ഗള്‍ഫ് രാഷ്ട്രങ്ങള്‍ സ്വദേശിവൽക്കരണ തീരുമാനം ശക്തമാക്കിയതോടെ പ്രവാസി ലക്ഷങ്ങള്‍ ആശങ്കയില്‍

ആറു ഗള്‍ഫ് രാഷ്ട്രങ്ങള്‍ സ്വദേശിവല്ക്കരണതീരുമാനം ശക്തമാക്കിയതോടെ പ്രവാസി ലക്ഷങ്ങള്‍ ആശങ്കയില്‍. നിതാഖത് അഥവാ സ്വദേശിവല്ക്കരണം വ്യാപകമായി നടപ്പാക്കിത്തുടങ്ങിയ സൗദി അറേബ്യക്കു പുറമേ കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍, യുഎഇ, ഖത്തര്‍ എന്നിവയാണ് ഈ പാത പിന്തുടരുന്നത്. സൗദിയിലെ സ്വദേശിവല്ക്കരണത്തിന്റെ രണ്ടാംഘട്ടം മൂന്നു ദിവസം മുമ്പാണ് ആരംഭിച്ചത്. 2024 നുള്ളില്‍ 3.4 ലക്ഷം പ്രവാസികള്‍ക്കു പകരം സ്വദേശികളെ നിയമിക്കുമെന്നാണ് സൗദി മാനവശേഷി-സാമൂഹ്യവികസന മന്ത്രാലയം പ്രഖ്യാപിച്ചിരുന്നതെങ്കിലും 2023ല്‍ തന്നെ ഇത്രയും പേരെ പിരിച്ചുവിടുമെന്ന നിലക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

വിഷന്‍ 2030 പ്രകാരം വിദേശികളില്‍ 60 ശതമാനത്തോളം പേരെ പുറത്താക്കും വിധമാണ് പിരിച്ചുവിടപ്പെടേണ്ടവരുടെ കണക്കെടുപ്പു നടന്നുവരുന്നതെന്ന് പ്രവാസി സംഘടനകള്‍ ‘ജനയുഗ’ത്തിനയച്ച സന്ദേശങ്ങളില്‍ പറയുന്നു. സൗദി അറേബ്യയിലെ 32 ലക്ഷം ഇന്ത്യാക്കാരില്‍ 17 ലക്ഷവും മലയാളികളാണെന്നാണ് കണക്ക്. സൗദിക്കു പുറമേ മറ്റു ഗള്‍ഫ് രാജ്യങ്ങളായ കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലായി 1.34 കോടി പ്രവാസികളാണുണ്ടായിരുന്നത്. എണ്ണ പ്രതിസന്ധിയും കോവിഡും മൂലം ലക്ഷങ്ങളാണ് തൊഴില്‍ നഷ്ടപ്പെട്ട് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 16 ലക്ഷം ഇന്ത്യന്‍ പ്രവാസികള്‍ക്കാണ് തൊഴിലില്ലാതായത്. കേരളത്തില്‍ മാത്രം ഒമ്പത് ലക്ഷത്തില്‍പരമെന്നാണ് കണക്ക്.

ഗള്‍ഫ് നാടുകള്‍ ഏതാണ്ട് കോവിഡ് വിമുക്തമാവുകയും എണ്ണവില കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തില്‍ ഗള്‍ഫിലെ തൊഴിലവസരങ്ങള്‍ പഴയ മട്ടില്‍ പുനരുജ്ജീവിപ്പിക്കപ്പെടുന്ന ശുഭകാലാവസ്ഥയ്ക്കിടെയാണ് സ്വകാര്യവല്ക്കരണത്തിന്റെ വെള്ളിടി. 34 ലക്ഷം ഇന്ത്യാക്കാരും അവരില്‍ 17 ലക്ഷം മലയാളികളുമുള്ള യുഎഇയില്‍ മന്ദഗതിയിലായിരുന്ന സ്വദേശിവല്ക്കരണം വലിയ ആശ്വാസമായിരുന്നുവെങ്കില്‍ അവിടെയും സ്വദേശി വല്ക്കരണ നടപടികള്‍ക്ക് വേഗം കൂടി. സ്വദേശികള്‍ക്കുമാത്രം തൊഴില്‍ നല്കുന്നതിനുള്ള തൊഴില്‍ മേളകള്‍ യുഎഇയില്‍ വ്യാപകമായി നടന്നുവരികയാണ്.

ചെറുകിട പലചരക്കു കടകളായ ബഖാലകള്‍, മൊബൈല്‍ ഷോപ്പുകള്‍, ചെറിയ വസ്ത്രവില്പന കേന്ദ്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ നടത്തുന്നവരില്‍ മഹാഭൂരിപക്ഷവും മലയാളികളാണ്. നിര്‍മ്മാണ മേഖലകളില്‍ പട്ടിണിക്കൂലിക്കു പണിയെടുക്കുന്നവരിലും നല്ലൊരു പങ്ക് മലയാളികള്‍. എന്തിന് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ലൈസന്‍സോടെ കടലക്കച്ചവടം നടത്തി ഉപജീവനമാര്‍ഗം തേടുന്നവരും മലയാളികള്‍, മാളുകളില്‍ പണിയെടുക്കുന്നവരില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്.

ഒഴിവാക്കാന്‍ തൊടുന്യായങ്ങള്‍
എണ്ണയേതര വരുമാനം 16 ശതമാനത്തില്‍ നിന്നും 50 ശതമാനമായി വര്‍ധിപ്പിക്കാന്‍ സ്വദേശിവല്ക്കരണം സഹായിക്കുമെന്നാണ് സൗദി അറേബ്യയുടെ കണക്കുകൂട്ടല്‍, ജനസംഖ്യയിലെ സന്തുലിതാവസ്ഥ നിലനിര്‍ത്താനാണ് ഭൂരിപക്ഷം വരുന്ന പ്രവാസികളെ ഒഴിവാക്കുന്നതെന്നാണ് കുവൈറ്റിന്റെ ന്യായീകരണം.

പത്തുലക്ഷം മലയാളികള്‍ മടങ്ങേണ്ടിവന്നേക്കും
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സ്വദേശിവല്ക്കരണം വരും നാളുകളില്‍ ശക്തമാകുന്നതോടെ അടുത്ത വര്‍ഷം അവസാനത്തോടെ 18 ലക്ഷം പേരെങ്കിലും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കപ്പെടുമെന്നാണ് സൂചന. ഇവരില്‍ പത്തു ലക്ഷത്തിലേറെ മലയാളികളാവുമെന്നും കണക്കുണ്ട്. ഇത്രയും പേര്‍ കൂടി പണി നഷ്ടപ്പെട്ട് മടങ്ങിയെത്തിയാല്‍ അത് 34 ലക്ഷം തൊഴില്‍രഹിതരുള്ള സംസ്ഥാനത്തെ സാമൂഹ്യ‑സാമ്പത്തിക മേഖലകളിലുണ്ടാക്കുന്ന ആഘാതം കനത്തതാകുമെന്ന ആശങ്കയും പടരുന്നു.

കെ രംഗനാഥ് (തിരുവനന്തപുരം) ജനയുഗം ഓൺലനിൽ എഴുതിയ ലേഖനം