ഖത്തറിൽ ചരിത്രം സൃഷ്ട്ടിക്കുന്ന മൂന്ന് പെണ്ണുങ്ങൾ

ഫിഫ വേൾഡ് കപ്പ്‌ 2022 വാർത്തകൾകൊപ്പം സ്ത്രീകൾക്ക് കാൽപ്പന്ത് കളിയെ കുറിച്ചുള്ള വിവരമില്ലായ്മയെ പരിഹസിച്ചു കൊണ്ട് ധാരാളം ട്രോളുകളും, തമാശകളും പ്രചരിക്കുന്നുണ്ട്. ലോകകപ്പിനെ കുറിച്ചുള്ള അറിവുകൾ ഫോർമൽ എഡ്യൂക്കേഷന്റെ ഭാഗമായി ഉണ്ടാവുന്നതല്ല. ഇൻഫോർമൽ ആയി ഉണ്ടാവുന്ന ഏത് വിവര ശേഖരണത്തിനും അതിലേക്ക് താല്പര്യം ജനിപ്പിക്കുന്ന, അത് ലഭിക്കാൻ ഇടയുള്ള സന്ദർഭങ്ങൾ കൂടി ജീവിതത്തിൽ ഉണ്ടാവണം. പറമ്പിൽ ഇറങ്ങി കാൽ പന്ത് തട്ടിയും, ക്ലബ്ബിലും അങ്ങാടിയിലും ചർച്ച ചെയ്തുമാണ് നാട്ടിലെ ആണുങ്ങൾക്ക് ഫുട്ബാൾ താല്പര്യം ഉണ്ടായതും ഓരോ ടീമും കളിക്കാരും ഫുട്ബാൾ ചരിത്രവും മനഃപാഠമായതും. ഓരോ പ്രദേശത്തിന്റെയും കളി കമ്പമനുസരിച്ചു ആ അറിവ് ആണുങ്ങളിൽ തന്നെ വ്യത്യാസപ്പെട്ടിരിക്കും.

ഫുട്ബാളിനെ കുറിച്ച് ഇൻഫോർമൽ ആയ അറിവുകൾ കിട്ടാനിടയുളള്ള ക്ലബ്ബിലോ, അങ്ങാടിയിലോ, സിനിമ തിയേറ്ററിലോ, കളിക്കളത്തിലോ എത്താൻ എത്ര സ്ത്രീകൾക്ക് അവസരമുണ്ട്? കുടുംബത്തിന്റെ അനിഷ്ടം വകവെക്കാതെ പൊതു ഇടങ്ങളിൽ എത്തുന്ന സ്ത്രീകളെ തുറിച്ചു നോക്കിയും, തരം കിട്ടിയാൽ തോണ്ടിയും ഉപദ്രവിക്കൽ വേറെ. പന്ത് തട്ടാനല്ല നായയെ പേടിച്ചു പോലും ഉടുപ്പ് പൊന്തിച്ചു ഓടിയാൽ കമന്നു കിടന്ന് വീഡിയോ എടുക്കുന്ന ഞരമ്പൻമാർക്കും ഈ നാട്ടിൽ പഞ്ഞം ഇല്ല.

ഇക്കൊല്ലമാണ് വനിതാ ക്രിക്കറ്റർമാർക്ക് ഒരേ വേതനം നൽകുവാനെങ്കിലും ബി സി സി ഐ തീരുമാനം എടുത്തത് എന്നതാണ് സ്പോർട്സ് രംഗത്തേക്ക് കടന്നു വരുന്ന സ്ത്രീകൾ അനുഭവിക്കുന്ന ലിംഗ വിവേചനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. താരമൂല്യത്തിൽ ആണുങ്ങൾക്ക് മുൻ‌തൂക്കം ഉള്ള വിപണിയിൽ പിടിച്ചു നിൽക്കാൻ കലാ-കായിക രംഗത്തുള്ള ഓരോ സ്ത്രീയും എടുക്കുന്ന അധ്വാനമെത്രയായിരിക്കും? പറഞ്ഞു വന്നത് എന്താണന്ന് വെച്ചാൽ ലോകകപ്പിനെ കുറിച്ചെന്നല്ല,ഏതു കാര്യത്തിലും ആണിനൊപ്പം പെണ്ണിന് അറിവില്ല എന്ന് നിങ്ങൾക്ക് അഭിപ്രായമുണ്ടായാലും അതിന്റെ ധാർമിക ഉത്തരവാദിത്തവും പുരുഷന്മാർക്കു തന്നെയാണ്.

ഇത്തരമൊരു സാമൂഹിക പരിസരത്ത് നിന്നും സ്ത്രീകൾ നേടുന്നതൊക്കെ ഇരട്ട നേട്ടവുമാണ്. അത്തരത്തിൽ ഇരട്ട നേട്ടവുമായി ഫിഫ വേൾഡ് കപ്പ്‌ 2022 ൽ ഗ്രൗണ്ടിൽ മൂന്നു സ്ത്രീകൾ എത്തുന്നുണ്ട്. ഫുട്‌ബോൾ ഗ്രൗണ്ടിലെ അവസാന വാക്ക് റഫറിയുടേതാണല്ലോ. താരങ്ങളെ നിയന്ത്രിക്കാൻ ലോകകപ്പിൽ ഇത്തവണ വനിതാ റഫറിമാരും ഉണ്ട് എന്നതിന് വലിയ മാനങ്ങൾ ഉണ്ട്. മൂന്നു വനിതാ റഫറിമാരാണ് മത്സരങ്ങൾ നിയന്ത്രിക്കുവാൻ ഇക്കുറി ഗ്രൗണ്ടിൽ ഇറങ്ങുക. അതായത് നാട്ടിലെ ആൺകൂട്ടങ്ങൾ ഫ്ലെക്സ് വെച്ച് ആരാധിക്കുന്ന ലോകോത്തര താരങ്ങളുടെ പുറകെ വിസിലും, കാർഡുമായി അവരെ നിയന്ത്രിക്കാൻ ഒരു സ്ത്രീ കൂടി കാണും എന്ന് വ്യംഗം.

ഫ്രാൻസിൽ നിന്നുള്ള സ്റ്റെഫാനി ഫ്രാപ്പാർട്ട്, റുവാണ്ടയിൽ നിന്നും സലീമ മുകാൻസംഗ, ജപ്പാൻകാരി യോഷിമ യമാഷിത എന്നിവരാണ് ഫിഫ ലോക കപ്പ് 2022 ടീമിൽ ഇടം നേടിയ വനിതാ റഫറിമാർ. സൂപ്പർ താരങ്ങളെ ഒറ്റ വിസിൽ കൊണ്ട് ഗൗണ്ടിൽ നിയന്ത്രിക്കാൻ ഇവർ ഒരുങ്ങി കഴിഞ്ഞു.2009 മുതൽ ഫിഫ ഇന്റർ നാഷണൽ റഫറിമാരുടെ പട്ടികയിൽ സ്റ്റെഫാനി ഫ്രാപ്പാർട്ട് ഉണ്ടായിരുന്നു ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നിയന്ത്രിക്കുന്ന ആദ്യ വനിതയായിരുന്നു ഇവർ. മൂന്നു വർഷം മികച്ച വനിതാ റഫറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകൾക്ക് നിയന്ത്രണങ്ങളുള്ള ഖത്തറിലെ മത്സര നിയന്ത്രണത്തേക്കുറിച്ച് സ്റ്റെഫാനി പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. “ഞാനവിടെ മത്സരത്തിനാണ് പോവുന്നത്. അവിടുത്തെ സാഹചര്യം ആസ്വദിക്കാനല്ല പോകുന്നത്. ചിലപ്പോൾ ഈ ലോകകപ്പ് ഖത്തറിൻറെ സ്ത്രീകളോടുള്ള മനോഭാവത്തിന് മാറ്റം വരുത്താൻ സഹായിച്ചേക്കും.”

സലീമ മുകാൻ സംഗ ജനുവരിയിൽ നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പിൽ റഫറിയായ ആദ്യ വനിതയാണ്. വനിതാ ലോകകപ്പ് , വിമൻസ് ചാമ്പ്യൻ സ് ലീഗ് തുടങ്ങിയ വമ്പൻ ടൂർണമെന്റുകൾ നിയന്ത്രിച്ച അനുഭവ സമ്പത്തുമിവർക്കുണ്ട്. 2019 ലെ വനിതാ ലോകകപ്പിലും 2020 ലെ സമ്മർ ഒളിമ്പിക്‌സിലും കളിക്കളത്തിൽ കാഴ്ച്ച വെച്ച പരിചയവുമായാണ് യോഷിമ യമാഷിത എത്തുന്നത്. എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഉൾപ്പെടെ അനുഭവ പരിചയമുണ്ട്. വിഖ്യാത റഫറിയും റഫറി സംഘത്തിൻറെ തലവനുമായ പിയർലൂജി കൊളീനയുടെ പ്രതികരണം ഇങ്ങനെ “റഫറിമാരെ തെരഞ്ഞെടുത്തത് അവർ സ്ത്രീകളായതുകൊണ്ടല്ല മറിച്ച് മികച്ച റഫറിമാരായത് കൊണ്ടാണ്”.

ഇവരെ കൂടാതെ ബ്രസീലിൽ നിന്നുള്ള ന്യൂസ ബാക്ക് , മെക്‌സിക്കോയിൽ നിന്നുള്ള കാരെൻ ഡിയാസ് മദീന, അമേരിക്കയിൽ നിന്നുള്ള കാതറിൻ നെസ്ബിറ്റ് എന്നീ വനിതാ അസിസ്റ്റന്റ് റഫറിമാരും ഖത്തറിലുണ്ട്. ഏറെ വർഷങ്ങൾക്ക് മുൻപ് ഫിഫ ആരംഭിച്ച ഒരു നീണ്ട പ്രക്രിയയാണ് പുരുഷന്മാരുടെ മത്സരങ്ങൾ നിയന്ത്രിക്കാൻ വനിതാ റഫറിമാരെ നിയോഗിക്കുക എന്നത്, ഇതാണ് ലോകകപ്പ് വേദിയിലേക്കും ഇപ്പോൾ എത്തി ചേർന്നിരിക്കുന്നത്. തീർച്ചയായും കൂടുതൽ വനിതാ റഫറിമാർ ഈ രംഗത്തേക്കു കടന്നു വരും എന്ന് തന്നെ ഫിഫ പ്രതീക്ഷിക്കുന്നുണ്ട്.

ലോകത്ത്‌ ഓരോ 11 മിനിറ്റിലും ഒരു സ്ത്രീയോ പെൺകുട്ടിയോ വീതം അവരുടെ ജീവിതപങ്കാളിയാലോ അടുത്ത കുടുംബാംഗത്താലോ കൊല്ലപ്പെടുന്നെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ പറഞ്ഞത് ഇന്നലെ ആണ്. അങ്ങനെ മുള്ളു മുരിക്ക് മൂർഖൻ പാമ്പ് വരെ സകല പ്രതികൂല സാമൂഹിക സാഹചര്യങ്ങളോട് പൊരുതി റഫറി ടീമിൽ വരെ സ്ത്രീകൾ ഇടം നേടുമ്പോഴും തെറ്റിപ്പോയ ടീം ക്യാപ്റ്റന്റെയോ ടീമുകളുടെയോ പേരുകളെ ട്രോളി സന്തോഷിക്കുകയാണ് ആൺകൂട്ടങ്ങൾ. ഒരർത്ഥത്തിൽ അവർ അടക്കി വാണിരുന്ന ഒരിടത്തേക്ക് സ്ത്രീകൾ കടന്നു വരുമ്പോഴുള്ള അസ്വസ്ഥത കൂടിയാണ് പല പരിഹാസങ്ങളും, തമാശകളും എന്ന് പറയാതെ തരമില്ല.