കാതൽ: പൊതുബോധത്തോട് സമർത്ഥമായും, സത്യസന്ധമായും കലഹിക്കുന്ന ചിത്രം

കാതൽ (The Core) ❤️

ഇറാനിലെ കർശനമായ സെൻസർ നിയമങ്ങളെ അവിടുത്തെ സംവിധായകർ പരിമിതമായ ദൃശ്യവിഷ്കാര സാധ്യതകൾക്കുള്ളിൽ നിന്നുകൊണ്ട് സമർത്ഥമായി അതിജീവിക്കുന്നത് അവരുടെ സിനിമകളിൽ നിറയെ കാണാം. ഒരു ആർട്ട് ഫോമെന്ന നിലക്ക് സിനിമ മറ്റു പല കലാരൂപങ്ങളെക്കാളും കോസ്റ്റലി അഫയർ കൂടിയാണ്. അഥവാ തനിക്ക് പറയാനുള്ളത് ലൗഡ് ആയി പറയുക എന്നത് ഒരു ചലച്ചിത്രകാരനെ സംബന്ധിച്ചേടത്തോളം ഇത്തിരി സാഹസികമായ കാര്യമാണ്. ഇത്തരം ഒരു പ്രതിസന്ധി ‘തൊട്ടാൽ പൊള്ളുന്ന’ ചില വിഷയങ്ങളെ സിനിമയാക്കാൻ ശ്രമിക്കുമ്പോൾ നമ്മുടെ ചലച്ചിത്രകാരന്മാർക്കും അഭിമുഖീകരിക്കേണ്ടി വരുന്നു. ഇറാനിൽ അത് ഭരണകൂട തിട്ടൂരങ്ങളുടെ രൂപത്തിലാണെങ്കിൽ ഇവിടെ അത് നിലനിൽക്കുന്ന പൊതുബോധം തന്നെയാണ്. ആ ‘പൊതുബോധ’ത്തോട് സമർത്ഥമായും സത്യസന്ധമായും ഒന്നു ഇടഞ്ഞു നോക്കുകയാണ് ജിയോ ബേബി-മമ്മൂട്ടിക്കമ്പനി ‘കാതൽ’ എന്ന സിനിമയിലൂടെ.

ഒരു സിനിമ ആരാധകൻ എന്നാ നിലയിൽ പ്രേക്ഷകരോട് പറയാനുള്ളത് ഈ സിനിമ കഴിയുന്നതും തിയേറ്ററിൽ നിന്ന് തന്നെ കാണാൻ ശ്രമിക്കുക, ഈ സിനിമ ചെയ്തില്ലായിരുന്നെകിലും ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്ത മമ്മൂട്ടിയും അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനിയും എടുത്ത ഈ ചോയ്സ്ന് പ്രാധാന്യമുണ്ട്. അത് അഭിനന്ദനം അർഹിക്കുന്നു. പുഴുവായും നൻപകൽ ആയുമൊക്കെ അയാൾ അതിശയിപ്പിച്ച പോലെ, ഇനിയും എന്തൊക്കെയോ അയാളിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന തോന്നൽ ബാക്കിയാവുന്നു. തങ്കൻ ആയി വന്ന സുധി കോഴിക്കോട്‌ തന്റെ കാരക്ടറിനെ അതിഗംഭീരമായി ചെയ്തു. സിനിമയിലെ മനോഹരമായ പല ഷോട്ടുകളിലും ഇയാൾ നിങ്ങളിൽ വല്ലാത്തൊരു നീറ്റലുണ്ടാക്കും. ജ്യോതികയുടെ ഡബ്ബിങ് ആണ് സിനിമയുടെ ഒരു മൂഡുമായി സിങ്ക് ആവാതെ പോയത് എന്നു തോന്നി.

കാതൽ എന്ന വാക്കിനു തമിഴിൽ ലവ് എന്ന ഒരര്ഥമുണ്ടല്ലോ. സിനിമയിൽ ഒരു പ്രണയമേ ഉള്ളൂ. ആ പ്രണയമാണ് സിനിമയുടെ കാതൽ എന്ന ഒരു പരിപ്രേക്ഷ്യത്തിൽ സിനിമയെ സമീപിച്ചാൽ സിനിമ പലപ്പോഴും ആ ഫോക്കസിൽ നിന്നു മാറി മാത്യു (മമ്മൂട്ടി), ഓമന(ജ്യോതിക) എന്നിവരിലേക്ക് മാറിപ്പോയില്ലേ എന്ന ഒരു ചോദ്യമുണ്ട്. എങ്കിലും ആ പ്രണയത്തെ അത്രമേൽ subtle ആയി, പരിമിതമായ ഷോട്ടുകളിലൂടെ മനോഹരമായി തന്നെ കാണിച്ചു. ആ ഒരു സ്‌കിൽ ആവിഷ്കാരത്തിന്റെ പരിമിതികൾ നൽകുന്ന ഒന്നു കൂടിയാവാം. അങ്ങനെയേ കാണിക്കാൻ കഴിയൂ എന്ന പരിമിതി. അതിനുള്ള ‘ സാംസ്കാരിക ലക്ഷ്വറി’യെ തൽക്കാലം നമുക്കുള്ളൂ. നമ്മൾ തുടങ്ങിയിട്ടെ ഉള്ളൂ എന്നു സമാധാനിക്കുക. കാരമലും റൂം ഇൻ റോമും ബ്ലൂ ഇസ് ദി വാമെസ്റ്റ്‌ കളറും ഒക്കെ ഇറങ്ങുമ്പോൾ നമ്മൾ ‘ചാന്തുപൊട്ടി’ൽ എത്തിയിട്ടെ ഉള്ളൂ. ഋതുപർണോ ഘോഷും കൗശിക് ഗാംഗുലിയും ഒക്കെ നമ്മുടെ മുഖ്യധാരയിൽ പെടാതെ ഫെസ്റ്റിവൽ പീസുകൾ മാത്രമായിരുന്നല്ലോ അപ്പോൾ. മര്യാദക്ക് ഒന്നു ലിപ് ലോക്ക് ചെയ്തിട്ടു പത്തു വയസ്സായിട്ടില്ലല്ലോ മലയാള സിനിമക്ക്.

സിനിമ കണ്ടിറങ്ങുമ്പോൾ സാമാന്യമായി പേക്ഷകനെ സിനിമക്ക് പുറത്തു നിർത്താതെ കഥാപാത്രങ്ങളുടെ വൈകാരിക സന്ദര്ഭങ്ങളോടു ചേർത്തു നിർത്താൻ ജിയോ ബേബിക്ക് കഴിഞ്ഞിട്ടുണ്ട് എന്നു തോന്നി. അതൊരു ചെറിയ കാര്യമല്ല, പ്രത്യേകിച്ചു ഇതുപോലൊരു വിഷയം നമ്മുടെ സമൂഹത്തിലേക്ക് സിനിമയിലൂടെ പറയാൻ ശ്രമിക്കുമ്പോൾ. അതിനു മലയാളത്തിലെ ഒരു മുൻ നിര നടനായ മമ്മൂട്ടി തന്നെ മുന്നിട്ടു വരുമ്പോൾ. ഉറപ്പിച്ചു പറയാം, തുടർചകൾ ഉണ്ടാവും. സിനിമക്ക് മാത്രമല്ല അത് പറയാൻ ശ്രമിക്കുന്ന രാഷ്ട്രീയത്തിനും.