Oppenheimer- സങ്കീർണ്ണ സാഹചര്യത്തെ അതിഗംഭീരമായ സിനിമാറ്റിക് അനുഭവമാക്കുന്ന നോളൻ മാജിക്

മനുഷ്യ ചരിത്രത്തിൽ വലിയ സ്ഥാനമുള്ള ഒരു മനുഷ്യനെയും അയാളെ ചുറ്റിപ്പറ്റിയുള്ള മറ്റനേകം പേരെയും ഇവരെല്ലാമുൾക്കൊള്ളുന്നൊരു ചരിത്ര സന്ദർഭത്തെയും ആഴത്തിൽ മാർക് ചെയ്യുന്ന ചിത്രമാണ് ഓപ്പൺഹൈമർ. പേര് സൂചിപ്പിക്കുന്ന പോലെ ഇതൊരു ബയോപിക് ഡ്രാമയല്ല. ഈ വലിയ കൂട്ടം മനുഷ്യരെയും അവർ നേരിടുന്ന നൂറുകൂട്ടം പ്രതിസന്ധികളെയും അതിനെയെല്ലാം നിയന്ത്രിക്കുന്ന സാമ്രാജ്യത്വ രാഷ്ട്രീയാധികാരത്തെയും കൂട്ടിയിണക്കി ഒരു ത്രില്ലർ ആണ് ക്രിസ്റ്റഫർ നോളൻ ഒരുക്കിയിരിക്കുന്നത്. സംഭവിക്കുന്നതെല്ലാം ഡ്രാമയാണ്. പക്ഷെ ശ്വാസമടക്കി പിടിച്ചു ഇനിയെന്തെന്ന ആശങ്കയിലാണ് കാണികൾ ചിത്രം കണ്ടു തീർക്കുക. 3 മണിക്കൂർ ദൈർഘ്യമൊന്നും അറിയാനേ പോകുന്നില്ല.

ഈ കഥാപരിസരത്തിനായി നോളൻ ഒരുക്കിയ ദൃശ്യഭാഷ ഗംഭീരമാണ്. റോബർട്ട് ഓപ്പൺഹൈമറിന്റെ ചിന്തകളിലൂടെയും പ്രവൃത്തികളിലൂടെയും ചുരുൾ നിവരുന്ന സബ്ജെക്റ്റീവ് ലോകത്തെ കാണിക്കാൻ ഗ്രീൻ, യെല്ലോ, ബ്ലാക്ക് പാലെറ്റിലെ കളറുകൾ ഉപയോഗിച്ചുള്ള സ്കീം ആണുപയോഗിച്ചിരിക്കുന്നത്. ഇവിടെ അനുഭവങ്ങൾ, സംഭവങ്ങൾ കുറേക്കൂടി സ്പഷ്ടമാണ്. അദ്ദേഹത്തെ കുറിച്ചു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം വിവരിക്കുന്ന ഭാഗം ബ്ലാക്ക് ആൻഡ് വൈറ്റിലാണുള്ളത്. അതോടൊപ്പം തന്റെ സ്വത്വസിദ്ധമായ നോൺ ലീനിയർ നരേഷനിലൂടെ നോളൻ ആഖ്യാനത്തിനകത്ത് ടെൻഷൻ ബിൽഡ് ചെയ്യുന്നു. സബ്ജെക്റ്റീവ് രംഗങ്ങളിൽ ഓപ്പൺഹൈമറിന്റെ ഉന്മാദ ചിന്തകളെ സമർത്ഥമായി ബ്ലെൻഡ് ചെയ്തിട്ടുമുണ്ട്.

ആറ്റം ബോംബ് കണ്ടുപിടിച്ച ശാസ്ത്രജ്ഞനെന്നതിനുപരി വളരെ കോംപ്ലക്സ് ആയ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുപോയ കോംപ്ലിക്കേറ്റഡ് ആയൊരു മനുഷ്യനായി ഓപ്പൺഹൈമറിനെ ചിത്രീകരിക്കാൻ ഈ രീതി എഫക്റ്റീവ് ആകുന്നുണ്ട്.

ജെ റോബർട്ട് ഓപ്പൺഹൈമറെന്ന വ്യക്തിയുടെ ജീവിതകഥ പറഞ്ഞുപോവുകയല്ല ചിത്രം. പകരം അമേരിക്കൻ സാമ്രാജ്യത്വഭരണകൂടം എങ്ങനെയാണ് രണ്ടാം ലോകമഹായുദ്ധ കാലത്ത് വർക്ക് ചെയ്തതെന്നത് കാണിച്ചുതരികയാണ്. യുദ്ധ സമയത്ത് തങ്ങളുടെ അധികാരഹുങ്ക് പ്രകടിപ്പിക്കുന്നതിനായി അവർക്ക് ആറ്റം ബോംബ് ആവശ്യമായിരുന്നു. അത് വിജയകരമായി നിർമിച്ചു നൽകുന്ന ഓപ്പൺഹൈമറിനെ യുദ്ധ ശേഷം കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം ആരോപിച്ചു വേട്ടയാടുകയാണ് ഇതേ ഭരണകൂടം.

വളരെ കോംപ്ലക്സ് ആയ ജീവിതങ്ങളെ തന്മയത്വത്തോടെയും ഷാർപ് ആയുമാണ് നോളൻ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിലെവിടെയും അതിനാടകീയ വികാര പ്രകടനങ്ങളോ പൊട്ടിത്തെറികളോ കാണാനാകില്ല. വികാരങ്ങളെല്ലാം വളരെയധികം ഡൗൺപ്ലേ ചെയ്ത പെർഫോമൻസുകളാണ് മുഴുവൻ. ഓപ്പൺഹൈമറായി കിലിയൻ മർഫി ജീവിക്കുകയായിരുന്നു. റോബർട്ട് ഡൗണി ജൂനിയറും ഗംഭീരം. നീണ്ട താരനിരയുടെ ജീവനുള്ള പെർഫോമൻസുകൾ നല്ല ദൃശ്യാനുഭവമാണ്.

സാമൂഹിക, രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ വളരെയധികം സങ്കീർണതകളുള്ള അദ്ദേഹം ജീവിതത്തിന്റെ പല സന്ദർഭങ്ങളിലായെടുത്ത തീരുമാനങ്ങളും നിലപാടുകളും ഇതിന് സഹായകമാവുകയാണ്. പല കാലഘട്ടങ്ങളിലായി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മനുഷ്യരും ഇതിൽ വന്നുചേരുന്നുണ്ട്. അമേരിക്കൻ സാമ്രാജ്യത്വ ഭരണകൂടത്തിന്റെയും മുതലാളിത്ത സമൂഹത്തിന്റെയും ആഴത്തിലുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെയും യുദ്ധക്കൊതിയുടെയും ബലിയാടാവുകയാണ് ഓപ്പൺഹൈമർ. എന്നാൽ, രക്തസാക്ഷി പരിവേഷം നൽകി അദ്ദേഹം ഭാഗമായ ആറ്റം ബോംബ് ഭീകരതയെ മറയ്ക്കാനും ചിത്രം ശ്രമിക്കുന്നില്ല. അമേരിക്കൻ മുതലാളിത്ത സമൂഹവും ഭരണകൂടവും നൽകിയ എല്ലാ പ്രിവിലേജുകളും പൂർണ്ണ മനസ്സോടെ ഏറ്റുവാങ്ങിയ വ്യക്തിയായാണ് ഓപ്പൺഹൈമറിനെ കാണിക്കുന്നത്. താൻ കാരണക്കാരനായ ഹിരോഷിമ, നാഗസാക്കി സംഭവങ്ങളെ പൊതുസദസ്സിന് മുന്നിൽ അദ്ദേഹം എഴുതി തള്ളിയിട്ടില്ല. അതുപോലെയുള്ള മറ്റ് പല സംഭവങ്ങളും സിനിമയിൽ വന്നുപോകുന്നുണ്ട്.

അമേരിക്കൻ പ്രൊമിത്യൂസ് എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഓപ്പൻഹെയ്മറെടുത്തിരിക്കുന്നത്. സ്വർഗത്തിൽ നിന്നും തീയെടുത്ത് മനുഷ്യന് നൽകിയ പ്രൊമിത്യൂസിനെ സിയൂസ് ദേവന്റെ ആജ്ഞ പ്രകാരം കോക്കസ് മലയിൽ ആണിയിൽ തളച്ചു തൂക്കി. ഹൃദയം തുരന്നു പുറത്തേക്കിട്ടു. കഴുകനും കാക്കയും കൊത്തിവലിച്ചിട്ടും ആ ഹൃദയം വളർന്നുകൊണ്ടേയിരുന്നു. അതേ പോലെ ആധുനിക മനുഷ്യന് ആറ്റം ബോംബെന്ന വിനാശകാരിയായ ആയുധം നൽകിയ ഓപ്പൺഹൈമറിനെ യുദ്ധശേഷം അമേരിക്കൻ ഭരണകൂടം വേട്ടയാടിക്കൊണ്ടിരുന്നു. ഈ വേട്ടയെയും അതിന് മുന്നിൽ നിന്ന അമേരിക്കൻ സാമ്രാജ്യത്വ ഭരണകൂടത്തെയും എക്‌സ്‌പോസ് ചെയ്യുന്ന ചിത്രമാണ് ഓപ്പൺഹൈമർ. അതോടൊപ്പം കണിശമായ കൃത്യതയോടെ ഓപ്പൺഹൈമറിനെയും അദ്ദേഹത്തിന് ചുറ്റുമുണ്ടായിരുന്ന എല്ലാവരെയും വരച്ചു കാട്ടുന്നുണ്ട് ചിത്രം. ഈ സങ്കീർണ്ണ സാഹചര്യത്തെ അതിഗംഭീരമായ സിനിമാറ്റിക് അനുഭവമാക്കാൻ നോളന് സാധിച്ചിട്ടുമുണ്ട്.