‘ഇത് സീൻ മാറ്റും’; സൗഹൃദ കാഴ്ചകളുടെ മഞ്ഞുമ്മൽ ബോയ്സ്

ലോക സിനിമയുടെ ചരിത്രം പരിശോദിച്ചാൽ സർവൈവൽ ത്രില്ലർ ഴോണറുകൾക്ക് എക്കാലത്തും ആരാധകരുണ്ട്. ജാനേ മാൻ എന്ന ശ്രദ്ധേയ ഫീൽ ഗുഡ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്തു ഒരു പിടി പ്രതിഭാധനരായ താരങ്ങളും, ടെക്‌നീഷ്യൻസും ക്യാമറക്ക് മുന്നിലും പിന്നിലും അണി നിരന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഭരതൻ സംവിധാനം ചെയ്ത് 1990 – ൽ പുറത്തിറങ്ങിയ മാളൂട്ടി മുതൽ പോയ വർഷത്തെ വലിയ കൊമേർഷ്യൽ ഹിറ്റുകളിൽ ഒന്നായ 2018 വരെ ചുരുക്കം സർവൈവൽ ത്രില്ലർ സിനിമകൾ മാത്രമേ മലയാളത്തിൽ ഇറങ്ങിയിട്ടുള്ളൂ. ആ കൂട്ടത്തിലേക്ക് അഭിമാനപൂർവം കൂട്ടിച്ചേർക്കാവുന്ന ഒരു ചലച്ചത്രാവിഷ്‌ക്കാരം ആണ് ‘മഞ്ഞുമ്മൽ ബോയ്സ്’.

ചിത്രം റിലീസ് ആകുന്നതിന് മുൻപ് തന്നെ അണിയറ പ്രവർത്തകർ പരസ്യപ്പെടുത്തിയ സംഗതി ആണ് ‘യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഒരു സർവൈവൽ ത്രില്ലെർ ആയിരിക്കും’ മഞ്ഞുമ്മൽ ബോയ്സ് എന്ന്! കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്ത് നിന്നുള്ള ഒരുകൂട്ടം സുഹൃത്തുക്കളായ ചെറുപ്പക്കാരുടെ കൊടൈക്കനാൽ യാത്ര ആണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. മഞ്ഞുമ്മൽ കൂട്ടുകാരുടെ പരസ്പര സ്നേഹവും, സാഹോദര്യവും, പ്രതിസന്ധികളും, പോരാട്ട വീര്യവും, അതിജീവനവും സുഷിന് ശ്യാമിന്റെ മാന്ത്രിക സംഗീതത്തിന്റെ അകമ്പടിയോടെ ഷൈജു ഖാലിദ് ക്യാമറയിൽ ഗംഭീരമായി ഒപ്പിയെടുത്തപ്പോൾ പിറന്നത് ഒരു ഒന്നൊന്നര സിനിമാറ്റിക് അനുഭവം ആണെന്ന് തന്നെ പറയാം.

“കണ്മണീ അൻപോട് കാതലൻ നാൻ എഴുതും കടിതമേ.. ” ഭാഷകൾക്കതീതമായി എല്ലാ സംഗീത പ്രേമികൾക്കും പ്രിയങ്കരമായ ഈ ഗാനത്തോടെ ആണ് ചിത്രം ആരംഭിക്കുന്നത്. കമൽ ഹാസൻ അഭിനയിച്ച ഗുണ എന്ന ചിത്രത്തിലെ ആ ഗാനരംഗം ഷൂട്ട് ചെയ്തതിനെ തുടർന്ന് ഡെവിൾസ് കിച്ചൻ എന്നറിയപ്പെട്ടിരുന്ന ഗുഹ പിന്നീട് ‘ഗുണ കേവ്സ്’ എന്ന പേരിലായത് മറ്റൊരു ചരിത്രം, ഗുണ കേവ് തന്നെ ആണ് ചിത്രത്തിലെ കേന്ദ്ര ബിന്ദു. ഗുണ എന്ന സിനിമയുടെ പശ്ചാത്തലം ഈ ഒരു പരിസരത്തിൽ തന്നെ മഞ്ഞുമ്മൽ ബോയ്സിൽ സംവിധായകൻ വളരെ ബ്രില്യന്റ് ആയി ബ്ലെൻഡ് ചെയ്തെടുത്തിട്ടുണ്ട്, മലയാളികൾക്ക് സുപരിചിതമായ കൊടൈക്കനാലിനെ അതിമനോഹരമായി ക്യാമറയിൽ പകർത്തി വച്ചിട്ടുണ്ട് ഷൈജു ഖാലിദ്. എന്നാൽ, ഷൈജു ഖാലിദ് എന്ന ഛായാഗ്രാഹകൻ ഞെട്ടിപ്പിക്കുന്നത് ഗുണ കേവ്സിന് അകത്ത് പെട്ടുപോകുന്ന സീക്വൻസുകളിൽ ആണെന്ന് പറയാം.

ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി സിനിമയെടുക്കുമ്പോൾ, എല്ലാ സിനിമാറ്റിക് എലമെന്റുകളോടും കൂടി അഭ്രപാളികയിലേക്കെത്തിക്കുക എന്നത് വലിയൊരു ദൗത്യമാണ്. ഭൂരിപക്ഷം പ്രേക്ഷകർക്കും അറിയാവുന്ന ഒരു സംഭവവുമായി സ്‌ക്രിപ്പിറ്റിനെ കണക്ട് ചെയ്യുക എന്നതും മറ്റൊരു ചലഞ്ച് ആണ്. ഈ രണ്ടു വെല്ലുവിളികളും അനായാസമായി മറി കടക്കാൻ സാധിച്ചു എന്നതാണ്
മഞ്ഞുമ്മൽ ബോയ്സിന്റെ ഹൈലൈറ്റ്. തിയേറ്റർ/ഓ ടി ടി എന്ന് പ്രേക്ഷകർ തന്നെ സിനിമകളെ ക്ലാസ്സിഫൈ ചെയ്യുന്നൊരു കാലഘട്ടത്തിൽ ‘തിയേറ്റർ വാച്ച് മസ്റ്റ്’ ആണെന്ന് ആദ്യ ദിനം തന്നെ പടം കണ്ടിറങ്ങിയ പ്രേക്ഷകർ ഒന്നടങ്കം ആവർത്തിക്കുന്നത് ചിത്രത്തിന് ലോങ്ങ് റണ്ണിൽ ഗുണം ചെയ്യും എന്നുറപ്പ്.

തിയേറ്റർ എക്സ്പീരിയൻസ് ക്രിയേറ്റ് ചെയ്യുന്നതിൽ എടുത്ത് പറയേണ്ട മറ്റൊരു പേര് അജയൻ ചാലിശ്ശേരി ആണ്, ഗുണകേവിൻറെ അകത്തുള്ള ദൃശ്യങ്ങളെ യഥാർത്ഥ്യം പോലെ അവതരിപ്പിക്കുന്ന അജയൻ ചാലിശ്ശേരിയുടെ ക്രാഫ്റ്റ് സമാനതകളില്ലാത്തതാണ്. ‘ഈ സിനിമയിലെ അൺസംങ് ഹീറോ അജയൻ ചാലിശ്ശേരി ആണ്’ എന്ന ഷൈജു ഖാലിദിന്റെ വാക്കുകൾ അത് അടിവരയിടുന്നുമുണ്ട്. സുഭാഷിനൊപ്പം (ഗുഹയിലേക്ക് വീഴുന്ന കഥാപാത്രം) പ്രേക്ഷകരും ഗുഹക്കുള്ളിൽ കുടുങ്ങിത്തന്നെ കിടക്കുന്ന അനുഭവമൊരുക്കാൻ അജയൻ ചാലിശേരിയുടെ പിൻബലത്തിൽ ഷൈജു ഖാലിദിന്റെ സിനിമോട്ടോഗ്രാഫിക്ക് സാധിച്ചിട്ടുണ്ട്. നോൺലീനിയറായി കഥ പറയുന്ന ചിത്രത്തിലെ ഒട്ടനവധി കഥാപാത്രങ്ങളും, സീനുകളും കഥാപാത്രങ്ങളെയും സീക്വൻസുകളെയും ഇഴയടുപ്പത്തോടെ ഹൃദയസ്പർശിയായി ചേർത്തുവച്ചതിൽ എഡിറ്റർ വിവേക് ഹര്ഷന്റെ റോളും പ്രശംസനീയമാണ്.

അഭിനേതാക്കളുടെ കാര്യത്തിലേക്ക് വന്നാൽ മഞ്ഞുമ്മൽ ബോയ്സ് ആയി എത്തിയ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, പ്രശസ്ത നടൻ സലിം കുമാറിന്റെ മകൻ ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ തങ്ങളുടെ റോളുകൾ മികച്ചതാക്കിയിട്ടുണ്ട്. സൗഹൃദക്കാഴ്ചകളിൽ ആരംഭിക്കുന്ന ചിത്രം അതെ സൗഹൃദത്തിന്റെ തീവ്രതയും ആഴവും പ്രേക്ഷകനോട് സംവദിച്ചു കൊണ്ടാണ് അവസാനിക്കുന്നതും.

‘ഞങ്ങൾ അന്ന് അനുഭവിച്ചത് തന്നെയാണ് അവർ സിനിമയിൽ കാണിച്ചത്. അതിനേക്കാളും കൂടുതൽ സങ്കടം ഒന്ന് കൂടി വന്നു. എല്ലാം അറിയാമായിരുന്നിട്ടും ഞങ്ങൾ പോലും സിനിമ കണ്ട് വേദനിപ്പിച്ചു. ഈ ഫ്രണ്ട്ഷിപ്പ് ബോണ്ട് അത്രയധികം മനോഹരമായി അവതരിപ്പിച്ചതിന് ചിദംബരത്തിന് ഒരു നന്ദിയും അറിയിക്കുന്നു” ചിത്രം കണ്ടിറങ്ങിയ യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ മലയാള സിനിമയുടെ ഗതി മാറ്റുന്ന സിനിമയാകും മഞ്ഞുമ്മൽ ബോയ്സെന്ന സുഷിൻ ശ്യാമിന്റെ ഒരു അഭിമുഖത്തിലെ പ്രതികരണം ഓവർ ഹൈപ്പ് സൃഷ്ടിക്കുമോ എന്ന ആശങ്ക ചിലരെങ്കിലും പങ്കു വെച്ചെങ്കിലും, അത്തരം ആശങ്കകൾ ആസ്ഥാനത്ത് ആണെന്ന് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്ന പ്രേക്ഷക പ്രതികരണങ്ങൾ വെളിപ്പെടുത്തുന്നത്.