ഫഹദ് ഫാസില്‍- സമകാലീക മലയാള സിനിമയുടെ കുരിശ് പോരാളി

ആമസോണിൽ റിലീസ് ചെയ്ത മാലിക് എന്ന സിനിമയുടെ പശ്ചാത്തലത്തിൽ ഫഹദ് ഫാസിലിനെ പ്രകീര്‍ത്തിച്ച് അന്തര്‍ദേശീയ മാധ്യമമായ അല്‍ജസീറ. മലയാള നവതരംഗ സിനിമയുടെ മുന്‍നിര പോരാളിയെന്നാണ് അല്‍ജസീറ ഫഹദിനെ വിശേഷിപ്പിച്ചത്. ഫഹദിന്‍റെ സിനിമാ നിയമപുസ്തകത്തിലെ പ്രധാന നിയമങ്ങള്‍ ആധികാരികതയും സത്യസന്ധതയുമായിരിക്കും. സാധാരണ കഥാരീതികൾ തെരഞ്ഞെടുക്കുന്നതിന് പകരം പരീക്ഷണങ്ങൾ നിറഞ്ഞ പ്രമേയങ്ങളും കഥാപാത്രങ്ങളുമായി ഫഹദ് ഫാസിൽ മലയാള സിനിമയുടെ മാറ്റത്തിന്‍റെ പതാകവാഹകനാവുകയാണെന്ന് അൽജസീറ ലേഖനത്തില്‍ പറയുന്നു. ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ ഇവിടെ വായിക്കാം.

ആധികാരികത, സത്യസന്ധത’ ഫഹദ് ഫാസില്‍ സിനിമാനിര്‍മാണത്തെകുറിച്ച് ഒരു നിയമ പുസ്തകമെഴുതിയാല്‍, അതിലെ പ്രധാന നിയമങ്ങള്‍ ഇവയായിരിക്കും.’സിനിമയെന്നാല്‍ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ കാണുന്നത് പോലൊരു യാഥാര്‍ഥ്യമാകണം, അതിലെല്ലാം നിങ്ങള്‍ അനുഭവിക്കുന്നത് പോലെ യാഥാര്‍ത്യമാകണം’ ആമസോണ്‍ പ്രെംമില്‍ റിലീസായ തന്റെ പുതിയ ചിത്രമായ മാലിക്കിനെ പറ്റി സംസാരിക്കവെ ഫഹദ് ഫാസില്‍ പറഞ്ഞതാണിത്.

മുപ്പത്തെട്ട് വയസ്സുകാരാനായ ഫഹദ് ഒരേ സമയം അഭിനേതാവും, നിര്‍മാതാവും കൂടിയാണ്. ഫഹദിന് സിനിമകള്‍ വിശ്വസനീയമായിരിക്കുക എന്നത് പരമപ്രധാനമാണ് അത് റൊമാന്‍സാകട്ടെ, കോമഡിയാകട്ടെ ത്രില്ലര്‍ സിനിമയൊ, ഗാംഗ്‌സറ്റര്‍ സിനിമകളൊ ആകട്ടെ, ഏതു തരം സിനിമയായാലും അത് വിശ്വസനീയമായിരിക്കണം. തന്റെ കഥാപാത്രങ്ങള്‍ ഏത് ഷേഡിലുള്ളതാണെങ്കിലും അതിന് വിശ്വാസ്യതുണ്ടായിരിക്കണമെന്ന് ഫഹദ് ഉറച്ച് വിശ്വസിക്കുന്നു. സിനിമകള്‍ പ്രേക്ഷകര്‍ക്ക് തങ്ങളുമായി ബന്ധപെടുത്താന്‍ സാധിക്കുണമെന്ന് അദ്ദേഹം അല്‍ജസീറയുമായുള്ള ഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കിലൂടെ, തന്റെ ആഘോഷിക്കപെട്ട അഭിനയജീവിതത്തിലേക്ക് ഒരേടുകൂടി ചേര്‍ക്കുകയാണ് ഫഹദ്. അന്‍പതിലേറെ സിനിമകളാണ് ഈ കാലയളവില്‍ ഫഹദ് ചെയ്തത്. തന്റെ ഇരുപത് വര്‍ഷത്തെ സിനിമാജീവിതത്തിലെ സുപ്രധാന വഴിത്തിരിവ് കൂടിയാണ് ഫഹദിന് മാലിക്. മലയാള സിനിമയുടെ നവകാലഘട്ടത്തിലെ സുപ്രധാന നായക നടനെന്ന നിലയ്ക്ക് മാലിക്കിലൂടെ ഫഹദ് തന്റെ കരിയറിന്റെ ഗതി മാറ്റിക്കുറിച്ചിരിക്കുകയാണ്. മാലിക്കില്‍, സുലൈമാന്‍ മാലിക്/അലി ഇക്ക എന്ന കഥാപാത്രമായാണ് ഫഹദ് അഭിനയിക്കുന്നത്. സമൂഹത്തിന്റെ താഴെതട്ടില്‍ നിന്നും ഉയര്‍ന്ന് വരുന്നൊരു നേതാവ്, കള്ളകടത്തിലൂടെയും,കുറ്റകൃത്യങ്ങളുടെയും, രാഷ്ട്രീയത്തന്റെയും അഴിമതിയുടെയും അകമ്പടിയോടെയും തന്റെ സമൂഹത്തിന്റെ നേതാവാകുന്ന കഥ. ഇത് വരെ തന്റെ കരിയറില്‍ സാധാരണക്കാരനായോ തലതിരിഞ്ഞ സൈക്കോപാത്തായോ ഒക്കെ മാത്രം അഭിനയിച്ച ഫഹദിന് മാലിക് വ്യത്യസ്തമാണ്. മാലിക്കിലൂടെ ഇതിഹാസ തുല്യമായ ഉയര്‍ച്ചയും വളര്‍ച്ചയും മാസ്സ് അ്പ്പീലിങ്ങുമുള്ള ലക്ഷണമൊത്ത നായക കഥാപാത്രമാണ് ഫഹദ് കൈകാര്യം ചെയ്തിരിക്കുന്നത്.

ഈ കഥാപാത്രത്തിന്റെ ജീവിതത്തിലെ വിവിധ ഭാഗങ്ങളിലൂടെ ഫഹദിന് സഞ്ചരിക്കേണ്ടതായുണ്ട്. മാത്രമല്ല തന്റെ യഥാര്‍ത്ത പ്രായത്തേക്കാള്‍ കൂടിയ പ്രായത്തില്‍ അഭിനയിക്കേണ്ടിയും വന്നു. ഈ രണ്ട് അനുഭവങ്ങളും അദ്ദേഹത്തിന് ആദ്യമാണ്. ‘സിനിമ ചിത്രീകരിക്കുന്നത് കഥാപാത്രത്തിന്റെ ജീവിതത്തിലെ മുപ്പത് വര്‍ഷമാണ്. കഥാപാത്രം മാത്രമല്ല ചുറ്റുമുള്ള എല്ലാ കഥാപാത്രങ്ങളും ഈ കാലയളവിലൂടെ കടന്ന് പോകുന്നുണെന്നതാണ് ഇതിലെ പ്രധാന വെല്ലുവിളി’, ആ വളര്‍ച്ച സിനിമയിലൂടെ ചിത്രീകരിക്കാന്‍ നന്നായി പരിശ്രമിക്കേണ്ടിവന്നുവെന്ന് ഫഹദ് അല്‍ജസീറയോട് പറഞ്ഞു.

വെല്ലുവിളികള്‍ നിറഞ്ഞ തുടക്കം

ആദ്യത്തെ വരവ് തന്നെ തോല്‍വി നേരിടേണ്ടി വന്ന ഒരു നടനെന്ന നിലക്ക് ഫഹദിന് കരിയറിന്റെ പ്രാരംഭഘട്ടം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. തന്റ പിതാവ് സംവിധാനം ചെയ്ത കൈയ്യത്തും ദൂരത്ത് എന്ന പ്രണയസിനിമയിലൂടെ പത്തൊന്‍പതാം വയസ്സില്‍ ഫഹദ് സിനിമയിലെത്തി്. എന്നാല്‍ ആ സിനിമ ഒരു വലിയ ബോക്‌സ് ഓഫീസ് പരാജയമായി. ഇതോടെ സിനിമാ മോഹങ്ങള്‍ ഉപേക്ഷിച്ച്് അമേരിക്കയില്‍ എഞ്ചിനീയറിങ്ങ് പഠിക്കാനായ പോയ ഫഹദ് എഞ്ചിനീയറിങ്ങിനോടുള്ള താല്‍പര്യം നഷ്ടപ്പെട്ട്, കോഴ്സ് പാതിവഴിയില്‍ ഉപേക്ഷിച്ച് അഭിനയ വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുക്കാന്‍ തുടങ്ങി. ഏഴു വര്‍ഷത്തിന് ശേഷം കേരളകഫെ(2009)യെന്ന ആന്തോളജി ചിത്രത്തിലൂടെ ഫഹദ് ശ്രദ്ധേയമായ തിരിച്ച് വരവ് നടത്തി. കേരളകഫെയില്‍ മൃത്യുഞ്ജയം എന്ന ഹ്രസ്വചിത്രത്തിലാണ് ഫഹദ് അഭിനയിച്ചത്. ‘അദ്ദേഹം വളരെ വ്യത്യസ്തമായ ഒരു തരംഗം കൊണ്ടുവന്നു – സാധാരണവും ശാന്തവുമായൊന്ന്. ഒരു യുവ ഊര്‍ജ്ജം സിനിമകളിലേക്ക് വന്നു. “ശുദ്ധമായ ശ്വാസം പോലെ ഒരാള്‍” എന്നാണ് എഴുത്തുകാരന്‍ വിവേക് രഞ്ജിത് ഫഹദിനെ ഓര്‍ക്കുന്നത്. സമീര്‍ താഹിര്‍ ത്രില്ലറായ ചാപ്പ കുരിശ് (2011) ആയിരുന്നു ഫഹദിന്റെ വഴിത്തിരിവ്. മികച്ച സഹനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇതിലൂടെ ഫഹദിനെ തേടിയെത്തി.

മലയാളത്തിലെ പ്രമുഖ നടന്‍മാരെ കേരളത്തിന് പരിചയപെടുത്തിയ പ്രശസ്ത സംവിധായകന്‍ ഫാസിലിന്റെ മകനായിരിന്നിട്ടും (മോഹന്‍ലാലിനെ പോലും മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാളത്തിന് നല്‍കിയത് ഫാസിലാണ്) ആ പ്രിവിലേജില്‍ എളുപ്പത്തിലൊരു ഇരിപ്പിടം സിനിമയില്‍ വേണ്ടെന്നായിരുന്നു ഫഹദിന്റെ തീരുമാനം. തുടക്കകാരനായിരിട്ടും മുഖ്യധാരാ സിനിമാ രിതീകൾക്കും, പതിവ് സൗന്ദര്യബോധത്തിനും പകരം പാരമ്പര്യേതരവും പരീക്ഷണാത്മകവുമായ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ നല്‍കി. 22ഫിമെയില്‍ കോട്ടയം(2012)എന്ന ഫഹദിന്റെ പ്രശസ്തമായ സിനിമയില്‍ വില്ലന്റെ കഥാപാത്രമായെത്തുന്ന ഫഹദ്, നായികാ കഥാപാത്രത്തിന്റെ പ്രതികാരത്തിന്റെ പ്രതികാരത്തിനിരയായി ലിംഗം ചേദിക്കപ്പെട്ട യുവാവായാണ് അഭിനയിക്കുന്നത്. ഒരു മാച്ചോ നായകന്‍ ഒരിക്കലും അഭിനയിക്കാന്‍ തയ്യാറാവാത്ത കഥാപാത്രമാണത്.
സാമ്പ്രദായികമല്ലാത്ത സിനിമാ രീതികളോടുള്ള തന്റെ താല്‍പര്യം ഫഹദ് വിശദീകരിക്കുന്നതിങ്ങനെയാണ്

‘സിനിമകള്‍ പാരമ്പര്യേതര പശ്ചാത്തലത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു സാധാരണ കഥയോ അല്ലെങ്കില്‍ പരമ്പരാഗത സാഹചര്യത്തില്‍ പാരമ്പര്യേതര കഥാപാത്രമോ ആകാം. സിനിമകള്‍ റീമേക്ക് ആണെങ്കില്‍പ്പോലും, അത് വ്യത്യസ്തമായ വിധത്തില്‍ കേള്‍ക്കാനും ഉണ്ടാകാനും ഞാന്‍ ആഗ്രഹിക്കുന്നു.’

ഒരു സിനിമയെക്കുറിച്ച് തീരുമാനിക്കുമ്പോള്‍, അദ്ദേഹത്തിന്റെ പ്രാഥമിക പരിഗണന തന്റെ കഥാപാത്രത്തിലുപരി, ആഖ്യാനത്തിലും തിരക്കഥയിലുമാണ്. കഥാപാത്രമെന്നാല്‍ സിനിമയുടെ ഒരു പാളി മാത്രമാണെന്നും തന്നെസംബന്ധിച്ച് സിനിമയെന്നാല്‍ കഥയും, കഥ പറയാനുപയോഗിക്കുന്ന സങ്കേതങ്ങളുമാണെന്ന് ഫഹദ് പറയുന്നു. ജീവിതത്തെ സൂക്ഷമായി നോക്കികാണൂന്ന ഒരാളാണെന്നതും, കടുത്ത സിനിമാ കാഴ്ച്ചക്കാരനാണെന്നതും അദ്ദേഹത്തെ അതില്‍ സഹായിക്കുന്നു. ഫഹദിന്റെ സുതാര്യതയും, തുറന്ന മനസ്സും,ക്ഷമയും, ചര്‍ച്ച ചെയ്യാനും, സ്വീകരിക്കാനും ഫീഡ്ബാക്ക് നല്‍കാനുമുള്ള സന്നദ്ധതയും തനിക്ക് ഇഷ്ടമാണെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ പറയുന്നു. അദ്ദേഹം സിനിമസെറ്റുകളിലെത്തുന്നത് തിരക്കഥയെ കുറിച്ചുള്ള പൂര്‍ണധാരണയോടെയാണെന്നും മനീഷ് കൂട്ടിചേര്‍ക്കുന്നു.
”ഒരു കഥ മനസിലാക്കാനും ഒരു കഥയുടെ സിനിമാറ്റിക് സാധ്യത വിഭാവനം ചെയ്യാനും ഫാസിലിന് കഴിവുണ്ട്” ഫിലിം ഫെസ്റ്റിവല്‍ കണ്‍സള്‍ട്ടന്റും ആര്‍ട്‌സ് മാനേജറുമായ ബന്ദു പ്രസാദ് അലിയമ്മ പറയുന്നു…

ഇതരമതസ്ഥര്‍ തമ്മിലുള്ള പ്രണയ കഥയായ അന്നയും റസൂലും, സംഗീതത്തിന് പ്രാധാനമുള്ള ആമേന്‍, റോംകോം, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നിവയുള്‍പ്പെടെയുള്ള വിജയകരമായ ചിത്രങ്ങളാല്‍ 2013 ഫഹദിനെ സംബന്ധിച്ച് സമ്പന്നവും തിരക്കുള്ളതുമായ വര്‍ഷമായിരുന്നു. ഒസിഡിയുള്ള യുവാവായി ഫഹദ് അഭിനയിച്ച നോര്‍ത്ത് 24 കാതം, ആര്‍ട്ടിസ്റ്റിലെ സ്വയം കേന്ദ്രീകൃതവും അഹംഭാവമുള്ളതുമായ കലാകാരനായ കഥാപാത്രവും ഫഹദിന്റെ ശ്രദ്ധിക്കപെട്ട രണ്ട് വേഷങ്ങളാിരുന്നു. ഈ രണ്ട് വേഷങ്ങള്‍ക്കും സംയുക്തമായി അദ്ദേഹത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.

2014ലെ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സിനിമയുടെ വലിയ വിജയത്തിന് ശേഷം ഫഹദിന്റെ കരിയറിലെ മറ്റൊരു മോശം സമയമായിരുന്നു. രണ്ട് വര്‍ഷത്തെ തുടരെയുള്ള പരാജയ സിനിമകള്‍ക്കിപ്പുറം 2016ല്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരമെന്ന സിനിമയിലൂടെ മാറുന്ന മലയാള സിനിമയുടെ മുഖമായി വന്‍തിരിച്ച് വരവാണ് ഫഹദ് നടത്തിയത്. 2018ല്‍ സത്യന്‍ അന്തിക്കാടിന്റെ ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തിലെ മാനുഷിക ജീവിത പാഠങ്ങള്‍ ബോക്‌സ് ഓഫീസ് ഹിറ്റ് സൃഷ്ഠിച്ചപ്പോള്‍, ഒരു സ്വര്‍ണ മോഷണവും അതിനോടനുബന്ധിച്ചുള്ള വ്യവഹാരങ്ങളും ചര്‍ച്ച ചെയ്യുന്ന ദിലീഷ് പോത്തന്റെ ലളിതവും അതേ സമയം അഗാധവുമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും വഴി 2017ലെ മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡും കരസ്ഥമാക്കി. 2014ഓടു കൂടി തന്നെ ഫഹദ്, ഭാര്യയും സഹനടിയുമായി നസ്രിയയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്ന പേരില്‍ സിനിമാനിര്‍മാണം ആരംഭിച്ചു. നിര്‍മാതാവായുള്ള ഫഹദിന്റെ അരങ്ങേറ്റവും തികച്ചും വ്യത്യസ്തമായ പിരീയഡ് സിനിമയായ ഇയ്യോബിന്റെ പുസ്തകം(2014) എന്ന സിനിമയോട് കൂടിയായിരുന്നു.

മലയാള സിനിമയുടെ നവതരംഗം സാധ്യമാക്കയതില്‍ പ്രധാനി…

ഈ കാലയളവില്‍ തന്നെ മലയാള സിനിമയിലെ നവതരംഗം സൃഷ്ഠിക്കുന്നതിനെ ചുക്കാന്‍ പിടിച്ചയാളാണ് ഫഹദ്. വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ച, സിനിമ സംവിധായകരടക്കമുള്ള പിന്നണി പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് നല്ല സിനിമകള്‍ സൃഷ്ഠിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സംവിധായകന്‍ ദിലീഷ് പോത്തന്‍, സനുജോണ്‍ വര്‍ഗീസ്, എഴുത്തുകാരാനായ ശ്യാം പുഷ്‌കരന്‍ എന്നിവര്‍ അവരില്‍ ചിലരാണ്.
ഈ പുതിയ പ്രതിഭകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാരംഭിച്ചപ്പോള്‍, പൊതുസിനിമാ ബോധത്തിനപ്പുറത്ത് നില്‍ക്കുന്ന മികച്ച കലാസൃഷ്ഠികള്‍ മലയാളത്തിലെത്തിയെന്നതാണ് സത്യം. എല്ലാവരും തന്നെ സിനിമയുടെ ഭാഗമാണ്, സിനിമയെന്നാല്‍ ഒരു വ്യക്തിയെന്നതിനേക്കാള്‍ ഒരു കൂട്ടത്തിന്റെതാണെന്ന് മഹേഷ് നാരായണന്‍ പറയുന്നു.

2019ല്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ്(മലയാളം), ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത സൂപ്പര്‍ഡിലക്‌സ്(തമിഴ്) എന്നീ ചിത്രങ്ങള്‍ സിനിമാ തിയ്യേറ്ററുകളില്‍ വിജയകൊടി പാറിച്ചതോടെയാണ് ദേശീയ തലത്തില്‍ സിനിമാപ്രേമികള്‍ ഫഹദിനെ ശ്രദ്ധിക്കാനാരംഭിച്ചത്. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വരവും, പരീക്ഷണ സിനിമയായിരുന്ന സി യൂ സൂണിന്റെ വന്‍വിജയവും, തൊട്ട് പിന്നാലെ മാക്ബത്തില്‍ നിന്നും പ്രേരണയുള്‍ക്കൊണ്ട് നിര്‍മിക്കപെട്ട ദിലീഷ് പോത്തന്റെ ജോജിയും പുറത്തിറങ്ങിയതോടെ ദേശീയ തലത്തില്‍ തന്നെ ഫഹദ് തരംഗം വരികയും, കുടുംബങ്ങളുടെ പ്രിയനടനായി ഫഹദ് മാറുകയും ചെയ്തു.”എല്ലാവര്‍ക്കുമിപ്പോള്‍ എല്ലാം കാണാം, എനിക്ക് വീട്ടിലിരുന്ന് ഏതോ സ്പാനിഷ് സീരിസ് കാണാം, അതു പോലെ തന്നെ ലോകത്തിന്റെ മറ്റേതൊ ഭാഗത്തുള്ളവര്‍ക്ക് മലയാള സിനിമകളും” ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ച് ഫഹദ് പറയുന്നു.

മാലിക് ഈ വര്‍ഷം ഏപ്രിലില്‍ സിനിമാതിയ്യേറ്റര്‍ വഴി റിലീസ് ചെയ്യാനിരുന്നതായിരുന്നു, എന്നാല്‍ കോവിഡ് മഹാമാരി കാരണം അത് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായി. ദൃശ്യം-2 വിന് ശേഷം ഒടിടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുന്ന മലയാളത്തിലെ ബിഗ്ബഡ്ജറ്റ് ചിത്രമാണ് മാലിക്. ഒടിടി സാധ്യതകള്‍ ഉപയോഗപെടുത്താന്‍ മടിച്ച് നിന്ന കേരള സിനിമാസമൂഹത്തിന് അതിന്റെ സാധ്യത തുറന്ന് വെച്ച തുടക്കാരാനാണ് ഫഹദ്. ഇപ്പോഴത് ഒരു കൃത്യമായ തീരുമാനമാണെന്ന് എല്ലാവരും അംഗീകരിക്കുകയും ചെയ്തു.
പുതിയ സങ്കേതങ്ങളുമായി കൈകോര്‍ത്ത് മുന്നോട്ട് പോകാന്‍ എറ്റവും ഉദാത്തമായ സമയമാണിത്. പ്രേക്ഷകര്‍ക്ക് ആസ്വാദനം നല്‍കുകയെന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ഫഹദ് പങ്കുവെച്ചു. തനിക്ക് സിനിമ കാണുന്നവര്‍ക്ക് അതിഷ്ടമാവുകയെന്നത് പരമപ്രധാനമാണെന്നും, സത്യസന്ധമായ വികാരങ്ങളെ ചിത്രീകരിക്കുകയെന്നതാണ് അതിനുള്ള മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ സിനിമയെ വളരെ വൈകാരികമായി നോക്കികാണുന്നു, വൈകാരികത മാത്രമാണ് അതിര്‍ത്തികള്‍ കടന്ന് ആളുകളുമായി ബന്ധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ടേക്ക് ഓഫ്, സീ യൂ സൂണ്‍ എന്നീ സിനിമകള്‍ക്ക് ശേഷം ഫഹദ് ഫാസില്‍, മഹേഷ് നാരായണന്‍ കൂട്ട് കെട്ടില്‍ പിറക്കുന്ന മൂന്നാമത്തെ സിനിമയാണ് മാലിക്. ഇന്ത്യയിലെ ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ടറും ഉള്ളടക്ക മേധാവിയുമായ വിജയ് സുബ്രഹ്മണ്യം പറയുന്നത്, ഫഹദിനെ വേറിട്ടു നിര്‍ത്തുന്നത് അദ്ദേഹത്തിന്റെ പിഴയ്ക്കാത്ത കഥാതന്തുക്കളും, മികച്ച പ്രകടനവുമാണ് എന്നാണ്. ഫഹദിന്റെ മാലികിലെ കഥാപാത്രം ഫ്രാന്‍സിസ് ഡി കപ്പേളയുടെ ഗോഡ്ഫാദറിലെ ഹീറോ, മണിരത്‌നം സംവിധാനം ചെയത് തമിഴ് സിനിമയായ നായകനിലെ കഥാപാത്രമായ വേലുനായ്ക്കര്‍ എന്നിവയെ അനുസ്മരിപ്പിക്കുന്നുണ്ടാവാം. എന്നിരുന്നാലും, മര്‍ലോണ്‍ ബ്രാണ്ടോ, അല്‍ പാസിനോ, കമല്‍ ഹാസന്‍ തുടങ്ങിയ നടന്‍മാരുടെ ആകര്‍ഷിക്കുന്ന അഭിനയ ചാരുതയില്‍ നിന്നും വ്യത്യസ്തമായി ഫഹദ് ഈ കഥാപാത്രത്തില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എളുപ്പവും അനായാസവും ഭാരമില്ലാത്തതുമായി തോന്നുന്ന അഭിനയം, ശാന്തവും, മിക്കപ്പോഴും യാഥാര്‍ഥ്യത്തിനപ്പുറമായി തോന്നുന്നതും എന്നാല്‍ ജീവിതത്തേക്കാള്‍ ആഴമുള്ളതുമായ പ്രകടനം.

അപ്പോഴും ഫഹദിന്റെ ഈ മിസ്സിഹ, കഥാപാത്രപരമായി അടിസ്ഥാന വര്‍ഗത്തില്‍ നിന്നുയര്‍ന്ന് വന്നതാണ്. നിലവിലെ പല സംഭവവികാസങ്ങളില്‍ നിന്നും ചിത്രം പ്രേരണയുള്‍ക്കൊള്ളുന്നുണ്ട്. തീരപ്രദേശത്തെ ഭൂമി കയ്യേറ്റങ്ങള്‍, പാരിസ്ഥിതിക നാശനഷ്ടങ്ങള്‍, രാഷ്ട്രീയ, കോര്‍പ്പറേറ്റ് അഴിമതി എന്നിവയൊക്കെ സിനിമയില്‍ പരാമര്‍ശിക്കപെടുന്നുണ്ട്. മനീഷ് നാരായണന്‍-ഫഹദ് കൂട്ട്‌കെട്ട് തുടരുകയാണ്. ഫഹദ് നിലവില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത് മനീഷ് നാരായണന്‍ എഴുതി, സജി മോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം മലയന്‍കുഞ്ഞുവാണ്. ഫഹദിന്റെ മൂന്നാമത്തെ തമിഴ് ചിത്രമായ ലോകേഷ് കനഗരാജിന്റെ ”വിക്രം” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. കമലഹാസനും വിജയ് സേതുപതിക്കുമൊപ്പമാണ് ഈ സിനിമയില്‍ ഫഹദ് അഭിനയിക്കുന്നത്. പുഷ്പ എന്ന പേരില്‍ അല്ലു അര്‍ജുനൊപ്പം തന്റെ ആദ്യ തെലുങ്കു പടത്തിനായി ഒരുങ്ങുകയാണ് ഇപ്പോൾ ഫഹദ്.

അടുത്ത് തന്നെ ഒരു ഹിന്ദി ചിത്രവും പ്രതീക്ഷിക്കാമോയെന്ന ചോദ്യത്തിന് ഇല്ലയെന്നായിരുന്നു ഫഹദിന്റെ ഉത്തരം. താന്‍ ഹിന്ദിഭാഷയില്‍ മുഴുവനായി അവഗാഹം നേടിയതിന് ശേഷമെ അതുണ്ടാവൂ എന്നാണു അദ്ദേഹം പറഞ്ഞത്.

എനിക്ക് ഹിന്ദി വായിക്കാനും,സംസാരിക്കാനുമൊക്കെ അറിയാം എന്നാല്‍ ഒരു സീനില്‍ എനിക്ക് എന്റെതാക്കി അഭിനയിക്കാന്‍ ആ ഭാഷയിലെനിക്ക് ചിന്തിക്കാന്‍ കൂടി പറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി. കാരണം എല്ലാത്തിനുമപ്പുറം, ഫഹദ് ഫാസില്‍ വിശ്വസിക്കുന്നത് കഥാപാത്രങ്ങളുടെ ആധികാരികതയിലും സത്യസന്ധതയിലുമാണ്. വിശ്വാസ്യതയും-യാഥാര്‍ഥ്യ ബോധവും കാത്ത് സൂക്ഷിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ മുഖമുദ്ര.