റോഷാക്കിനെ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്നു വിളിക്കാമോ? അതോ ഇതൊരു ഹൊറര്‍ ചിത്രമാണോ? ഇത് രണ്ടും കൂടിക്കലര്‍ന്ന സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രമായി കണക്കാക്കാനാവുമോ? റോഷാക്ക് കണ്ടിറങ്ങുന്ന കാണികളുടെ മനസ്സിലൂടെ ഇത്തരം നിരവധി സന്ദേഹങ്ങള്‍ കടന്നു പോയിരിക്കാനിടയുണ്ട്. മലയാളത്തില്‍ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളില്‍ തികച്ചും വ്യത്യസ്തവും, നൂതനവും,ധീരവുമായ പരീക്ഷണ ചിത്രമാണ് റോഷാക്ക്………….
തെല്ലശ്രദ്ധ പോലും മികവിന്‍റെ ആകാശങ്ങളില്‍ നിന്ന് പരാജയത്തിന്‍റെ ഗര്‍ത്തങ്ങളിലേക്ക് തള്ളി വിട്ടേക്കാവുന്നത്ര നേര്‍ത്ത നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ചാണ് സംവിധായകന്‍ നിസാം ബഷീര്‍ ചിത്രമൊരുക്കിയിരിക്കുന്നത്. പകയുടെയും പ്രതികാരത്തിന്‍റെയും ഒടുങ്ങാത്ത കനലുമായി ഒരു നാട്ടിന്‍പുറത്തെത്തുന്ന മമ്മൂട്ടിയുടെ മുഖ്യ കഥാപാത്രമായ ലൂക്ക് ആന്‍റണിയിലൂടെ ആരംഭിക്കുന്ന കഥ പതിയെ നിഗൂഢതയുടെ ചുരുളഴിച്ചു കൊണ്ട് നിരവധി കഥാപാത്രങ്ങളിലേക്ക് ഒഴുകിപ്പരക്കുകയാണ്. പ്രേക്ഷകര്‍ക്ക് പെട്ടെന്നു പിടി തരാത്ത ആഴവും പരപ്പും അടരുകളുമുള്ള ഈ കഥാപാത്രങ്ങള്‍ ഒരു നാടിന്‍റെ തികച്ചും അസാധാരണമായ പ്രകൃതത്തിന്‍റെ രൂപവും ഭാവവുമായി വര്‍ത്തിക്കുകയാണ്.
ഒരു സാധാരണ റിവഞ്ച് ഡ്രാമയില്‍ നിന്ന് റോഷാക്കിനെ മനശാസ്ത്രസംബന്ധിയായ ഒട്ടനവധി വിശകലനങ്ങള്‍ക്ക് സാധ്യതയുള്ള മികച്ചൊരു സിനിമാസൃഷ്ടിയാക്കി മാറ്റുന്നത് ശ്രദ്ധാപൂര്‍വ്വം നെയ്തെടുത്ത ഈ കഥാപാത്രങ്ങളും അവരോടു ചേര്‍ന്നു നില്‍ക്കുന്ന കഥാപരിസരവുമാണ്.
റോഷാക്ക് ടെസ്റ്റ് എന്നത് മനശാസ്ത്രത്തിലെ ഒരു മെത്തേഡാണ്. സ്വിറ്റ്സര്‍ലണ്ടുകാരനായ ഹെര്‍മന്‍ റോഷാക്ക് വികസിപ്പിച്ച ഈ രീതി ലോകമെമ്പാടും പരീക്ഷിക്കപ്പെടുന്നതും, നിരവധി പഠനങ്ങള്‍ നടക്കുന്നതുമായ ഒന്നാണ്. സിനിമയ്ക്ക് ഈ പേരു നല്‍കുക വഴി സംവിധായകന്‍ നിസാം ബഷീര്‍ കൃത്യമായി പ്രേക്ഷകരോട് സംവദിക്കാന്‍ ശ്രമിക്കുന്നത് മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ സൈക്കോളജിക്കലായ അവസ്ഥാന്തരങ്ങളും അതുമൂലം അയാള്‍ സ്വയം ചെന്നെത്തുന്ന ചില സന്നിഗ്ധ ഘട്ടങ്ങളുമാണ്. നിഗൂഢതകള്‍ നിറഞ്ഞ ലൂക്ക് ആന്‍റണിയെന്ന മമ്മൂട്ടി കഥാപാത്രം ഒരു ഗ്രാമപ്രദേശത്ത് തന്‍റെ ഭാര്യയെ കാണാതായ പരാതിയുമായി എത്തുകയാണ്.

തുടർന്ന് പോലീസിന്റെ അന്വേഷണത്തിൽ തൃപ്തനല്ലാത്ത ലൂക്ക്, ബാലന്‍ എന്നൊരാളില്‍ നിന്ന് അയാളുടെ മരിച്ചു പോയ മകന്‍റെ വീട് വാങ്ങുകയും തുടര്‍ന്ന്‍ അവിടെ താമസമാക്കുകയുമാണ്. തുടര്‍ന്നുണ്ടാവുന്ന ഉദ്വേഗം നിറഞ്ഞ ചില സംഭവങ്ങളിലൂടെയും, അതിലുള്‍പ്പെട്ട ചില കഥാപാത്രങ്ങളിലൂടെയും ലൂക്കിന്‍റെ ആഗമനോേദ്ദശ്യം പ്രേക്ഷകര്‍ക്ക് വെളിപ്പെടുന്നു.
അമേരിക്കന്‍ ചലച്ചിത്രകാരനായ ഡേവിഡ് ലിഞ്ചിന്‍റെ സിനിമകളുടെ പൊതുവായ ഭാഷയെ ഓര്‍മിപ്പിക്കുന്നതാണ് റോഷാക്കിന്‍റെ ആഖ്യാനഭൂമികയുടെ സ്വഭാവം. റിയല്‍-സറിയല്‍ ദ്വന്തങ്ങള്‍ക്കപ്പുറം മനശാസ്ത്രത്തിന്‍റെ ടൂളുകളുപയോഗിച്ചാണ് ഇവിടെ കഥയെ മുന്നോട്ട് കൊണ്ടുപോവുന്നതും കഥാപാത്രങ്ങങ്ങളുടെ നിഗൂഢതകളെ അനാവരണം ചെയ്യുന്നതും. ലൂക്കിന്‍റെ പ്രതികാര വാഞ്ഛ , അതിനായി അയാള്‍ തിരഞ്ഞെടുക്കുന്ന വഴികള്‍, സ്വന്തം മനസ്സിനുള്ളില്‍ അയാള്‍ നയിക്കുന്ന നിരവധിയായ പോരാട്ടങ്ങള്‍ തുടങ്ങിയ ഒട്ടനവധി തലങ്ങളിലായാണ് ആഖ്യാനത്തെ സംവിധായകന്‍ അനാവരണം ചെയ്യുന്നത്.

മിസ്റ്ററിയാല്‍ വലയം ചെയ്യപ്പെട്ട ഒരു നാടും, തങ്ങളുടെ മനസ്സിന്‍റെ ഉള്ളറകളിലേക്ക് വെളിച്ചത്തിന്‍റെ ഒരു കണിക പോലും കയറാതെ സൂക്ഷിക്കുന്ന നാട്ടുകാരും ഇവരുടെ ഇടയിലേക്ക് തന്‍റെ വ്യക്തിതാല്‍പര്യങ്ങളുമായി വന്നെത്തുന്ന നായക കഥാപാത്രവും ചേർന്ന് സൃഷ്ടിക്കുന്നതാണ് ആകെത്തുകയില്‍ റോഷാക്കിന്‍റെ കഥാശരീരം.
ചിത്രത്തിലുടനീളം പ്രേക്ഷകരെ കഥയുടെ തീവ്രതയുമായി കോര്‍ത്ത് നിര്‍ത്തുന്നത് ഇരുണ്ടതും മ്ലാനവുമായ അതിന്‍റെ പശ്ചാത്തലമാണ്. വിദേശഭാഷാ സിനിമകളിലെ സൈക്കോ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് കഥാപരിസരത്തെ സംവിധായകൻ ചിട്ടപ്പെടുത്തിയതെന്നു കാണാം. സന്തോഷത്തിന്‍റെയോ പ്രതീക്ഷയുടെയോ ഒരു തരി പോലും എങ്ങുമില്ലാത്ത വണ്ണം ടെന്‍ഷന്‍ നിറഞ്ഞ ഫ്രെയ്മുകള്‍ പ്രേക്ഷകരുടെ ആകാംക്ഷയെ വരിഞ്ഞു മുറുക്കുന്നുണ്ട്. തുടക്കം മുതല്‍ ചിത്രത്തിന്‍റെ ഈ മൂഡ് നിലനിര്‍ത്തുന്നതില്‍ സംഗീതം നിര്‍വഹിച്ച മിഥുന്‍ മുകുന്ദന്‍ വഹിച്ച പങ്ക് ചെറുതല്ല. ഏറ്റവും നിര്‍ണായകമായ സന്ദര്‍ഭങ്ങളിലെല്ലാം പശ്ചാത്തല സംഗീതം ഉന്നത നിലവാരം പുലര്‍ത്തിയെന്നതും, ഇംഗ്ലീഷ് ഗാനങ്ങള്‍ ഉപയോഗിച്ചതും റോഷാക്കിന്‍റെ അന്തരീക്ഷത്തെ തീവ്രവും വന്യവുമാക്കി നിലനിര്‍ത്തുന്നതിന് കാരണമാവുന്നുണ്ട്.

“ഗ്രാമം നന്മകളാല്‍ സമൃദ്ധ”മെന്ന മലയാളി ക്ലീഷേയെ പൊളിക്കുന്ന ആഖ്യാനങ്ങള്‍ ധാരാളമായി മലയാളത്തില്‍ അടുത്ത കാലത്തായി സൃഷ്ടിക്കപ്പെടുന്നുണ്ട് (ജോജി, വരത്തന്‍). ഇതിനോട് ചേര്‍ത്തു വയ്ക്കാവുന്ന ഒന്നാണ് റോഷാക്കിലേയും ഗ്രാമ നിര്‍മിതി. ക്രൂരരും കൗശലക്കരുമായ നാട്ടുകാര്‍ വയലന്‍സിനോട് തെല്ലും അപരിചിതത്വമില്ലാത്തവരുമാണ്. തങ്ങളുടെ സ്വാര്‍ഥ നേട്ടങ്ങള്‍ക്കായി ആരെയും കുരുതി കൊടുക്കുന്ന, ബന്ധങ്ങളെ തൃണവൽക്കരിക്കുന്ന മനുഷ്യര്‍. ഇവിടേക്കെത്തുന്ന ലൂക്ക് അവരുടെ മനസ്സ് തുറന്ന് കാണികൾക്ക് മുന്നില്‍ അനാവരണം ചെയ്യുകയാണ്.
ചിത്രം അന്വേഷിക്കുന്ന മറ്റൊരു സുപ്രധാനമായ സാമൂഹിക വിഷയം ആണധികാരവും അതിനെ എസ്റ്റാബ്ലിഷ് ചെയ്ത് നിലനിര്‍ത്താന്‍ ഏതറ്റവും വരെ പോവുന്ന കുടുംബമെന്ന സ്ഥാപനവും മനുഷ്യരുടെ ജീവിതങ്ങളില്‍ ഇടപെടുന്നതെങ്ങനെയെന്നാണ്. ചിത്രത്തിലെ ബിന്ദു പണിക്കരുടെ കഥാപാത്രം തന്‍റെ ആൺ മക്കളെ വളര്‍ത്തി വലുതാക്കിയത് പാട്രിയാര്‍ക്കിയുടെ എല്ലാ സുഖ സൗകര്യങ്ങളോടെയുമാണെന്ന് കാണാം. അവര്‍ വിജയിക്കാനും, വെട്ടിപ്പിടിച്ചെടുക്കാനും ശീലിക്കപ്പെട്ടവരാണ്. ചിത്രത്തിലെ വില്ലനായ ദിലീപിന്റെ വിധവയായ ഭാര്യ മറ്റൊരു വിവാഹം കഴിക്കുന്നതോ, കമ്പനി ഒറ്റയ്ക്ക് നടത്തുന്നതോ ആ കുടുംബത്തിന്‍റെ അന്തസ്സിനു നിരക്കുന്നതല്ല എന്ന പ്രസ്താവന പലപ്പോഴായി ബിന്ദു പണിക്കരുടെ അമ്മ കഥാപാത്രം പറയുന്നത് കേള്‍ക്കാം. ഇവിടെ വയലന്‍സിന്‍റെ മൂലകാരണമായി വര്‍ത്തിക്കുന്നത് ഭൗതിക ജീവിതമൂല്യങ്ങളോടുള്ള അത്യാര്‍ത്തിയോടൊപ്പം തന്നെ ആണധികാര മൂല്യബോധം സൃഷ്ടിക്കുന്ന വ്യാജമായ ശ്രേഷ്ഠമനോഭാവം കൂടിയാണ്.
റോഷാക്കിലെ സംവിധാന മികവിന്‍റെ അടയാളമായി ചൂണ്ടിക്കാണിക്കാവുന്ന ഒന്നാണ് ഒരു നാട്ടിന്‍പുറവും അവിടെ വന്നെത്തുന്ന നഗരജീവിതത്തിന്‍റെ എല്ലാ അടയാളങ്ങളും ജിവിതത്തില്‍ പേറുന്ന അപരിചിതനുമായുള്ള സംഘര്‍ഷം. ഈ സംഘര്‍ഷത്തെ പൊലിപ്പിക്കാന്‍ ധാരാളം ഇമേജുകള്‍, ബിംബങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് ലൂക്ക് ഉപയോഗിക്കുന്ന ലക്ഷ്വറി കാര്‍. ആ നാടിന്‍റെ പരമ്പരാഗതവും പഴഞ്ചനുമായ ജീവിതവഴികളിലൂടെ ഈ വാഹനം ശബ്ദത്തില്‍ ചീറിപ്പായുന്ന നിരവധി രംഗങ്ങള്‍ കാണാം. കഥാപാത്രത്തിന്‍റെ മനസ്സിനേറ്റ മുറിവിനെ അനുസ്മരിപ്പിക്കാനാവണം , ഒരു ഭാഗം തകര്‍ന്ന നിലയിലാണ് ആ വാഹനം. ദുബായില്‍ അറസ്റ്റിലാവുന്ന ലൂക്ക് ‘വൈറ്റ് ടോര്‍ച്ചര്‍’(WHITE TORTURE) നേരിട്ടുവെന്നത് അയാളുടെ മാനസിക നിലയെ ബാധിച്ചിരിക്കാമെന്ന സൂചനകളും ചിത്രത്തിലുണ്ട്.

ഫ്രെയ്മുകള്‍ക്കിടയില്‍ ഒട്ടും നിഗൂഢത ചോര്‍ന്നു പോവാതെ ശ്രദ്ധിച്ച കിരണ്‍ ദാസിന്‍റെ എഡിറ്റിംഗ് ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. നിമിഷ് രവിയുടെ ക്യാമറയും ഉപയോഗിച്ച കളര്‍ ടോണും റോഷാക്കിന്‍റെ മൂഡിനെ കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിലെ ബിന്ദു പണിക്കരുടെ കഥാപാത്രം അവരുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ചവയില്‍ ഒന്നായി മാറുന്നുണ്ട്. വളരെ subtle ആയ അഭിനയശൈലിയിലൂടെ ദുര്‍ഗ്രാഹ്യം നിറഞ്ഞ സീത എന്ന കഥാപാത്രത്തെ അവര്‍ അവിസ്മരണീയമാക്കി. കോട്ടയം നസീറും ഷറഫുദ്ധീനും, ഗ്രേസ് ആന്‍റണിയും മികച്ച പ്രകടനങ്ങളിലൂടെ ചിത്രത്തിന്‍റെ അവിഭാജ്യ ഘടകങ്ങളായി മാറുകയാണ് .
പുഴുവില്‍ കണ്ട മമ്മൂട്ടിയുടെ സൂക്ഷ്മാഭിനയത്തിന്‍റെ തുടര്‍ച്ച റോഷാക്കിലും കാണാം. ഈ ചിത്രത്തിന്‍റെ ഭാഗധേയം നിര്‍ണയിക്കുന്നത് മമ്മൂട്ടിയുടെ സമീപകാലത്തെ മികച്ച കഥാപാത്രങ്ങളിലൊന്നായി കണക്കിലാക്കേണ്ട ലൂക്ക് ആന്‍റണിയാണ്. ഒരു അന്താരാഷ്ട്രസിനിമയുടെ നിലവാരത്തില്‍ നിര്‍മിക്കാനുള്ള ആത്മാര്‍ഥമായ ശ്രമം റോഷാക്കിനു പിന്നിലുള്ളതായി കാണാം.
ആദ്യ മണിക്കൂറില്‍ ചില കഥാപാത്രങ്ങളുടെ ഓഡിയോ തീരെ കേള്‍ക്കാനാവാത്ത അവസ്ഥയുണ്ടായതും, രണ്ടാം പകുതിയിലെ ചില രംഗങ്ങളുടെ ആവര്‍ത്തനവും ചില്ലറ മുഷിപ്പുണ്ടാക്കിയേക്കാമെന്നതൊഴിച്ചാല്‍ ഈ ചിത്രം അതിന്‍റെ ദൗത്യത്തില്‍ പൂര്‍ണമായും വിജയിക്കുന്നുണ്ട്. പരീക്ഷണ സ്വഭാവത്തിലൊരുക്കിയ ഈ ചിത്രം മലയാളസിനിമയില്‍ ഇത്തരം പുത്തന്‍ ശ്രമങ്ങളുമായി മുന്നോട്ടു വരാന്‍ നവാഗതരായ സംവിധായകര്‍ക്ക് ധൈര്യം നല്‍കുമെന്നതില്‍ ഒട്ടും സംശയമില്ല.
ലേഖകൻ ഒറ്റപ്പാലം എൻ എസ് എസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും, സിനിമ നിരൂപകനുമാണ്.