഹിറ്റുകൾ ഒക്കെ കാണുമ്പോൾ, ബൗളറിനും മൈതാനത്തിന്റെ അളവുകൾക്കും അനുസരിച്ച് കിട്ടിയ ഒരു ഫ്രി ഹിറ്റ് പോലും ചിലപ്പോൾ വലം കയ്യനായി നേരിടാൻ ഉള്ള ആ ആത്മവിശ്വാസം കാണുമ്പോൾ ആ കോച്ച് പറഞ്ഞത് ഒരു പാതകം ഒന്നും ആയിരുന്നില്ല എന്നും തോന്നും. ഇല്ലേ? ഗ്ലെൻ മാക്സ്‌വെൽ എന്ന ഓസ്‌ട്രേലിയൻ വലം കയ്യൻ ബാറ്റ്സ്മാൻ വാസ്തവത്തിൽ വലം കയ്യനാണോ , ഇടം കയ്യനാണോ എന്ന് ഇന്ന് അയാളുടെ കളി കാണുന്ന നമുക്ക് സംശയം തോന്നും എന്ന് പറഞ്ഞപോലെയാണ് വാർണറുടെ കാര്യവും. എങ്കിലും എന്താവും കോച്ച് വാർണറിനോട് വലം കയ്യനായി ബാറ്റ് ചെയ്യാൻ ആ പ്രായത്തിൽ ഉപദേശിച്ചതിന്റെ കാരണം?

ഇടം കയ്യനായി ബാറ്റ് ചെയ്യുമ്പോൾ അയാൾ ഒരു ഇൻസ്റ്റിങ്ക്ട് എന്ന നിലയിൽ പതിവായി പന്ത് വായുവിൽ ഉയർത്തി അടിക്കുമായിരിന്നു. അത് ഒരു ക്ലാസിക് ഓപ്പണിങ്ങ് ബാറ്റർക്ക് അനുയോജ്യമായ ശീലമല്ല. വലം കയ്യനായി ബാറ്റ് ചെയ്താലും കളിക്കും. പക്ഷെ കണ്ണിൽ കണ്ട പന്തൊക്കെ ഉയർത്തി അടിക്കില്ല. അതായിരുന്നിരിക്കാം ആ കോച്ചിന്റെ യുക്തി. അത് യുക്തിരഹിതമായിരുന്നില്ല താനും.

മാറുന്ന ക്രിക്കറ്റ്

തൊണ്ണൂറുകൾ മുതൽക്ക് ക്രിക്കറ്റ് അതിവേഗം മാറുകയായിരുന്നു. ഏകദിന, ടി-ട്വെന്റ്റി ക്രിക്കറ്റുകൾ ടെസ്റ്റ് ക്രിക്കറ്റിനെ വെല്ലുവിളിക്കുന്നത് പോയിട്ട് അവഗണിക്കുന്ന നിലയിൽ ജനപ്രിയമായി മാറുന്ന സാഹചര്യത്തിൽ അഞ്ച് ദിവസം കളിച്ചിട്ടും റിസൾട്ടില്ലാതെ സമനിലയിൽ ആവുന്ന ടെസ്റ്റ് മത്സരങ്ങൾ ആവർത്തിച്ചാൽ ആ ഫോർമാറ്റ് തന്നെ പ്രതിസന്ധിയിൽ ആവുമെന്ന അവസ്ഥ വന്നു.

ടി-ട്വെന്റിയിൽ ഇരുപത് ഓവറിൽ ഇരുനൂറ് പോലും സുരക്ഷിത സ്‌കോർ അല്ലാതായി. ഏകദിന ക്രിക്കറ്റ് അമ്പത് ഓവറിൽ അഞ്ഞുറു റൺ എന്ന ലക്ഷ്യത്തിലേക്ക് ബാറ്റിങ്ങ് പദ്ധതികൾ വികസിപ്പിക്കുന്ന അവസ്ഥയായി. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ രണ്ടുമുതൽ മൂന്ന് ദിവസത്തിനുള്ളിൽ കളി അവസാനിക്കുന്ന അവസ്ഥയും ഉണ്ടായി. അതായത് ടി ട്വെന്റി, ഏകദിന ക്രിക്കറ്റുകളിൽ ബൗളർമാർക്ക് നഷ്ടമായ മേൽകൈ ടെസ്റ്റ് ക്രിക്കറ്റിൽ തിരികെ വന്നു.

നുറുപന്ത് മുട്ടി നിന്നാലും നൂറ്റിയൊന്നാമത്തെ പന്തിൽ പുറത്താവാം എന്ന അവസ്ഥയിൽ അങ്ങനെ നിന്ന ആൾ നേടുന്ന പത്തോ, ഇരുപതോ റൺ അപ്രസക്തമായി. അവിടെ ടെസ്റ്റും അഗ്രസീവ് ബാറ്റിങ്ങിലേക്ക് കടക്കുകയായിരുന്നു. വാർണറിനോട് പണ്ട് കോച്ച് പറഞ്ഞു. “നീ പന്ത് വായുവിൽ ഉയർത്തി അടിക്കരുത്. ഇടം കയ്യനായി ബാറ്റ് ചെയ്യുമ്പോൾ ഒരു സ്വാഭാവിക പ്രതികരണം എന്ന നിലയിൽ നിനക്ക് അങ്ങനെ തോന്നുവെങ്കിൽ അതിനെ മറികടക്കാൻ ആയി നീ വലം കയ്യനായി ബാറ്റ് ചെയ്യൂ. അപ്പോൾ ഒരുപക്ഷെ അങ്ങനെ തോന്നില്ല.”

വലം കയ്യനായി ബാറ്റ് ചെയ്താലും റൺ നേടാനുള്ള പ്രതിഭ വാർണറിന് ഉണ്ടായിരുന്നു എന്ന് ആ കോച്ചിന് ഉറപ്പുണ്ടായിരുന്നു എന്നും നമുക്ക് ഇതിൽ നിന്നും വേണമെങ്കിൽ ഊഹിക്കാം. എന്നാൽ പന്ത് വായുവിൽ ഉയർത്തി അടിക്കാത്ത ചേതേശ്വർ പുജാരയെ പോലെയുള്ള ബാറ്റസ്മാൻമാർ പോലും മോശം സ്കോറിങ്ങ് റേറ്റ് കാരണം അന്താരാഷ്‌ട്ര  ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പുറത്താവുന്നതാണ് ആധുനിക ടെസ്റ്റ് ക്രിക്കറ്റ് പരിസരം എന്ന വൈരുദ്ധ്യം കൂടി നമ്മൾ മനസിലാക്കണം.

സെവാഗും വാർണറും

ഓഫ് സ്പിൻ ബൗളറും സിക്സർ അടിക്കാരനും ആയ ഒരു ഓൾ റൗണ്ടർ എന്ന നിലയിൽ ശ്രദ്ധേയനായ  വിരേന്ദ്ര സെവാഗ് സ്വാഭാവികമായും തിളങ്ങും എന്ന് പ്രതീക്ഷിച്ച ഫോർമാറ്റ് ഏകദിന ക്രിക്കറ്റ് ആയിരുന്നു. അതിൽ അല്പം സംശയം ഉണ്ടായിരുന്ന ഫോർമാറ്റ് ടെസ്റ്റ് ക്രിക്കറ്റും. രണ്ടിലും മദ്ധ്യ നിരയിൽ തുടങ്ങിയ സെവാഗ് പക്ഷെ നമ്മൾ ഇന്ന് ആരാധിക്കുന്ന സെവാഗ് ആയത് അയാൾ ഓപണർ ആയത് മുതൽക്കാണ്.

ഓപണർ എന്നുവച്ചാൽ വെള്ള പന്ത് ക്രിക്കറ്റിൽ അല്ല, ചുവന്ന പന്തുകൊണ്ട് കളിക്കുന്ന സാക്ഷാൽ ടെസ്റ്റ് ക്രിക്കറ്റിൽ ആണ് വിരേന്ദ്ര സെവാഗ് എന്ന ബാറ്റസ്മാൻ ഇതിഹാസമായത്. നാല്പത്തതൊയൊമ്പത് ശരാശരിയിൽ എണ്ണായിരത്തി അഞ്ഞുറിൽ അധികം റൺ, 23 സെഞ്ച്വറി, അതിൽ ഒന്നിലധികം ഇരട്ട സെഞ്ച്വറി, ട്രിപ്പിൾ സെഞ്ച്വറി. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രം തന്നെ മാറ്റിയെഴുതിയ ഒരു താരമായിരുന്നു സെവാഗ്. ഈ നേടിയത് മാത്രമല്ല, വമ്പൻ അടികൾക്ക് ശ്രമിച്ച് നഷ്ടമാക്കിയ സെഞ്ച്വറി, ഡബിൾ, ട്രിപ്പിളുകൾ കൂടി ചേരുന്നതാണ് അയാളുടെ ക്രിക്കറ്റിങ്ങ് ജീവിതം.

ഇയാൾ ആണ് ഐ പി എൽ കളിക്കാൻ ഇന്ത്യയിൽ വന്ന വാർണറിനോട് പറയുന്നത്., നീ ചുവന്ന പന്തിൽ കളിക്കു . എടുക്കുന്ന അദ്ധ്വാനത്തിന്, റിസ്കിന്  ഫലം ലഭിക്കും. വേറെ ലെവൽ ആവും എന്ന് . അത് അടുത്ത രണ്ട് കൊല്ലത്തിനുള്ളിൽ സംഭവിച്ചു. ഒരു ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിക്കാതെ വാർണർ ഓസ്‌ട്രേലിയൻ റ്റീമിൽ എത്തി. അപ്പോൾ പന്ത് വായുവിൽ ഉയർത്തി അടിക്കാനുള്ള സ്വാഭാവിക താലപര്യത്തെ തളയ്ക്കാൻ വേണ്ടിവന്നാൽ സ്വാഭാവിക ഇടം കൈ വിട്ട് വലം കൈ നോക്കണമെന്ന് പറഞ്ഞ കോച്ച് ആരായി ?

അപ്രൻടൈസ്‌ഷിപ്പ്

ഐ പി എൽ കളിക്കാനായി വാർണർ എത്തുന്നത് സെവാഗിന്റെ ഡൽഹി ഡെയർ ഡെവിൾസിലേക്കാണ്. വാർണറിന്റെത് ഒരു തകർപ്പൻ തുടക്കം ഒന്നും ആയിരുന്നില്ല. 123  സ്‌ട്രൈക് റേറ്റിലും, 23 ശരാശരിയിലും വെറും 163 റൺ മാത്രമായിരുന്നു അക്കൊല്ലം വാർണറിന്റെ സമ്പാദ്യം. അടുത്ത രണ്ട് കൊല്ലങ്ങളും അത്ഭുതങ്ങൾ ഒന്നും കാഴ്ച വച്ചില്ല. എന്നാൽ വാർണർ എന്ന അപ്രൻറ്റിസിന്  ഈ കാലഘട്ടം കെട്ടി കിടക്കലിന്റേതായിരുന്നില്ല. ഡെൽഹിയുടെ അന്താരാഷ്‌ട്ര താരമായ ലെജൻഡറി സേവാഗ് നൽകിയ ആത്മവിശ്വാസവും പ്രോത്സാഹനവും അക്ഷരാർത്ഥത്തിൽ അയാൾ  മൈതാനത്തിലേക്ക് കൊണ്ടുവരികയായിരുന്നു പിൽകാലത്ത് കണ്ടത് .

 രണ്ടായിരത്തി പന്ത്രണ്ട് മുതൽ കഥ  മാറി. ആവറേജ് മാത്രമല്ല, സ്‌ട്രൈക് റേറ്റും. ആ കൊല്ലം 164 സ്‌ട്രൈക് റേറ്റിൽ 36 റൺ ശരാശരിയോടെ കളിച്ച ആ ഡേവിഡ് വാർണർ  ആ ആത്മവിശ്വാസവും കരുത്തും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കൊണ്ടുവരുന്ന കാഴ്ചയാണ് നാം പിന്നെ കണ്ടത്. സെവാഗിന്റെ ടെസ്റ്റ്, ഏകദിന ശരാശരികൾ തമ്മിൽ 49 – 35 അന്തരം ഉണ്ടെങ്കിലും വാർണറിന്റെത് ഏകദേശം ഒന്നായിരുന്നു. നാല്പത്തിയഞ്ചോളം ശരാശരി രണ്ട് ഫോർമാറ്റിലും നിലനിർത്താൻ വർണറിന് കഴിഞ്ഞു.

ദുരിത കാലങ്ങൾ

കുപ്രസിദ്ധമായ ബോൾ റ്റാമ്പെറിങ്ങ് വിവാദത്തിൽ പെട്ട് സ്മിത്തിനൊപ്പം വാർണറും അന്താരാഷ്ട്ര വിലക്ക് അനുഭവിച്ച ഒരു കൊല്ലം നമ്മൾ ഐ പി എല്ലിലും അയാളുടെ അഭാവം അറിഞ്ഞു. എന്നാൽ ആ ദുരിത കാലത്തെ പിന്നിട്ട വാർണർ എന്ന പോരാളിയുടെ നല്ല കാലങ്ങളും നമ്മൾ കണ്ടു.

ഇതിഹാസ താരങ്ങളായ പരേതനായ സ്പിൻ മാന്ത്രികൻ ഷെയ്ൻ വോണിനും , ജീവിച്ചിരിക്കുന്ന ആദം ഗിൽക്രിസ്റ്റിനും ശേഷം ലോകത്തെ ഏറ്റവും പ്രസിദ്ധമായ ക്രിക്കറ്റ് ലീഗ് കിരീടം നായകൻ എന്ന നിലയിൽ കയ്യിൽ ഏന്തിയ മൂന്നാമത്തെ ഓസ്‌ട്രേലിയക്കാരൻ ആയി സൺറൈസേഴ്‌സ് ഹൈദ്രബാദ് ക്യാപ്റ്റൻ വാർണർ. അത് കൂടാതെ സീസണിൽ ഏറ്റവും അധികം റൺ നേടിയ ഓറഞ്ച് ക്യാപ്പുകൾ ഒന്നിലധികം തവണ .

അതേ വാർണർ റൺ നേടുമ്പോഴും റ്റീമിനെ ജയിപ്പിക്കാൻ ആവുന്നത്ര വേഗത്തിൽ അത് നേടാൻ ആവാത്ത അവസ്ഥയിൽ നിൽക്കുമ്പോൾ ഉള്ള ശരീര ഭാഷ നമ്മൾ കണ്ടു. യുവരാജ് സിങിനോട് ഒരോവറിൽ ആറ് സിക്സർ വഴങ്ങിയ സ്റ്റുവർട്ട് ബ്രോഡ് എന്ന ബൗളർ ആ അപമാനത്തിൽ നിന്നും പൊരുതി പുറത്ത് വന്ന് .ലോകത്തെ ഏറ്റവും അപകടകാരികളായ ഓപ്പണിങ്ങ് ബാറ്റസ്മാന്മാരിൽ ഒരാളായ വാർണറെ പതിനേഴ് തവണ നിഷ്പ്രഭനാക്കുന്ന കാഴ്ചയും നമ്മൾ കണ്ടു.ഒരു ഓവറിൽ യുവരാജ് എന്ന ഇടം കൈയ്യനെതിരേ എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങിയ ബ്രോഡ് അവിടെനിന്നും ടെസ്റ്റ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായി വിരമിച്ചു. യുവരാജ് ടെസ്റ്റ് ക്രിക്കറ്റിൽ കാര്യമായ നേട്ടങ്ങൾ ഒന്നും ഇല്ലാതെയും. എന്നാൽ ഈ വഴിയിൽ ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ കഴിവ് തെളിയിച്ച വാർണറിനെ പോലെ ഒരു ഇടം കയ്യനെതിരേ അനിഷേദ്ധ്യമായ മേൽ കൈ നേടി തന്റെ കരിയർ അവസാനിപ്പിക്കാൻ ബ്രോഡിനും ആയി.

ഒരു വാചകം മാത്രം

 ഒരു കളി പോലും തോൽക്കാതെ ഫൈനലിൽ എത്തി അവിടെ പരാജയം രുചിച്ച 2013 ലെ ഇന്ത്യൻ ടിം ഇപ്പോൾ ഓർക്കുന്നത് അവർ ഒടുവിൽ ജയിച്ച ഏകദിന, ടി ട്വെന്റി ലോക കപ്പുകളും അവയിലെ യുവരാജിന്റെ ഓൾ റൗണ്ട് പ്രകടനവും ആവും.ഒരുപക്ഷെ അതിലെ പൊൻ തൂവൽ യുവരാജ് ബ്രോഡിനെതിരെ ആദ്യ ടി ട്വെന്റി ലോക കപ്പിൽ നേടിയ ഓരോവറിലെ ആറ് സിക്‌സറും. എന്നാൽ ആ യുവരാജിനെ ടെസ്റ്റിൽ നിലം തൊടിക്കാതെ അവർ തിരിച്ചടിച്ചു. ബ്രോഡ് ലോകത്തെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളറിന്റെ പട്ടികയിൽ ആദ്യ പത്തിൽ സ്ഥിരം സാന്നിദ്ധ്യമായി. അയാൾ ലോക ക്രിക്കറ്റിലെ ഏറ്റവും ഡിസ്ട്രക്റ്റീവ് ആയ ബാറ്റ്‌സ്മാന്മാരിൽ ഒരാളായ വാർണറെന്ന മറ്റൊരു ഇടം കൈയ്യനെ  ഒരു പരമ്പരയിൽ ഉടനീളം ജോക്കറാക്കി മാറ്റി.

ആ വാർണർ അവിടെനിന്നും പൊരുതി  തിരിച്ച് വന്നു.തന്റെ അവസാന ടെസ്റ്റിലും ആരും ഓർമ്മിക്കുന്ന പ്രകടനം കാഴ്ചവച്ച് അയാൾ ബൂട്ട് അഴിക്കുമ്പോൾ ഓർമ്മവരുന്നത് ഒരു വാചകം മാത്രം . Not Warner But Warrior, What a Great Leveler This Game is !