‘കായികലോകത്ത് ഇത്രയധികം വിജയിച്ച മറ്റൊരു സ്ത്രീ ഉണ്ടാകുമോ എന്നറിയില്ല’- സെറീന കളം വിടുമ്പോൾ

കഴിഞ്ഞ ദിവസമായിരുന്നു ലോകം കണ്ട എക്കാലത്തേയും മികച്ച ടെന്നീസ് താരം സെറീന വില്യംസ് തന്റെ ഐതിഹാസികമായ കരിയറിനോട് വിട പറയുകയാണെന്ന് വെളിപ്പെടുത്തിയത്. വരാനിരിക്കുന്ന യു.എസ്.ഓപ്പണ്‍ ടൂര്‍ണമെന്റിലൂടെ സെറീന ടെന്നീസിനോട് വിടപറയും. വോഗ് മാഗസിന് നല്‍കിയ ഫോട്ടോഷൂട്ടിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. 23 സിംഗിള്‍ ഗ്രാന്റ് സ്ലാം കിരീടമടക്കം ഒരു ടെന്നീസ് താരത്തിന് പോലും എത്തിപ്പിടിക്കാന്‍ പോലുമാകാത്ത നേട്ടങ്ങൾക്കുടമയായ സെറീനയ്ക്ക് കായിക ലോകമൊന്നാകെ തങ്ങളുടെ ആദരവ് നല്‍കിയിരുന്നു. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് യു എസ് ഓപ്പൺ ടൂര്‍ണമെന്റ്. വിരമിച്ചതിന് ശേഷം സെറീനയുടെ ജെന്‍ഡര്‍ ഇക്വാലിറ്റിയെ കുറിച്ചുള്ള പരാമര്‍ശം വ്യാപകമായ ചര്‍ച്ചകള്‍ക്കായിരുന്നു നവമാധ്യമങ്ങളിലും വഴിവെച്ചത്. ഷിബു ഗോപാലകൃഷ്ണൻ തന്റെ ഫേസ്ബുക് കുറിപ്പിൽ എഴുതിയത് വായിക്കാം.

നാല്പതാമത്തെ വയസ്സിൽ ടെന്നീസ് കോർട്ട് കണ്ട ഏറ്റവും ബലിഷ്ഠമായ കരങ്ങളുടെ ഉടമ സെറീന വില്യംസ് തന്റെ വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ മകൾ ഒളിമ്പിയയെ ഒപ്പം നിർത്തി പറയുന്നു.”ഞാൻ ഒരു പുരുഷൻ ആയിരുന്നെങ്കിൽ ടെന്നിസിനും കുടുംബത്തിനും ഇടയിൽ നിന്നുകൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വരുമായിരുന്നില്ല. ഞാൻ ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുകയും വിജയിച്ചുകൊണ്ടിരിക്കുകയും എന്റെ ഭാര്യ കുടുംബത്തിനും കുട്ടികൾക്കും വേണ്ടി വീട്ടിൽ വച്ചുവിളമ്പുകയും ചെയ്യുമായിരുന്നു”

ഇന്നലെ വിരമിക്കൽ പ്രഖ്യാപിച്ച സെറീനയുടെ 23 സിംഗിൾ ഗ്രാൻഡ് സ്ലാം കിരീടങ്ങൾ ടെന്നീസിലെ മഹാത്ഭുതമാണ്, പുരുഷ ടെന്നീസ് കളിക്കാർക്കു പോലും അവരുടെ തലയുയർത്തി നോക്കിയാൽ മാത്രം കാണാൻ കഴിയുന്ന ഉയരം. വിജയികളുടെ ഈ നിരയിൽ റാഫേൽ നദാലും ദോക്യോവിച്ചും റോജൻ ഫെഡററും സെറീനയ്‌ക്കു പിന്നിലാണ് റാക്കറ്റുമായി നിൽക്കുന്നത്. 4 ഒളിമ്പിക് സ്വർണം, 14 ഡബിൾ ഗ്രാൻഡ് സ്ലാം കിരീടങ്ങൾ, ആകെമൊത്തം 73 സിംഗിൾ കിരീടങ്ങൾ! ലോകചാമ്പ്യനായി സ്വന്തം പേര് ഏറ്റവും ഉയരത്തിൽ എഴുതിച്ചേർത്ത 2233 ദിവസങ്ങൾ! എന്തൊരു ഉശിരുള്ള, ഉയരമുള്ള, കരിയർ!!

കറുത്ത വംശത്തിൽ ജനിച്ച പെൺകുട്ടികൾക്കും വിജയിക്കാനാകുമെന്ന്, അവരുടെ ജൈത്രയാത്രകൾക്കും അതിരുകൾ ഇല്ലെന്ന്, അവർക്കും ലോകത്തിന്റെ ചാമ്പ്യനാകാൻ കഴിയുമെന്ന്, അവരുടെ മുടിക്കും കണ്ണഞ്ചിപ്പിക്കുന്ന ഫാഷൻ മാഗസിനുകളുടെ മുഖചിത്രമാകാൻ കഴിയുമെന്ന്‌, അവരുടെ നിറത്തിനും ലോകത്തെ സൗന്ദര്യപ്പെടുത്താൻ കഴിയുമെന്ന്‌.. രണ്ടു പതിറ്റാണ്ടോളം ടെന്നീസ് കോർട്ടിനു പുറത്തേക്കും കുതിച്ചുപാഞ്ഞ വിജയത്തിന്റെയും പ്രചോദനത്തിന്റെയും പേരാണ് സെറീന.

കായികലോകത്ത് ഇത്രയധികം വിജയിച്ച മറ്റൊരു സ്ത്രീ ഉണ്ടാകുമോ എന്നറിയില്ല, ഇനിയും റാക്കറ്റുമായി കളിക്കളത്തിൽ തുടരാൻ ആഗ്രഹിച്ച, വിരമിക്കൽ എന്ന വാക്കുപോലും ഇഷ്ടപ്പെടാത്ത, ഒളിമ്പിയയുടെ ഒളിമ്പ്യനായ അമ്മ പറയുന്നു:”ഞാൻ ഒരു പുരുഷൻ ആയിരുന്നെങ്കിൽ ടെന്നിസിനും കുടുംബത്തിനും ഇടയിൽ നിന്നുകൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വരുമായിരുന്നില്ല. ഞാൻ ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുകയും വിജയിച്ചുകൊണ്ടിരിക്കുകയും എന്റെ ഭാര്യ കുടുംബത്തിനും കുട്ടികൾക്കും വേണ്ടി വീട്ടിൽ വച്ചു വിളമ്പുകയും ചെയ്യുമായിരുന്നു”.

https://www.facebook.com/shibu.gopalakrishnan.7/posts/pfbid02aeoFn8qqxjPMxPC75FndkAGMNH3XDRvNjdWmQwszLJNfAcf8zszMqzgMfoJQXXnPl?cft[0]=AZXqK4fkbpCSYyKrn62840rn6-mIdIVvFqSLNlBEYW_SbAi7NPlDGACgayfYB4oWtKWz9euktnVEGK8LsWGkSpZaaueVJPzZ68MCGj7QcJp3VGhcnLhW_YR7SlhAwcy1nrnvRyqkDk_Yj6vr86vWmk8Ht2rNhsDh0hEBRSBUPnFXNw&tn=%2CO%2CP-R

https://www.instagram.com/serenawilliams/?utm_source=ig_embed&ig_rid=a779af60-11ab-444b-8702-9cffb31bbda6