കളിക്കുക മാത്രമല്ല, ഇന്ത്യൻ ടീമിനെ നയിക്കും സഞ്ജു…

ആദ്യ രണ്ട് ഏകദിന ലോകകപ്പുകളും ജയിച്ച, അന്ന് അജയ്യരായി കരുതപ്പെട്ടിരുന്ന കരീബിയൻ പടയെ പ്രവചനങ്ങളും, കണക്കുകൂട്ടലുകളും കാറ്റിൽ പറത്തികൊണ്ട് അട്ടിമറിച്ച് 1983ൽ കപിലിന്റെ ചെകുത്താന്മാർ ലോകകപ്പിൽ മുത്തമിടുമ്പോൾ നമ്മുടെ കൊച്ച് കേരളത്തിൽ ക്രിക്കറ്റിന് ഇന്നുള്ള പ്രചാരമൊന്നും ഇല്ല. എന്നാൽ ചന്ദ്രനിൽ പോയാൽ അവിടെയും കാണും ഒരു മലയാളി എന്ന നമ്മുടെ സ്വകാര്യ അഹങ്കാരത്തിന് കുടപിടിച്ചെന്നോണം ആ റ്റീമിലും ഉണ്ടായിരുന്നു ഒരു മലയാളി. സുനിൽ വാൽസൻ. ആന്ധ്രയിൽ ജനിക്കുകയും തമിഴ്‌നാടിന് വേണ്ടി കളിക്കുകയും ചെയ്തിരുന്ന സുനിലിന്റെ മലയാളിത്തം നാമമാത്രമായിരുന്നു എന്നും പറയാം. അത് എന്തുതന്നെ ആയാലും ആ ലോകകപ്പിന് ശേഷം കേരളത്തിലെ തെരുവുകളിൽ ഓലമടൽ വെട്ടിയുണ്ടാക്കിയ ബാറ്റും റബർ പന്തും ഉപയോഗിച്ച് ക്രിക്കറ്റ് കളിക്കുന്ന കുട്ടികൾ ഒരു സ്ഥിരം കാഴ്ചയായി.

റബർ ബോളിൽ തുടങ്ങി പിന്നെ “കോർക്ക്” ബോളിലും ഒടുവിൽ “സ്റ്റിച്ച്” ബോളിലും കളിച്ച് ഒരിക്കൽ ഇന്ത്യക്കായും കളിക്കുമെന്ന് സ്വപ്നം കണ്ടിരുന്ന ചെറുപ്പക്കാരുടെ തലമുറകൾ തന്നെ പിന്നെ ഉണ്ടായി. മലയാളി വേരുകൾ ഉള്ള ദില്ലി താരം ഭാസ്കർ പിള്ളൈ മുതൽ നമ്മുടെ സ്വന്തം അനന്തപത്മനാഭൻ വരെയുള്ളവർ അവരുടെ പ്രതീക്ഷകളെ മുമ്പോട്ട് കൊണ്ടുപോയി എങ്കിലും പിള്ളയ്ക്കും അനന്തപത്മനാഭനും ആ സ്വപ്നം സാക്ഷാത്കരിക്കാനായില്ല.അങ്ങനെയിരിക്കെയാണ് ടിനു യോഹന്നാൻ എന്ന മീഡിയം പേസർ ഇന്ത്യൻ റ്റീമിൽ എത്തിയ ആദ്യ മലയാളി ആയി മാറുന്നത്. പക്ഷെ അയാളുടെ കരിയർ ഏതാനും മത്സരങ്ങൾക്ക് അപ്പുറത്തേക്ക് നീണ്ടില്ല. ഒടുവിൽ ശ്രീശാന്താണ് ടെസ്റ്റിലും, ഏകദിനത്തിലും ടി ട്വൻറിയിലും ഇന്ത്യൻ കുപ്പായം അണിയുകയും ഇന്ത്യയിലും പുറത്തും തന്റേതായ ദിവസങ്ങളിൽ ഉജ്ജ്വല പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത മലയാളി താരമായത്.

ഏകദിന, ടി-ട്വെന്റി ലോകകപ്പുകൾ നേടിയ റ്റീമുകളിൽ അംഗമായിരുന്ന ശ്രീശാന്ത് ഒരുപാട് പ്രതീക്ഷ തന്നുവെങ്കിലും കോഴ വിവാദത്തിലും, ഇതര വിവാദങ്ങളുമായി ആ കരിയറും അകാലത്തിൽ അവസാനിക്കുകയായിരുന്നു. അന്നുമുതൽ നമ്മുടെ പ്രതീക്ഷകളുടെ ഭാരം ചുമക്കുന്ന ആളിന്റെ പേരാണ് സഞ്ചു സാംസൺ.

സഞ്ചു വിശ്വനാഥൻ സാംസൺ

1994 നവംബർ പതിനൊന്നിന് വിഴിഞ്ഞത്ത് ജനിച്ച സഞ്ചു വിശ്വനാഥൻ സാംസൺ ആദ്യമായി വാർത്തകളിൽ ഇടം പിടിക്കുന്നത് വിജയ് മെർച്ചന്റ്റ് ട്രോഫിയിൽ ഡബിൾ സെഞ്ച്വറി നേടുന്ന പതിനാലുകാരൻ മലയാളി എന്ന നിലയിൽ ആണ്. 2008 – 09 സീസണിൽ ആയിരുന്നു അത്. പിന്നെ ആ കൗമാരക്കാരൻ പയ്യന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് തന്നെ പറയാം.

രണ്ട് വർഷങ്ങൾക്കുള്ളിൽ അയാൾ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കേരളത്തിനായി കളിച്ചുകൊണ്ട് അരങ്ങേറ്റം നടത്തി. അധികം വൈകാതെ തന്നെ 2013 ൽ ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗ് ആയി എണ്ണപ്പെടുന്ന ഐ പി എല്ലിൽ രാജസ്ഥാനുവേണ്ടി കളിച്ചുകൊണ്ട് അരങ്ങേറ്റം. ആദ്യ വർഷം തന്നെ സഞ്ചു ഇന്ത്യൻ പ്രീമിയർ ലീഗിലെ അക്കൊല്ലത്തെ എമേർജിങ് പ്ലെയർ അവാർഡും നേടി. അടുത്ത വർഷം, 2014 ൽ പത്തോമ്പത് വയസിന് താഴെയുള്ളവർക്കായുള്ള ലോകകപ്പിനുള്ള ഇന്ത്യൻ ടിമിന്റെ ഉപനായകനായി നിയോഗിക്കപ്പെട്ടു .ഏറെ കാത്തിരിക്കേണ്ടിവന്നില്ല, 2015 ജൂലൈ പത്തൊൻപത്തിനു സിംബാബ്വെയ്ക്ക് എതിരെ ഇന്ത്യൻ കുപ്പായം അണിഞ്ഞുകൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങെട്ടവും കുറിച്ചു സഞ്ചു സാംസൺ. അന്ന് അയാൾക്ക് പ്രായം ഇരുപത്തിയൊന്ന് തികഞ്ഞിട്ടില്ല. ശരിക്കും സ്വപ്നതുല്യമായ ഒരു കരിയറിന്റെ തുടക്കം തന്നെയല്ലേ?

പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെപോയ അന്താരാഷ്ട്ര കരിയർ

ഇന്റർനാഷ്ണൽ ക്രിക്കറ്റിൽ പക്ഷെ സഞ്ചുവിന്റെ മുമ്പോട്ടുള്ള വഴി അത്ര സുഗമമായിരുന്നില്ല. അരങ്ങേറ്റ മത്സരത്തിൽ ഇരുപത്തിനാല് പന്തിൽ പത്തോമ്പത് റൺ മാത്രമേ അയാൾക്ക് നേടാനായുള്ളു. കൂനിൻമേൽ കുരു എന്നപോലെ സിംബാബ്വെയ്ക്ക് എതിരെ നടന്ന ആ മത്സരത്തിൽ ഇന്ത്യ തോൽക്കുകയും ചെയ്തു.സഞ്ജുവിന് പക്ഷെ പിന്നെയും അവസരങ്ങൾ ലഭിച്ചു.ആറ് വർഷങ്ങൾക്ക് ശേഷമാണെങ്കിലും അയാൾ ഏകദിന ക്രിക്കറ്റിൽ അരങ്ങേറുകയും പതിനാറ് മത്സരങ്ങൾ കളിക്കുകയും ചെയ്തു. ടി ട്വെന്റിയിൽ ഇരുപത്തിരണ്ട് മത്സരങ്ങളും. പക്ഷെ അങ്ങിങ്ങ് പ്രതിഭയുടെ മാറ്റ് തെളിയിക്കുന്ന ചില ഇന്നിംഗ്സുകൾ എന്നതിൽ അപ്പുറം റ്റീമിൽ തന്നെ അനിവാര്യമാക്കിമാറ്റുന്ന പ്രകടനം കാഴ്ചവയ്ക്കാൻ അയാൾക്ക് ആയില്ല.

സഞ്ചുവിന്റെ പ്രതിഭയിൽ ആദ്യം മുതൽക്കേ ആർക്കും സംശയമുണ്ടായിരുന്നില്ല. എന്നാൽ വർഷങ്ങളായി അയാൾക്ക് എതിരെ ഉയരുന്ന വിമർശനം ഫ്‌ളാറ്റ് വിക്കറ്റിൽ സമ്മർദ്ദം ഇല്ലാത്തപ്പോൾ വാരി വലിച്ച് അടിച്ച് കൂട്ടും, അല്ലാത്തപ്പോൾ വന്നതുപോലെ പോവും എന്നതായിരുന്നു. മിക്കവാറും എല്ലാ ഐ പി എല്ലുകളിലെ ആദ്യ പകുതിയിൽ സഞ്ചു ലീഡിങ്ങ് സ്‌കോറർ പട്ടികയിൽ കാണും. എന്നാൽ രണ്ടാം പകുതിയിൽ വിക്കറ്റുകൾ സ്ലോ ആവുകയും ബാറ്റിങ്ങ് മുമ്പത്തെ പോലെ അനായാസമാവാതെ വരികയും ചെയ്യുമ്പോൾ സഞ്ചുവിന്റെ പേര് ആ പട്ടികയിൽ നിന്നും പതുക്കെ പുറത്ത് പോവുകയും ചെയ്യും. അതായത് തുടക്കം മുതൽ ആക്രമിച്ച് കളിക്കാവുന്ന പിച്ചുകളിൽ അല്ലാതെ ബൗളർമാർക്കും സഹായം ലഭിക്കുന്ന വിക്കറ്റുകളിൽ ചുരണ്ടി നിന്ന് കൃത്യമായ സമയവും സന്ദർഭവും എറിയുന്ന ബൗളറും നോക്കി കടന്നാക്രമിച്ച് കളിയിൽ നിർണ്ണായകമായ “ഇമ്പാക്ട്” ഉണ്ടാക്കാൻ പോന്ന ഒരിന്നിംഗ്സ്‌. അത്, സഞ്ചുവിൽ നിന്നും ഒരുപാടൊന്നും ഉണ്ടായിട്ടില്ല .

ഇവിടെ പ്രശനം പ്രതിഭാ രാഹിത്യമോ, കായിക ശേഷിക്കുറവോ, അലസതയോ അല്ല, മറിച്ച് മനോനിയന്ത്രണവുമായി ബന്ധപ്പെട്ട ഒന്നാണ് എന്ന് തോന്നുന്നു . പ്രതിഭയുടെ ധാരാളിത്തമുള്ള എല്ലാവരിലും ഈ പ്രശനം ഉണ്ടാവാം. അതായത് സഞ്ചു പേസിനെയും സ്പിന്നിനെയും അനായാസം അടിച്ച് കളിക്കുന്ന ഒരു ബാറ്റ്സ്മാൻ ആണ്. അയാളുടെ മസിൽ മെമ്മറി അങ്ങനെ റ്യുണ് ചെയ്യപ്പെട്ടതാണ്. എന്നാൽ ക്രിക്കറ്റിൽ പിച്ചിനും കാലാവസ്ഥയ്ക്കും, ടിമിന്റെ അവസ്ഥയ്ക്കുമൊക്കെ അനുസരിച്ച് ബാറ്റിങ്ങ് ശൈലിയും പുനർ നിർണ്ണയിക്കാൻ ആവണം. അതിനനുസരിച്ച് വേണ്ടിവന്നാൽ നമ്മുടെ സഹജവാസനകളെ നിയന്ത്രിക്കാനും. കരിയറിന്റെ തുടക്കത്തിലേ അതിന് കഴിഞ്ഞവർ ആണ് സച്ചിനെയും, ദ്രാവിഡിന്റെയും, ഗാംഗുലിയെയും, കോലിയെയും പോലെയുള്ളവർ.

മാറിയ സഞ്ചുവിന് നേരിടാൻ മാറിയ വെല്ലുവിളികൾ

സഞ്ചു സാംസൺ ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ ബഹുദൂരം മുമ്പോട്ട് പോയിരിക്കുന്നു എന്നതിന് രണ്ടായിരത്തി ഇരുപത്തിമൂന്ന് മുതലുള്ള അയാളുടെ പ്രകടനം സാക്ഷിയാണ്. അതാണ് അയാളെ വരാനിരിക്കുന്ന ലോകകപ്പ് റ്റീമിലേക്ക് എത്തിച്ചതും. എന്നാൽ അവിടെയും കാര്യങ്ങൾ സഞ്ചുവിന് എളുപ്പമാവില്ല. കാരണം ആദ്യ ഇലവനിലേക്ക് കടന്ന് കയറുക തന്നെ ഇന്നത്തെ അവസ്ഥയിൽ ഒരു വലിയ വെല്ലുവിളിയാകും എന്നത് തന്നെ.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന നിലയിൽ ആദ്യ പരിഗണന ഋഷഭ് പന്തിനാണെന്നിരിക്കെ അയാൾ തുടരെ പരാജയപ്പെട്ടാൽ മാത്രമേ ആ സ്ഥാനത്ത് സഞ്ചുവിന് സാദ്ധ്യതയുള്ളു. രണ്ട് ഓൾറൗണ്ടർമാർ ഉൾപ്പെടെ ആറ് ബൗളർമാരും അഞ്ച് ബാറ്റ്‌സ്മാന്മാരും ചേരുന്ന ഇലവനിൽ രോഹിതും ഇടംകയ്യനായ ജയ്‌സ്വാളും കോലിയും സൂര്യയും പന്തും ആവും ആ അഞ്ച് ബാറ്റ്‌സ്മാൻമാർ. അപ്പോൾ പിന്നെ മറ്റൊരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന് സ്ഥാനം ബാക്കിയില്ല. ഉറപ്പായും ഇലവനിൽ ഉണ്ടാവേണ്ട ബൗളർമാരായ ബുംറ, സിറാജ്, കുൽഡിപ് എന്നിവരൊന്നും ബാറ്റിങ്ങിൽ മികവുള്ളവർ അല്ല എന്നിരിക്കെ ജഡേജയ്ക്ക് ഒപ്പം രണ്ട് ഓൾ റൗണ്ടർമാർ ഇല്ലെങ്കിൽ റ്റീമിൽ നാല്-അഞ്ച് വാലറ്റക്കാരാകും. ഈ പ്രശ്നം പരിഹരിക്കാനുള്ള വഴി ഹാർദ്ദിക്കിനെയും ശിവം ദുബൈയെയും കളിപ്പിക്കുക മാത്രമാണ്.

ഇനി ജെയ്‌സ്വാളിനെ ഒഴിവാക്കി കോഹ്‌ലിയും രോഹിതും ചേർന്ന് ഓപ്പൺ ചെയ്യുകയാണെങ്കിലും സൂര്യയും ഋഷഭ് പന്തും ഉള്ളപ്പോൾ സഞ്ചുവിന് ബാറ്റിങ്ങ് നിരയിൽ തന്റെ പ്രിയപ്പെട്ട മൂന്ന്, നാല് സ്ഥാനങ്ങളിൽ ഒന്ന് ലഭിക്കാൻ സാധ്യത കുറവാണ്. അതായത് അവസാന ഇലവനിൽ എത്തിയാലും ഫിനിഷറുടെ റോളിൽ ആവും കളിക്കേണ്ടിവരിക. അത് സഞ്ജുവിന് അത്ര പരിചിതമായ റോൾ അല്ല. ഇതൊക്കെയാണ് അദ്ദേഹത്തിന് ഉടൻ നേരിടേണ്ടിവരാവുന്ന വെല്ലുവിളികൾ.

സാധ്യതകൾ

വെല്ലുവിളികൾ മാത്രമല്ല അവയ്‌ക്കൊപ്പം സാധ്യതകളും ഉണ്ട്. രോഹിതും കോലിയുമൊക്കെ കരിയറിന്റെ അവസാന പാദങ്ങളിൽ ആണ്. ഏകദിനത്തിൽ അമ്പതിലധികം ശരാശരി ഇപ്പോഴേ ഉള്ള സഞ്ചുവിന് അതുകൊണ്ട് തന്നെ മൂന്ന് ഫോർമാറ്റിലും മുൻ നിരയിൽ തന്നെ ധാരാളം അവസരങ്ങൾ വരും കാലങ്ങളിൽ ഉണ്ടാവും. രണ്ടാം വിക്കറ്റ് കിപ്പർ എന്ന നിലയിൽ മാത്രല്ല, ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ എന്ന നിലയിലും പരിഗണിക്കപ്പെടാമെന്നതാണ് സഞ്ചുവിന്റെ മറ്റൊരു സാധ്യത.

പരിമിത ഓവർ ക്രിക്കറ്റിൽ അടുത്ത ക്യാപ്റ്റനായി പരിഗണിക്കപ്പെടുന്ന ഹാർദ്ദിക്‌ പാണ്ഢ്യ എളുപ്പം പരിക്കേൽക്കാൻ സാധ്യതയുള്ള താരമാണെന്ന് അയാളുടെ കരിയർ തെളിയിക്കുന്നു. അങ്ങനെയെങ്കിൽ ആരാവും അടുത്ത ക്യാപ്റ്റൻ? കെ എൽ രാഹുൽ , ഋഷഭ് ഒക്കെയുണ്ട്. എന്നാൽ ഐ പി എല്ലിൽ ദിർഘകാലം രാജസ്ഥാനെ നയിച്ച പരിചയം അവർക്കൊപ്പം സഞ്ചുവിനും സാധ്യത നൽകുന്നു. ഫിറ്റ്നെസ്സിൽ ഇവരിൽ ആരെക്കാളും മുമ്പിലാണ് സഞ്ചു എന്നത് ആ സാധ്യത വർദ്ധിപ്പിക്കുന്നു. ചുരുക്കി പറഞ്ഞാൽ ഈ ലോകകപ്പിലെ അവസാന ഇലവനിൽ അയാൾക്ക് ഉടനടി കയറി പറ്റാൻ കഴിഞ്ഞില്ലെങ്കിൽ പോലും വരും കാലങ്ങളിൽ നിരവധി അവസരങ്ങൾ അയാളെ തേടിയെത്തും. അവ ഫലപ്രദമായി ഉപയോഗിച്ച് റ്റീമിലെ സ്ഥിരം സാന്നിധ്യമായി മാറാൻ സഞ്ജുവിന് കഴിഞ്ഞാൽ.അങ്ങനെയെങ്കിൽ ഇന്ത്യൻ ക്രിക്കറ്റിലെന്നല്ല , ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച കളിക്കാരുടെ പട്ടികയിൽ ഒരു മലയാളി എന്ന നമ്മുടെ ചിരകാല സ്വപ്നം സഞ്ജുവിലൂടെ പൂവണിയുകതന്നെ ചെയ്യും. ഇന്ത്യൻ റ്റീമിൽ കളിക്കുകയല്ല , ഭാവിയിൽ അതിനെ നയിക്കും സഞ്ചു എന്ന സഞ്ജു വിശ്വനാഥൻ സാംസൺ.