Opinion- ഇസ്രായേൽ ആക്രമണം; അൽ-അഖ്‌സ പള്ളി വീണ്ടും അശാന്തമാകുമ്പോൾ

അറബ് – ഇസ്രായേൽ സംഘർഷത്തിന്റെ കേന്ദ്രമായത് ജറുസലേമിലെ അൽ-അഖ്‌സ പള്ളി വീണ്ടും മാറുകയാണോ ? ഇക്കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വരുന്ന വാർത്തകൾ ഈ ചോദ്യം ആണ് മുന്നോട്ടു വെക്കുന്നത്. ബുധനാഴ്ച പുലർച്ചെ റംസാൻ പ്രാർത്ഥനയ്ക്കിടെ അൽ-അഖ്‌സ പള്ളിയിൽ ഇസ്രായേൽ പോലീസ് നടത്തിയ ആക്രമണത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പോലീസ് നടത്തിയ റെയ്ഡിന് പിന്നാലെയുണ്ടായ സംഭവത്തില്‍ നിരവധി പലസ്തീനികൾ ആക്രമണത്തിനിരയാകുകയും അറസ്റ്റ് ചെയ്യപ്പെടുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ വെസ്റ്റ് ബാങ്കിലുടനീളം കനത്ത പ്രതിഷേധമാണ് ഉയരുന്നത്. മസ്ജിദിനകത്തേക്ക് ഇസ്രായേൽ പോലീസ് അകാരണമായി സ്റ്റണ്‍ ഗ്രനേഡുകള്‍ എറിഞ്ഞെന്നും, പ്രാര്ഥിച്ചിരുന്നവരെ മർദിച്ചെന്നും പരിക്കേറ്റവരിൽ ചിലർ വെളിപ്പെടുത്തി. മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റിയതടക്കം 12 പേർക്ക് പരിക്കേറ്റതായി ഫലസ്തീൻ റെഡ് ക്രസന്റ് റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ സൈന്യം പരിക്കേറ്റവരെ ചികിൽസിക്കാൻ എത്തിയ ഡോക്ടറെ പള്ളിയിൽ തടഞ്ഞതായി റിപ്പോട്ടിൽ പറയുന്നു. ഇസ്രായേൽ പോലീസ് പലസ്തീനികളെ മസ്ജിദ് കോമ്പൗണ്ടിൽ നിന്ന് പുറത്താക്കുകയും പ്രാർത്ഥിക്കുന്നതിൽ നിന്ന് തടയുകയും ചെയ്തതായും ദൃക്‌സാക്ഷികൾ പറയുന്നുണ്ട്.

അൽ-അഖ്‌സ മസ്ജിദ് – അൽപ്പം ചരിത്രം

വാഗ്ദത്ത ഭൂമിയിൽ ഏറ്റവുമധികം തർക്കങ്ങൾക്ക് വിഷയമായ മതപരമായ പ്രദേശം ആണ് ജൂതന്മാർക്ക് ഹർ-ബൈത്ത് എന്നും മുസ്ലീങ്ങൾക്ക് അൽ ഹറം അൽ-ഷെരീഫ് (ശ്രേഷ്ടമായ സങ്കേതം) എന്നും അറിയപ്പെടുന്ന അൽ-അഖ്സ പള്ളി. ക്രിസ്തീയ, ഇസ്ലാം, യഹൂദ മത വിശ്വാസികൾക്ക് ഒരുപോലെ പ്രധാനപ്പെട്ട വിശുദ്ധ നഗരമായ ജറുസലേമിലെ ഒരു പഴയ നഗരത്തിന്റെ കുന്നിൻ മുകളിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്.

ഇസ്ലാമിക വിശ്വാസികൾക്ക് വളരെ പ്രധാനപ്പെട്ട ആരാധനാലയങ്ങളിൽ ഒന്നാണ് അഖ്സ പള്ളി. മക്കയിലെ മസ്ജിദുൽ ഹറം, മദീനയിലെ മസ്‍ജിദുൽ നബവി എന്നിവ കഴിഞ്ഞാൽ മുസ്ലീങ്ങൾ വിശുദ്ധമായി കരുതുന്ന മൂന്നാമത്തെ പള്ളിയായി മസ്ജിദുൽ അഖ്‌സാ അറിയപ്പെടുന്നു.

മക്കയിലെ മസ്ജിദുൽ ഹറം നിർമിച്ച് 40 വർഷത്തിന് ശേഷം പണിത അൽ അഖ്‌സയാണ് ഭൂമിയിലെ രണ്ടാമത്തെ മസ്ജിദ്. മുസ്ലിം പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ അൽ അഖ്‌സ പള്ളി ആദ്യം പണിതത് ആദ്യത്തെ മനുഷ്യനും ആദ്യത്തെ പ്രവാചകനുമായ ആദം ആണ്. പിന്നീട് പ്രവാചകന്മാരായ ഇബ്രാഹിമും (അബ്രഹാം) ദാവൂദും (ദാവീദ്) ഇത് പുതുക്കിപ്പണിതു. സുലൈമാൻ (സോളമൻ) ആണ് മസ്ജിദുൽ അഖ്‌സ പുനർനിർമ്മാണം പൂർത്തിയാക്കിയത്. പിന്നീട് ബി സി 587ൽ ബാബിലോണിയൻ രാജാവ് നെബുക്കദ്‌ നെസാറിന്റെ ആക്രമണത്തിൽ അഖ്‌സ പള്ളി തകർന്നു. ലോക മുസ്ലിംകൾ ആദ്യകാലത്ത് ഈ പള്ളിയുടെ നേരേ തിരിഞ്ഞായിരുന്നു നിസ്കാരം (പ്രാർത്ഥന) നിർവഹിച്ചിരുന്നത്. മുസ്ലിംകളുടെ ആദ്യത്തെ ഖിബ്‌ല യാണ് മസ്ജിദുൽ അഖ്സ. പിന്നീട് മക്കയിലുള്ള മസ്ജിദുൽ ഹറമിലേക്ക് തിരിഞ്ഞാണ് നിസ്ക്കാരം നിർവ്വഹിക്കുന്നത്.

യഹൂദരുടെ വിശ്വാസത്തില്‍ മസ്ജിദുല്‍ അഖ്‌സ സോളമന്‍ നിർമിച്ച അമ്പലമായും അദ്ദേഹം തന്റെ നിധി ഇവിടെ സൂക്ഷിച്ചുവെന്നും വിശ്വസിക്കുന്നു. യഹൂദരെ സംബന്ധിച്ചിടത്തോളം ഈ സ്ഥലം ടെംപിൾ മൌണ്ട് എന്നാണു അറിയപ്പെടുന്നത്.ഇവിടെ രണ്ടു പുരാതന യഹൂദ ക്ഷേതങ്ങൾ ഉണ്ടായിരുന്നതായും അവർ വിശ്വസിച്ച് പോരുന്നുണ്ട്. ലോകത്തിന്റെ സൃഷ്ട്ടി ആരംഭിച്ചെന്നു അവർ വിശ്വസിച്ച് പോരുന്ന സ്ഥലം കൂടി ആണ് അൽ -അഖ്‌സ നില നിൽക്കുന്ന പ്രദേശം. എ ഡി 70-ൽ റോമാക്കാർ സോളമൻ രാജാവ് നിർമ്മിച്ച ക്ഷേത്രങ്ങളിലൊന്ന് തകർത്തു.

അൽ- അഖ്‌സയുടെ പേരിൽ പലസ്തീനും ഇസ്രയേലും തമ്മിൽ നടന്ന സംഘർഷങ്ങൾ

1947-ൽ, ബ്രിട്ടീഷുകാരുടെ കീഴിലായിരുന്ന പലസ്തീനെ രണ്ടായി വിഭജിക്കാനുള്ള ഒരു പദ്ധതി ഐക്യരാഷ്ട്രസഭ തയ്യാറാക്കി – ഒന്ന് ജൂതന്മാർക്കും മറ്റൊന്ന് പലസ്തീനികൾക്കും. അൽ-അഖ്‌സ സ്ഥിതി ചെയ്യുന്ന കിഴക്കൻ ജറുസലേം, മതപരമായ പ്രാധാന്യം കാരണം യുഎൻ ഭരണത്തിന് കീഴിലുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗമായിരുന്നു.ഇസ്രായേൽ രാഷ്ട്രപദവി പ്രഖ്യാപിച്ചതിന് ശേഷം, 1948-ൽ ആദ്യത്തെ അറബ്-ഇസ്രായേൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഏകദേശം 78 ശതമാനം ഭൂമിയും ഇസ്രായേൽ പിടിച്ചെടുത്തു, ബാക്കിയുള്ള വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, ഗാസ എന്നിവ ഈജിപ്ഷ്യൻ, ജോർദാൻ എന്നിവയുടെ നിയന്ത്രണത്തിലുമായി.

ഇസ്രായേൽ കിഴക്കൻ ജറുസലേം പിടിച്ചടക്കാൻ തുടങ്ങി, 1967 ൽ സിറിയ, ഈജിപ്ത്, ജോർദാൻ എന്നിവയുമായുള്ള ആറ് ദിവസത്തെ യുദ്ധത്തിന് ശേഷം, പഴയ നഗരവും അൽ-അഖ്സയും ഉൾപ്പെടെ ജറുസലേമിനെ അവർ പിടിച്ചെടുത്തു. 1980-ൽ, അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ജറുസലേമിനെ ഇസ്രായേലിന്റെ “സമ്പൂർണവും ഏകീകൃതവുമായ” തലസ്ഥാനമായി പ്രഖ്യാപിക്കുന്ന ഒരു നിയമം ഇസ്രായേൽ പാസാക്കി. ഇന്ന്, ലോകത്തെ ഒരു രാജ്യവും ഇസ്രായേലിന്റെ ജറുസലേമിന്റെ ഉടമസ്ഥതയെയോ നഗരത്തിന്റെ ഭൂമിശാസ്ത്രത്തിലും ജനസംഖ്യാപരമായ ഘടനയിലും മാറ്റം വരുത്താനുള്ള അതിന്റെ ശ്രമങ്ങളെ അംഗീകരിക്കുന്നില്ലെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

1967-ലെ പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇസ്രായേൽ ഈ പ്രദേശം പിടിച്ചെടുക്കുകയും കിഴക്കൻ ജറുസലേമിന്റെ ബാക്കി ഭാഗങ്ങളും വെസ്റ്റ് ബാങ്കിന്റെ സമീപ പ്രദേശങ്ങളുമായി കൂട്ടിച്ചേർക്കുകയും ചെയ്തു. 1994-ൽ ഇസ്രായേൽ ജോർദ്ദാനുമായി ഉണ്ടാക്കിയ സമാധാന ഉടമ്പടി പ്രകാരം ജോർദ്ദാൻ ധനസഹായം നൽകുകയും നിയന്ത്രിക്കുകയും ചെയ്യുന്ന വഖഫ് എന്ന ഇസ്ലാമിക ട്രസ്റ്റ് പള്ളിയുടെ നിയന്ത്രണം നടത്തി വരുന്നു. 2000-ത്തിൽ പൊട്ടിപ്പുറപ്പെട്ട പലസ്തീൻ പ്രക്ഷോഭത്തിനും അൽ -അഖ്‌സ പള്ളിയുമായി വലിയ ബന്ധമുണ്ട്. അന്നത്തെ ഇസ്രായേലിലെ പ്രതിപക്ഷ നേതാവും വലതുപക്ഷ രാഷ്ട്രീയ നേതാവുമായിരുന്ന ഏരിയൽ ഷാരോൺ യഹൂദരുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പള്ളിയിൽ സന്ദർശനം നടത്തിയത് ഇസ്രായേൽ -പലസ്തീൻ ബന്ധം വഷളാക്കിയിരുന്നു. 2021 ൽ ഗാസയും ഇസ്രയേലും തമ്മിൽ 11 ദിവസത്തെ യുദ്ധത്തിന് കാരണമായതും അൽ അഖ്‌സ പള്ളിയിലെ ആരാധനയെയും, പ്രവേശനത്തെയും കുറിച്ചുള്ള തർക്കങ്ങളാണ്.

അൽ- അഖ്‌സയിൽ ഈ മണിക്കൂറുകളിൽ

മുസ്ലിങ്ങളുടെ പുണ്യമാസമായ റമദാൻ മാസത്തിൽ അൽ -അഖ്‌സ പള്ളിയിൽ സംഘർഷങ്ങൾ ഉണ്ടാവാറുണ്ട്. ഇസ്രായേൽ സൈന്യം ഒറ്റരാത്രികൊണ്ട് അൽ-അഖ്‌സ മസ്ജിദിൽ പ്രവേശിച്ച് ഫലസ്തീനുകാരുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് അറബ് ലീഗ് ബുധനാഴ്ച അടിയന്തര സമ്മേളനത്തിന് യോഗം ചേരാൻ തീരുമാനിച്ചിരുന്നു.ജോർദാൻ, പലസ്തീൻ അതോറിറ്റിയുടെയും ഈജിപ്തിന്റെയും പങ്കാളിത്തത്തോടെ, അടിയന്തര സെഷൻ നടത്താൻ വഖഫ് ബോർഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. “ഇസ്രായേലി ആക്രമണം അസ്വീകാര്യമാണ്, ജറുസലേമിന്റെ ചരിത്രപരവും നിയമപരവുമായ പദവി മാറ്റുക എന്നതാണ് അതിന്റെ ലക്ഷ്യം. മുഴുവൻ മേഖലയെയും ഭീഷണിപ്പെടുത്തുന്ന അപകടകരമായ ഇസ്രായേൽ അധിനിവേശം തടയാൻ ഞങ്ങൾ എല്ലാ നടപടികളും സ്വീകരിക്കുന്നു,” വഖഫ് ബോർഡ് പ്രസ്ഥാനവയിൽ പറയുന്നു.

അതെ സമയം പള്ളിയില്‍ പ്രവേശിച്ച തങ്ങള്‍ക്കു നേരെ ഫലസ്തീനികള്‍ കല്ലെറിഞ്ഞെന്നും അതിനുള്ള മറുപടിയായിരുന്നു വെടിവെപ്പെന്നുമാണ് പൊലിസ് ഭാഷ്യം. മുഖംമൂടി ധരിച്ചെത്തിയ പ്രക്ഷോഭകര്‍ ആക്രമണം നടത്തിയതിനാലാണ് കോമ്പൗണ്ടിനുള്ളിലേക്ക് കടക്കാന്‍ നിര്‍ബന്ധിതരായതെന്ന് ഇസ്രായേൽ പൊലിസ് പ്രസ്താവനയില്‍ പറഞ്ഞു. പൊലിസ് പ്രവേശിച്ചപ്പോള്‍, അവര്‍ക്ക് നേരെ കല്ലെറിയുകയും ഒരു വലിയ സംഘം പ്രക്ഷോഭകര്‍ പള്ളിക്കുള്ളില്‍ നിന്ന് പടക്കം പൊട്ടിക്കുകയും ചെയ്തു. ആക്രമണത്തില്‍ ഒരു പൊലിസുകാരന്റെ കാലിന് പരിക്കേറ്റെന്നും പോലീസ് ആരോപിക്കുന്നു. വെസ്റ്റ് ബാങ്കിലും, ജറുസലേമിലും കഴിഞ്ഞ ഒരു വര്‍ഷമായി അക്രമം വര്‍ധിച്ച് വരികയാണ്. റമദാനും ഈസ്റ്ററും ഒന്നിച്ചായതിനാല്‍ ഈ മാസം സംഘര്‍ഷം വര്‍ദ്ധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.