മലയാളി പ്രവാസികളുടെ ആഗോള സംഗമമായ ‘മൈഗ്രേഷൻ കോൺക്ലേവ്’ 2024; അറിയേണ്ടതെല്ലാം

ജനുവരി 19 മുതൽ 21 വരെ തിരുവല്ലയിൽ നടക്കുന്ന മലയാളി പ്രവാസികളുടെ ആഗോള സംഗമമായ മൈഗ്രേഷൻ കോൺക്ലേവ് 2024 നായുള്ള ഒരുക്കങ്ങൾ വിപുലമായി നടന്നു കൊണ്ടിരിക്കുകയാണ്. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിഎസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണ കേന്ദ്രമാണ് തിരുവല്ലയിൽ പരിപാടി സംഘടിപ്പിക്കുന്നത്. 75 രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് ലക്ഷത്തിലധികം പ്രവാസികൾക്ക് പങ്കെടുക്കാനാവും വിധം ഓൺലൈനായും നേരിട്ടും ആയാണ് കോൺക്ലേവ് വിഭാവനം ചെയ്യുന്നത്.

മൂന്നു ദിവസം വിവിധ വേദിയിലായി നടക്കുന്ന സമ്മേളനത്തിൽ 60ഓളം വിഷയങ്ങളിലായി 600ൽ പരം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും. വൈ; ജ്ഞാനിക സമ്പദ്ഘടനയെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രവാസികളുടെ പങ്ക്, വിദഗ്ദ്ധ തൊഴിൽ മേഖലകളിലെ തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്തേണ്ടത്, വയോജന പരിപാലനത്തിൽ ആവശ്യമായ വിദഗ്ദ്ധ പരിശീലനം എന്നീ വിഷയങ്ങളിൽ ഊന്നിയുള്ള ഗൗരവമേറിയ ചർച്ചകൾക്കൊപ്പം, പ്രവാസ സംബന്ധിയായ 16 ഓളം അനുബന്ധ വിഷയങ്ങളും കോൺക്ലേവ് അഭിസംബോധന ചെയ്യും. പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് www.migrationconclave.com വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. ചർച്ചാ വിഷയങ്ങളും ഇതിനകം വെബ്സൈറ്റിൽ ലഭ്യമാണ്. യുഎഇ, ബഹ്‌റൈൻ, ഒമാൻ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നും, യു കെ, കാനഡ, യു എസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി മലയാളികൾ ഇതിനകം ഓൺലൈനായി പേര് രജിസ്റ്റർ ചെയ്‌തുതുടങ്ങി. മൈഗ്രേഷൻ കോൺക്ലേവിനായി പരമാവധി പ്രവാസികളെയും പ്രവാസ സംഘടനകളെയും ഉൾപ്പെടുത്തിക്കൊണ്ട്, വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി.

ജനുവരി 18- വൈകിട്ട് 4 മണിക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മഹാസംഗമം ഉദ്ഘാടനം ചെയ്യും. തുടർന്നു പ്രമുഖ സംഗീതജ്ഞരായ ശിവമണി, സ്റ്റീഫൻ ദേവസ്യ എന്നിവർ ചേർന്നൊരുക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റ് അരങ്ങേറും. 19-ാം തീയതിയിലെ മഹാസംഗമത്തിനുശേഷം 20, 21 തീയതികളിൽ മാർത്തോമാ കോളേജിലെ 10 വേദികളിൽ നടക്കുന്ന 60 സെമിനാറുകളിലായി 600 പേപ്പറുകൾ അവതരിപ്പിക്കും.

ആഗോള സംവാദത്തിനുള്ള അവതരണങ്ങൾ

Migration Conclave 2024-ന്റെ രണ്ടാം ദിവസമായ ജനുവരി 19-ന് നാല് വിഷയങ്ങളാണ് ചർച്ച ചെയ്യുക. (1) ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിൽ പ്രവാസികളുടെ പങ്കാളിത്തം, (2) സംരംഭകത്വ വികസനവും പ്രവാസികളും, (3) പ്രവാസികളും നൈപുണി പരിശീലനവും തൊഴിലും, (4) പ്രവാസി വീടുകളിലെ വയോജന സംരക്ഷണം. ഇവ ഓരോന്നും മൂന്ന് മണിക്കൂർ വീതം ഇന്ത്യ, ഗൾഫ്, യൂറോപ്പ്, അമേരിക്ക എന്നിങ്ങനെ നാല് ടൈം സോണുകളായി പ്രത്യേകം ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിൽ അവതരിപ്പിച്ചു ചർച്ച ചെയ്യും. ഓരോ പ്ലാറ്റ് ഫോമിലും 12 മണിക്കൂർ വീതം ഈ വിഷയങ്ങളിൽ സംവാദം നടക്കും.

ലോകത്തെ ഏതു പ്രദേശത്തുമുള്ള മലയാളിക്കും സംവദിക്കാനും ശ്രവിക്കാനും കഴിയും. ഇതിനായി ആകെ ചെയ്യേണ്ടത് www.migrationconclave.com -ൽ പേര് രജിസ്റ്റർ ചെയ്യുകയാണ്. സംസാരിക്കുന്നതിനു താല്പര്യമുണ്ടെങ്കിൽ അവതരണത്തിന്റെ രത്നച്ചുരുക്കം (word format) migrationconclave@gmail.com -ൽ അയച്ചുതരിക. പങ്കെടുക്കുന്നതിനാവശ്യമായ ലിങ്ക് അയച്ചുതരും.

വിവിധ പാനലുകൾ

ഉന്നതവിദ്യാഭ്യാസം: എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസസർ ഡോ. സാബു തോമസ്, ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. രാജശ്രീ, കേരള യൂണിവേഴ്സിറ്റി ബയോ ഇൻഫോമാറ്റിക്സ് തലവനായിരുന്ന ഡോ. അച്യുത് ശങ്കർ.

സംരംഭകത്വ വികസനം: സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, ഹൈവിന്റെ ഫൗണ്ടർ രാകേഷ് രാജീവ്, ബൈലിൻ മെഡ് ടെക് സിഇഒ ഡോ. ലിനി ബാസിൽ, സാൻഫ്രാൻസ്കോയിൽ നിന്നുള്ള എന്റർപ്രണറും എഴുത്തുകാരനുമായ സാം സന്തോഷ്, പ്യൂപ്പിൾ ഫസ്റ്റ് ചെയർമാൻ സഞ്ജയ് വിജയകുമാർ.

വയോജന സംരക്ഷണം: കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഐഎഎസ്, മുൻ ഡിജിപി ജേക്കബ്ബ് പുന്നൂസ്, കമ്മ്യൂണിറ്റി മെഡിസിന്റെ ഹെഡ്ഡായിരുന്ന ഡോ. വിജയകുമാർ, എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷാ, നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. രേഖാ എം രവീന്ദ്രൻ.

നൈപുണി വികസനം: കെ-ഡിസ്ക് മെമ്പർ സെക്രട്ടറി പി.വി. ഉണ്ണികൃഷ്ണൻ, അസാപ്പ് സിഇഒ ഉഷാ ടൈറ്റസ്, ഐസിറ്റി അക്കാദമി സിഇഒ മണ്ണിങ്ങൽ മുരളീധരൻ, നോളഡ്ജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല, കേരള ഇക്കണോമിക് മിഷൻ ജനറൽ മാനേജർ മുഹമ്മദ് റിയാസ്.

ഇവരുടെ അവതരണങ്ങളോടു പ്രതികരിക്കാൻ നേരിട്ട് സമ്മേളന ഹാളിൽ എത്താം. ഓൺലൈനായി പങ്കെടുക്കാം. അല്ലെങ്കിൽ വിഷയം സംബന്ധിച്ച് 5-7 മിനിറ്റുള്ള അഭിപ്രായം അയച്ചുതരാം.

20-ാം തീയതി വൈകിട്ട് 4 മണിക്ക് മാർത്തോമാ കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ പ്രവാസ സാഹിത്യത്തെക്കുറിച്ച് ചർച്ച നടക്കും. പ്രമുഖ സാഹിത്യകാരൻമാരായ എം മുകുന്ദൻ, ഖദീജ മുംതാസ്, ബന്യാമീൻ, വി മുസഫർ അഹമ്മദ്, പി ജെ ജെ ആൻ്റണി, നിർമ്മല, എ എം മുഹമ്മദ്, മീനു എലിസബത്ത് മാത്യു, ഷീല ടോമി, ഹണി ഭാസ്കർ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, സോണിയ റഫീക്, ആടുജീവിതത്തിലെ യഥാർത്ഥ നായകൻ നെജീബ്, സംവിധായകരായ ബ്ലസി, സിദ്ധാർത്ഥ് ശിവ എന്നിവർ സംബന്ധിക്കും. തുടർന്ന് റാസ – ബീഗം കൂട്ടുകെട്ടിന്റെ ഗസൽ സന്ധ്യ ഉണ്ടാകും.പ്രവാസത്തെ സംബന്ധിച്ച സമഗ്രമായ ചര്‍ച്ചകളും ഫലപ്രദമായ തീരുമാനങ്ങളും ഉണ്ടാകുന്നതിനു ലക്ഷ്യമിട്ടുകൊണ്ടാണ് മൈഗ്രേഷന്‍ കോണ്‍ക്ലവ് സംഘടിപ്പിച്ചിരിക്കുന്നത് എന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.