കടും കെട്ടുപിണഞ്ഞ സ്വപ്നങ്ങൾക്കിടയിൽ നിന്നും പിറന്ന സിനിമ

കാലവും ദേശവും അതിർത്തികളുമെല്ലാം ഇല്ലാതാക്കുന്ന മനുഷ്യ മനസ്സിന്റെ പ്രയാണങ്ങളും ഉറക്കത്തിനും ഉണർവിനും ഇടയിലെ അതീന്ദ്രിയ ലോകങ്ങളും ചേരുന്ന ഒരു അരങ്ങാണ് ‘നന്പകൽ നേരത്തെ മയക്കം.’

തലേരാത്രിയിൽ നന്നായി ഉറങ്ങാത്ത ജെയിംസും കുറേനാളായി ഉറങ്ങാൻ സാധിക്കാത്ത നഴ്സായ ബെന്നിയും ഉറക്കത്തെക്കുറിച്ച് തിരുക്കുറലിൽ പറയുന്ന വാക്യവുമെല്ലാം സിനിമയുടെ ആദ്യഭാഗത്തിൽ പറഞ്ഞുപോകുന്നുണ്ട്. തമിഴ് വഴങ്ങാത്ത,സ്നേഹം പ്രകടിപ്പിക്കാത്ത, നാടകകമ്പനി മുതലാളിയും അരസികനുമായ ജെയിംസ്, ഒരു ഉറക്കമുണർന്നപ്പോൾ തമിഴ്നാട്ടിലെ ഏതോ ഉൾഗ്രാമത്തിൽനിന്നും രണ്ടുവർഷം മുൻപ് പുറപ്പെട്ടുപോയ സുന്ദരമെന്ന കർഷകനായി മാറുകയാണ്. ‘നാൻ ഇന്ത ഊരുകാരനല്ലയാ സൊല്ലു’ സുന്ദരമായി മാറിയ മമ്മൂട്ടി കഥാപാത്രം ഇടവേളയ്ക്കു മുൻപ് ചോദിക്കുന്ന ഈ ചോദ്യം സ്വപ്നത്തിനും യാഥാർഥ്യത്തിനുമപ്പുറം പായുന്ന മനസ്സിൻറെ കാലാന്തര വിഭ്രമമാണ്.

ഉറക്കമുണർന്ന ജെയിംസ് കാണുന്ന സ്വപ്നമോ യാഥാർഥ്യമോ എന്നറിയാത്ത കാഴ്ചകളിൽ കെട്ടുപിണഞ്ഞു കിടന്ന കഥയെ സിനിമയുടെയും നാടകത്തിന്റെയും ആഖ്യാനതന്ത്രങ്ങളിലൂടെ ഒരു മികച്ച ചലച്ചിത്രമാക്കുന്നത് എസ് ഹരീഷിന്റെ തിരക്കഥയും ലിജോയുടെ രംഗവിതാനവുമാണ്. നന്പകൽ വ്യത്യസ്തമാകുന്നത് വേറിട്ട ഈ കഥപറച്ചിൽ കൊണ്ടുകൂടിയാണ്. സുന്ദരത്തിന്റെ ഗ്രാമത്തിൽ പ്രവേശിക്കുന്നതോടെ തമിഴ് സിനിമ ഡയലോഗുകളും പാട്ടുകളും ഇഴുകിചേർന്ന രീതിയിലാണ് രംഗങ്ങൾ കാണിക്കുന്നത്. കലൈ അരസി, രത്ത കണ്ണീർ, പാത കാണിക്കൈ എന്നീ സിനിമകളുടെ രംഗങ്ങൾ പാട്ടായും സംഭാഷണമായും വരുന്നുണ്ട്.

സിനിമയിലെ ദേശത്തെ അതിൻറെ സംസ്ക്കാരത്തെ ഒക്കെ തേനി ഈശ്വറിന്റെ ക്യാമറ ഏറ്റവും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ഒരുപക്ഷെ കഥപറയുന്ന രീതിയെ കഥാഗതിയെത്തന്നെയും വേറൊരു തലത്തിലേക്കുയർത്തുന്നത് ഈ കാഴ്ചകളാണ്. ലിജോയുടെ മുൻ സിനിമകളിലെ chaotic രീതിയിലുള്ള കഥാപരിസരങ്ങളില്ലാതെ ഈ സിനിമയ്ക്ക് ഒരു ചെറുകഥയുടെ ശില്പസൗന്ദര്യം വരുത്തുന്നതിൽ തേനി ഈശ്വറുടെ ക്യാമറ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്.ഒരിക്കലും കൂട്ടിമുട്ടാൻ സാധ്യതയില്ലാത്ത ജെയിംസ്, സുന്ദരം എന്ന വ്യത്യസ്ത മനുഷ്യരായി മമ്മൂട്ടിയുടെ പകർന്നാട്ടത്തിന്റെ വേദികൂടിയാണ് ഈ ചിത്രം.

മലയാളിജീവിതത്തിലെയും ബന്ധങ്ങളിലെയും പൊള്ളത്തരങ്ങളും മുൻവിധികളും തമിഴ് ജീവിതത്തിലെ മമതയും കൂറും ഒക്കെ ചില രംഗങ്ങളിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. ഇങ്ങോട്ട് വന്നിടിക്കുന്ന കൂട്ടരെന്നും പിള്ളേരെ പിടിച്ചോണ്ട് പോകുന്നവരെന്നുമുള്ള മുൻവിധികളെ “അപ്പടി സൊല്ലാതെ, ഞാങ്കെ ഉങ്കളെ സ്വന്തക്കാര് താൻ” എന്ന ഒറ്റ വാക്യത്തിൽ ഖണ്ഡിക്കുന്നുണ്ട് ആ നാട്ടുകാർ.

സദാ സമയവും പഴയ തമിഴ് സിനിമകൾ കണ്ടു രസിച്ചിരിക്കുന്ന കണ്ണുകാണാത്ത പാട്ടിയുടെ അരുമയായ സുന്ദരത്തിന് സിനിമയും നടിപ്പും കഥപറച്ചിലുമെല്ലാം അവിടുന്ന് കിട്ടിയതാവാം. പുകയിലയെടുത്ത് കൊടുത്തും അവരുടെ മടിയിൽ കിടന്നും സുന്ദരം ആ സിനിമാ കാഴ്ചകളിൽ ഒപ്പംകൂടിയിരുന്നിരിക്കണം . ഒരുപക്ഷെ സുന്ദരം പുറപ്പെട്ടുപോയെന്ന് അറിയാത്ത ഏകയാൾ ആ പാട്ടിയാണ്. അവസാനം ജെയിംസ് തിരികെ വണ്ടിയിലേറുമ്പോൾ കാണിയ്ക്കുന്ന രംഗത്തിൽ ആ കറുത്ത കണ്ണടമറവിലൂടെ കണ്ണുനീരൊലിച്ചിറങ്ങുന്നത് കാണാം. ഇവിടെ പശ്ചാത്തലമായി
“വീടു വരെ ഉറവ്
വീഥിവരെ മനൈവി
കാടുവരെ പിള്ളൈ
കടൈശി വരെ യാരോ”
എന്ന വരികൾ കേൾക്കാം. ബന്ധങ്ങളുടെ കെട്ടുപാടുകളിൽ നിന്നും സുന്ദരം യാത്രാവുന്നത് ഈ സന്ദർഭത്തിലാവാം.

ജെയിംസ് തന്റെ പകർന്നാട്ടം പൂർത്തിയാക്കി വണ്ടിയിലേക്ക്
തിരിച്ചു പോകുമ്പോൾ,
“ആടിയ ആട്ടം എന്ന
പേശിയ വാർത്തൈ എന്ന
തേടിയ സെൽവമെന്ന
തിരണ്ടതോർ സൂത്രമെന്ന
കൂടുവിട്ടു ആവി പോനാൽ
കൂടവേ വരുവൈതെന്നെ ”
എന്ന ഗാനം പശ്ചാത്തലത്തിൽ കേൾക്കുന്നുണ്ട്.

ജീവിതത്തിലെ തന്റെ വേഷം മുഴുവനാക്കാതെ ഒരു നല്ല വിടപറയൽ പോലുമില്ലാതെ വയലിൽ മറഞ്ഞ സുന്ദരത്തിന് ഒരു വാഴ്വ് കൂടി കൊടുത്തുകൊണ്ട് ജെയിംസ് എന്ന നാടകക്കമ്പനി മുതലാളി സ്വയം ആ ജീവിതം അഭിനയിച്ചു തീർക്കുകയായിരുന്നോ? അതോ താൻ നടിക്കാൻ മാറ്റിവച്ച ഒരു വേഷം ജെയിംസ് സ്വപ്നത്തിലൂടെ കാണുകയും അതിൽ ജീവിക്കുകയുമായിരുന്നോ?. ഈ വിധചിന്തകളിൽ സിനിമ അവസാനിക്കുമ്പോൾ “ഒരിടത്ത്” എന്ന ബോർഡ് വച്ച സാരഥി തിയേറ്ററിന്റെ വണ്ടി ഓടി നീങ്ങുകയാണ്; ‘കുഴഞ്ഞ ജീവിതങ്ങളെ കഥയും കഥാപാത്രങ്ങളുമാക്കുന്ന’ പുതിയ നാടക യാത്രകളിലേക്ക്… ആ വണ്ടിയെ പിന്തുടരുന്ന സുന്ദരത്തിന്റെ നായ നമ്മൾ കാഴ്ചക്കാർ തന്നെയല്ലേ?