എല്ലാ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം നിലനിർത്താൻ ഞങ്ങൾ ശ്രമിക്കും; ശ്രീലങ്കൻ പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യ സംസാരിക്കുന്നു

ശ്രീലങ്കൻ പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യ ദി ഫെഡറലിനു നൽകിയ അഭിമുഖത്തിന്റെ സ്വതന്ത്ര പരിഭാഷ

Translated By; Shilpa Dinesh

ശ്രീലങ്കയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു സുപ്രധാന നിമിഷം അടയാളപ്പെടുത്തി കൊണ്ട് വി​ദ്യാഭ്യാസ-രാഷ്ട്രീയ പ്രവർത്തകയായ ഡോ. ഹരിണി അമരസൂര്യ രാജ്യത്തിന്റെ 16-ാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2000-ൽ സിരിമാവോ ബണ്ഡാരനായകെയ്ക്ക് ശേഷം ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് 54 കാരിയായ ഹരിണി അമരസൂര്യ.

രാജ്യതലസ്ഥാനമായ കൊളംബോയിൽ തേയിലത്തോട്ടം ഉടമയുടെ മകളായാണ് ഹരിണി ജനിച്ചത്. ഡൽഹി ഹിന്ദു കോളേജിൽ നിന്ന് സാമൂഹിക ശാസ്ത്രത്തിൽ ബിരുദം നേടിയ ഹരിണി സ്‌കോട്ട്ലാൻഡിലെ എഡിൻബറോ സർവ്വകലാശാലയിൽ നിന്നാണ് പിഎച്ച്ഡി പൂർത്തിയാക്കുന്നത്. തുടർന്ന് സാമൂഹിക ശാസ്ത്ര-നരവംശശാസ്ത്ര പ്രൊഫസർ എന്ന നിലയിലും അധ്യാപക ട്രേഡ് യൂണിയൻ നേതാവായും ശ്രദ്ധേയയായ ഇടപെടലുകൾ നടത്തി. ഒരു പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിന് ശേഷം 2015-ലാണ് അമരസൂര്യ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. അവരുടെ കുടുംബത്തിൽ നിന്ന് രാഷ്ട്രീയ രം​ഗത്തേക്ക് കടന്നുവരുന്ന ആദ്യ വ്യക്തിയാണ് ഹരിണി അമരസൂര്യ. ജനത വിമുക്തി പെരമുന (ജെ വി പി) മറ്റ് ട്രേഡ് യൂണിയനുകളും അവകാശ ഗ്രൂപ്പുകളുമായി ചേർന്നാണ് 2015 ൽ നാഷണൽ പീപ്പിൾസ് പവർ (എൻപിപി)എന്ന രഷ്ട്രിയ മുന്നണിക്ക് രൂപം നൽകിയത്. എൻപിപി നാമനിർദ്ദേശത്തിലൂടെ ശ്രീലങ്കയിലെ പാർലമെന്റ് അംഗമായ അമരസൂര്യ, മനുഷ്യാവകാശ പ്രവർത്തക എന്ന നിലയിൽ അവരുടെ പാർട്ടിയിലെ പ്രധാന മുഖങ്ങളിൽ ഒന്നാണ്.

മനുഷ്യാവകാശങ്ങൾക്കും സ്ത്രീകളുടെ സാമൂഹിക പദവിക്കും അംഗീകാരത്തിനും അവകാശങ്ങൾക്കും വേണ്ടി നിലയുറപ്പിച്ച ഡോ. ഹരിണി, ശ്രീലങ്കൻ ദേശീയ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി 1,700 കിലോമീറ്ററുകളോളം സഞ്ചരിച്ച് ആറ് പൊതു പരിപാടികളിലെങ്കിലും ദിവസവും സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് രാജ്യത്തെ സാമ്പത്തിക വീണ്ടെടുക്കൽ പ്രധാന വിഷയമായപ്പോൾ, ദ്വീപ് രാഷ്ട്രത്തിലെ വരേണ്യ രാഷ്ട്രീയ സംസ്കാരത്തിൽ മാറ്റം വരുത്തണമെന്നായിരുന്നു എൻപിപി മുന്നോട്ട് വച്ച ആവശ്യം. കുടുംബരാഷ്ട്രീയ സംസ്കാരം അവസാനിപ്പിക്കുന്നതിനും, ആഭ്യന്തരയുദ്ധത്തിൽ തങ്ങളുടെ ഉറ്റവരുടെ തിരോധാനത്തിനും കൊലപാതകത്തിനും സാക്ഷ്യം വഹിച്ച കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന ഉറപ്പും ഹരിണി തന്റെ തെരഞ്ഞെടുപ്പ് പ്രസം​ഗങ്ങളിൽ ഊന്നിപ്പറഞ്ഞുകൊണ്ടിരുന്നു.

രാഷ്ട്രീയത്തിൽ സ്ത്രീ പ്രാതിനിധ്യം കുറവാണെങ്കിലും പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാരുള്ള (52 ശതമാനം) അപൂർവമായ പ്രത്യേകത ശ്രീലങ്കയ്ക്കുണ്ട്. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ എൻപിപി വിജയിച്ചാൽ അതിനെല്ലാം മാറ്റം വരുമെന്ന് സ്ത്രീ വോട്ടർമാരുമായുള്ള ആശയവിനിമയത്തിൽ ഹരിണി വ്യക്തമാക്കിയിരുന്നു. ദി ഫെഡറലിനു നൽകിയ അഭിമുഖത്തിൽ, പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങൾ, ശ്രീലങ്കൻ രാഷ്ട്രീയത്തിലെ സ്ത്രീകളുടെ പങ്ക്, ലിംഗസമത്വം, ആഭ്യന്തരയുദ്ധാനന്തര കാലഘട്ടത്തിൽ സ്ത്രീകൾ സത്യത്തിൻ്റെയും അനുരഞ്ജനത്തിൻ്റെയും ശ്രമങ്ങൾ എങ്ങനെ നയിക്കുന്നു എന്നിവയെക്കുറിച്ച് അമരസൂര്യ സംസാരിക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്‌ചകളിൽ, ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതായി കരുതപ്പെടുന്ന തെരഞ്ഞെടുപ്പിൽ നിങ്ങൾ ശക്തമായി പ്രചാരണം നടത്തി. വിനാശകരമായ സാമ്പത്തിക പ്രതിസന്ധിക്കും സർക്കാരിനെതിരായ തെരുവ് പ്രതിഷേധത്തിനും ശേഷം ശ്രീലങ്കൻ ജനതയുടെ ആവശ്യങ്ങളെയും അഭിലാഷങ്ങളെയും കുറിച്ച് എന്താണ് പഠിച്ചത്?

ഒരു കാര്യം വ്യക്തമാണ്, ശ്രീലങ്കയിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. നേരത്തെ നടന്ന തെരഞ്ഞെടുപ്പുകളിൽ നിന്നെല്ലാം ഈ തെരഞ്ഞെടുപ്പ് വ്യത്യസ്തമാണെന്നാണ് ഞാൻ കരുതുന്നത്. സാമ്പത്തിക പ്രതിസന്ധിയും തുട‍‍ർന്നുള്ള അരഗാലയ മുന്നേറ്റവും തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ആളുകളുടെ ചിന്താ​ഗതിയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. വിയോജിപ്പ് അല്ലെങ്കിൽ പ്രതിഷേധം (സിംഹള ഭാഷയിൽ) എന്നർത്ഥം വരുന്ന അരഗാലയ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള പൗരന്മാരുടെ പ്രക്ഷോഭമായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ, ഉയരുന്ന ജീവിതച്ചിലവ്, വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിലെ പ്രതിസന്ധി, വരുമാനനഷ്ടം, എല്ലാം ഒരു വശത്തുണ്ടെങ്കിലും പെട്ടെന്നുള്ള പരിഹാരമല്ല ജനങ്ങൾ ആ​ഗ്രഹിക്കുന്നത്. അർത്ഥവത്തായ ഒരു പരി​ഹാരം അവർ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അതിനാൽ, അവർ സാമ്പത്തിക വീണ്ടെടുപ്പിനെക്കുറിച്ചും ഏറ്റവും പ്രധാനമായി, രാഷ്ട്രീയ വ്യവസ്ഥയെ ശുദ്ധീകരിക്കുന്നതിനെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിക്കുന്നു. അവർ യഥാർത്ഥത്തിൽ രാഷ്ട്രീയ സംസ്കാരത്തിലും രാഷ്ട്രീയ സംവിധാനത്തിലും പ്രാഥമികമായി വരേണ്യവാദ രാഷ്ട്രീയ ചട്ടക്കൂടിലും ഒരു മാറ്റമാണ് ആ​ഗ്രഹിക്കുന്നത്.

രാഷ്ട്രീയ കുടുംബങ്ങളിൽ നിന്നുള്ളവ‍ർ അടക്കം 38 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇവർക്കിടയിലെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വ്യത്യാസങ്ങളെ എങ്ങനെ കാണുന്നു?

സ്ഥാനാർത്ഥികളിൽ ഭൂരിഭാഗവും നിഴൽ സ്ഥാനാർത്ഥികളോ സ്ഥിരമായി രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആളുകളോ ആണ്. എന്നിരുന്നാലും, നിങ്ങൾ പ്രമുഖ സ്ഥാനാർത്ഥികളെ നോക്കുകയാണെങ്കിൽ രണ്ട് വ്യത്യസ്ത ക്യാമ്പുകളുണ്ടെന്ന് വ്യക്തമാണ്. ഒരു ക്യാമ്പ് നിലവിലെ അവസ്ഥയെയും നിലവിലുള്ള രാഷ്ട്രീയ സംസ്കാരത്തെയും പ്രതിനിധീകരിക്കുന്നു. മറ്റൊന്ന് വ്യത്യസ്തമായ കാഴ്ചപ്പാടും പുതിയ രാഷ്ട്രീയ സംസ്കാരവും വ്യത്യസ്തമായ സൂത്രവാക്യവും വാഗ്ദാനം ചെയ്യുന്നു.

ഒരുഭാ​ഗത്ത്, എൻ്റെ പ്രായത്തോളം തന്നെ രാഷ്ട്രീയ പ്രവർത്തി പരിചയമുള്ള മുൻ പ്രസിഡൻ്റായ റെനിൽ വിക്രമസിംഗെയയുണ്ട്. ഇതിന് പുറമെ മുൻ പ്രസിഡൻ്റുമാരുടെ മക്കളായ സജിത്ത് പ്രേമദാസയും, നമൽ രജപക്സയുമുണ്ട്. ഇവരെല്ലാം തന്നെ ഒരു സംവിധാനത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. മറുവശത്ത് 30 വർഷമായി രാഷ്ട്രീയത്തിലുള്ള, എന്നാൽ വ്യത്യസ്തമായ പശ്ചാത്തലത്തിൽ നിന്നുള്ള അനുരാ കുമാര ദിസാനായകെ (എകെഡി) ഉണ്ട്. തൻ്റെ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ അദ്ദേഹം ഇപ്പോഴുള്ള സ്ഥാനത്തെത്തി, ക്രമേണ രാഷ്ട്രീയ രം​ഗത്ത് മുന്നേറി. അദ്ദേഹത്തിന്റെ ഉയർച്ച ആരും ഒരു തളികയിൽ അദ്ദേഹത്തിന് കൈമാറിയതല്ല, അതിനായി അദ്ദേഹത്തിന് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അദ്ദേഹം കലാപത്തെ അതിജീവിച്ചു, പാർട്ടിക്കുള്ളിലെ പ്രതിസന്ധികളെ മറികടന്നു, അങ്ങനെ ഉയർന്നു വന്നതാണ്. ഇത് രണ്ട് വ്യത്യസ്ത രാഷ്ട്രീയ പൈതൃകങ്ങളെ പ്രതിനിധീകരിക്കുന്നു.

രാഷ്ട്രീയ-മത-ജാതി-വർ​ഗ പരിഗണനകൾക്ക് അതീതമായി എല്ലാ ശ്രീലങ്കക്കാരെയും ഒരുപോലെ കാണുന്ന ഒരു ഭാവിയിലേക്ക് രാജ്യത്തെ നയിക്കാൻ നിങ്ങളുടെ പാർട്ടി നൽകുന്ന വാഗ്ദാനങ്ങൾ എന്തൊക്കെയാണ്?

ജെവിപി വളരെക്കാലം മുൻപ് അക്രമം ഉപേക്ഷിച്ചതാണ്. അധികാരം നേടാനുള്ള മാർഗമായി അക്രമത്തെ കാണുന്നില്ലെന്നും, മുന്നോട്ട് ഇത്തരം അക്രമരാഷ്ട്രീയത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി പരസ്യമായി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 1994 മുതലുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുന്ന ജെവിപി മുഖ്യധാരാ രാഷ്ട്രീയത്തിൻ്റെ ഭാഗം തന്നെയായിരുന്നു. ഞങ്ങൾ ഈ രാജ്യത്തെ രാഷ്ട്രീയ-ജനാധിപത്യ വ്യവസ്ഥിതികളിൽ സമന്വയിപ്പിക്കപ്പെട്ടിരിക്കുന്നു. 1994 ന് ശേഷവും ഞങ്ങൾ പലപ്പോഴും രാഷ്ട്രീയ അക്രമത്തിന് ഇരകളായിട്ടുണ്ട്, പക്ഷേ ഒരിക്കലും അക്രമത്തിന് പ്രേരിപ്പിച്ചിട്ടില്ല. അക്രമം ഇനി ഒരു ഓപ്ഷനല്ലെന്ന് അനുരാ തന്നെ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ജെവിപിയുടെ ചരിത്രം പരിശോധിച്ചാൽ, നിരവധി ആളുകളുടെ മരണത്തിന് ഇടയാക്കിയ ഇതര രാഷ്ട്രീയ പാർട്ടികളുടെ അക്രമങ്ങളെ കൃത്യമായി നേരിടാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ, ഈ വിഷയത്തിൽ ജെവിപിയെ മാത്രമായി കുറ്റപ്പെടുത്താനുമാകില്ല. രാജ്യത്തെ രാഷ്ട്രീയ കക്ഷികൾ എല്ലക്കാലവും അധികാരത്തിൽ തുടരാനും തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനും അക്രമത്തിന് മുതിർന്നിട്ടുണ്ട്. ശ്രീലങ്കൻ ഫ്രീഡം പാർട്ടിയും യുണൈറ്റഡ് നാഷണൽ പാർട്ടിയും വളരെക്കാലമായി ഈ സംവിധാനത്തിൻ്റെ ഭാഗമാണ്.

നിങ്ങൾ ശ്രീലങ്കയിലെ ഒരു പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും വിയോജിപ്പിനും ചെറുത്തുനിൽപ്പിനുമുള്ള പൗരസമൂഹത്തിന്റെ അവകാശങ്ങളെക്കുറിച്ച് നിരന്തരം എഴുതുന്നയാളുമാണ്. അടുത്തിടെയുണ്ടായ പ്രതിഷേധങ്ങളും ചെറുത്തുനിൽപ്പുകളും രാജ്യത്തെ മെച്ചപ്പെട്ട രാഷ്ട്രീയ സംവാദത്തിലേക്ക് നയിച്ചിട്ടുണ്ടോ?

അത് നമ്മുടെ രാഷ്ട്രീയത്തെ വ്യത്യസ്തമായ മേഖലയിലേക്ക് നയിച്ചുവെന്നാണ് ഞാൻ കരുതുന്നത്. ഞാൻ തുടക്കത്തിൽ തന്നെ പറഞ്ഞതുപോലെ, സാമ്പത്തിക പ്രതിസന്ധിയുടെയും രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയുടെയും അടിസ്ഥാന കാരണങ്ങളെക്കുറിച്ച് ആളുകൾക്ക് കൂടുതൽ അവബോധമുണ്ട്. അത് കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചു എന്നതാണ് ഇതിൽ നി‍ർണ്ണായകമായത്. അരഗാലയ മുന്നേറ്റത്തിന് ശേഷം രാജ്യത്ത് രാഷ്ട്രീയ മാറ്റം ഉണ്ടാകണമെന്ന ആഗ്രഹവുമായി ജനങ്ങൾ എല്ലാ വ്യത്യാസങ്ങളും മാറ്റിവെച്ച് ഒറ്റകെട്ടായി മുന്നോട്ട് വന്നു.

സാമ്പത്തിക പ്രതിസന്ധി എല്ലാവരേയും ബാധിക്കുന്നുവെന്നും അതിൻ്റെ മൂലകാരണം രാഷ്ട്രീയ പ്രതിസന്ധിയാണെന്നും മനസ്സിലാക്കി, രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുകയാണ് അരഗാലയ ചെയ്തത്. രാഷ്‌ട്രീയ പ്രതിസന്ധി പരിഹരിക്കുക എന്നത് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് അനിവാര്യമാണ്. നമ്മുടെ ചരിത്രത്തിലെ നിർണ്ണായകമായ ഒരു ഘട്ടമാണിത്. മുൻ തെരഞ്ഞെടുപ്പുകളിൽ ദേശീയ സുരക്ഷയെ പ്രധാന പ്രശ്നമാക്കി സമുദായങ്ങൾ പലപ്പോഴും പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഇത്തവണ അതല്ല സ്ഥിതി. ഇതാദ്യമായി, ഏതെങ്കിലും പ്രത്യേക സമുദായത്തിന് നേരെയുള്ള ഭീഷണി എന്നുള്ളതല്ല പ്രധാന വിഷയം. ശ്രീലങ്കയെ ഏകീകരിക്കാനും അതിൻ്റെ ഭാവി എങ്ങനെയായിരിക്കണമെന്ന് പുനർവിചിന്തനം ചെയ്യാനും ഇത് ഒരു വലിയ അവസരം നൽകുന്നു.

പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ കൂടുതലായി വോട്ടുചെയ്യുന്ന ലോകത്തിലെ അപൂർവ രാജ്യമാണ് ശ്രീലങ്ക. പാർലമെൻ്റിൽ തുച്ഛമായ പ്രാതിനിധ്യം മാത്രമുള്ള സ്ത്രീകൾക്ക് ശ്രീലങ്കൻ രാഷ്ട്രീയത്തിൽ പൊതുവെയും പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലുമുള്ള പങ്ക് എന്താണ്?

എല്ലാ തെരഞ്ഞെടുപ്പുകളിലും സ്ത്രീകളുടെ വോട്ടുകൾ നിർണായകമാണ്. ശ്രീലങ്കയിലെ വോട്ടർമാരിൽ 52 ശതമാനം സ്ത്രീകളാണ്. ഓരോ തവണയും രാഷ്ട്രീയ രംഗത്ത് കാര്യമായ മാറ്റം സംഭവിക്കുമ്പോൾ, സ്ത്രീകളുടെ വോട്ടുകൾ നിർണായകമാണ്, ഇത്തവണയും അത് വ്യത്യസ്തമല്ല. ഇപ്പോൾ പ്രത്യേകിച്ചും നിർണായകം എന്ന് പറയാനുള്ളത് എൻപിപിക്ക് സ്ത്രീകളിൽ നിന്നുള്ള പിന്തുണയാണ്. സ്ത്രീകളെ രാഷ്ട്രീയമായി സംഘടിപ്പിക്കുകയും രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കാനുള്ള ഇടം നൽകുകയും ചെയ്യണമെന്ന ഞങ്ങളുടെ തീരുമാനമാണ് ഇതിന് കാരണം. കഴിഞ്ഞ ഒരു വർഷമായി, സമുദായ തലത്തിലും താഴേത്തട്ടിലുമുള്ള സ്ത്രീകളുമായി ഇടപഴകാൻ ഞങ്ങൾ കഠിനമായി പരിശ്രമിച്ചു. ഈ ശ്രമം വളരെയധികം ഫലപ്രദവുമായി. വനിതാ വോട്ടർമാർക്കിടയിൽ എൻപിപിക്ക് ശക്തമായ അടിത്തറയുണ്ടെന്ന് നിങ്ങൾക്ക് ഇപ്പോൾ കാണാൻ കഴിയും, ഇത് മറ്റ് രാഷ്ട്രീയ പാർട്ടികളെ കൂടുതൽ വനിതാ വോട്ടർമാരെ അഭിസംബോധന ചെയ്യാനും അവരെ അണിനിരത്താനും പ്രേരിപ്പിച്ചു. പരമ്പരാഗതമായി, തെരഞ്ഞെടുപ്പ് സമയത്ത് വനിതാ വോട്ടർമാരെ കൈനീട്ടങ്ങളും സമ്മാനങ്ങളും സ്വാധീനിച്ചിരുന്നു. ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്. സ്ത്രീകൾ ഇനി അതിൽ വീഴില്ല. അവർ കൂടുതൽ വിമർശനാത്മകമായ ചോദ്യങ്ങൾ രാഷ്ട്രീയക്കാരോട് ചോദിക്കാൻ തുടങ്ങി.

കൂടാതെ, സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം സ്ത്രീകളെയും കുടുംബങ്ങളെയും വളരെ മോശമായി തന്നെ ബാധിച്ചിട്ടുണ്ട്. ജീവിതച്ചെലവ്, ഭക്ഷണം, അവശ്യവസ്തുക്കളുടെ വില എന്നിവ കുതിച്ചുയർന്നതോടെ തങ്ങളുടെ കുടുംബത്തെ നിലനിർത്താനുള്ള വെല്ലുവിളി സ്ത്രീകൾക്ക് ഭാരമായിട്ടുണ്ട്. ഇക്കാരണത്താൽ, രാഷ്ട്രീയ മാറ്റത്തിൽ സജീവമായി പങ്കെടുക്കാൻ ഇത്തവണ സ്ത്രീകൾക്കിടയിൽ തന്നെ വളരെയധികം താൽപ്പര്യമുണ്ട്. അടുത്ത പാർലമെൻ്റിൽ വനിതാ എംപിമാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ശ്രീലങ്കയിലെ നീണ്ട ആഭ്യന്തരയുദ്ധത്തിൽ ഏറ്റവും അധികം ഇരകളായത് സ്ത്രീകളും കുട്ടികളും ആണെന്ന് നിങ്ങൾ നിരന്തരം എഴുതുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തരയുദ്ധാനന്തര കാലഘട്ടത്തിൽ അവരുടെ ശബ്ദങ്ങളെ നിങ്ങൾ എങ്ങനെ സത്യത്തിലേക്കും അനുരഞ്ജന പ്രക്രിയയിലേക്കും എത്തിക്കും?

ഈ രാജ്യത്തെ സ്ത്രീകൾ, പ്രത്യേകിച്ച് ആഭ്യന്തരയുദ്ധം ബാധിച്ചവർ, തങ്ങൾക്ക് എന്താണ് വേണ്ടതെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അനുരഞ്ജന പ്രക്രിയ, നഷ്ടപരിഹാരം, പരാതി പരിഹാര സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് നിരവധി കമ്മീഷനുകൾ ഇരകളായ സ്ത്രീകളുടെ അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്. ഈ വിഷയങ്ങളിൽ സർക്കാർ നടപടിയെടുക്കേണ്ട സമയമാണിത്. വർഷങ്ങളായി സ്ത്രീകൾ ഈ മാറ്റം ആവശ്യപ്പെടുന്നു. തങ്ങളുടെ കുടുംബാംഗങ്ങൾക്ക് എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള സത്യം അവർ അന്വേഷിക്കുകയാണ്. ഇത് ഗൗരവമായി തന്നെ എടുക്കേണ്ടതാണ്. സുരക്ഷാ സേനയ്ക്ക് കൈമാറിയ അവരുടെ കുടുംബാംഗങ്ങൾക്കും കാണാതായവർക്കും എന്താണ് സംഭവിച്ചതെന്ന് ജനങ്ങൾ അറിയേണ്ടതുണ്ട്. ഇതിന് വ്യക്തമായ ഉത്തരങ്ങൾ ആവശ്യമാണ്.

എന്താണ് സംഭവിച്ചതെന്ന് ആളുകൾക്ക് മനസിലാകണം. ആ പ്രക്രിയ സത്യാന്വേഷണ സംവിധാനമായിരിക്കണം, അതിലൂടെ ആളുകൾ അവരുടെ നഷ്ടങ്ങളിൽ വിലപിക്കാനും സങ്കടപ്പെടാനും സംഭവിച്ച കാര്യങ്ങളുമായി പൊരുത്തപ്പെടാനുമാകണം. ഇതെല്ലാം അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും വേണം. നീതിബോധം പ്രദാനം ചെയ്യുന്ന ഒന്നാണ് അടുത്ത പ്രക്രിയ. മാപ്പപേക്ഷ സംവിധാനങ്ങൾ പരീക്ഷിച്ച ദക്ഷിണാഫ്രിക്കയിലെ സമാനമായ പ്രക്രിയകൾ ഇതിനായി ഉപയോ​ഗിക്കാം. എന്നാൽ എല്ലാറ്റിനുമുപരിയായി, ഇത് സംഭവിച്ചുവെന്ന് ജനങ്ങൾ തിരിച്ചറിയുകയും വിലപിക്കാൻ അവസരം നൽകുകയും വേണം. അനുസ്മരണ ചടങ്ങുകൾ പോലും ഇനി കുറ്റകൃത്യങ്ങളകാൻ കഴിയില്ല, അത് അസഹനീയമാണ്.

വിദേശനയത്തിൽ, ഇന്ത്യ ആശങ്കപ്പെടുന്ന പ്രാദേശിക സുരക്ഷയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുമായുള്ള ബന്ധത്തിൽ നിങ്ങളുടെ പാർട്ടിയുടെ നിലപാട് എന്താണ്?

ഈ ഘട്ടത്തിൽ നമുക്ക് ശത്രുക്കളെ ഉണ്ടാക്കാൻ കഴിയില്ല. നമുക്ക് മേൽക്കൈ ഉണ്ടെന്നും അതിനാൽ കാര്യങ്ങൾ നമ്മൾ നിർദേശിക്കുന്ന വഴിയേ പോകണം എന്ന ചിന്തയോടെ ചർച്ചയിൽ ഒരു നിലപാട് സ്വീകരിക്കാൻ ഞങ്ങൾക്ക് കഴിയില്ല. പക്ഷേ നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന വ്യക്തമായ അജണ്ട നമുക്ക് ഉണ്ടായിരിക്കണം. ഈ പ്രാദേശിക പിരിമുറുക്കം ഞങ്ങൾക്കറിയാം, ഞങ്ങൾ എവിടെയാണെന്നതും അവരുടെ സുരക്ഷയെ ബാധിക്കുന്നതുമായ ഇന്ത്യയുടെ സുരക്ഷാ ആശങ്കകളോട് തീർച്ചയായും സംവേദനക്ഷമതയുള്ളവരുമാണ്. ഞങ്ങൾ അത് തീർച്ചയായും കണക്കിലെടുക്കും. അത് ഉൾക്കൊണ്ടുകൊണ്ട്, എല്ലാ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം നിലനിർത്താൻ ഞങ്ങൾ ഒരേസമയം ശ്രമിക്കും. അതേസമയം വ്യക്തവും അഴിമതിരഹിതവുമായ വിദേശ നിക്ഷേപം ക്ഷണിക്കുകയും ചെയ്യുന്നു.

അഴിമതിക്കെതിരെ പോരാടുന്നതിന് ഞങ്ങളുടെ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്ന് നമ്മുടെ ആഗോള പങ്കാളികൾ തിരിച്ചറിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എവിടെയും എത്തിപ്പെടാത്ത നിക്ഷേപം ആകർഷിച്ചതുകൊണ്ടാണ് നമ്മൾ ഇന്ന് ഈ സ്ഥാനത്തെത്തിയത്. നമ്മുടെ അന്താരാഷ്ട്ര പങ്കാളികൾ അവരുടെ താൽപ്പര്യങ്ങളെക്കുറിച്ച് മാത്രമല്ല, നമുക്ക് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ചിന്തിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പ്രാദേശിക സമാധാനവും നല്ല അയൽപക്ക ബന്ധവുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതേസമയം, ഞങ്ങളെ ബഹുമാനിക്കുകയും ഞങ്ങളുടെ ജനങ്ങളെ മികച്ച രീതിയിൽ സേവിക്കുന്ന തീരുമാനങ്ങൾ എടുക്കാൻ അനുവദിക്കുകയും വേണം.

അരഗാലയ പോരാട്ട കാലത്ത് രാജിവച്ച മുൻ പ്രസിഡൻ്റ് ഗോതബയ രാജപക്‌സെയുടെ കാര്യമോ? സാമ്പത്തിക കെടുകാര്യസ്ഥത സംബന്ധിച്ച് സുപ്രീം കോടതി വിധിയുണ്ടായി. വിഷയത്തിൽ പിന്തുടരേണ്ട ജുഡീഷ്യൽ പ്രക്രിയയെക്കുറിച്ച് നിങ്ങൾ കണ്ടുമുട്ടുന്ന യുവാക്കളുടെ ആവശ്യങ്ങൾ എന്തൊക്കെയാണ്?

കോടതി വിധി അനുകൂലമാണെങ്കിലും തുടർനടപടി സ്വീകരിക്കേണ്ടതുണ്ട്. അവർ ഉത്തരവാദികളാണെങ്കിൽ, അടുത്തതായി എന്തുചെയ്യണം? ഉദാഹരണത്തിന്, മുൻ പ്രസിഡന്റുമാർ എന്ന നിലയിൽ ഗോതബയ രാജപക്സെ, മഹിന്ദ രാജപക്സെ എന്നിവർക്ക് പെൻഷനുകളും ആനുകൂല്യങ്ങളും ലഭിക്കുന്നത് തുടരുന്നു. പ്രതിഷേധങ്ങൾക്ക് ശേഷം വന്ന വിധി കണക്കിലെടുക്കുമ്പോൾ, പൊതു ഫണ്ട് ഉപയോഗിച്ച് അവരെ പിന്തുണയ്ക്കുന്നത് തുടരേണ്ടതുണ്ടോ? ഈ ചോദ്യമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.

രാജപക്സകളും മുൻ ഭരണകൂടവും മാത്രമല്ല സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദികളെന്ന് ഞങ്ങളും അരഗാലയ പോരാട്ടത്തിൽ ഉൾപ്പെട്ട പലരും സമ്മതിക്കുന്നു. ഇത് കാലങ്ങളായി നിലനിൽക്കുന്ന പ്രശ്നമാണ്. രാജപക്സകൾ പ്രതിസന്ധികളെ അവ​ഗണിക്കുകയും ഗോതബയ രാജപക്സയുടെ തെറ്റായ ഇടപെടലുകൾ സ്ഥിതി വഷളാക്കുകയും ചെയ്തു. എന്നാൽ നമ്മുടെ അസ്ഥിരവും ദുർബലവുമായ സമ്പദ് വ്യവസ്ഥയ്ക്ക് കാരണം അവരുടെ മാത്രം പ്രവർത്തനത്തിന്റെ ഫലമായിരുന്നില്ല. ഈ പ്രശ്നം അവരുടെ കാലാവധിക്ക് മുമ്പുള്ളതാണ്, നിലവിലെ പ്രസിഡൻ്റുൾപ്പെടെയുള്ള മറ്റുള്ളവരും ഉത്തരവാദിത്തം ഏറ്റെടുക്കണം. രജപക്സ പ്രധാനമന്ത്രിയായിരിക്കെ നമ്മൾ നേടിയ അന്താരാഷ്ട്ര പരമാധികാര ബോണ്ടുകളിൽ ഭൂരിഭാഗവും നമ്മുടെ കടം പുനഃക്രമീകരിക്കുന്നതിൽ നിർണായകമായിരുന്നു എന്നത് എടുത്തുപറയേണ്ടതാണ്.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള എൻപിപിയുടെ നിലപാട് എന്താണ്, പ്രത്യേകിച്ചും പരിസ്ഥിതി ദുരന്തത്തിൽ നിന്ന് ഭൂമിയെ രക്ഷിക്കുന്നതിൽ ആഗോളതലത്തിൽ ശക്തമായ ശബ്ദമുയർത്തുന്ന യുവാക്കൾക്കിടയിൽ നിങ്ങളുടെ പാർട്ടി ജനപ്രിയമായതിനാൽ?

നമ്മുടെ ജൈവവൈവിധ്യ സംവേദനക്ഷമത കണക്കിലെടുക്കുമ്പോൾ ഇത് ഗുരുതരമായ പ്രശ്നമാണ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള നമ്മുടെ വികസന അജണ്ടയിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കണം. നമ്മുടെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കേണ്ടതിൻ്റെയും കാർബൺ ബഹിർഗമനം കുറയ്ക്കേണ്ടതിൻ്റെയും ആവശ്യകത കണക്കിലെടുത്ത് തീരുമാനമെടുക്കും. അതേസമയം, ആഗോളതലത്തിൽ സജീവമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെ ഈ ഉത്തരവാദിത്തം കൂടുതൽ തുല്യമായും നീതിയുക്തമായും പങ്കിടുകയും സമ്പന്ന രാജ്യങ്ങൾ അവരുടെ ഉത്തരവാദിത്തങ്ങൾ കൂടുതൽ ഗൗരവമായി എടുക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു.