കേരള ബജറ്റ്‌: പ്രവാസി ക്ഷേമത്തിന് വകയിരുത്തിയത് 257.81 കോടി

പ്രവാസി കേരളീയരുടെ ക്ഷേമത്തിന്‌ സംസ്ഥാന ബജറ്റിൽ 257.81 കോടി രൂപ വകയിരുത്തി. ഇതിൽ 143.81 കോടിരൂപ നോർക്കയുടെ പ്രവർത്തനങ്ങൾക്കുള്ള തുകയാണ്‌. സുസ്ഥിര ജീവനോപാധി പുനരധിവാസ പദ്ധതിയായ എൻഡിപിആർഇഎമ്മിന്‌ 25 കോടിരൂപയും പുനരധിവാസ പുനസംയോജന ഏകോപന പദ്ധതിക്ക്‌ 44 കോടി രൂപയും സാന്ത്വന പദ്ധതിക്ക്‌ 33 കോടിരൂപയും വിവിധ ക്ഷേമ പദ്ധതികൾക്കായി 12 കോടിരൂപയുമാണ്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ പ്രവാസികൾക്ക്‌ വകയിരുത്തിയ തുക.

ആഗോള മാന്ദ്യത്തിന്റെയും ഗൾഫ്‌ രാജ്യങ്ങളിലെ ദേശീയ വൽക്കരണത്തിന്റെയും ഫലമായി കേരളത്തിലേക്ക്‌ തിരികെ എത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ തൊഴിൽ സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കാൻ സുസ്ഥിര ജീവനോപാധി പദ്ധതിയായ എൻഡിപിആർഇഎം പദ്ധതി സർക്കാർ നടപ്പാക്കുന്നത്‌. ഇതിന്‌ പുറമെയാണ്‌ തരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസ പുനസംയോജന ഏകോപന പദ്ധതിക്കായി 44 കോടിരൂപ കൂടി വകയിരുത്തിയത്‌.

പ്രവാസികൾക്ക്‌ ഏറെ ആശ്വസം പകരുന്നതാണ്‌ ‘സാന്ത്വന’ പദ്ധതി. കുറഞ്ഞത്‌ രണ്ട്‌ വർഷം വിദേശത്ത്‌ ജോലി ചെയ്‌ത്‌ മടങ്ങി വന്ന മലയാളികൾക്ക്‌ 50,000 രൂപ വരെ ചികിൽസാ സഹായവും ഒരു ലക്ഷം രൂപവരെ മരണാനന്തര ധനസഹായവും 15,000 രൂപവരെ വിവാഹ ധനസഹായവും നൽകുന്നുണ്ട്‌. വൈകല്യമുള്ളവർക്ക്‌ സഹായ ഉപകരണങ്ങൾ വാങ്ങാൻ 10000 രൂപയും ഒറ്റതവണയായി നൽകുന്നുണ്ട്‌. 33 കോടിരൂപയാണ്‌ ഇതിനായി ബജറ്റിൽ നീക്കിവെച്ചത്‌. ‘കേരള ദി നോൺ റസിഡന്റ്‌ കേരളൈറ്റ്‌സ്‌ വെൽഫെയർ ബോർഡ്‌’ മുഖേനെയും വിവിധ ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നുണ്ട്‌.

കുതിച്ചുചാട്ടത്തിനുള്ള അടിസ്ഥാനം: 
മന്ത്രി ബാലഗോപാൽ

സംസ്ഥാനത്തിന്റെ വലിയ കുതിച്ചുചാട്ടത്തിനുള്ള അടിസ്ഥാനമാണ് ഇടുന്നതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. മൂന്നു വർഷത്തിനുള്ളിൽ മൂന്നു ലക്ഷം കോടിയുടെ നിക്ഷേപമാണ്‌ ലക്ഷ്യം. സാമ്പത്തികരംഗത്ത്‌ രാജ്യത്താകെ മരവിപ്പുണ്ട്‌. ഇതിനെ നേരിടാൻ സർക്കാർ കൂടുതൽ ചെലവിടുകയാണ്‌ ചെയ്യുന്നത്‌. സമ്പദ്‌വ്യവസ്ഥ സജീവമാകണം. ലൈഫിൽ രണ്ടു വർഷംകൊണ്ട്‌ 10,000 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതും 1000 കോടി ചെലവഴിച്ച്‌ ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കുന്നതുമടക്കം ഈ ലക്ഷ്യത്തോടെയാണ്‌. വിഴിഞ്ഞം തുറമുഖം വൻ സാധ്യതയാണ്‌ തുറന്നിടുന്നത്‌. ടൂറിസം രംഗത്തെ അനന്തസാധ്യതകളും പ്രയോജനപ്പെടുത്തും. കേന്ദ്രം സംസ്ഥാനങ്ങളെ അവഗണിക്കുന്നെന്ന്‌ കോൺഗ്രസ്‌ അഖിലേന്ത്യ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയും കർണാടകത്തിലെ കോൺഗ്രസ്‌ മുഖ്യമന്ത്രി സിദ്ധരാമയ്യയും പറയുന്നുണ്ട്‌. ഇവർക്ക്‌ മനസ്സിലായത്‌ കേരളത്തിലെ പ്രതിപക്ഷ നേതാവിന്‌ മനസ്സിലാകുന്നില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പുതിയ കേരളത്തിനുള്ള ഉറച്ച കാൽവയ്‌പ്‌

പ്രതിസന്ധികളും പ്രയാസങ്ങളും മറികടന്ന് പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള ഉറച്ച കാൽവയ്‌പാണ് ബജറ്റെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അതിവേഗം നവീകരിക്കപ്പെടുന്ന കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്കായുള്ള വിപുലമായ പരിപാടിയുടെ അവതരണമാണ് ഈ ബജറ്റെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ശത്രുതാപരമായ സമീപനംമൂലം സംസ്ഥാനം നേരിടുന്ന ഞെരുക്കം നിലനിൽക്കുമ്പോഴും ജനങ്ങൾക്കുവേണ്ടിയുള്ള വികസന- ക്ഷേമ പ്രവർത്തനങ്ങളിൽ കുറവ്‌ വരാതിരിക്കാൻ ബജറ്റിൽ ശ്രദ്ധിച്ചിട്ടുണ്ട്.പുതിയ കാലത്തിന്റെ വെല്ലുവിളികൾ അതിജീവിക്കാൻ സംസ്ഥാനത്തിന്റെ സാധ്യതകളാകെ ഉപയോഗിക്കാനും വ്യത്യസ്തവും വേഗമേറിയതുമായ രീതികൾ അവലംബിക്കാനുമാണ് ബജറ്റ് ശ്രമിക്കുന്നത്. നാടിന് അർഹമായത് നേടിയെടുക്കാനുള്ള യോജിച്ച മുന്നേറ്റത്തിന്റെ പ്രാധാന്യത്തിനും ബജറ്റ് അടിവരയിടുന്നതായും അദ്ദേഹം പറഞ്ഞു.