എംബാപ്പേയെ മെസ്സിക്കും റൊണാൾഡോക്കും മുകളിൽ പ്രതിഷ്ഠിക്കാനാവില്ലെന്ന് പറയുന്നത് എന്ത് കൊണ്ട്? ഷഫീക് സൽമാൻ എഴുതുന്നു

ഖത്തർ ലോകകപ്പ് ഫുട്ബാളിന് തിരശീല വീണപ്പോൾ ലയണൽ മെസ്സിൽ എന്ന പേരിനു ശേഷം ഏറ്റവും അധികം ഫുട്ബോൾ പ്രേമികൾ ഉച്ചരിച്ചത് ‘കിലിയൻ എംബപ്പേ’ എന്നായിരിക്കും. കലാശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ ജയത്തിലേക്ക് അർജന്റീന നീങ്ങുമെന്ന സാഹചര്യത്തിൽ കേവലം മിനിറ്റുകളുടെ ഇടവേളയിൽ ആണ് തകർപ്പൻ ഹാട്രിക് നേടി കൊണ്ട് എംബപ്പേ മത്സരത്തിലേക്ക് ഫ്രാൻസിനെ തിരിച്ചു കൊണ്ട് വന്നത്. ഹാട്രിക് നേടിയെങ്കിലും പെനാൽറ്റി ഷൂട്ട് ഔട്ടിൽ എംബാപ്പയുടെ ഫ്രാൻസ് പരാജയപ്പെട്ടു. എങ്കിലും എംബപ്പേ ദോഹയിൽ നിന്ന് മടങ്ങുന്നത് തലയുയർത്തി കൊണ്ട് തന്നെ ആണ്. നവമാധ്യമങ്ങളിൽ ഇന്നലെ വരെ നടന്ന ചർച്ചകൾ മെസ്സിയോ റൊണാൾഡോയോ എന്നായിരുന്നെങ്കിൽ അക്കൂട്ടത്തിലേക്കു എംബാപ്പയുടെ പേര് കൂടി ചേർത്ത് വെക്കുന്നവർ ഉണ്ട്. ഈ വിഷയത്തിൽ ഷഫീഖ് സൽമാൻ എഴുതിയ കുറിപ്പ് പങ്കു വെക്കുന്നു

എംബാപ്പേ അസാമാന്യനായ ഒരു പ്ളെയർ ആണ്. അതിനാരുടേയും സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ല. അയാളുടെ ഇതുവരെയുള്ള കരിയർ അതിനു അടിവരയിടുന്നുണ്ട്. പക്ഷേ, അയാളെ ഗോട്ട് എന്നൊക്കെ വിശേഷിപ്പിക്കാനോ, മെസ്സിക്കും റൊണാൾഡോയ്ക്കും ഒക്കെ മുകളിൽ അവരോധിക്കാനോ ഉള്ള ടൈം ആയിട്ടില്ല എന്നാണ് തോന്നുന്നത്. ഇനിയും ഒരുപാട് കാലം മുന്നോട്ടു പോകാനുണ്ട്. മെസിയ്ക്കും റൊണാൾഡോയ്ക്കും ഇല്ലാതിരുന്ന ഒരുപാട് പ്രിവിലേജുകൾ എംബാപ്പെയ്ക്ക് അന്തർദേശീയ ഫുട്ബോളിൽ ഉണ്ടായിട്ടുണ്ട്. അതിലേറ്റവും പ്രധാന കാര്യം അയാളുടെ ദേശീയ ടീമിൻ്റെ നിലവാരമാണ്. 2018 ആയാലും ഈ വേൾഡ് കപ്പ് ആയാലും ഏറ്റവും മികച്ച, സൂപ്പർതാരങ്ങളായ പ്രതിഭാധനന്മാരുടെ ഒരു പടയ്ക്കൊപ്പം ആണ് അയാൾ ഇറങ്ങിയത്.

എന്നാൽ തങ്ങളുടെ കരിയറിൻ്റെ പ്രൈമിൽ, അതായത് എംബാപ്പെയുടെ ഈ ഒരു പ്രായത്തിൽ മെസ്സിയ്ക്കും റൊണാൾഡോയ്ക്കും ആ ഒരു ആനുകൂല്യം ലഭിച്ചിട്ടില്ല. 2014-ലെ അർജൻ്റീന പോലെയൊരു ടീമിൽ എംബാപ്പെയ്ക്ക് പെർഫോം ചെയ്യേണ്ടി വന്നിട്ടില്ല. മെസ്സി ആ ടീമിനെ ഏറേക്കുറെ ഒറ്റയ്ക്ക് അന്നു ഫൈനൽ വരെയെത്തിച്ചു. ഇന്നലെ വളരെ മോശമായി കളിച്ച ഫ്രാൻസിനു അവസാനം ഒരു ലൈഫ് കൊടുത്തത് എംബാപ്പെയാണ്. പക്ഷേ, സ്റ്റിൽ അതു ഫ്രാൻസിൻ്റെ ലോകോത്തര ടീമാണ്.

രണ്ടാമത്തെ കാര്യം എംബാപ്പെ അയാളുടെ പ്രൈമിൽ കളിക്കുന്നത് മറ്റു പല യൂറോപ്യൻ ലീഗുകളുമായി താരതമ്യം ചെയ്യുമ്പോൾ വെല്ലുവിളികൾ കുറഞ്ഞ ഫ്രഞ്ച് ലീഗിൽ ആണെന്നതാണ്. അതിൽ തന്നെ അവിടെയുള്ള മറ്റു ടീമുകൾക്ക് തൽക്കാലം സ്വപ്നം കാണാനാകത്ത ക്വാളിറ്റിയുള്ള പി.എസ്.ജി-യിൽ. അതിനർഥം എംബാപ്പേയ്ക്ക് മറ്റു ലീഗുകളിൽ തിളങ്ങാൻ പറ്റില്ല എന്നല്ല. അതു സാധിക്കാനുള്ള കഴിവ് അയാൾക്കുണ്ട്. പക്ഷേ, അതു സാധ്യമാകുന്നതു വരെ ഹാലൻഡോ എംബാപ്പെയോ എന്നു ചോദിച്ചാൽ നിലവിൽ അതു ഹാലൻഡ് എന്നു തന്നെ പറയേണ്ടി വരും.
മറ്റൊരു കാര്യം എംബാപ്പെയുടെ പ്ലെയിംഗ് സ്റ്റൈൽ ആണ്. അസാധാരണമായ വേഗതയും കരുത്തുമാണ് അയാളുടെ നിലവിലെ ഏറ്റവും ശക്തമായ ആയുധങ്ങൾ. മെസിയെപ്പോലെയോ നെയ്മറിനെപ്പോലെയൊ ഒരു ടെക്നിക്കൽ ഫുട്ബോൾ പ്ളെയറല്ല. ഹെഡേഴ്സിലും ഡെഡ്ബോളിലും റൊണാൾഡോയ്ക്കുള്ള മികവിനോളമുണ്ടെന്ന് ഇതുവരെയും തോന്നിപ്പിച്ചിട്ടില്ല. എംബാപ്പെ കരിയറിൽ ഇതുവരെ ഒരു ഫ്രീകിക്ക് ഗോൾ ആക്കിയിട്ടില്ല. അതുകൊണ്ടു തന്നെ പ്രായമാകുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് എങ്ങനെ അയാൾ തൻ്റെ ഗെയിം മാറ്റും എന്നത് കാണേണ്ടതാണ്. മെസി ഈ പ്രായത്തിലും ടീമിൻ്റെ അനിവാര്യ ഘടകമായി നിലനിൽക്കുന്നത് ആ ഒരു അഡാപ്റ്റബിലിറ്റിയ്ക്ക് ഉള്ള കഴിവാണ്. റൊണാൾഡോ കുറച്ച് വർഷങ്ങളായി മങ്ങിക്കൊണ്ടിരുന്നതും ഇക്കാരണത്താലാകാം.

എംബാപ്പേയ്ക്ക് 24 വയസ്സാകുന്നു. മെസി ആദ്യമായി 22-ആമത്തെ വയസ്സിലാണ് ബാലൺ ഡി ഓർ കരസ്ഥമാക്കുന്നത്. തുടർന്നുള്ള മൂന്നു വർഷവും ഉൾപ്പെടെ തുടർച്ചയായി നാലു ബാലൺ ഡി ഓർ. എംബാപ്പെയുടെ പ്രായതിൽ രണ്ടെണ്ണം പോക്കറ്റിലായിക്കഴിഞ്ഞു. മിക്കവാറും വരുന്ന വർഷം തൻ്റെ എട്ടാമത്തെ ബാലൺ ഡി ഓറും മെസി നേടിയേക്കും. വയസ്സ് 36! ഈ മെസി ഉള്ളപ്പോൾ ആണ് മിസ്റ്റർ റൊണാൾഡോ 5 ബാലൺ ഡി ഓർ നേടുന്നത്. ചില മേഖലകളിൽ മെസിയ്ക്ക് മുകളിലും മെസിയ്ക്ക് താഴെയുമൊക്കെയായി കട്ടയ്ക്ക് കട്ടയ്ക്ക് അടിച്ചു നിന്നത്. അയാളെജ്ജാതി ടാലൻ്റായിരിക്കണം. അതിലുപരി എത്രമാത്രം ഹാർഡ് വർക്കിംഗ് ആയിരിക്കണം.

ഈ രണ്ടു പഹയന്മാരും കൂടി കഴിഞ്ഞ പത്തിരുപതു വർഷമായി ഫുട്ബോൾ ഭരിക്കാൻ തുടങ്ങിയിട്ട്. ഫുട്ബോൾ പോലൊരു സ്പോർട്ടിൽ അതൊരു ഭീകര കാലയളവാണ്. അതിലൊരാൾ ഇന്നു ലോക ചാമ്പ്യനുമായിരിക്കുന്നു. അതും സൂപ്പർ താരങ്ങളൊന്നുമില്ലാത്ത സാധാരണ ഒരു ടീമിനേയും വച്ച്. 5 കളികളിൽ മാൻ ഓഫ് ദ മാച്ചായി റെക്കോർഡ് ഇട്ടിട്ട്. റൊണാൾഡൊ, ഈ വർഷം നിറം മങ്ങിയെങ്കിലും, അയാളുടെ കരിയറിൻ്റെ ഏറ്റവും മികച്ച വർഷങ്ങളിൽ എതിർ ടീമുകളെ സംബന്ധിച്ചിടത്തോളം അൺപ്ളേയബിൾ ആയിരുന്നു. രണ്ടോ മൂന്നോ കൊല്ലമല്ല, ഏകദേശം രണ്ടു ദശകത്തോളം അവരു രണ്ടാളും കൂടി ഒരുമാതിരി മൊണോപ്പൊളി ആയിരുന്നു.

ആ ഒരു സ്ഥാനത്ത് എംബാപ്പെയെ പ്രതിഷ്ഠിക്കണമെങ്കിൽ ഇനിയും കുറേ കാലം കഴിയണം. ആ പ്രൊഫഷണൽ മൈൻ്റ് സെറ്റ് അയാൾക്കുണ്ട്. മറ്റു കാര്യങ്ങൾ കണ്ടറിയണം. ഒട്ടും എളുപ്പമല്ല. ഹാലൻഡ് ഉണ്ട്, എൻ്റെ ഇപ്പോളത്തെ ഫേവറൈറ്റ് ക്വിച്ച ക്വരറ്റ്സ്കേലിയ ഉണ്ട്. ചെറിയ പണിയല്ല. സോ ആവേശ കമ്മിറ്റിക്കാർ വെയ്റ്റ് മാഡു. പയ്യനു ടൈം വേണം. വെയ്റ്റ് ആൻ്റ് സീ.