ഗാസ: അത്ഭുതങ്ങൾ കാണിക്കുന്ന ദൈവങ്ങൾ വരണം, പക്ഷെ അവരൊന്നും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു

ഗാസയിൽ ഇസ്രായേൽ വർഷിച്ച ബോംബുകൾ വീണു തകർന്നടിഞ്ഞ ഏതോ ഒരു കെട്ടിടത്തിന്റെ അവശിഷ്ടത്തിനരികെ ഒരു കല്ലിൽ പർദ്ദധാരിയായ ഒരു സ്ത്രീ ഇരിക്കുകയാണ് . ഏകദേശം എട്ട് വയസ്സോളം പ്രായമുള്ള ഒരു പെൺകുട്ടിയെ അവർ മടിയിൽ ഇരുത്തി യിട്ടുണ്ട്. അവർ വിദൂരതയിലേക്ക് നോക്കി എന്തൊക്കെയോ ആലോചിച്ചു ഇരിക്കുകയാണ്. അവർക്കു ചുറ്റും ബോംബ് വീണു തകർന്ന കെട്ടിടങ്ങളിൽ നിന്നുയരുന്ന പൊടിപടലങ്ങൾ മാത്രം. മുന്നോട്ടുള്ളതൊന്നും അവരുടെ കണ്ണിൽ കാണുന്നില്ല.

ആ പെൺകുട്ടിയുടെ മുഖത്തേക്ക് ഒന്ന് ശ്രദ്ധിച്ചു നോക്കി. അവളുടെ മുഖം നിറയെ മുറിവുകൾ ഉണ്ട്. അവൾ കരയുകയാണ്. വൈദ്യസഹായം തേടേണ്ട അത്രയും മുറിവുകളുണ്ട്. പക്ഷെ വൈദ്യസഹായം ഒന്നും ലഭിച്ചിട്ടില്ല എന്ന് മുറിവുകൾ കണ്ടാൽ വ്യക്തമാവും. ഇടത്തെ കണ്ണിന്റെ താഴെ നീണ്ടൊരു മുറിവ്. കെട്ടിട അവശിഷ്ടങ്ങൾ മുഖത്ത് വീണതാവാനാണ് സാധ്യത. മുറിവിന്റെ വേദനകൾ കൊണ്ടാവും കുട്ടി കരയുന്നതു എന്നാണ് ആദ്യം കരുതിയത്. പക്ഷെ , പിന്നീടാണ് അറിയുന്നത് അവൾ അവളുടെ അമ്മയെ അന്വേഷിച്ചാണ് കരയുന്നതു എന്ന്. അവളുടെ അമ്മയെ കാണാനില്ലത്രേ.

അവരുടെ പുറകിൽ തകർന്നു കിടക്കുന്ന കെട്ടിടങ്ങളിൽ നിന്നും ജീവന്റെ നേർത്ത ശബ്ദങ്ങൾ കേൾക്കാം. പക്ഷെ ആ കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് ജീവനുള്ള മനുഷ്യരെ പുറത്തെടുക്കാൻ അത്ഭുതങ്ങൾ കാണിക്കുന്ന ദൈവങ്ങൾ വരണം. ദൈവങ്ങൾ ഇതുവരെ ഒന്നും അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു.ആ കൊച്ചുകുട്ടി ഇപ്പോഴും തേങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ വരെ തന്റെ കൂടെ ഉണ്ടായിരുന്ന തന്റെ എല്ലാമെല്ലാമായ അമ്മയെ കാണാൻ. ചക്രവാളത്തിലേക്ക് നോക്കി വ്യക്തമല്ലാത്ത കാഴ്ചകൾ കണ്ട് ആ സ്ത്രീ അവളെയും ചേർത്തുപിടിച്ചു ഇരിക്കുന്നു. മുന്നോട്ടുള്ള ജീവിതം എന്തെന്ന് അവർക്കും വ്യക്തതയില്ല.

ഏകദേശം ഒരാഴ്ച മുൻപാണ് ഒരുപറ്റം അക്രമികൾ ആയുധങ്ങളുമായി ഗാസ അതിർത്തി കടന്നു മൂന്നു കിലോമീറ്റര് അകലെയുള്ള കഫർ അസ എന്ന ചെറുഗ്രാമത്തിൽ കയറി വീട് വീടാന്തരം കയറിയിറങ്ങി അവിടുത്തെ മനുഷ്യരെ കൊന്നു തള്ളിയത്. അപൂർവ്വം ചിലർ മാത്രം അവരുടെ കയ്യിൽ പെടാതെ എങ്ങിനെയോ രക്ഷപ്പെട്ടു. പക്ഷെ അവരിൽ പലർക്കും അവരുടെ അച്ഛനമ്മമാരെ, മക്കളെ സഹോദരി സഹോദരങ്ങളെ കണ്മുൻപിൽ വച്ച് കൊലയാളി സംഘം കൊല്ലുന്നതു വാ പൊത്തി നിശ്ശബ്ദതമായി നിസ്സഹായതയോടെ നോക്കി iനിക്കേണ്ടി വന്നിരുന്നു.

അവർ ഇപ്പോഴും ആ മാനസിക ആഘാതത്തിൽ നിന്നും മോചിതരായിട്ടില്ല. രക്ത ഗന്ധമുള്ള വായു ശ്വസിച്ചു ഭീതിപ്പെടുത്തുന്ന അന്നത്തെ ദൃശ്യങ്ങൾ മറക്കാനാവാതെ അവർ ഇന്ന് ക്യാമ്പുകളിൽ കഴിയുകയാണ്.

അവിടെ ഒരു മൂലയിൽ ഏകാകിയായി ഒരമ്മ തോരാത്ത കണ്ണുകളുമായി ഇരിക്കുന്നുണ്ട്. അവരുടെ കണ്മുൻപിൽ വച്ചാണ് തന്റെ എട്ടു വയസ്സുള്ള മകളെ അക്രമികൾ വലിച്ചിഴച്ചു കൊണ്ടുപോയി വെടിവെച്ചു കൊന്നത്. അവളുടെ പുസ്തകങ്ങളും കളിപ്പാട്ടങ്ങളും ആ വീട്ടിൽ ചിതറിക്കിടപ്പുണ്ട്. എല്ലാ ദിവസത്തെയും പോലെ ചിരിയും കളിയുമായി തുടങ്ങിയ ഒരു ദിവസം ആയിരുന്നു അന്നും. പൊടുന്നനെ ആണ് മരണത്തിന്റെ ഗന്ധമുള്ള കാറ്റ് അവിടെ അകെ വീശി അടിച്ചത്. അവൾ പാതി കഴിച്ചു വെച്ച ആപ്പിൾ തീൻമേശയിൽ ഇപ്പോഴും ഇരിക്കുന്നുണ്ട്. അച്ഛനെയും അമ്മയെയും അവളെയും ചേർത്ത് ‘ഹാപ്പി ഫാമിലി’ എന്ന അടിക്കുറിപ്പോടെ അവൾ വരച്ച മനോഹരമായ ചിത്രം ചുവരിലുമുണ്ട്. ആ അമ്മയുടെ ചിന്തകൾ ഏതോ വന്യതയിലൂടെ യാത്ര ചെയ്യുകയാണ്. തങ്ങളെ കാത്തു രക്ഷിക്കും എന്ന് വിശ്വസിച്ച ദൈവം എന്തെ ഞങ്ങളെ കാക്കാൻ വന്നില്ല എന്നവർ ഒരുവേള ചിന്തിച്ചുവോ ? അറിയില്ല. അവർ ശൂന്യതയിലേക്ക് നോക്കി തേങ്ങി കരഞ്ഞുകൊണ്ട് ഇരിക്കുകയാണ്.

തങ്ങളെ അക്രമിച്ചവരെ ഒരു പാഠം പഠിപ്പിക്കാൻ സൈന്യം പോയിട്ടുണ്ടത്രെ. നൂറിരട്ടി അവർക്കു തിരിച്ചു കൊടുത്തേ സൈന്യം തിരിച്ചു വരൂ. സൈന്യം ഗാസയിലേക്കു തുടർച്ചയായി ബോംബ് വർഷിച്ചുകൊണ്ടിരിക്കുകയാണ്. നിരപരാധികൾ ആയ ഒരുപാട് മനുഷ്യർ അവിടെ മരിച്ചു വീണു കൊണ്ടിരിക്കുകയാണ്. ആ അമ്മക്ക് എന്തെങ്കിലും ലഭിക്കുന്നുണ്ടോ? എന്തെങ്കിലും ആശ്വാസം?

അവർ അങ്ങ് അകലെനിന്ന് ഒരു പെൺകുട്ടി അവളുടെ അമ്മയെ അന്വേഷിച്ചുള്ള കരച്ചിൽ കേൾക്കുന്നുണ്ട്. “അമ്മേ അമ്മേ” എന്നുള്ള വേദനയോടെയുള്ള ആ കരച്ചിൽ. അമ്മക്ക് ഒന്നും ചെയ്യാനാകുന്നില്ല. അവർ ശൂന്യതയിലേക്ക് കൈകൾ നീട്ടി മോളെ മോളെ എന്ന് വിളിച്ചു ഏങ്ങി ഏങ്ങി കരയുകയാണ്. പക്ഷെ അവിടെ അടുത്തൊന്നും അവർക്കു മകളെ കാണാൻ കഴിയുന്നില്ല. അവരുടെ കണ്ണുകളിലൂടെ കണ്ണുനീർ നിർത്താതെ ഒഴുകി കൊണ്ടിരിക്കുന്നു. മരണത്തിന്റെ യും ദുരിതത്തിന്റെയും ഗന്ധം പേറുന്ന കാറ്റ് അവരെയും തഴുകി കടന്നുപോയപ്പോൾ അവർ അവിടെ തളർന്നു വീണിരുന്നു.

അങ്ങ് അകലെ ഗാസയിലെ തെരുവിൽ ആ പെൺകുട്ടി ആ സ്ത്രീയുടെ കൈകളിൽ കിടന്നു കരഞ്ഞു കരഞ്ഞു ഉറങ്ങിപ്പോയിരുന്നു.