റഹീമിനെ ചേർത്തുപിടിച്ച് മലയാളികൾ; വീണ്ടുമൊരു റിയൽ കേരള സ്റ്റോറി

സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ഒടുവിൽ ലക്‌ഷ്യം കൊണ്ടിരിക്കുകയാണ്. റിയാദിൽ തടവിലുള്ള അബ്ദുൽ റഹീമിന്റെ മോചനത്തിനായി സംസ്ഥാനത്തിന് അകത്തും പുറത്തും സമാനതകളില്ലാത്ത ഫണ്ട് സമാഹരണമാണ് നടന്നത്. നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്പ് 34 കോടി രൂപ ലഭിച്ചു. എംബിസി വഴി പണം കൈമാറാനുള്ള നടപടികള്‍ ശനിയാഴ്ച ചേരുന്ന കമ്മിറ്റി യോഗം തീരുമാനിക്കും. പണം സൗദിയിലേക്ക് എത്തിക്കാനുള്ള ശ്രമംകൂടി നടത്തുന്നുണ്ട്. ഇതിനായി ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി തേടാന്‍ ശ്രമം തുടങ്ങി…….

ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ കൈകോർത്താണ് തുക കണ്ടെത്തിയത്. 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് നൽകും. 2006 ലാണ് മനഃപ്പൂർവ്വമല്ലാത്ത കൈപിഴവ് മൂലം സൗദി സ്വദേശിയായ 15 കാരൻ മരിച്ചത്.

അബ്ദുൾ ഹക്കീമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയായിരുന്നു പ്രധാന ധനസമാഹരണം. 31,93,46,568 രൂപ ബാങ്കിലെത്തി. 2.52 കോടി രൂപ പണമായി നേരിട്ട് വീട്ടിലെത്തി. ഇത് പ്രകാരം 34,45,46,568 രൂപ ലഭിച്ചു. ബോബി ചെമ്മണ്ണൂ‍ര്‍ നൽകിയ ഒരു കോടി രൂപ കൂടെ അടക്കമാണ് ഈ തുകയിലേക്ക് എത്തിയതെന്ന് ധനസഹായ സമിതി ഭാരവാഹികൾ വ്യക്തമാക്കി.

ഫറോക്കിൽ ഓട്ടോ ഡ്രൈവറായിരുന്ന അബ്ദുൽ റഹീം 2006 നവംബർ 28നാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലേക്ക് പോയത്. തുടർന്ന് ഒരു മാസത്തിനകമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്പോൺസർ അബ്ദുല്ല അബ്ദുറഹ്‌മാൻ അൽ ശഹ്രിയുടെ ശാരീരിക വൈകല്യമുള്ള മകൻ അനസ് അൽ ശഹ്രിയുടെ കഴുത്തിൽ ഘടിപ്പിച്ച ട്യൂബിൽ കൈതട്ടി അനസിന് ബോധം നഷ്ടമാവുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു.

റിയാദ് കോടതി റഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചതു മുതൽ ജയിലിലാണ് അബ്ദുൾ റഹീം. മനഃപൂർവമല്ലാത്ത സംഭവമായിട്ടും ബാലന്റെ മാതാവ്, റഹീം മനഃപൂർവം നടത്തിയ കൊലപാതകമാണെന്ന് കോടതിയിൽ ഉറച്ചുനിന്നതോടെയാണ് വധശിക്ഷ വിധിച്ചത്. ഇന്ത്യൻ എംബസിയും സർവകക്ഷി സമിതിയും അഭിഭാഷകരെ നിയോഗിച്ച് കേസിൽ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. ഒടുവിൽ സമ്മർദ്ദങ്ങൾക്ക് പിന്നാലെ കുടുംബം ദയാധനം സ്വീകരിച്ച് മാപ്പ് നൽകാൻ സൗദി കുടുംബം തയാറാവുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. ഈ കാലയളവിനിടയില്‍ ഫായിസിന്റെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല. ഒടുവില്‍ ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് 34 കോടി രൂപ ദയാധനമെന്ന ഉപാധിയില്‍ ഫായിസിന്റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു.

നിരവധിപേരുടെ പ്രയത്നമാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചത്.നാട്ടിലെ സാമൂഹിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് കമ്മിറ്റി രൂപീകരിച്ച് ക്രൗഡ് ഫണ്ടിങ് ആരംഭിച്ചിരുന്നു. ബോബി ചെമ്മണ്ണൂരും സോഷ്യൽമീഡിയ ഇൻഫ്ലുൻസറായ കടൽമച്ചാനും ഉൾപ്പടെയുള്ളവർ ഈ ലക്ഷ്യത്തിനായി നന്നായി പ്രയത്നിച്ചു.വിവിധ മത, രാഷ്ട്രീയ, ജീവകാരുണ്യ സംഘടനകളും വ്യവസായികളും പ്രവാസി മലയാളികളും കേരളത്തിലും പുറത്തുമുള്ള മനുഷ്യസ്നേഹികളുമെല്ലാം ഒന്നിച്ചതോടെയാണ് ഏതാനും ദിവസങ്ങള്‍ കൊണ്ട് വലിയൊരു ലക്ഷ്യം വിജയത്തിലേക്കെത്തിയത്. അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി കേരളം കൈകോർത്തപ്പോൾ 34 കോടി ഒരു സംഖ്യയേ അല്ലാതായി. ഇതാണ് റിയൽ കേരള സ്റ്റോറി എന്നാണു സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്.

അബ്ദുൽ റഹീമിന്റെ മോചനത്തിനായി ഇടപെട്ടവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെറുപ്പിൻ്റെ പ്രചാരകർ നാടിനെതിരെ നുണക്കഥകൾ ചമയ്ക്കുമ്പോൾ മാനവികതയുടേയും മനുഷ്യസ്നേഹത്തിൻ്റേയും ഗാഥകളിലൂടെ പ്രതിരോധം ഉയർത്തുകയാണ് മലയാളികൾ എന്ന് ഫേസ്ബുക് കുറിപ്പിൽ അദ്ദേഹം പറഞ്ഞു. “സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി ലോകമാകെയുള്ള മലയാളികൾ കൈകോർത്ത് സമാഹരിച്ചത് 34 കോടി രൂപയാണ്. ഒരു മനുഷ്യജീവൻ കാക്കാൻ, ഒരു കുടുംബത്തിൻ്റെ കണ്ണീരൊപ്പാൻ ഒറ്റക്കെട്ടായി അവർ സൃഷ്ടിച്ചത് മനുഷ്യസ്നേഹത്തിൻ്റെ ഉദാത്ത മാതൃകയാണ്. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി. വർഗീയതയ്ക്ക് തകർക്കാനാകാത്ത സാഹോദര്യത്തിൻ്റെ കോട്ടയാണ് കേരളമെന്ന അടിയുറച്ച പ്രഖ്യാപനമാണിത്. ലോകത്തിനു മുന്നിൽ കേരളത്തിൻ്റെ അഭിമാനമുയർത്തിയ ഈ ലക്ഷ്യത്തിനായി ഒത്തൊരുമിച്ച എല്ലാ സുമനസ്സുകളേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. പ്രവാസി മലയാളികൾ ഈ ഉദ്യമത്തിനു പിന്നിൽ വഹിച്ച പങ്ക് പ്രശംസനീയമാണ്. ഈ ഐക്യത്തിന് കൂടുതൽ കരുത്തേകി ഒരു മനസ്സോടെ നമുക്കു മുന്നോട്ടു പോകാം.” മുഖ്യമന്ത്രി പറഞ്ഞു.