മുക്കുവരും കടൽകാക്കകളും: കുടിയേറ്റം, വംശീയത, ഫുട്ബോൾ

1995 ജനുവരി 25. സെൽഹേസ്റ്റ് പാർക്കിൽ, ക്രിസ്റ്റൽ പാലസ് – മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം നടക്കുന്നു. നിരവധി പരുക്കൻ ടാക്കിളുകൾ കൊണ്ട് ചൂടുപിടിച്ച ഒന്നാം പകുതി അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ പാലസ് താരം ഷോയ്ക്കെതിരായ അനാവശ്യ ഫൗളിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് എറിക് കാന്റോണ ചുവപ്പുകാർഡ് കണ്ട് പുറത്തുപോവുന്നു. ദേഷ്യം കൊണ്ടാവണം, അടുത്തെത്തിയിട്ടും മാനേജർ അലക്സ് ഫെർഗൂസൺ എറിക്കിനെ ശ്രദ്ധിക്കുന്നില്ല. അടുത്തതായി കാണുന്ന കാഴ്ച പരസ്യപലകകൾക്ക് മുകളിലൂടെ ചാടിക്കയറി എറിക് കാന്റോണ ഒരു പാലസ് ആരാധകനെ മർദിക്കുന്നതാണ്. സ്വതവേ അഹങ്കാരിയും ഇംഗ്ലീഷ് മാധ്യമങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്തവനുമായ എറിക്കിനെ ആക്രമിക്കാൻ വീണുകിട്ടിയ അവസരം അവർ നന്നായി മുതലെടുത്തു.

വിദേശികളായ കളിക്കാർ സ്വദേശികളായ ആരാധകരെ ആക്രമിക്കുന്നതിനെതിരെ വലതുപക്ഷ മാധ്യമങ്ങൾ അച്ചുനിരത്തി. ഒറ്റ രാത്രികൊണ്ട് എറിക്കിന് ഇംഗ്ലണ്ടിലാകെ ‘ഫോറിൻ വില്ലൻ’ എന്ന പ്രതിച്ഛായ ലഭിച്ചു. എറിക്കിൻറെ ചെയ്തിയെ ‘ഫുടബോളിന്റെ മുഖത്തേറ്റ കറ”യെന്ന് വിശേഷിപ്പിച്ചുകൊണ്ട് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ പ്രസ്താവനയിറക്കി. ഒൻപത് മാസത്തേക്ക് കാന്റോണ ഫുടബോളിൽ നിന്ന് പുറത്താക്കപ്പെട്ടു.

എറിക് കാന്റോണയുടെ ഭ്രാന്തൻ പ്രവൃത്തിയുടെ കാരണം റഫറിയുടെ തീരുമാനത്തോടുള്ള നിരാശയോ, എതിർ ടീം ഫാൻസിനോടുള്ള വിരോധമോ ആയാണ് ആദ്യ ദിവസങ്ങളിൽ അവതരിപ്പിക്കപ്പെട്ടത്. എന്നാൽ എറിക്കിനെ ചൊടിപ്പിച്ചത് അത് മാത്രമായിരുന്നില്ല. കളിയിലുടനീളം പാലസ് ആരാധകരിൽ ഒരു വിഭാഗം എറിക്കിൻറെ വൈദേശിക സ്വത്വത്തെ അധിക്ഷേപിച്ചുകൊണ്ടിരുന്നു. ചുവപ്പുകാർഡ് കണ്ട് മടങ്ങുന്നതിനിടെ ഗ്രൗണ്ടിന് തൊട്ടടുത്തായി നിലയുറപ്പിച്ചിരുന്ന മാത്യു സിമ്മൺസ് എന്ന പാലസ് ആരാധകൻ അയാളെ വംശീയമായി അധിക്ഷേപിക്കുകയും സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ആക്രോശിക്കുകയും ചെയ്തു. സിമ്മൺസിൻ്റേത് ഒരു പാലസ് ആരാധകന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തോടുണ്ടായേക്കാവുന്ന സ്വാഭാവിക വിരോധം മാത്രമായിരുന്നില്ല. തീവ്ര ദേശീയവാദിയും, ഇംഗ്ലണ്ടിലെ നവ നാസി പ്രസ്ഥാനങ്ങളിലൊന്നായ ബ്രിട്ടീഷ് നാഷണൽ പാർട്ടിയുടെ പ്രവർത്തകനുമായ സിമ്മൺസ്, വർഷങ്ങൾക്കു മുൻപ് ശ്രീലങ്കയിൽ നിന്നുള്ള കുടിയേറ്റക്കാരനായ ലൂയിസ് രാജനായകത്തെ ആക്രമിച്ച കേസിൽ പ്രതി കൂടിയായിരുന്നു. അയാൾക്ക് വിദേശികളോടുള്ള വെറുപ്പിൻറെ ബഹിസ്ഫുരണമായിരുന്നു എറിക്കിനുനേരെ കാണിച്ചത്. ഈ സംഭവത്തെ കുറിച്ച് ചോദ്യമുയർന്നപ്പോഴെല്ലാം തനിക്കതിൽ തെല്ലും ഖേദമില്ലെന്നും ആ തെമ്മാടി അർഹിച്ചത് മുഴുവൻ കൊടുക്കാൻ കഴിയാത്തതിൽ മാത്രമാണ് വിഷമമെന്നും എറിക് ആവർത്തിച്ചുകൊണ്ടിരുന്നു. സംഭവങ്ങളുടെ മൊത്തം ചിത്രം പുറത്തുവന്നപ്പോൾ ആദ്യം തള്ളിപ്പറഞ്ഞ പല മാധ്യമങ്ങളും എറിക്കിനെ വാഴ്ത്തിപ്പാടി. എറിക് ഫുടബോളിൽ നിന്ന് വംശീയതയെ ചവിട്ടിത്തെറിപ്പിച്ചെന്ന് തലക്കെട്ടുകളെഴുതി. ‘കാന്റോണ കിക്ക്’ എന്ന പേരിൽ സംഭവം ഫുട്ബാൾ ചരിത്രത്തിൽ ഇടം നേടി. എന്നാൽ തീവ്രദേശീയവാദികളായ ഒരുകൂട്ടം മാധ്യമങ്ങൾ അയാളെ ആക്രമിച്ചുകൊണ്ടിരുന്നു. ഫുടബോൾ അവസാനിപ്പിച്ച് ഫ്രാൻസിലേക്ക് തിരിച്ചുപോയ എറിക്കിനെ അലക്സ് ഫെർഗൂസൺ നേരിട്ട് ചെന്ന് അനുനയിപ്പിച്ചു. ഒക്ടോബർ ഒന്നിന് സസ്പെൻഷന് ശേഷമുള്ള ആദ്യ മത്സരത്തിൽ ചിരവൈരികളായ ലിവർപൂളിനെതിരെ ഗോൾ നേടി കാന്റോണ വീരോചിതമായിത്തന്നെ ആ കാവ്യനീതി പൂർത്തിയാക്കി.

വലതുപക്ഷ മാധ്യമങ്ങളുടെ നിരന്തരമായ ആക്രമണത്തോട് സ്വതസിദ്ധമായ ശൈലിയിൽ എറിക് പ്രതികരിച്ചത്, ‘കടൽകാക്കകൾ മുക്കുവരെ പിന്തുടരുന്നത് മീനുകൾ കടലിലേക്ക് തിരിച്ചെറിയപ്പെടുമെന്ന പ്രതീക്ഷയിലാണ്’’ എന്നായിരുന്നു. എറിക് കാന്റോണ വംശീയതയെ ചവിട്ടിത്തെറിപ്പിച്ച് 29 വർഷങ്ങൾക്കിപ്പുറവും കടൽകാക്കകൾ മുക്കുവരെ പിന്തുടർന്നുകൊണ്ടിരിക്കുന്നു. യുദ്ധവും അഭയാർഥിത്വവും ലോക രാഷ്ട്രീയത്തെയാകെ നിർണ്ണയിച്ച കഴിഞ്ഞ വർഷങ്ങളിലും വംശീയതയും കുടിയേറ്റവിരുദ്ധതയും ഫുടബോൾ സ്റ്റേഡിയത്തിനകത്തും പലപ്പോഴും പ്രതിഫലിച്ചു.

കഴിഞ്ഞ വർഷങ്ങളിൽ ലോകത്താകെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട രാഷ്ട്രീയ വിഷയം കുടിയേറ്റ പ്രശ്നമായിരിക്കും. ഐക്യരാഷ്ട്ര സഭയുടെ കണക്കുപ്രകാരം 2023 ജൂൺ വരെ 110 മില്യൺ മനുഷ്യരാണ് രാഷ്ട്രീയ സംഘർഷങ്ങളും യുദ്ധവും മുതൽ കാലാവസ്ഥാ വ്യതിയാനം വരെയുള്ള നിരവധി കാരണങ്ങൾകൊണ്ട് സ്വന്തം നാട്ടിൽ നിന്ന് കുടിയിറക്കപ്പെട്ടത്. ഇതിൽ 36 മില്യൺ മനുഷ്യർ അഭയാർത്ഥികളാക്കപ്പെട്ടു. അതിൽ തന്നെ പകുതിയിലേറെയും കുട്ടികളാണെന്നതാണ് ഏറ്റവും ദുഖകരമായ യാഥാർഥ്യം. കഴിഞ്ഞ വർഷങ്ങളിൽ പാശ്ചാത്യ രാജ്യങ്ങളുടെ രാഷ്ട്രീയ ഗതി നിർണ്ണയിച്ചത് അഭയാർത്ഥി പ്രശ്നമാണെന്ന് നിസ്സംശയം പറയാം.

രണ്ടാംലോക യുദ്ധാനന്തരം കുഴിച്ചുമൂടപ്പെട്ട ഫാസിസത്തിൻ്റെ പ്രേതം യൂറോപ്പിൽ പുതിയ രൂപത്തിൽ ഉയർത്തെഴുന്നേറ്റു. യൂറോപ്പിനെ ലോകത്തിൻ്റെ കേന്ദ്രബിന്ദുവായി കാണുന്ന ലോക വീക്ഷണം വലിയൊരു വിഭാഗത്തെ സ്വാധീനിച്ചുതുടങ്ങി. കുടിയേറ്റം യൂറോപ്പിൻ്റെ വംശ ശുദ്ധിയെ തകർക്കും, സംസ്കാരങ്ങളുടെ സംഘട്ടനമുണ്ടാവും, യൂറോ-ക്രിസ്ത്യൻ മൂല്യങ്ങൾ ക്ഷയിക്കും തുടങ്ങിയ വാദങ്ങൾ വലതുപക്ഷം നിരത്തിയപ്പോൾ ലിബറലുകൾ കുടിയേറ്റത്തെ എതിർക്കാൻ കണ്ടെത്തിയ ന്യായം അത് യൂറോപ്പിൻ്റെ ലിബറൽ മൂല്യങ്ങളുടെ തകർച്ചയ്ക്ക് കാരണമാകും എന്നായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ തീവ്ര വലതുകക്ഷികളുടെ വിജയങ്ങൾ മുതൽ, ബ്രെക്സിറ്റ് വരെ കഴിഞ്ഞ പതിറ്റാണ്ടിൽ യൂറോപ്പിൻറെ പൊതുമനസാക്ഷിയെ രൂപപ്പെടുത്തുന്നതിൽ അഭയാർത്ഥി വിരുദ്ധതയും കുടിയേറ്റവിരുദ്ധതയും സ്വാധീനം ചെലുത്തിയിട്ടുണ്ട്.

യൂറോപ്പിൽ പലയിടത്തും കുടിയേറ്റ വിരുദ്ധരായ തീവ്ര വലതുപക്ഷ കക്ഷികൾ അധികാരത്തിലെത്തി. മറ്റിടങ്ങളിൽ അവർക്ക് പൊതുമണ്ഡലങ്ങളിൽ സ്വീകാര്യത ലഭിച്ചുതുടങ്ങി. ഇത്തരം പ്രവണതകളുടെ അലയൊലികൾ പലപ്പോഴും ഫുടബോൾ സ്റ്റേഡിയങ്ങളിലുമെത്തി. യൂറോപ്പിൽ നിന്ന് ലോകത്തിന്റെ പല ഭാഗത്തേക്കും നടന്ന കുടിയേറ്റവും കോളനിവത്കരണവും വഴി ലോകം മുഴുവൻ വ്യാപിച്ച ഫുട്ബോൾ തന്നെ കുടിയേറ്റ വിരുദ്ധത പ്രകടപ്പിക്കാൻ ഉപയോഗിക്കപ്പെട്ടുവെന്നതും വിരോധാഭാസം തന്നെ.

യൂറോപ്പിലെ പല ഫുടബോൾ സ്റ്റേഡിയങ്ങളിലും അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കുമെതിരെ ബാനറുകൾ പ്രത്യക്ഷപ്പെട്ടു. ആഫ്രിക്കൻ-അറബ്-ഏഷ്യൻ കളിക്കാർക്കെതിരായ വംശീയാധിക്ഷേപങ്ങളുടെ കണക്കിൽ കഴിഞ്ഞ വർഷങ്ങളിൽ വലിയ വർധനവുണ്ടായി. പോളണ്ട്, ഹംഗറി, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങളിലെ പല സ്റ്റേഡിയങ്ങളിലും ‘Refugees Not Welcome’, ‘Stop islamization of Europe’ തുടങ്ങിയ ബാനറുകളുയർന്നു. 2019 ഡിസംബർ മാസം അവസാനമാണ് ചെൽസി-ട്ടോട്ടനം മത്സരം അറുപത്തിമൂന്നാം മിനുട്ടിൽ നിർത്തിവെക്കേണ്ടിവന്നത്. അന്ന് ചെൽസിയുടെ സെന്റർ ബാക്ക് ആയിരുന്ന (ഇപ്പോൾ റിയൽ മാഡ്രിഡ് താരം) അൻറോണിയോ റൂഡിഗറിനെതിരെ ടോട്ടനം ആരാധകർ നിരന്തരമായി വംശീയാധിക്ഷേപങ്ങൾ മുഴക്കിക്കൊണ്ടിരുന്നു. രണ്ടാം പകുതിയിലും അധിക്ഷേപം തുടർന്നപ്പോൾ റൂഡിഗർ റെഫറിയോട് പരാതിപ്പെടുകയും യുവേഫയുടെ പുതിയ ആന്റീ-റേസിസം പ്രോട്ടോക്കോൾ പ്രകാരം മത്സരം നിർത്തിവെക്കുകയും ചെയ്തു. താൻ പരാതിപ്പെട്ടിരുന്നില്ലെങ്കിൽ ഈ സംഭവം ദിവസങ്ങൾകൊണ്ട് മറക്കപ്പെടുമായിരുന്നുവെന്നും ഇത്തരം വൃത്തികേടുകൾ ഫുടബോളിൽ നിന്ന് പൂർണ്ണമായും തുടച്ചുമാറ്റേണ്ടിയിരിക്കുന്നുവെന്നും റൂഡിഗർ പിന്നീട് ട്വിറ്ററിൽ കുറിച്ചു.

2019 ഒക്ടോബറിൽ ഇംഗ്ലണ്ട്-ബൾഗേറിയ മത്സരവും ബൾഗേറിയൻ ആരാധകരുടെ, ആഫ്രിക്കൻ വേരുകളുള്ള ഇംഗ്ലീഷ് താരങ്ങൾക്കെതിരായ വംശീയാധിക്ഷേപവും ഗാലറിയിലെ നാസി സല്യൂട്ടുകളും കാരണം നിർത്തിവെക്കേണ്ടിവന്നിരുന്നു. ഏതാനും വർഷങ്ങൾക്കുമുന്പാണ് യൂറോപ്പ ലീഗ് മത്സരത്തിനുമുൻപായി ചില ചെൽസി ആരാധകർ ലിവർപൂളിൻറെ ഈജിപ്ഷ്യൻ താരം (മുൻ ചെൽസി താരം കൂടിയായ) മുഹമ്മദ് സലായ്ക്ക് നേരെ വംശീയാധിക്ഷേപം ചൊരിഞ്ഞ് വീഡിയോ ചിത്രീകരിച്ചത്. ‘Salah is a Bomber, because he is a muslim’ എന്ന് പാടിയ ഈ കൂട്ടത്തെ ചെൽസി ഫുട്ബോൾ ക്ലബ് തന്നെ തള്ളിപ്പറയുകയും സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്കുള്ള പ്രവേശനം ആജീവനാന്തം നിരോധിക്കുകയും ചെയ്തു. തൊട്ടടുത്ത മത്സരത്തിൽ ചെൽസിക്കെതിരെ ആൻഫീൽഡിൽ ബോക്സിന് പുറത്തുനിന്നും വെടിയുണ്ടകണക്കെ ബോൾ ചെൽസി നെറ്റിലേക്കയച്ച് വംശീയാധിക്ഷേപത്തിന് സലാ കളിയിലൂടെയും മറുപടി നൽകി. അതേ സീസണിൽ ബാഴ്സലോണയിൽ നിന്ന് സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് ചേക്കേറിയ ബ്രസീലിയൻ താരം മാൽകമിനെതിരെയും സ്വന്തം ഫാൻസിൽ നിന്ന് വംശീയാക്രമണമുണ്ടായി. മാൽകം ആദ്യ മത്സരത്തിനിറങ്ങുമ്പോൾ സെനിറ്റ് ഫാൻസ് തന്നെ ‘കറുത്തവർഗ്ഗക്കാർക്ക് ക്ലബ്ബിൽ സ്ഥാനമില്ലെ’ന്ന് ബാനറുയർത്തി.

2021 യൂറോ ഫൈനലിൽ ഇംഗ്ലണ്ടിന്റെ പരാജയത്തിന് ശേഷം നടന്ന സംഭവങ്ങൾ യൂറോപ്യൻ ഫുട്ബോൾ ആരാധകർക്കിടയിൽ ഇന്നും നിലനിൽക്കുന്ന വംശീയതയെ വെളിവാക്കുന്നതായിരുന്നു. ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ കിക്കുകൾ നഷ്ടപ്പെടുത്തിയ ബുക്കായോ സാക്ക, ജേഡൻ സാഞ്ചോ, മാർക്കസ് റാഷ്ഫോർഡ് എന്നീ യുവ താരങ്ങൾക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ആക്രമണമാണ് നടന്നത്. അവയിൽ പലതും വംശീയാധിക്ഷേപങ്ങളായിരുന്നു.

കഴിഞ്ഞ വർഷം ഏപ്രിലിൽ കോപ്പ ഇറ്റാലിയ സെമി ഫൈനൽ ആദ്യപാദ മത്സരത്തിനിടെ തനിക്കുനേരെ യുവൻറസ് ആരാധകരിൽ നിന്നുമുണ്ടായ വംശീയാധിക്ഷേപത്തിനുനേരെ പ്രതികരിച്ചതിന് റൊമേലു ലുകാകുവിന് ചുവപ്പുകാർഡ് കണ്ട് പുറത്തുപോകേണ്ടിവന്നു. തൊണ്ണൂറ്റി അഞ്ചാം മിനിറ്റിൽ ഒരു ഗോളിന് പിന്നിൽ നിൽക്കവേ ഇൻറർ മിലാനുവേണ്ടി പെനാൽറ്റി കിക്കെടുക്കാൻ വന്ന ലുകാകുവിനുനേരെ യുവന്റസ് ആരാധകർ അധിക്ഷേപം ചൊരിയുകയായിരുന്നു. പെനാൽറ്റി കിക്ക് ഗോളാക്കിയശേഷം ഇതേ ആരാധകർക്കുനേരെ നിന്ന് ചുണ്ടിൽ വിരൽവെച്ച് നിശ്ശബ്ദരാവാൻ ആംഗ്യം കാണിച്ചതിന് റഫറീ ലുകാകുവിനെ രണ്ടാമത്തെ മഞ്ഞ കാർഡും, ചുമപ്പുകാർഡും നൽകി പുറത്താക്കി. വംശീയാധിക്ഷേപത്തിനെതിരെ പ്രതികരിച്ചതിന് ചുവപ്പുകാർഡ് നൽകിയത് വലിയ വിമർശനത്തിന് ഇടയാക്കിയെങ്കിലും പുനഃപരിശോധനക്ക് ശേഷം ചുവപ്പുകാർഡ് നിലനിൽക്കുമെന്ന നിലപാടിൽ ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ ഉറച്ചുനിന്നു.

കഴിഞ്ഞ കുറച്ചു സീസണുകളെടുത്താൽ ഏറ്റവുമധികം വംശീയാധിക്ഷേപങ്ങൾ നേരിടേണ്ടിവന്ന കളിക്കാരൻ ഒരു പക്ഷെ റിയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ ആയിരിക്കും. അഞ്ചു വർഷത്തെ ലാ ലിഗ കരിയറിൽ നിരവധി തവണയാണ് ഇരുപത്തിമൂന്നുകാരൻ ബ്രസീലിയൻ താരത്തിന് നേരെ വംശീയാധിക്ഷേപങ്ങളുണ്ടായത്. ഏറ്റവുമൊടുവിൽ മാർച്ചിൽ ഒസാസുനയുമായി നടന്ന മത്സരത്തിൽ സ്റ്റേഡിയത്തിൽ തനിക്കുനേരെ ഉണ്ടാവുന്ന അധിക്ഷേപങ്ങളെ റഫറീയുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും അവഗണിക്കപ്പെടുകയാണുണ്ടായത്. ഏതാനും ദിവസങ്ങൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ കണ്ണീരോടെയാണ് താൻ കടന്നുപോകുന്ന അവസ്ഥയെ വിനീഷ്യസ് വിശദീകരിച്ചത്.

മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്താമായി ഈയിടെ കണ്ടുവരുന്ന പ്രവണത വംശവെറി സ്റ്റേഡിയങ്ങളുടെ മതിൽക്കെട്ടുകൾ കടന്ന് സൈബർ ലോകത്തേക്ക് കൂടി പടരുന്നു എന്നതാണ്. ലുകാകു, റാഷ്ഫോർഡ്, സാക്ക, വിനീഷ്യസ് തുടങ്ങി നിരവധി താരങ്ങളാണ് സൈബർ ഇടങ്ങളിൽ വംശീയതയുടെ ഇരകളായിക്കൊണ്ടിരിക്കുന്നത്. ആരാധകരിൽ നിന്ന് മാത്രമല്ല, പലപ്പോഴും മാധ്യമങ്ങളിൽ നിന്നും, ഫുട്ബാൾ അസോസിയേഷനുകളിൽ നിന്നും പോലും താരങ്ങൾ വംശീയവിദ്വേഷം നേരിടേണ്ടിവന്നിട്ടുണ്ട്.

സ്പോർട്സ് ജേർണലിസത്തിൽ അന്തർലീനമായ റേഷ്യൽ സ്റ്റീരിയോടൈപ്പിങ്ങിനെ കുറിച്ച് നിരവധി ചർച്ചകൾ നടന്നിട്ടുള്ളതാണല്ലോ. താരങ്ങളെ പുകഴ്ത്താൻ ഉപയോഗിക്കുന്ന വാക്കുകളിൽ പോലും ഇതുകാണാം. തൊലിവെളുത്ത കളിക്കാരെ പുകഴ്ത്താൻ ‘intelligence’ എന്ന വാക്ക് കൂടുതലായി ഉപയോഗിക്കുമ്പോൾ, കറുത്ത വർഗ്ഗക്കാരായ കളിക്കാരെ പുകഴ്ത്താൻ ഉപയോഗിക്കുക ‘physical strength‘, ‘natural talent’ തുടങ്ങിയ വാക്കുകളാണെന്ന് കാണാം. ഏതാനും വർഷങ്ങൾക്ക് മുൻപ് റോമ-ഇന്റർ മത്സരത്തിന് മുന്നോടിയായി പുറത്തിറങ്ങിയ ലക്കത്തിൽ ഒരു ഇറ്റാലിയൻ മാധ്യമം ആഫ്രിക്കൻ വംശജരായ ലുകാകുവിന്റെയും ക്രിസ് സ്മോളിങ്ങിന്റെയും ചിത്രത്തോടൊപ്പം നൽകിയ തലക്കെട്ട് ‘The Black Friday’ എന്നായിരുന്നു. ലൈവ് ടെലികാസ്റ്റിംഗിനിടെ ‘ലുക്കാക്കുവിനെ തടഞ്ഞുനിർത്താനുള്ള ഒരേയൊരു വഴി അവന് തിന്നാൻ പഴമെറിഞ്ഞ് കൊടുക്കലാവും’ എന്നുപറഞ്ഞ ഫുടബോൾ ജേർണലിസ്റ്റിനെ ഇറ്റാലിയൻ ചാനൽ പുറത്താക്കിയതിനും നമ്മൾ സാക്ഷിയായി. വംശീയതക്കെതിരെ എന്ന പേരിൽ ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷൻ ചെയ്ത ചുമർ ചിത്രവും ഏറെ വിവാദമായിരുന്നു. മൂന്ന് കുരങ്ങന്മാരുടെ ചിത്രത്തോടൊപ്പം ‘We are all monkies’ എന്ന അടിക്കുറിപ്പ് നൽകിയാണ് ഇറ്റാലിയൻ ഫുടബോൾ അസോസിയേഷൻ വംശീയതയെ ‘എതിർത്തത്’. വംശീയാധിക്ഷേപത്തെ തുടന്ന് പൊട്ടിക്കരയുകയും പിന്നീട് അധിക്ഷേപിച്ച ആരാധകന്റെ നെഞ്ചിലേക്ക് പന്തടിക്കുകയും ചെയ്ത ബ്രസീലിയൻ താരം ടൈസനെ ഉക്രൈനിയൻ ഫുട്ബാൾ അസോസിയേഷൻ ബാൻ ചെയ്തതും വിവാദമായിരുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളിലെ മേജർ ഫുട്ബോൾ ടൂർണമെന്റുകളുടെ ഫലം പരിശോധിച്ചാൽ ടീമിനുള്ളിലെ വംശപരമായ വൈവിധ്യവും വിജയ സാധ്യതയും തമ്മിൽ നേരിട്ട് ബന്ധമുള്ളതായി കാണാം. കഴിഞ്ഞ സീസണിൽ ബ്രെന്റ്ഫോർഡിനെതിരായ മത്സരത്തിൽ പതിനൊന്ന് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുമുള്ള കളിക്കാരാണ് ലിവർപൂളിന് വേണ്ടി സ്റ്റാർട്ട് ചെയ്തത്. ഓരോ ഫുടബോൾ ക്ലബും വംശപരമായ വൈവിധ്യത്തിന്റെ കൂടി ഇടങ്ങളാണ്. ലോകത്ത് ലഭ്യമല്ലാത്ത നീതി ഫുട്ബോളിൽ ലഭ്യമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കുടിയേറ്റം തടയാൻ അമേരിക്കയ്ക്കും മെക്സിക്കോയ്ക്കും ഇടയിൽ കൂറ്റൻ മതിൽ പണിയാനുള്ള ചർച്ചകളുമായി ട്രംപ് ഭരണകൂടം മുന്നോട്ട് പോവുന്ന 2018 ലായിരുന്നു റഷ്യയിൽ മെൻസ് ഫുടബോൾ ലോകകപ്പ് നടന്നത്. ആ ലോകകപ്പുയർത്തിയത് 78% താരങ്ങൾക്കും കുടിയേറ്റ വേരുകളുള്ള ഫ്രഞ്ച് ടീം തന്നെയായി എന്നതും ആ നീതിയുടെ ഭാഗമാണ്. ലോകകപ്പിൽ പങ്കെടുത്ത മുപ്പത്തിരണ്ട് രാജ്യങ്ങളിൽ 22 ലും കുറഞ്ഞത് ഒരു കളിക്കാരനെങ്കിലും പ്രതിനിധീകരിക്കുന്ന രാജ്യത്തിന് പുറത്ത് ജനിച്ചവരായിരുന്നു. മൊത്തം താരങ്ങളിൽ 84 പേർ അത്തരത്തിലുള്ളവരായിരുന്നു. കൂട്ടത്തിൽ മൊറോക്കോയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞ 23 താരങ്ങളിൽ 17 പേരും രാജ്യത്തിന് പുറത്തായിരുന്നു ജനിച്ചത്. കുടിയേറ്റക്കാരുടെ രണ്ടും മൂന്നും തലമുറയിൽപ്പെട്ട താരങ്ങൾ ഏറ്റവുമധികമുള്ള നാല് രാജ്യങ്ങൾ – ഇംഗ്ലണ്ട്, ബെൽജിയം, ക്രൊയേഷ്യ, ഫ്രാൻസ് – ആയിരുന്നു സെമി ഫൈനലിൽ ഇടം നേടിയത്. 1930ലെ ലോകകപ്പ് നടക്കുമ്പോൾ അഞ്ചുശതമാനം കളിക്കാരനായിരുന്നു പ്രതിനിധീകരിക്കുന്ന രാജ്യത്തിന് പുറത്ത് ജനിച്ചവർ. 2018ൽ ഇത് 11.2 ശതമാനവും 2022ൽ 16.5 ശതമാനവുമായി ഉയർന്നു. 2022 ലോകകപ്പിൽ കളിച്ച 830 കളിക്കാരിൽ 137 പേർ പ്രതിനിധീകരിക്കുന്ന രാജ്യത്തിന് പുറത്ത് ജനിച്ചവരായിരുന്നു.

2018 ലോകകപ്പ് തുടങ്ങും മുൻപേ കിരീടമുയർത്താൻ ഏറ്റവുമധികം സാധ്യത കല്പിച്ചിരുന്നു രാജ്യമായിരുന്നു ബെൽജിയം. കോംഗോ, മൊറോക്കോ, ഘാന, മാലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ ഒന്നാം തലമുറയിൽപെട്ടവരാണ് ടീമിൽ അധികവും. ക്വാർട്ടറിൽ ബെൽജിയം-ജപ്പാൻ മത്സരത്തിലെ വിജയഗോൾ മനോഹരമായിരുന്നു. കളി തീരാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ അതിവേഗ പ്രത്യാക്രമണത്തിലൂടെ ജപ്പാനീസ് പെനാൽറ്റി ബോക്സിലേക്ക് ഇരച്ചുകയറി,കോംഗോയിൽ നിന്ന് കുടിയേറിയ റൊമലേലു ലുക്കാക്കു കാലുകൾക്കിടയിലൂടെ ഫേക് ചെയ്ത പന്ത് മൊറോക്കൻ കുടിയേറ്റക്കാരനായ ചാഡ്ലി ഇടതു മൂലയിലേക്കടിച്ചുകയറ്റി ബെൽജിയത്തെ വിജയിപ്പിച്ചപ്പോൾ തോറ്റത് കുടിയേറ്റ വിരുദ്ധത കൂടിയായിരുന്നു.

2018 ലോകകപ്പിൽ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയ ലൂക്കാ മോഡ്റിച്ചും അഭയാർത്ഥിത്വത്തിന്റെ കൈപ്പറിഞ്ഞിട്ടുണ്ട്. ആറാം വയസിൽ യൂഗോസ്ലാവ്യയിൽ, ക്രോയേഷ്യൻ സ്വാതന്ത്ര്യ യുദ്ധത്തെ തുടർന്ന് കുഞ്ഞു ലൂക്കയ്ക്കും കുടുംബത്തിനും വീടുപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. മുത്തച്ഛൻ സെർബ് റിബലുകളാൽ കൊല്ലപ്പെട്ടു. തുടർന്ന് ഏഴുവർഷം മോഡ്രിച്ചിനും കുടുംബത്തിനും അഭയാർഥികളായി കഴിയേണ്ടി വന്നു. പാർക്കിങ് ലോട്ടുകളിൽ പന്തുതട്ടി തുടങ്ങിയ മോഡ്രിച്ച് ആദ്യം പ്രാദേശിക ക്ലബ്ബുകൾക്ക് വേണ്ടിയും 2005 മുതൽ ടോട്ടനത്തിന് വേണ്ടിയും ബൂട്ടണിഞ്ഞു. 2012ൽ റിയൽ മാഡ്രിഡിലേക്ക് ചേക്കേറിയ മോഡ്രിച്ച് അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് ട്രോഫിയിൽ മുത്തമിട്ടു. 2018ൽ ബാലൺദ്യോർ പുരസ്കാരവയും മോഡ്രിച്ചിനെ തേടിയെത്തി.

2018ലെ ഫ്രഞ്ച് നാഷണൽ ടീമിലെ ഇരുപത്തിമൂന്നംഗ സ്ക്വാഡിൽ 17 പേരും കുടിയേറ്റക്കാരുടെ ആദ്യ തലമുറയിൽ പെട്ടവരായിരുന്നു. ഈ കാരണം കൊണ്ടുതന്നെ ഫ്രാൻസിലെ തീവ്രദേശീയവാദികളായ ഒരു വിഭാഗം ഈ ടീമിനെ ഫ്രഞ്ച് ടീമായി കണക്കാക്കിയിരുന്നില്ല. ഫ്രഞ്ച് ടീമിനകത്തെ വൈവിധ്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സൂപ്പർ താരം കെയ്ലിയൻ എംബാപ്പേ. കാമറൂൺ വംശജനായ പിതാവിനും അൾജീരിയൻ വംശജയായ മാതാവിനും ജനിച്ച് പാരീസിന്റെ തെരുവോരങ്ങളിൽ ഒരുനാൾ പോർച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയെ പോലെയാവുന്നത് സ്വപ്നം കണ്ട് വളർന്ന എംബാപ്പെ 2018 ലോകകപ്പിലെ മിന്നും പ്രകടനത്തോടെ അപൂർവ്വമായൊരു റെക്കോർഡിനൊപ്പമെത്തി. ലോകകപ്പ് മത്സരത്തിൽ ഇരട്ടഗോൾ നേടുന്ന രണ്ടാമത്തെ കൗമാരക്കാരൻ. ആദ്യത്തേതാവട്ടെ സാക്ഷാൽ പെലെയും.

ഫ്രഞ്ച് ടീം ആദ്യമായല്ല ലോകകപ്പ് വേദിയിൽ വൈവിധ്യത്തിന്റെ പ്രതീകമാകുന്നത്. 98ൽ മെൻസ് ലോകകപ്പുയർത്തിയ ഫ്രഞ്ച് ടീമും വംശപരമായ വൈവിധ്യം കൊണ്ട് പ്രസിദ്ധമായിരുന്നു. അന്നത്തെ സെന്റർ മിഡ്ഫീൽഡർ സിനദിൻ സിദാൻ ഫ്രാൻസിൽ ജനിച്ചുവളർന്നവനാണെങ്കിലും അയാളുടെ അൾജീരിയൻ വേരുകൾ കാരണം ഫ്രഞ്ച് ജനസംഖ്യയുടെ ഒരു വലിയ ശതമാനം അയാളെ ‘വിദേശി’യായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. മനോഹരമായ ഫസ്റ്റ് ടച്ചുകളും ലോങ്ങ് പാസുകളും ഡ്രിബിളുകളുമായി കളം നിറഞ്ഞ് കളിച്ച സിദാൻ പക്ഷെ പലരെയും മാറ്റിചിന്തിപ്പിച്ചു. ഫൈനലിൽ ഫേവറൈറ്റുകളായ ബ്രസീലിനെതിരെ ഇരട്ട ഗോളുകൾ നേടി അയാൾ ഫ്രാൻസിന്റെ വിജയം പൂർത്തിയാക്കി. ഫ്രഞ്ച് മാധ്യമങ്ങൾ ആ ടീമിനെ രാജ്യത്തിനകത്ത് നടക്കുന്ന സാംസ്കാരിക വിപ്ലവത്തിന്റെ പ്രതീകമായി വാഴ്ത്തിപ്പാടി. സിദാൻ ആ വിപ്ലവത്തിന്റെ പതാകവാഹകനും. പശ്ചാത്തലത്തിൽ ഫ്രഞ്ച് ദേശീയഗാനം മുഴങ്ങുമ്പോൾ ലോകകപ്പിൽ മുത്തമിട്ട് കണ്ണീരണിയുന്ന സിദാന്റെ ചിത്രം സാംസ്കാരിക വൈവിധ്യത്തിന്റെ നേർചിത്രമായി മാറി.

2020ലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ബയേൺ മ്യൂണിച്-ബാഴ്സലോണ മത്സരം ഫുടബോൾ ആരാധകർ മറന്നുകാണില്ല. ബയേൺ നാല് ഗോളുകൾക്ക് മുന്നിൽ നിൽക്കേ ഇടതുവിങ്ങിലൂടെ അവിശ്വസിനീയമായ വേഗത്തിൽ ഓടിക്കയറിയ അൽഫോൻസോ ഡാവിസ്, ബാഴ്സലോണ ഫുൾ ബാക്ക് സമേഡോ യെ കബളിപ്പിച്ച് ബോക്സിനകത്തേക്ക് ഇരച്ചുകയറി കിമ്മിച്ചിന് നൽകിയ അസിസ്ററ് ഒരുപക്ഷെ കഴിഞ്ഞ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു. ഡാവിസിന്റെ പ്രകടനത്തെ കൂടുതൽ മനോഹരമാക്കുന്നത് അയാൾ താണ്ടിവന്ന ഭൂതകാലമാണ്. ലൈബീരിയയിലെ ആഭ്യന്തര കലാപത്തെ തുടർന്ന് പലായനം ചെയ്യേണ്ടിവന്ന ഡാവിസിന്റെ കുടുംബം അഭയാർഥികളായി ഘാനയിലെത്തി. ഘാനയിലെ ബദുബുറാം അഭയാർത്ഥി ക്യാമ്പിലായിരുന്നു ഡാവിസിന്റെ ജനനം. അഞ്ചാം വയസിൽ കുടുംബം കാനഡയിലേക്ക് കുടിയേറി. ചാരിറ്റി സംഘടനകൾ നൽകുന്ന ഫുടബോൾ കിറ്റുമായി പന്തുതട്ടിത്തുടങ്ങിയ ഡാവിസ് ഇന്ന് ലോകത്തിലേറ്റവും മികച്ച ഒഫൻസീവ് ഫുൾ ബാക്കുകളിൽ ഒരാളാണ്.

കഴിഞ്ഞ വർഷങ്ങളിൽ ലോകത്ത് സംഭവിച്ച രണ്ട് വലിയ യുദ്ധങ്ങളോട് (ഉക്രൈൻ-റഷ്യ, ഗാസ-ഇസ്രായേൽ സംഘർഷങ്ങൾ) യൂറോപ്യൻ ഫുടബോൾ ലോകം എങ്ങിനെ പ്രതികരിച്ചുവെന്നത് അവരുടെ കപടനാട്യത്തെ തുറന്നുകാണിക്കുന്നതായിരുന്നു. ഉക്രൈൻ അതിർത്തി കടന്നുള്ള റഷ്യൻ ആക്രമണത്തിന് ശേഷം ഫിഫയും യുവേഫയും റഷ്യൻ ടീമുകളെ തങ്ങളുടെ ടൂർണമെന്റുകളിൽ നിന്നും പൂർണ്ണമായും വിലക്കി. ‘Football is fully united here and in full solidarity with all the people affected in Ukraine’ എന്ന് സംയുക്ത പ്രസ്താവനയിലൂടെ ലോകത്തെ അറിയിച്ചു. റഷ്യയിലെ സെയിന്റ് പീറ്റേഴ്സ്ബർഗിൽ നടക്കാനിരുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ പാരീസിലേക്ക് മാറ്റപ്പെട്ടു. യൂറോപ്പ ലീഗ് ക്വാർട്ടറിലേക്ക് യോഗ്യത നേടിയിരുന്ന റഷ്യൻ ക്ലബ് സ്പാർട്ടക് മോസ്കോയെ ടൂർണമെന്റിൽ നിന്ന് അയോഗ്യരാക്കുകയും എതിരാളികൾക്ക് ക്വാർട്ടർ ഫൈനലിലേക്ക് നേരിട്ട് പ്രവേശനം നൽകുകയും ചെയ്തു. യൂറോപ്പിലെ പ്രധാന ലീഗുകളും ക്ലബ്ബുകാലുമെല്ലാം ഔദ്യോഗികമായിത്തന്നെ യുദ്ധത്തെ അപലപിക്കുകയും ആക്രമിക്കപ്പെടുന്ന ഉക്രൈനിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

റഷ്യൻ എയർലൈൻ കമ്പനിയായ എയ്റോഫ്ളോട്ടുമായി ഉണ്ടായിരുന്ന സ്പോൺസർഷിപ് കരാറിൽനിന്നും മാഞ്ചെസ്റ്റെർ യുണൈറ്റഡ് പിൻവാങ്ങി. റൊമാൻ അബ്രഹാമോവിച്ച് എന്ന റഷ്യൻ ബിസിനസുകാരൻ ചെൽസിയുടെ ഉടമസ്ഥതയിൽനിന്നും പിൻവാങ്ങാൻ നിർബന്ധിതനായി. ഫുടബോൾ സ്റ്റേഡിയങ്ങളുടെ ആർച്ചുകൾ ഉക്രയിന് പിന്തുണ പ്രഖ്യാപിച്ചും യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുമുള്ള സന്ദേശങ്ങൾ നിറഞ്ഞു. 2023 ഫെബ്രുവരിയിലെ അവസാന ഗെയിം വീക്കിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്യാപ്റ്റന്മാർ ഉക്രൈൻ പതാകയുടെ നീലയും മഞ്ഞയും ആം ബാൻഡ് ധരിച്ചാണ് കളിക്കാനിറങ്ങിയത്. ഉക്രേനിയൻ താരം സിൻചെങ്കോയ്ക്ക് താത്കാലികമായി ക്യാപ്റ്റൻ ആം ബാൻഡ് നൽകി ആഴ്സണൽ ഉക്രേനിയൻ ജനതയോട് ഐക്യപ്പെട്ടു. യൂറോപ്പിലെ പ്രധാന സ്റ്റേഡിയങ്ങളിലെല്ലാം ഔദ്യോഗികമായിത്തന്നെ സമാധാനത്തിനുവേണ്ടിയും ആക്രമിക്കപ്പെടുന്ന ഉക്രൈനി ജനതയോട് ഐക്യപ്പെട്ടും പ്രകടനങ്ങളുണ്ടായി. എന്നാൽ ഒരു വർഷത്തിനപ്പുറം നടന്ന ഇസ്രായേൽ-ഗാസ യുദ്ധം പൂർണ്ണമായും കണ്ടില്ലെന്ന് നടിക്കുകയാണ് യൂറോപ്യൻ ഫുട്ബോൾ ലോകം ചെയ്തത്.

ഇസ്രായേൽ ഗാസയിൽ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കുരുതിയെ അപലപിക്കാൻ യൂറോപ്യൻ ഫുട്ബോൾ ലോകം തയ്യാറായില്ലെന്നുമാത്രമല്ല പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച ആരാധകരെ സ്റ്റേഡിയത്തിൽ നിന്ന് വിലക്കുകയും കളിക്കാർക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. മുൻ ജർമൻ U-18 താരവും നിലവിൽ ഷാൽകെയ്ക്ക് വേണ്ടി ലോണിൽ കളിക്കുന്ന ബയേൺ മ്യൂണിക് ഇടത് വിങ്ങറുമായ യൂസഫ് കബദായി സാമൂഹ്യമാധ്യമത്തിൽ പലസ്തീൻ അനുകൂല പരമാർശം നടത്തിയതിന് ക്ലബ് താരത്തെ തള്ളിപ്പറയുകയും പരസ്യമായ ഖേദപ്രകടനം ആവശ്യപ്പെടുകയും ചെയ്തു. ‘I Stand with Palestine’ എന്നുമാത്രമായിരുന്നു കബദായി സാമൂഹ്യമാധ്യമത്തിൽ കുറിച്ചത്.

‘From the river to the sea’ എന്ന് പോസ്റ്റ് ചെയ്തതിന് ജർമൻ ക്ലബ് Mainz 05 മൊറോക്കൻ താരം അൻവർ എൽ ഗാസിയുമായുള്ള കോൺട്രാക്ട് ക്ലബ് ഉടൻതന്നെ റദ്ദാക്കുകയുണ്ടായി. ബയേൺ മ്യൂണിക്കിന്റെ മോറോക്കൻ താരം നൊസൈർ മർസവിക്കും പലസ്തീൻ അനുകൂല ഇൻസ്റ്റാഗ്രാം പോസ്റ്റിനെ തുടർന്ന് ആക്രമണം നേരിടേണ്ടിവന്നു. തുടർന്ന് ക്ലബ്ബ് താരത്തോട് വിശദീകരണം തേടുകയും മിഡിൽ ഈസ്റ്റ് രാഷ്ട്രീയം ഫുടബോളിലേക്ക് കൊണ്ടുവരുന്നതിനെതിരെ പ്രസ്താവനയിറക്കുകയും ചെയ്തു. എന്നാൽ ഇസ്രായേൽ അനുകൂല നിലപാട് പ്രകടിപ്പിച്ച ബയേൺ മ്യൂണിക്കിൻറെ തന്നെ ഡാനിയേൽ പെരറ്റ്സിന് യാതൊരു വിശദീകരണവും നൽകേണ്ടിവന്നില്ല. ഫ്രഞ്ച് സൂപ്പർ താരവും ബാലൻദ്യോർ ജേതാവുമായ കരീം ബെൻസേമക്കും പലസ്തീൻ അനുകൂല നിലപാടിനെത്തുടർന്ന് സ്വന്തം രാജ്യത്തുനിന്നുപോലും തിരിച്ചടികൾ നേരിടേണ്ടിവന്നു. അൾജീരിയൻ വംശജനായ ബെൻസേമക്ക് മുസ്ലിം ബ്രദർഹുഡ് സംഘടനയുമായി ബന്ധമുണ്ടെന്നും അയാളുടെ ഫ്രഞ്ച് പൗരത്വവും ബാലൻ ഡി ഓറും റദ്ദ് ചെയ്യണമെന്നും ഫ്രഞ്ച് മന്ത്രിസഭാ അംഗങ്ങൾ പോലും ആവശ്യപ്പെടുന്നതിനും ലോകം സാക്ഷ്യം വഹിച്ചു. ലിവർപൂളിന്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലായും കൂട്ടക്കുരുതി അവസാനിപ്പിക്കാനും ഗസയിലേക്ക് സഹായങ്ങൾ എത്തിക്കുവാനും ആവശ്യപ്പെട്ടുകൊണ്ടുള്ള വീഡിയോ സന്ദേശം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയുണ്ടായി.

തൊഴിലാളി വർഗ്ഗത്തിൻറെ കായികവിനോദമെന്നാണ് ഫുടബോളിനെ വിശേഷിപ്പിക്കാറ്. എന്നാൽ ഇന്നത് മറ്റേതൊരു കായിക വിനോദവും പോലെ വലിയ രീതിയിൽ വാണിജ്യവത്കരിക്കപ്പെടുകയും ടീമുകളുടെ ഉടമസ്ഥാവകാശം വമ്പൻ കോർപറേറ്റുകളുടെ കൈയിലാവുകയും ചെയ്തു. തങ്ങളുടെ കച്ചവടത്തെ പ്രതികൂലമായി ബാധിക്കാനിടയുള്ള ചിഹ്നങ്ങളും കൊടികളും സ്റ്റേഡിയങ്ങളിൽ നിന്ന് പുറത്താക്കി. ചരിത്രപരമായി ഇടതുപക്ഷത്തുനിൽക്കുന്ന ആരാധകകൂട്ടങ്ങൾക്കുപോലും സ്റ്റേഡിയത്തിൽ തങ്ങളുടെ രാഷ്ട്രീയം പ്രകടിപ്പിക്കാൻ ക്ലബ് ബോർഡിനെ ഭയക്കേണ്ട സാഹചര്യത്തിലെത്തി. പലപ്പോഴും ക്ലബ് ഉടമസ്ഥർക്കും ആരാധകർക്കുമിടയിലുള്ള ആശയഭിന്നത പ്രകടിപ്പിക്കാനുള്ള ഇടം കൂടിയായി ഫുടബോൾ സ്റ്റേഡിയങ്ങൾ മാറുന്നുണ്ട്. സ്കോട്ലാൻഡിലെ സെൽറ്റിക് ആരാധകർ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിൽ ആയിരക്കണക്കിന് പലസ്തീൻ പതാകകൾ ഉയർത്തിയാണ് സെൽറ്റിക് അൽട്രാസ് പാലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. ‘Free Palestine’ എന്നും ‘Victory to the resistance’ എന്നുമാലേഖനം ചെയ്ത കൂറ്റൻ ബാനറുകളും സെൽറ്റിട് പാർക്കിൽ കാണാമായിരുന്നു. സെൽറ്റിക് ബോർഡിൻറെ കർശന നിർദേശം മറികടന്നായിരുന്നു ഇത്. തുടർന്ന് യുവേഫ ക്ലബ്ബിന് പിഴ ചുമത്തുകയും സെൽറ്റിക് ക്ലബ് നിരവധി ആരാധകരെ സ്റ്റേഡിയത്തിൽ നിന്നും വിലക്കുകയും ചെയ്തു. ലാ ലിഗാ, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളും സ്റ്റേഡിയങ്ങളെ രാഷ്ട്രീയവേദിയാക്കുന്നതിനെതിരെ ആരാധകർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഇതെല്ലം മറികടന്ന് ലിവർപൂളിന്റെ ആൻഫീൽഡ് സ്റ്റേഡിയത്തിലും ഒസാസുനയുടെ എൽ സാദർ സ്റ്റേഡിയത്തിലുമെല്ലാം പലസ്തീൻ പതാകകളുമായി ആരാധകർ എത്തിയിരുന്നു.

ഫുടബോൾ ഗ്രൗണ്ടിൽ വംശീയതയുടെ കൈപ്പറഞ്ഞിട്ടുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം എറിക് കാന്റോണയും പലസ്തീനോട് ഐക്യപ്പെട്ട് മുന്നോട്ടുവന്നിരുന്നു. ഗസയിൽ നടക്കുന്നത് വംശീയ ഉന്മൂലനമാണെന്നും ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നവർ ക്രിമിനലുകളാണെന്നും കാന്റോണ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു. എന്നാൽ ഈ സംഭവങ്ങൾക്കിടയിൽ ഫുടബോൾ ലോകത്തുനിന്നുമുണ്ടായ ഏറ്റവും വീരോചിതമായ പ്രകടനം ഏഷ്യകപ്പിൽ പലസ്തീൻ നാഷണൽ ടീം നടത്തിയ മുന്നേറ്റം തന്നെയായിരുന്നു. യുദ്ധത്തിനിടയിലും ടൂർണമെന്റിൽ പങ്കെടുത്ത പലസ്തീൻ ടീം ചരിത്രത്തിലാദ്യമായി Knock Out റൗണ്ടിലേക്കെത്തി. ടീമിലെ കളിക്കാരിൽ പലരുടെയും ബന്ധുക്കൾ കഴിഞ്ഞ മാസങ്ങളിലായി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരായിരുന്നു. അധിനിവേശത്തെ തുടർന്ന് ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും താരങ്ങൾക്ക് ഒരുമിച്ച് പരിശീലിക്കാൻ പോലും സാധിക്കാറില്ല. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട രാജ്യത്തിന് പൊതുവായി ഒരു ഫുടബോൾ ലീഗുപോലും നടത്താൻ സാധിക്കുന്നില്ല. ഇടയ്ക്കിടെ നടത്തുന്ന ആക്രമണങ്ങളിൽ ഇസ്രായേൽ പലസ്തീന്റെ ഫുട്ബോൾ ഫെസിലിറ്റികളെ ലക്ഷ്യം വയ്ക്കുന്നത് പതിവാണ്.

ഗാസയിലെ യാർമോക്ക് സ്റ്റേഡിയം 2012ൽ തകർക്കപ്പെട്ടിരുന്നു. പിന്നീട് അന്താരഷ്ട്ര പിന്തുണയോടെ പുനർനിർമ്മിക്കപ്പെട്ട സ്റ്റേഡിയം കഴിഞ്ഞ വർഷം ഇസ്രായേൽ ആക്രമണത്തിൽ വീണ്ടും തകർക്കപ്പെടുകയുണ്ടായി. പലസ്തീൻ ദേശീയ ടീമിൽ കളിച്ചിരുന്ന നിരവധി താരങ്ങളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുകയോ ജയിലിലടക്കപ്പെടുകയോ ചെയ്തിട്ടുള്ളത്.ഏറ്റവുമൊടുവിൽ, പലസ്തീനിയൻ ഫുടബോൾ ഇതിഹാസം മുഹമ്മദ് ബറാകത് മാർച്ചിൽ പതിനൊന്നിൽ നടന്ന ഇസ്രായേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെടുകയുണ്ടായി.

പലസ്തീനിയൻ ഫുടബോൾ കമന്റേറ്ററായ ഖലീൽ ജദ്ദല്ലാ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട താരങ്ങളെ മാത്രം ഉൾപ്പെടുത്തിയ സ്റ്റാർട്ടിങ് ലൈൻ അപ്പ് തയ്യാറാക്കിയിരുന്നു. ഇത് പലസ്തീനിയൻ ഫുടബോൾ താരങ്ങൾക്കുനേരെയുള്ള ഇസ്രായേലി ആക്രമണങ്ങളുടെ ഭീകരത വെളിവാക്കുന്നതാണ്. ‘All the football infrastructure in Gaza has been either destroyed or seriously damaged, including the historic stadium of Al-Yarmuk’ – ഇസ്രയേലിനെതിരെ നടപടി ആവശ്യപ്പെട്ട് പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ ഫിഫക്ക് നൽകിയ അപേക്ഷയിൽ പറയുന്നു.

മുസ്സോളിനിയുടെ കാലത്തെ ഇറ്റാലിയൻ മാർക്സിസ്റ് ചിന്തകനായിരുന്ന അന്റോണിയോ ഗ്രാംഷി ഫുട്ബോൾ മൈതാനങ്ങളെ വിശേഷിപ്പിച്ചത് മാനവിക ഐക്യത്തിന്റെ തുറന്ന രാജ്യം എന്നാണ്. എല്ലാവർക്കും മനസ്സിലാവുന്ന ഭാഷയാണ് ഫുട്ബോളിന്റേത്. ദേശീയതയുടെയും വംശീയതയുടെയും മതത്തിന്റെയും അതിരുകൾക്കപ്പുറം മനുഷ്യനെ ഇത്രയധികം പരസ്പരം ബന്ധിപ്പിക്കുന്ന കളി ലോകത്ത് വേറെയില്ല.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പാട്രിസ് എവ്റ, 2008 ചാമ്പ്യൻസ് ലീഗ് ഫൈനലിന് തൊട്ടുമുൻപുണ്ടായ ഒരനുഭവം ഈയിടെ The Players Tribune-മായി പങ്കുവയ്ക്കുകയുണ്ടായി. മോസ്കോയിൽ വെച്ച് നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ. ചെൽസിയാണ് യുണൈറ്റഡിന് എതിരാളികൾ. യുണൈറ്റഡ് താരങ്ങൾ ഡ്രസ്സിങ് റൂമിലിരിക്കെ മാനേജർ അലക്സ് ഫെർഗുസൺ മുറിയിലേക്ക് കടന്നുവരുന്നു. പതിവുപോലെ കളിക്കാരെല്ലാം നിശ്ശബ്ദരാവുന്നു. യുണൈറ്റഡ് താരങ്ങളെ ഒന്നൊന്നായി നോക്കിയ ശേഷം ഫെർഗൂസൺ പറഞ്ഞു.
“ഞാനീ മത്സരം വിജയിച്ചുകഴിഞ്ഞു”
ഒന്നും മനസ്സിലാവാതെ കളിക്കാർ പരസ്പരം നോക്കി.
“ഞാനീ മത്സരം വിജയിച്ചുകഴിഞ്ഞു. നമ്മളിനിയിത് കളിക്കുക പോലും വേണമെന്നില്ല.”
തുടർന്ന് ഫെർഗുസൺ പാട്രിസ് എവ്റയെ നോക്കി.
“പാട്രിസിനെ നോക്കൂ. 24 സഹോദരങ്ങളാണ് അവനുണ്ടായിരുന്നത്. അത്രയും പേർക്ക് ഭക്ഷണം മേശയിലെത്തിക്കാൻ അവന്റെയമ്മ എത്രത്തോളം കഷ്ടപ്പെട്ടുകാണുമെന്ന് ആലോചിച്ചു നോക്കു.”
പിന്നീട് അദ്ദേഹം വെയ്ൻ റൂണിക്ക് നേരെ തിരിഞ്ഞു
“വെയ്നിനെ നോക്കു. ലിവർപൂളിലെ ഏറ്റവും കഠിനമായൊരു പ്രദേശത്താണ് അവൻ ജനിച്ചുവളർന്നത്.”
ഫെർഗൂസൺ പാർക് ജി-സുങ് നെ നോക്കി.
“ജി യെ നോക്ക്. അവൻ ദൂരെ സൗത്ത് കൊറിയയിൽ നിന്നാണ് നമ്മളോടൊപ്പം ചേരാൻ വന്നത്”

ഫെർഗൂസൺ സംസാരം തുടർന്നപ്പോൾ ഓരോ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും തിരിച്ചറിയുകയായിരുന്നു – തങ്ങൾ വെറുമൊരു ഫുടബോൾ ടീം മാത്രമല്ലെന്ന്. തങ്ങൾ ലോകത്തിന്റെ ഓരോ മൂലയിൽ നിന്നുമുള്ള മനുഷ്യരാണ്. പല സംസ്കാരങ്ങളിൽ നിന്ന് വന്നവർ. പല വംശങ്ങളിൽപ്പെട്ടവർ. പല മതങ്ങളിൽ വിശ്വസിക്കുന്നവർ. പക്ഷെ തങ്ങളിപ്പോൾ മോസ്കോയിലെ ഡ്രസിങ് റൂമിൽ ഒന്നിച്ചിരുന്നു. ഒറ്റ ലക്ഷ്യത്തിനായി പൊരുതാനുറച്ച്. ഫുട്ബോളിലൂടെ തങ്ങൾ സഹോദരങ്ങളായി മാറിയിരിക്കുന്നു.
“ഇതാണ് എന്റെ വിജയം.” ഫെർഗൂസൺ പറഞ്ഞവസാനിപ്പിച്ചു.
യുണൈറ്റഡ് താരങ്ങൾക്ക് സിരകളിൽ പുതിയൊരൂർജ്ജം പ്രസരിക്കുന്നതായി തോന്നി. അവർ ഗ്രൗണ്ടിലേക്ക് നടന്നുകയറി, ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തി.

ഇതാണ് ഫുട്ബോളിന്റെ സൗന്ദര്യം……

ഇതാണ് ഫുട്ബോൾ ലോകത്തിന് നൽകുന്ന പ്രതീക്ഷയും……