ചൈനീസ് ആന വണ്ടി അഥവാ യിഞ്ചുവാൻ ബസുകൾ; ചൈനീസ് ഡയറി പാർട്ട് 2

എം. ജി സർവകലാശാല സമകാലിക ചൈന പഠന കേന്ദ്രം വിദ്യാർത്ഥി അരുൺ ദ്രാവിഡ് എഴുതുന്ന ചൈനീസ് ഡയറി പരമ്പര രണ്ടാം ഭാഗം.

വീടുകൾ കുടിലുകൾ കൊട്ടാരങ്ങൾ

ഷാൻസി പ്രൊവിൻസിലൂടെയുള്ള സഞ്ചാരത്തിൽ രസകരമായ ഒരു സംഗതി കണ്ടു. വലിയ മലനിരകളിൽ ഗുഹകൾ പോലെ ഭൂമി തുരന്ന് വീടുകൾ പണിഞ്ഞിരിക്കുന്നു. വീടിന്റെ മുൻ വശം സാദാ വീടുകൾ പോലെ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ വാതിൽ തുറന്നു കേറുന്നത് ഈ മനുഷ്യ നിർമിത ഗുഹാകളിലേക്ക് ആണ്. ആ മല നിരകളിൽ ജീവിക്കുന്ന ആളുകളുടെ പ്രധാന ജോലി കൃഷിയും ആട് മേയ്ക്കലും ആണ്. ചില മലകളുടെ മുകളിൽ ക്ഷേത്രങ്ങൾ കാണാം. പട്ടണ പ്രദേശങ്ങളിൽ അധികവും ആളുകൾ ഫ്ലാറ്റുകളിലും അപ്പാർട്മെന്റ് കളിലുമാണ് താമസം. സിറ്റിയുടെ വലിപ്പമനുസരിച്ചു ചിലവിലും മാറ്റമുണ്ട്. ഫ്ലാറ്റുകൾ നമ്മുടെ നാട്ടിലെ മാതിരി തന്നെയാണ്.

എന്നാൽ ഞാൻ കണ്ട അപ്പാർട്മെന്റ്കൾ ഫ്ലാറ്റിൽ നിന്നും വ്യത്യസ്തമാണ്, മുറികൾക്കും ഹാളിനും വലിപ്പമുണ്ടെങ്കിലും അടുക്കള തീരെ ചെറുതാണ്. ഒന്നോ രണ്ടോ പേർക്ക് കഷ്ടിച്ച് നിന്ന് തിരിയാനുള്ള ഇടയേ ഉള്ളു. എന്നാൽ മറ്റ് മുറികൾക്ക് സാമാന്യം വലിപ്പമുണ്ട് താനും. മറ്റൊരു പ്രൊവിൻസിലൂടെ പോയപ്പോൾ കണ്ടത് അവിടുത്തെ ഗ്രാമീണ വീടുകൾക്ക് വലിയ മതിലും പടിപ്പുര വാതിലും ഉള്ളയാണ്. അഥവാ വീട്ടിനേക്കാൾ ഉയരത്തിൽ ഉയർന്നു നിൽക്കുന്ന വലിയ മതിൽ അതിനുള്ളിൽ വീടും കന്നുകാലി തൊഴുത്തും ഒക്കെയുണ്ട്. മിക്ക വീടുകളും കൂട്ടം കൂട്ടമായാണ് ഉള്ളത്. ചുറ്റും അതിവിശാലമായ കൃഷിയിടങ്ങൾ.

ഷെജിയാങ് പ്രൊവിൻസിലെ ചില സ്ഥലങ്ങളിലെ വീടുകൾ നമ്മുടെ നാട്ടിലെ രണ്ടു നില വീടുകൾക്ക് സമാനമായാണ് ഉണ്ടാക്കിയിരിക്കുന്നത്. ഗ്രാമങ്ങളിലും പട്ടണങ്ങളിലും പൊതുവായി കാണാനാകുന്ന ഒന്നുണ്ട്; വൃത്തി. നഗര പ്രദേശങ്ങൾ അതീവ സുന്ദരമായി സൂക്ഷിക്കുന്നുണ്ട്. നിരനിരായി പാർക്കുകൾ, ഓപ്പൺ ജിം, വിശ്രമ കേന്ദ്രങ്ങൾ, ശൗചാലയങ്ങൾ എന്നിവയുണ്ട്. എന്റെ കൂടെ യാത്ര ചെയ്ത ചൈനക്കാരൻ പറഞ്ഞൊരു കാര്യമുണ്ട്. വൃത്തിയുള്ള പാതയോരങ്ങളും പാർക്കുകളും ജലശയങ്ങളും ഒക്കെ നിർമിച്ചു ജനങ്ങൾക്ക് ഉല്ലസിക്കാനും വിശ്രമിക്കാനുമായി ഒക്കെ നൽകിയാൽ അതവരുടെ മാനസിക ആരോഗ്യത്തെ പോസിറ്റീവ് ആയി സ്വാധീനിക്കുമെന്നും അവരുടെ പ്രോഡക്റ്റിവിറ്റിയെ വർധിപ്പിക്കുമെന്നും. കേട്ടപ്പോൾ ശെരിയെന്നു എനിക്കും തോന്നി.

ഗ്രാമങ്ങളിൽ വീടുള്ളവർ വീടിനോട് ചേർന്ന കൃഷിയിടങ്ങളിൽ പച്ചക്കറികളും പഴവർഗങ്ങളും ഒക്കെ കൃഷി ചെയ്യുകയും അവ അതി കാലത്ത് ലോക്കൽ ട്രെയിനിൽ പട്ടണ പ്രദേശത്തേക്ക് കൊണ്ടുവന്നു വിൽക്കുന്നതും ഒരു പതിവ് കാഴ്ചയാണ്. തോളിനു കുറുകെ ഒരു വലിയ കമ്പ് പിടിച്ചിട്ട് കമ്പിന്റെ രണ്ട് അറ്റത്തും വലിയ കുട്ടകളിൽ വിൽക്കാൻ കൊണ്ടുവരുന്നവ തൂക്കിയിടും. ശ്രദ്ധേയമായ കാര്യം വരുന്നവരിൽ ഏറിയ പങ്കും സ്ത്രീകളും അതിൽ തന്നെ ഭൂരിഭാഗവും അറുപതു വയസിനു മുകളിൽ പ്രായം ഉള്ളവരുമാണ്.

അവിടെ കണ്ടൊരു സംഗതി അത്യാവശ്യം ആരോഗ്യമുള്ള മിക്കവരും എന്തേലും ഒക്കെ പണി എടുക്കുന്നവരാണ്. തെരുവിൽ നിറയെ ആളുകൾ അങ്ങനെയുണ്ട്; സാധാരണക്കാർ. ചെറിയ ചെറിയ ജോലികൾ ചെയ്യുന്നവർ കൂടുതലും പ്രായമായവർ. മധുരക്കിഴങ്ങും ചോളവും നിൽക്കുന്നവർ, ഇലക്കറികൾ, പച്ചക്കറികൾ, പഴങ്ങൾ, തുടങ്ങി കച്ചവടം ചെയ്യുന്നവർ മുതൽ അടിച്ചു വാരുന്നവർ വരെ. ഗ്രാമീണ ചൈനക്കാരുടെ ജീവിത യാഥാർഥ്യങ്ങൾ അത്ര സുഖകരമല്ലെന്ന് പറയാതെ വയ്യ.

ചൈനീസ് ആന വണ്ടി അഥവാ യിഞ്ചുവാൻ ബസുകൾ

നിങ്ഷിയാ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ വടക്കു ഭാഗത്തു ഒരു വലിയ ബസ് സ്റ്റാൻഡ് ഉണ്ട്‌. യിഞ്ചുവാൻ ബസ് എന്ന് എഴുതിയിരിക്കുന്ന പബ്ലിക് ട്രാൻസ്പോർട്ട്‌ ബസുകൾ സർവീസ് തുടങ്ങുന്നത് അവിടെ നിന്നാണ്. വിശാലമായ സ്റ്റാൻഡിൽ നിരനിരയായി ഇട്ടിരിക്കുന്ന ബസുകൾ. ഓരോ ബസും സർവീസ് തുടങ്ങും മുൻപ് വലിയ ക്‌ളീനിംഗ് മിഷീനിലൂടെ കയറി ഇറങ്ങും. പുതുപുത്തൻ ബസ്സ്‌ പോലെ വൃത്തിയായി കഴുകി അകവും ക്‌ളീൻ ചെയ്താണ് സർവീസിന് തയ്യാറെടുക്കുക. സർവീസ് കഴിഞ്ഞു മടങ്ങി എത്തുമ്പോൾ സമാനമായി വീണ്ടും വൃത്തിയാക്കും.

ഇലക്ട്രിക് ബസുകളാണ് മുഴുവനും. നിരന്ന-പരന്ന ഭൂമി ആയതിനാൽ ഇലക്ട്രിക് ബസുകൾക്ക് അനുയോജ്യമായ റോഡുകളാണ്. റോഡിനോട് വളരെ ചേർന്നാണ് ബസിന്റെ പടി. അതുകൊണ്ട് ബസ്‌റ്റോപ്പിൽ നിൽക്കുന്ന ആൾക്ക് എളുപ്പം ബസിലേക്ക് കയറാനാകും. കുത്തി നിറച്ചു ആളെ കയറ്റുന്ന രീതിയില്ല; ഓരോ അഞ്ച്-പത്തു മിനിറ്റിനുള്ളിലും ബസുകൾ വന്നുകൊണ്ടേയിരിക്കും. നമ്മുടെ നാട്ടിലെ പോലെ കണ്ടക്ടർ – ക്‌ളീനർ ഒന്നുമില്ല, ഡ്രൈവറുടെ സീറ്റിനു സമീപത്തെ വാതിലിലൂടെ മാത്രമേ നമുക്ക് അകത്തു കയറാനാകു. കയറുമ്പോൾ ഒരു യുവാൻ (1 RMB – ആണ് ബസ് പോകുന്ന എല്ലായിടത്തേക്കും ഒരു യുവാൻ മതി നമ്മുടെ പോലെ ഫെയർസ്റ്റേജ് ഇല്ല) പെട്ടിയിൽ ഇടണം അല്ലെങ്കിൽ ടികെറ്റ് എടുക്കാനായി വെച്ചിരിക്കുന്ന യന്ത്രത്തിൽ സ്കാൻ ചെയ്യണം. സ്ഥലം എത്തി കഴിഞ്ഞാൽ ബസിന്റെ ഒത്ത നടുവിൽ ഉള്ള എക്സിറ്റ് വാതിലിലൂടെ മാത്രമേ പുറത്തേക്ക് ഇറങ്ങാനാകു. ബസിൽ ക്യാമറ ഉള്ളതിനാൽ എക്സിറ്റ് വാതിലിലൂടെ ആരെങ്കിലും കയറിയാൽ ഡ്രൈവർ ഉടനെ അയാളെ വിളിക്കും.

സാദാരണ ബസ് സ്റ്റോപ്പ്‌ അല്ലാതെ BRT എന്നൊരു സംഗതികൂടെയുണ്ട്. രണ്ട് വ്യത്യസ്ത ദിശയിലേക്കുള്ള ബസ് ആണ് എനിക്ക് എടുക്കേണ്ടതെങ്കിൽ ആദ്യം ഒന്നാമത്തെ ബസിൽ ഒരു യുവാൻ ടിക്കറ്റ് എടുത്തു BRT ൽ വന്ന് ഇറങ്ങിയാൽ, അവിടെ നിന്നും രണ്ടുമത്തെ ബസ് എടുത്തു അടുത്ത സ്ഥലത്തേക്ക് പോകാം. പ്രത്യേകത എന്താണെന്ന് വെച്ചാൽ എനിക്ക് വീണ്ടും ടിക്കറ്റ് എടുക്കേണ്ടതില്ല എന്നതാണ്. അഥവാ BRT ടെർമിനൽ വഴി ബസ് മാറി കേറിയാൽ പല തവണ ടിക്കറ്റ് എടുക്കണ്ട ആദ്യം എടുത്ത ടിക്കറ്റ് മതിയാകും.

ബസിൽ ഓരോ സ്ഥലത്തിന്റെയും ഡിസ്പ്ലേ ഉണ്ടാവും, ഒപ്പം മെട്രോയിലെ മാതിരി ഓരോ സ്റ്റോപ്പ്‌ എത്തുന്നതിനു മുന്നേയും അടുത്ത സ്റ്റോപ്പ് ഇന്നതാണ് എന്ന വോയിസ്‌ കേൾകാം. ഡ്രൈവറുടെ ക്യാബിൻ എല്ലാ സജീകരണവും ഉള്ളതാണ്. മൈക്ക് വഴി പുള്ളി ഇടക്ക് നിർദ്ദേശങ്ങൾ കൊടുക്കും. ബസുകൾ പോകുന്ന ട്രാക്കിലൂടെയാണ് ഏറിയ പങ്കും ബസുകൾ പോകുന്നത്. നാട്ടിലെ മാതിരി ചീറി പാഞ്ഞു ഓവർടേക്ക് ചെയ്ത് പോകാറേയില്ല.

വഴി സൈഡിൽ കാണുന്ന മറ്റൊരു സംഗതിയാണ് റെന്റ് സൈക്കിളും, ഇലക്ട്രിക് ബൈക്കുകളും. ഹാൻഡിലിൽ ഉള്ള QR code സ്കാൻ ചെയ്താൽ വണ്ടി അൺലോക്ക് ആവും പിന്നെ അതെടുത്തു നമുക്ക് യാത്ര ചെയ്യാം എത്തേണ്ട സ്ഥലത്ത് എത്തിയാൽ അവിടെയും വഴിയോരത്തു സമാനമായ പ്രത്യേക പാർക്കിംഗ് ഏരിയ കാണും അവിടെ വെച്ചിട്ട് വീണ്ടും സ്കാൻ ചെയ്താൽ സഞ്ചരിച്ച ദൂരവും സമയവും കണക്കാക്കി ഒരു തുക തെളിയും അത് പേ ചെയ്താൽ വണ്ടി ലോക്ക് ആകും. നിശ്ചിത സമയത്തിൽ അധികാരികൾ ബൈക്കുകൾ ചാർജ് ചെയ്ത് വെക്കും അതുകൊണ്ട് വഴിയിൽ കിടക്കാനുള്ള സാധ്യത കുറവാണു.

റോഡിൽ കൃത്യമായ ക്രമീകരണം ഉണ്ട്‌. ബസ് പോകേണ്ടവ, കാറുകൾ ഉൾപ്പടെ വലിയ വണ്ടികൾ പോകേണ്ടവ, ബൈക്കും സൈക്കിളും പോകേണ്ടവ, ആളുകൾക്ക് നടന്നു പോകാനുള്ള പാത തുടങ്ങിയ രീതിയിൽ വേർതിരിച്ചു നൽകിയിരിക്കുന്നതിനാൽ ഇന്ത്യൻ റോഡുകൾ പോലെ കുത്തി നിറച്ചു വണ്ടികൾ പോകുന്നില്ല. ട്രാഫിക് റൂളുകൾ പാലിക്കാൻ ആളുകൾ പ്രത്യേകം ശ്രദ്ധിക്കുന്നു. ഒരു ആക്‌സിഡന്റ് നടന്നാൽ മിനിറ്റുകൾക്ക് അകം പോലീസ് -ആംബുലൻസ് സൗകര്യം ഉറപ്പാക്കുന്നുണ്ട്. പോലീസ് വന്ന് കൃത്യമായി കാര്യം മനസിലാക്കി നടപടി എടുക്കും.

റോഡുകൾ നന്നായി മെയിന്റനൻസ് ചെയ്തു പോകുന്നുണ്ട്. മാത്രമല്ല വളരെ പെട്ടന്നാണ് പണി തീർക്കുന്നത്. സിറ്റി എപ്പോഴും ക്‌ളീൻ ആക്കികൊണ്ടിരിക്കും. പൊടിയും മറ്റു വേസ്റ്റ്കളും വലിച്ചെടുക്കുന്ന വലിയ യന്ത്രം ഘടിപ്പിച്ച വണ്ടി റോഡുകൾ വൃത്തിയാക്കും. പിന്നാലെ ഒരു വലിയ ടാങ്കറിൽ വെള്ളം ചീറ്റിച്ചു നനച്ചു കൊണ്ടിരിക്കും. ചിലയിടങ്ങളിൽ ആളുകൾ തന്നെയാണ് വൃത്തിയാക്കുന്നത്. മുന്നേ പറഞ്ഞതുപോലെ ഇവരുടെ സിവിക് സെൻസ് അനുകരണീയമാണ്. ചൈന കഥകൾ അവസാനിക്കുന്നില്ല.