പുതുമയുടെ കാറ്റും വെളിച്ചവും: ‘ആവേശ’ത്തിന് പിന്നിൽ

നൂറ്റമ്പത് കോടിയിലധികം കലക്ഷൻ നേടി തീയേറ്ററിലെ വൻ വിജയത്തിന് ശേഷം അൻവർ റഷീദും നസ്രിയ നസീമും നിർമ്മിച്ച ജിത്തു മാധവൻ എഴുതി സംവിധാനം ചെയ്ത ആവേശം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT പ്രദർശനവും ആരംഭിച്ചു കഴിഞ്ഞു. OTT- യിലും ദേശീയ തലത്തിൽ വലിയ സ്വീകാര്യത ആണ് ചിത്രത്തിന് കിട്ടുന്നത്. കുറച്ച് കാലത്തിനു ശേഷമാണ് ഫഹദ് ഫാസിലിൻ്റെ ഒരു വലിയ കൊമേഴ്സ്യൽ മലയാള സിനിമ തിയറ്ററിൽ പ്രദർശനത്തിന് എത്തിയത്. ചിത്രത്തിൻ്റെ വലിയ സ്വീകാര്യതയും സാമ്പത്തിക വിജയവും ഫഹദ് ഫാസിലിൻ്റെ സ്റ്റാർഡത്തെ കൂടി ഊട്ടി ഉറപ്പിക്കുന്ന ഒന്നാണ്. വേറെ ആര് ചെയ്താലും രംഗ എന്ന കഥാപാത്രം ഇങ്ങനെ ശരിയാകില്ലായിരുന്നു എന്ന അഭിപ്രായം വലിയ തോതിൽ ഉയർത്തുന്ന രീതിയിൽ മികച്ച പ്രകടനം ആണ് ഫഹദ് കാഴ്ചവെച്ചത്.

ഫാസിലിൻ്റെ അനിയത്തിപ്രാവ് ഒരേ സമയം പ്രേമിക്കുന്നവരേയും, അവരുടെ മാതാപിതാക്കളുടെ, വീട്ടുകാരുടെ വിചാരങ്ങളേയും അഭിസംബോധന ചെയ്തത് കൊണ്ടാണ് അത്രയും വലിയ ഹിറ്റ് ആയത് എന്ന് കേട്ടിട്ടുണ്ട്. ആവേശവും അതുപോലൊരു പ്രതിഭാസം ആണ്. സുഷിൻ ശ്യാം, ഫൈറ്റ് choreography, അന്യനാട്ടിൽ പോയുള്ള കോളേജ്-ഹോസ്റ്റൽ ജീവിതം, പുതുമയുള്ള കോമഡി തുടങ്ങി യുവജനങ്ങൾക്ക് വേണ്ടത് എല്ലാം ഉണ്ട്. കൂടാതെ എത്ര കണ്ടാലും മടുക്കാത്ത വിഷ്വൽസും. കുട്ടികൾക്ക് നന്നായി ഇഷ്ടപ്പെടുന്ന രീതിയിൽ ചിത്രകഥ- caricature കഥാപാത്രങ്ങളുമായി. അമ്പാൻ്റെ റെഫറൻസ് തന്നെ മായാവിയിലെ വിക്രമൻ ആയിരുന്നു എന്ന് സംവിധായകൻ പറഞ്ഞിട്ടുണ്ട്. ഫൈറ്റ് സീനുകളിലെ ഫഹദിൻ്റെ മാനറിസം മിക്കതും ചിത്രകഥകളെ ഓർമ്മിപ്പിക്കുന്നത് ആയിരുന്നു. പിന്നെ മാതാപിതാക്കൾക്ക് മാപ്പു പറഞ്ഞാണ് മദ്യപാന സീനുകൾ തുടങ്ങുന്നത് തന്നെ. വഴിവിട്ട ജീവിതത്തിലെ അപകടങ്ങളെപ്പറ്റിയുള്ള ഗുണപാഠം പോലെ മാതാപിതാക്കൾക്ക് എടുക്കാവുന്ന രീതിയിൽ കൂടിയാണ് സിനിമ. ക്ലൈമാക്സിലെ ചൂരൽ പ്രയോഗം ഉദാഹരണം. സ്വന്തം അമ്മയും, ബിബിയുടെ അമ്മയും ആയി രംഗ പുലർത്തുന്ന ആത്മബന്ധമാണ് സിനിമയിലെ പ്രധാനപ്പെട്ട പ്ലോട്ട് പോയിൻ്റ്സാണ്. പ്രേക്ഷകർ പലവട്ടം തീയേറ്ററിൽ സിനിമ കണ്ടത് ഒരു കാരണം ആണെങ്കിലും ഇത്ര വലിയ സാമ്പത്തിക വിജയം നേടിയതിനു പിന്നിൽ ഇങ്ങനെ എല്ലാ പ്രായത്തിലുളളവർക്കും ആസ്വദിക്കാവുന്ന സിനിമയായി ബുദ്ധിപൂർവ്വം ഒരുക്കിയ സ്ക്രിപ്റ്റ് കൂടി കാരണമാണ്.

ഇതിനെ ഒക്കെ വേറൊരു തലത്തിലേക്ക് ഉയർത്തുന്നത് ആയിരുന്നു സുശിൻ ശ്യാമിൻ്റെ സംഗീതവും, സമീർ താഹിറിൻ്റെ ഛായാഗ്രഹണവും, എല്ലാവരുടേയും മികച്ച പ്രകടനങ്ങളും, അശ്വിനി കാലെയുടെ പ്രൊഡക്ഷൻ ഡിസൈനും, വിവേക് ഹർഷൻ്റെ എഡിറ്റിംഗും, നിരവധി പ്രശസ്ത സിനിമാ രംഗങ്ങളുടെ റെഫറൻസുകളും.

രാജമാണിക്യം , ചട്ടമ്പിനാട് തുടങ്ങി നിരവധി സിനിമകളിലെ ഡയലോഗുകളും, വേഷഭാവാദികളും, ഗോഡ്ഫാദർ 3 (“Just when I thought I was out, they pull me back in!”), ഗുഡ്ഫെല്ലാസ് (Joe Pesci restaurant scene-dumb charades scene), കുമ്പളങ്ങി നൈറ്റ്സ് (ജനലിലൂടെ ഉള്ള എത്തിവലിഞ്ഞ നോട്ടം ക്ലൈമാക്സ് സീൻ), മുന്നാഭായി MBBS (രംഗ,അമ്പാൻ – മുന്ന,സർക്കീട്ട്), രോമാഞ്ചം (സിനുവിൻ്റേയും ശാന്തൻ്റെയും തലകുലുക്കിയുള്ള ചിരി), തേജാഭായി & ഫാമിലി (ഋഷി വശ്യ വജസ്സിൻ്റെ ഡാൻസ്), ഫഹദ് ബർത്ത്ഡേ കേക്ക് കട്ട് ചെയ്യുന്നതിന് തൊട്ടുമുമ്പ് കേക്കിലേക്ക് നോക്കുന്ന ഷോട്ടിൽ Inglorious Basterds-ലെ ‘I think this just might be my masterpiece’ എന്ന പ്രശസ്തമായ ഷോട്ടിനുള്ള ട്രിബ്യൂട്ട് ഒക്കെ ആയി നിരവധി റെഫറസുകളും ചിത്രത്തിൽ ഉണ്ട്. ഇപ്പോഴത്തെ പ്രധാന ഹിറ്റുകളായ പ്രേമലു, മഞ്ഞുമ്മേൽ ബോയ്സ്, ഗുരുവായൂർ അമ്പലനടയിൽ, ജയജയജയ ജയഹേ തുടങ്ങി സിനിമകളുടെ ഒക്കെ പ്രത്യേകത ആണ് ഈ റഫറൻസുകൾ.

സിനിമയുടെ ഒടുവിൽ ബിഗ് സ്ക്രീൻ ചെറുതായി ഒരു മൊബൈൽ സ്ക്രീനിലെ റീൽ ആയി മാറുന്നുണ്ട്. റീലുകളുടെ കാലത്തെ മാറുന്ന ആസ്വാദന ശീലങ്ങളെ അഭിസംബോധന ചെയ്യുന്ന സിനിമയാണിതെന്ന സംവിധായകൻ്റെ പ്രസ്താവന കൂടി ആവാം ഇത്. ഫഹദിനും സജിൻ ഗോപുവിനും പുറമേ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് റീലുകളും, ഗെയിമിംഗ് വീഡിയോകളും വഴി പ്രശസ്തരായ ഹിപ്സ്‌റ്റർ, റോഷൻ, മിഥുൻ, മിഥൂട്ടി തുടങ്ങിയവർ ആണ്. എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ അവതരിപ്പിച്ചു. മുകളിൽ സൂചിപ്പിച്ച ഇപ്പോഴത്തെ ഹിറ്റുകളും ഈ മാറുന്ന ആസ്വാദന ശീലങ്ങളെ കൂടി മുന്നിൽ കണ്ട് ഒരുക്കിയവ ആണ്. ഈ സിനിമകൾക്ക് കാഴ്ചയിൽ അനുഭവിക്കാവുന്ന പുതുമയ്ക്ക് ഇതും ഒരു കാരണമാണ്. ഇതുകൊണ്ട് കൂടി ആവണം പ്രേമലുവും ആവേശവും ഒക്കെ പലവട്ടം കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നതും. സ്വതന്ത്ര സംഗീത മേഖലയിൽ പ്രതിഭ തെളിയിച്ച Dabzee, Malayali Monkeys, MC Couper, Munz, Hanumankind ഉൾപ്പെടെ നിരവധി യുവ സംഗീതജ്ഞരും ചിത്രത്തിൽ സഹകരിച്ചിട്ടുണ്ട്. വിനായക് ശശികുമാറിൻ്റെ വരികളും മികച്ചവയാണ്.

ഒരു ഇൻ്റവ്യൂവിൽ ‘നല്ല ഗുണ്ട എന്നൊന്നില്ല, എല്ലാ ഗുണ്ടകളും മോശമാണ്’ എന്ന് ജിത്തു മാധവൻ പറയുന്നുണ്ടായിരുന്നു. പലപ്പോഴും അധോലോക നായകരെ പോലും മഹത്വവൽക്കരിക്കുന്ന രീതിയാണ് മാസ്സ് മസാല എന്ന പേരിൽ ഇറങ്ങുന്ന കച്ചവട സിനിമകൾ സ്വീകരിച്ചിട്ടുള്ളത്. പലതും തെലുങ്ക്-തമിഴ് സിനിമകളുടെ വാർപ്പു മാതൃകകൾ പിന്തുടരുന്നവയാണ്. എന്നാൽ അത്തരം ഗുണ്ടാ കഥാപാത്രങ്ങളുടെ സ്പൂഫ് കൂടിയാണ് ചിത്രം. മുൻപുണ്ടായ ചില അനുഭവങ്ങളെ തൻ്റെ ചിത്രങ്ങൾക്ക് അടിസ്ഥാനമാക്കിയുണ്ട് ജിത്തു പറഞ്ഞിട്ടുണ്ട്. സിനിമയോടുള്ള അപ്രോച്ചിൽ കാണിക്കുന്ന സത്യസന്ധത കൂടിയാണ് ഈ സിനിമകളെ കൂടുതൽ ജനകീയം ആക്കുന്നത്.

നിർമ്മാതാവായ അൻവർ റഷീദിൻ്റെ രാജമാണിക്യത്തിൻ്റെ ചില സീനുകളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ നായക കഥാപാത്രത്തേക്കാൾ മറ്റു കഥാപാത്രങ്ങൾ ആണ് സംഘട്ടന രംഗങ്ങളിൽ മുന്നിൽ നിൽക്കുന്നത്. ചിത്രത്തിൽ ചോര കാണിക്കുന്നത് വയലൻസ് കാണികളിൽ അസ്വസ്ഥത ഉണ്ടാക്കുന്ന രംഗങ്ങളിൽ മാത്രമാണ് എന്നത് ശ്രദ്ധേയമാണ്. അങ്ങനെ അല്ലാതെയുള്ള സംഘട്ടന രംഗങ്ങൾ കാർട്ടൂണിഷ് ആയ രീതിയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ഇപ്പോഴത്തെ പല ‘പാൻ ഇന്ത്യൻ’ എന്ന് വിളിക്കപ്പെടുന്ന പല സിനിമകളേയും പോലെ വയലൻസ് ആഘോഷിക്കപ്പെടുന്നു എന്ന വിമർശനത്തെ ചിത്രം അതിജീവിക്കാൻ ശ്രമിക്കുന്നത് ഇങ്ങനെയൊക്കെ ആണ്. മാത്രമല്ല പല പാൻ-ഇന്ത്യൻ സിനിമകളിലെ ആൽഫാ-സിഗ്മ മെയ്ൽ ആണത്വ പ്രാഘോഷണങ്ങൾ സാധാരണ ജീവിതത്തിൽ എത്ര വലിയ കോമാളിത്തരം ആണെന്ന കാഴ്ചയാണ് ചിത്രം ഉയർത്തുന്നത്.

ഈ അടുത്ത് വലിയ ഹിറ്റുകളും, നിരൂപക പ്രശംസ നേടിയവയുമായ മഞ്ഞുമ്മേൽ ബോയ്സ്, പ്രേമലു, ഭ്രമയുഗം, ആവേശം, ആട്ടം ഒക്കെ സംവിധായകരുടെ രണ്ടാമത്തേയോ, മൂന്നാമത്തേയോ സിനിമകളും, ഗുരുവായൂർ അമ്പലനടയിൽ സംവിധായകൻ്റെ നാലാമത്തെ ചിത്രവും, ആടുജീവിതവും, വർഷങ്ങൾക്കു ശേഷവും താരതമ്യേന പരിചയ സമ്പന്നരായ സംവിധായകരുടെയും സിനിമകളുമാണ്. ഇവയിൽ മിക്കതും യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയതോ, യാഥാർത്ഥ്യത്തോട് വളരെ അടുത്ത് നിൽക്കുന്നതോ ആയ സിനിമകളാണ്. മലയാള സിനിമയുടെ ആത്മാവ് എന്നു പറയാവുന്ന ജീവിത യാഥാർത്ഥ്യങ്ങളോട് ചേർന്ന് നിൽക്കുന്ന ആഖ്യാനങ്ങളോടൊപ്പം പുതുമയുടെ കാറ്റും വെളിച്ചവും, പുതിയ സിനിമാ രീതികളും കടന്നുവന്നതിൻ്റെ മെച്ചം കൂടിയാണ് ഇന്ന് മലയാള സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യത.