ഇറാൻ: പരിമിതമായ ജനാധിപത്യം, പരിധികളില്ലാത്ത പൗരോഹിത്യാധിപത്യം

ദി ഹിന്ദുവിൽ സ്റ്റാൻലി ജോണി എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

“1979 ലെ ഇറാൻ വിപ്ലവത്തിനു ശേഷം ഖൊമൈനി തന്റെ പൗരോഹിത്യ ഭരണം സ്ഥാപിച്ചപ്പോൾ പലരും പുതിയ ഭരണവ്യവസ്ഥ തകരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതിനു വിരുദ്ധമായി രാജ്യത്തിനകത്തെ ഭിന്നഭിപ്രായക്കാരെ നിർമാർജ്ജനം ചെയ്യുകയും രാജ്യത്തുടനീളമുളള പൗരോഹിത്യ സ്വാധീനം ഏകീകരിക്കപ്പെടുകയുമാണുണ്ടായത്. എന്നിരിക്കിലും നാല് പതിറ്റാണ്ടുകൾക്കിപ്പുറം, അയാത്തുള്ള നിർമ്മിച്ച ഈ വ്യവസ്ഥ കാലഹരണപ്പെട്ടതിന്റെ ലക്ഷണങ്ങളാണ് കാണിക്കുന്നത്”,

19ാം നൂറ്റാണ്ടിലെ ഖജർ കാലഘട്ടത്തിലെ മൈദാൻ – ഇ- തൂപ്ഖാനെ എന്ന് വിളിക്കപ്പെട്ടിരുന്ന ഇറാനിയൻ തലസ്ഥാനത്തിന്റെ അയൽപക്കമായ ഇമാം ഖൊമൈനി സ്ക്വയറിൽ നിന്ന് യാർജാനി തെരുവിലെ എബ്രാത് മ്യൂസിയത്തിലേക്ക് നടക്കാനുള്ള ദൂരം മാത്രമേ ഉള്ളൂ. മൂന്ന് നിലകളുള്ള പീഡന കേന്ദ്രം, എണ്ണമറ്റ ജയിലറകൾ, പ്രതിധ്വനിക്കുന്ന ഇടനാഴികൾ, ഇരുമ്പ് വാതിലുകൾ. 1930 കളിൽ ജർമ്മൻ എഞ്ചിനീയർസ് രൂപകല്പന ചെയ്ത ഈ ബിൽഡിങ്ങ് 1979 ലെ വിപ്ലവത്തിനു മുമ്പ് ഷായുടെ കുപ്രസിദ്ധ രഹസ്യപോലീസായ SAVAK ന്റെ ഒരു വിഭാഗത്തിന്റെ ആസ്ഥാനമായിരുന്നു. എല്ലാ ഇരുണ്ട ഇടനാഴികളും വൃത്താകൃതിയുള്ള, മേൽക്കൂരയില്ലാത്ത, സൂര്യപ്രകാശത്താൽ തിളങ്ങുന്ന അകത്തെ മുറ്റത്തേക്ക് നയിക്കുന്നു. തടവുകാരുടെ ശില്പങ്ങൾ അവിടുത്തെ ഇരുമ്പ് ഗ്രില്ലിൽ തൂക്കിയിട്ടിരിക്കുന്നു. ചൂടുപിടിച്ച ഇരുമ്പിൽ തൂക്കിയിട്ട് SAVAK അവരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു. അവരുടെ നിലവിളികൾ ഇടനാഴികളിലാകെ പ്രതിധ്വനിച്ചു. അവരുടെ സഹനങ്ങൾ കോർട്ട്യാർഡിലുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ഒരിക്കൽ അവിടെ തടവിലായിരുന്ന നൂറുകണക്കിന് അന്തേവാസികളുടെ പേരുകളും ചിത്രങ്ങളും മ്യൂസിയത്തിലുണ്ട്. അതിലൊരാളാണ് അയാത്തുള്ള അലി ഖമൈനി, ഇറാന്റെ ഇപ്പോഴത്തെ സുപ്രീം ലീഡർ.

ചരിത്രം ആവർത്തിക്കുന്നു


ഷാ സേച്ഛാധിപത്യത്തിന്റെ ക്രൂരതകൾ തുറന്നു കാണിക്കുന്നതിനായി 2002 ൽ ഇറാൻ അധികാരികൾ പ്രസ്തുത ജയിലിനെ ഒരു മ്യൂസിയമാക്കി മാറ്റി. ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഈ മ്യൂസിയം, ഇസ്ലാമിക വിപ്ലവത്തിലൂടെ ഇറാനികൾ മോചിപ്പിക്കപ്പെട്ട ഷാ രാജവാഴ്ചയുടെ എല്ലാ ദുഷ്കൃത്യങ്ങളുടെയും സൂക്ഷ്മരൂപമാണ്. എന്നാൽ വിപ്ലവത്തിന് നാല് പതിറ്റാണ്ടുകൾക്കിപ്പുറം ഇസ്ലാമിക ഭരണകൂടം പിന്തുടരുന്നത് അവർ ഇറാനികള മോചിപ്പിച്ചു എന്ന് അവകാശപ്പെടുന്ന അതേ അടിച്ചമർത്തൽ ഭരണമാണെന്നാണ് ആവർത്തിച്ചുള്ള പ്രതിഷേധങ്ങൾ ആരോപിക്കുന്നത്. 2009 ലെ വിവാദമായ പ്രസിഡന്റ് തെരെഞ്ഞെടുപ്പിന് ശേഷം ഓദ്യോഗിക ഫലങ്ങളെ വെല്ലുവിളിച്ചു കൊണ്ട് ഒരു പ്രക്ഷോഭം നടക്കുകയും സുരക്ഷാ സേന പ്രക്ഷോഭത്തെ തകർക്കുകയും ചെയ്തു. 2019 ൽ ഇന്ധന വിലവർദ്ധനവിന് തുടർന്ന് നഗരത്തിലുംനീളം കാട്ടുതീ പോലെ പടർന്ന പ്രക്ഷോഭങ്ങളുണ്ടായി. എന്നാൽ അവയും അടിച്ചമർത്തപ്പെട്ടു. ഏറ്റവുമടുത്തായി സംഭവിച്ച ഇറാനിയൻ കുർദ്ദിഷ് വനിതയായ 22 കാരി മഹ്സ അമിനിയുടെ മരണം രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. രാജ്യത്തിലെ കുപ്രസിദ്ധ സദാചാര പോലീസിന്റെ കസ്റ്റഡിയിലിരിക്കയാണ് അമീനി മരണപ്പെട്ടത്. ഈ കുപ്രസിദ്ധ സദാചാര പോലീസിനെ വിമർശകർ പലപ്പോഴും ഷായുടെ SAVAK നോടാണ് താരതമ്യപ്പെടുത്തുന്നത്.

അദ്വിതീയമായ വ്യവസ്ഥ


ഇറാന്റെ അസാധാരണമായ രാഷ്ട്രീയ സംവിധാനം യഥാർത്ഥത്തിലിൽ വിപ്ലവത്തിന്റെ ഒരു ഉപോല്പന്നമാണ്. കൃത്യമായ ഇടവേളകളിൽ തെരെഞ്ഞെടുപ്പുകൾ നടക്കുന്നുണ്ടെങ്കിലും ഭരണകൂടവുമായി ബന്ധപ്പെട്ട എല്ലാ നിർണായക കാര്യങ്ങളിലും ഷിയാ പുരോഹിതന്മാർക്ക് ആത്യന്തികമായ അധികാരമുള്ള വിധത്തിലാണ് ഇറാന്റെ രാഷ്ട്രീയ സംവിധാനം രൂപകല്പന ചെയ്തിരിക്കുന്നത്. ഷാ ഭരണകൂടത്തിനെതിരെ നടന്ന ജനകീയ പ്രസ്ഥാനത്തെ പൊതുവെ “ഇസ്ലാമിക വിപ്ലവം ” എന്നാണ് വിളിക്കുന്നത്, എന്നാലത് ഇസ്ലാമികം മാത്രമായിരുന്നില്ല. ഇറാഖിലെ നജാഫിൽ പ്രവാസത്തിലിരിക്കെ അയാത്തുള്ള ഖൊമൈനി ഷായെ പുറത്താക്കാൻ ആഹ്വാനം ചെയ്യുകയും 1970 കളിലെ ബഹുജന പ്രക്ഷോഭങ്ങളുടെ ആൾരൂപമായി മാറുകയും ചെയ്തുവെന്നത് ശരിയാണ്. എന്നാൽ ദേശീയവാദികൾ, ലിബറലുകൾ, ഇടതുപക്ഷക്കാർ, ട്രേഡ് യൂണിയനുകളൊക്ക ഉൾപ്പെടുന്ന വിവിധ രാഷ്ട്രീയ വിഭാഗങ്ങളിൽ നിന്നുള്ള ഇറാനികൾ ഷായുടെ സ്വേച്ഛാധിപത്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായി ഈ പ്രസ്ഥാനത്തിൽ സജീവമായി ഭാഗമായിട്ടുണ്ട്. 1950 കളുടെ തുടക്കത്തിൽ രാജ്യംവിട്ട് പാലായനം ചെയ്യേണ്ടി വന്ന ഷാ മുഹമ്മദ് റൈസ പഹ്‌ലവി പിന്നീട് സി. ഐ. എ യുടെ സഹായത്തോട് കൂടി, ജനാധിപത്യപരമായി തെരെഞ്ഞടുക്കപ്പെട്ട പ്രധാനമന്ത്രി മൊഹമ്മദ് മൊസഡെഗിനെതിരെ ഭരണ അട്ടിമറി നടത്തുകയും രാജവാഴ്ച പുനസ്ഥാപിക്കുകയും ചെയ്യുന്നു. രാജവാഴ്ച ആഘോഷിക്കുന്ന ഗംഭീരമായ ചടങ്ങുകൾ അദ്ദേഹം സംഘടിപ്പിച്ചു (1971 ൽ ഇറാൻ രാജവാഴ്ചയുടെ 2500ാം വർഷത്തിന്റെ അതിഗംഭീരമായ ആഘോഷം പോലെ, ഏകദേശം 100 മില്യൺ ഡോളർ ചിലവഴിച്ചു ). മൊണാർക്കിസ്റ്റ് റീസർജൻസ് പാർട്ടി ( ഹെസ്‌ബ് എ റസ്തഖീസ് ) ഒഴികെയുളള മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളെയും നിരോധിക്കുകയും ആര്യൻ സൂര്യൻ (ആര്യമെഹർ) – ഇറാന്റെ അരാഷ്ട്രീയവും ആത്മീയവുമായ വഴികാട്ടി എന്ന് സ്വയം വിശേഷിപ്പിച്ചു. വർദ്ധിച്ചുവരുന്ന ഒറ്റപ്പെടലിൽ ഷാ കൂടുതൽ കൂടുതൽ അധികാരങ്ങൾ തന്റെ കൈകളിലേക്ക് കൂട്ടിച്ചേർക്കാൻ ശ്രമിച്ചപ്പോൾ SAVAK ഭ്രാന്തമായി രാഷ്ട്രീയ വിയോജിപ്പുകാരെ വളഞ്ഞിടുകയായിരുന്നു.

രാഷ്ട്രീയ കലാപങ്ങളും ധിക്കാരങ്ങളും ഇറാനിയൻ ജനതയ്ക്ക് അപരിചിതമല്ല. 1896 ൽ, ഖജർ ഇറാനിലെ നാലാമത്തെ ഷാ ആയിരുന്ന നാസർ അൽ -ദിൻ ഷാ ടെഹ്റാനിലെ ഒരു പള്ളിയിൽ വെച്ച് കൊല്ലപ്പെട്ടു. കൊലപാതകവും അതിന്റെ അനന്തരഫലങ്ങളും 1905 – 1911 ലെ ഭരണഘടന വിപ്ലത്തിലേക്കും തുടർന്ന് പേർഷ്യയിൽ പാർലമെന്റ് സ്ഥാപിക്കുന്നതിലേക്കും നയിച്ചു. വർദ്ധിച്ചുവരുന്ന അസംതൃപ്തരായ പ്രതിഷേധക്കാരുടെ മേൽ തന്റെ സൈന്യത്തെ അഴിച്ചുവിട്ടപ്പോൾ, റെസ ഷാ പഹ്‌ലവി കലാപത്തിന്റെ ഈ ചരിത്രത്തെ അവഗണിച്ചു. ഒടുവിലത് അദ്ദേഹത്തിന്റെ തന്നെ പതനത്തിലേക്ക് നയിച്ചു. 1979 ജനുവരിയിൽ ഷാ രാജ്യം വിടുമ്പോൾ ഖൊമേനി പാരീസിലായിരുന്നു. 1979 ഫെബ്രുവരി 1 ന് വിപ്ലവകാരികളുടെ നിയന്ത്രണത്തിലുള്ള മെഹ്റാബാദ് വിമാനത്താവളത്തിൽ അദ്ദേഹം ഇറങ്ങി. സെൻട്രൽ ടെഹ്റാനിൽ ഉപയോഗശൂന്യമായി കിടന്ന, പെൺക്കുട്ടികളുടെ ഒരു സ്കൂൾ , അവർ വിപ്ലവ കൗൺസിലിന്റെ ആസ്ഥാനമാക്കി മാറ്റി. ഖൊമേനി ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന് ഇസ്ലാമിക് വെല്യൂഷണറി ഗാർഡ് കോർപ്സ് എന്ന അർദ്ധസൈനിക സേന രൂപീകരിച്ചതായിരുന്നു. എന്നാൽ വിപ്ലവത്തിൽ പങ്കാളികളായ മറ്റു വിഭാഗങ്ങളെ പൂർണമായി അവഗണിക്കാൻ ഇസ്ലാമിസ്റ്റുകൾക്ക് കഴിഞ്ഞിരുന്നില്ല. അതിനാൽ, പുരോഹിതന്മാരുടെ നിയന്ത്രണത്തെ ഉറപ്പിച്ചു നിർത്തിക്കൊണ്ട് തന്നെ തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും പാർലമെന്റും ഉള്ള ഒരു പുതിയ സംവിധാനത്തിന് ഖൊമേനി തുടക്കമിട്ടു. ശരീയത്തിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഇസ്ലാമിക വിപ്ലവ ഗവണ്മെന്റ് അദ്ദേഹം വാഗ്ദാനം ചെയ്യുകയും അതിനെ അദ്ദേഹം വിലയത് – ഇ ഫഖീഹ് (ഫഖീഹിന്റെ രക്ഷാകർതൃത്വം, അല്ലെങ്കിൽ ഇസ്ലാമിക നിയമജ്ഞൻ) എന്ന് വിളിച്ചു.

വൈദിക നിയന്ത്രണം


ഇറാൻ ഭരണകൂടത്തിന് തിരഞ്ഞെടുക്കപ്പെട്ടതും തെരെഞ്ഞടുക്കപ്പെടാത്തതുമായ ശാഖകളുണ്ട്. തെരെഞ്ഞെടുക്കപ്പെടാത്ത ശാഖ മറ്റേതിനേക്കാളും ശക്തമാണ് താനും. പ്രസിഡന്റ്, പാർലമെന്റ് (മജ്ലിസ്), അസംബ്ലി ഓഫ് എക്സ്പെർട്ട്സ് എന്നിവ നേരിട്ട് തെരഞ്ഞെടുക്കപ്പെടുകയും, അതേസമയം സുപ്രീം ലീഡർ, ഗാർഡിയൻ കൗൺസിൽ, എക്സ്പിഡെൻസി കൗൺസിൽ എന്നിവ പുരോഹിതന്മാരാൽ നിയമിക്കപ്പെടുകയും ചെയ്യുന്നു. രാജ്യത്തിന്റെ ദൈനംദിന കാര്യങ്ങളുടെ നടത്തിപ്പിന്റെ ചുമതലയുള്ള സർക്കാരിന്റെ തലവനാണ് രാഷ്ട്രപതി . എന്നാൽ അദ്ദേഹം രാഷ്ട്രത്തിന്റെ തലവനല്ല, രാജ്യത്തെ ഏറ്റവും അധികാരമുള്ള വ്യക്തി സുപ്രീം ലീഡറാണ്. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ രാഷ്ട്രീയ നേതാവും ആത്മീയ വഴി കാട്ടിയുമാണ് സുപ്രീം ലീഡർ.

നാല് വർഷമാണ് പ്രസിഡന്റിന്റെ കാലയളവ്. മാത്രമല്ല തുടർച്ചയായി രണ്ട് തവണയിൽ കൂടുതലായി പ്രസിഡന്റുമാർക്ക് ഭരണത്തിലിരിക്കാനും പറ്റില്ല. തെരെഞ്ഞടുപ്പ് പ്രക്രിയ ഏറെക്കുറെ ന്യായമാണെന്നു തന്നെയാണ് കണക്കാക്കപ്പെടുന്നത് ( 2009 ലെ തെരെഞ്ഞെടുപ്പ് വിവാദങ്ങൾ പോലുള്ള സംഭവങ്ങൾ ഉണ്ടെങ്കിലും). എല്ലാ സ്ഥാനാർത്ഥികളെയും ഗാർഡിയൻ കൗൺസിൽ പരിശോധിക്കുന്നതിനാൽ സാധാരണയായി ഭൂരിപക്ഷം സ്ഥാനാർത്ഥികളും അയോഗ്യരാക്കപ്പെടുകയാണ് ചെയ്യാറുള്ളത്. 290 അംഗങ്ങളുള്ള ഇസ്ലാമിക് കൺസൾട്ടീവ് അസംബ്ലിക്ക് (മജ്ലിസ് ) നിയമനിർമ്മാണത്തിനുള്ള അധികാരമുണ്ട്. എന്നാൽ മജ്ലിസ് പാസാക്കുന്ന എല്ലാ ബില്ലുകളും തെരെഞ്ഞെടുക്കപ്പെടാത്തതായ ഗാർഡിയൻ കൗൺസിലിലേക്ക് അയക്കണം. പ്രസ്തുത ബില്ല് ഇസ്ലാമിക ഭരണഘടനയ്ക്കും മൂല്യങ്ങൾക്കും അനുസൃതമാണോ എന്ന് ഗാർഡിയൻ കൗൺസിൽ പരിശോധിക്കും. ശക്തമായ ഗാർഡിയൻ കൗൺസിലിൽ ആറ് മതപണ്ഡിതരും ആറ് ഇസ്ലാമിക നിയമജ്ഞരുമായി 12 അംഗങ്ങളാണുള്ളത്. മതപണ്ഡിതരെ നിയമിക്കുന്നത് സുപ്രീം ലീഡർ നേരിട്ടാണ്. എന്നാൽ ആറ് ഇസ്‌ലാമിക നിയമ വിദഗ്ധരെ ശുപാർശ ചെയ്യുന്നത് ചീഫ് ജസ്റ്റിസാണ് (എന്നാൽ അവരെ നിയമിക്കുന്നത് സുപ്രീം ലീഡറാണ്). അതുക്കൊണ്ട് തന്നെ സുപ്രീം ലീഡറിന്റെ ഓഫീസിന് പ്രത്യക്ഷമായോ പരോക്ഷമായോ തെരെഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കുന്ന, സ്ഥാനാർത്ഥികളെ പരിശോധിക്കുന്ന, പാർലമെന്റിൽ വീറ്റോ അധികാരമുള്ള ഗാർഡിയൻ കൗൺസിലിന്മേൽ നിയന്ത്രണമുണ്ട്.

സമ്പൂർണ്ണ അധികാരം


പ്രസിഡന്റിൽ നിന്ന് വ്യത്യസ്തമായി, സുപ്രീം ലീഡറിന് ഒരു നിശ്ചിത കാലായളവില്ല. 1979 ലെ വിപ്ലവത്തിനു ശേഷം ഇറാനിൽ രണ്ട് സുപ്രീം ലീഡർ മാത്രമേ ഉണ്ടായിട്ടുള്ളു. ഖൊമൈനിയും (1989 ൽ അന്തരിച്ചു ) ഖമൈനിയും. സുപ്രീം ലീഡറിനെ തെരെഞ്ഞടുക്കുന്നതിനായി 88 അംഗ വിദഗ്ധരുടെ അസംബ്ലിയെയാണ് ഭരണഘടന അനുശാസിക്കുന്നത്. സുപ്രീം ലീഡറിനെ നിരീക്ഷിക്കാനും പിരിച്ചുവിടാനും അധികാരമുള്ള അസംബ്ലി നേരിട്ട് തെരെഞ്ഞെടുക്കപ്പെടുകയാണ് ചെയ്യുന്നത്. പക്ഷേ, സ്ഥാനാർത്ഥിളെ ഗാർഡിയൻ കൗൺസിൽ പരിശോധിക്കുന്നു. എന്നാൽ, ഗാർഡിയൻ കൗൺസിൽ അംഗങ്ങളെ നേരിട്ടോ അല്ലാതെയോ സുപ്രീം ലീഡർ തന്നെയാണ് തെരഞ്ഞെടുക്കുന്നത്. തെരെഞ്ഞെടുക്കപ്പെട്ട മജിലിസും തെരെഞ്ഞെടുക്കപ്പെടാത്ത ഗാർഡിയൻ കൗൺസിലും തമ്മിൽ നിയമപരമായ തർക്കങ്ങളുണ്ടായാൽ സുപ്രീം ലീഡറിനെ ഉപദേശിക്കുന്ന 45 അംഗ എക്സ്പെഡിയസി കൗൺസലിനായിരിക്കും ആത്യന്തികമായി തീർപ്പുകൽപ്പിക്കാനുള്ള അധികാരം. കൗൺസിലിലെ എല്ലാം അംഗങ്ങളെയും സായുധ സേനയുടെ കമാൻഡർ ഇൻ ചീഫ് കൂടിയായ സുപ്രീം ലീഡറാണ് നിയമിക്കുന്നത്. ചുരുക്കത്തിൽ, 1979 ലെ ഇസ്ലാമിക ഭരണഘടന സുപ്രീം ലീഡറിനും പൗരോഹ്യത്തിനും തന്നെയാണ് രാജ്യത്തെ സർവ ശാഖകളുടെയും ചുമതല എന്ന് ഉറപ്പ് വരുത്തുന്നു.

പ്രിൻസിപ്പലിസ്റ്റുകളും പരിഷ്കരണവാദികളും


ഇറാനിൽ വ്യത്യസ്തമായ രാഷ്ട്രീയ ഗ്രൂപ്പുകളുണ്ടെങ്കിലും പൊതുവെ രണ്ട് വിഭാഗങ്ങളായി അവയെ തരം തിരിച്ചിരിക്കുന്നു – പ്രിൻസിപ്പലിസ്റ്റുകളും (പാശ്ചാത്യ മാധ്യമങ്ങളാൽ കടുത്ത നിലപാടുകാർ എന്ന് വിളിക്കപ്പെടുന്നു) പരിഷ്കരണവാദികളും. പുരോഹിതരുടെ പിന്തുണ ആസ്വദിക്കുന്ന പ്രിൻസിപ്പലിസ്റ്റുകൾ ഒരു യാഥാസ്ഥിക കൂട്ടായ്മയാണ്. അതേസമയം പരിഷ്കരണവാദികൾ അതിനകത്ത് രാഷ്ട്രീയവും സാമൂഹികവുമായ പരിഷ്കാരങ്ങൾക്കായി വാദിക്കുന്നു. 1997-ൽ പ്രസിഡന്റായി മുഹമ്മദ് ഖതാമി തെരഞ്ഞെടുക്കപ്പെട്ടത് പരിഷ്കരണ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായ സന്ദർഭമായിരുന്നു. ജനകീയ പരിഷ്കരണവാദിയായ ഖതാമിയെന്നാൽ പുരോഹിതന്മാരാലും സുരക്ഷാ സംവിധാനങ്ങളാലും സംരക്ഷിക്കപ്പെട്ടിരുന്ന വ്യവസ്ഥയിൽ കാര്യമായ മാറ്റങ്ങളെന്തെങ്കിലും കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടു. മുൻ പ്രസിഡന്റായിരുന്ന ഹസ്സൻ റൗഹാനിയും പരിഷ്കരണവാദിയായിരുന്നു. എന്നാൽ ഇപ്പോഴത്തെ പ്രസിഡന്റായ ഇബ്രാഹിം റൈസി ഒരു പ്രിൻസിപ്പലിസ്റ്റാണ്. ഇപ്പോൾ, പ്രസിഡന്റും മജ്ലിസുമടക്കം സർക്കാരിന്റെ എല്ലാ ശാഖകളെയും നിയന്ത്രിക്കുന്നത് പ്രിൻസിപ്പലിസ്റ്റുകളാണ്.

1979 ലെ ഇറാൻ വിപ്ലവത്തിനു ശേഷം ഖൊമൈനി തന്റെ പൗരോഹിത്യ ഭരണം സ്ഥാപിച്ചപ്പോൾ പലരും പുതിയ ഭരണവ്യവസ്ഥ തകരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതിനു വിരുദ്ധമായി രാജ്യത്തിനകത്തെ ഭിന്നഭിപ്രായക്കാരെ നിർമാർജ്ജനം ചെയ്യുകയും രാജ്യത്തുടനീളമുളള പൗരോഹിത്യ സ്വാധീനം ഏകീകരിക്കപ്പെടുകയാന്നുണ്ടായത്. എന്നിരിക്കിലും നാല് പതിറ്റാണ്ടുകൾക്കിപ്പുറം, അയാത്തുള്ള നിർമ്മിച്ച ഈ വ്യവസ്ഥ കാലഹരണപ്പെട്ടതിന്റെ ലക്ഷണങ്ങളാണ് കാണിക്കുന്നത്. അവസാനിക്കാത്ത സാമ്പത്തിക പ്രതിസന്ധിയുടെ നിഴലും തുടർച്ചയായ ബഹുജന പ്രതിഷേധങ്ങളും, കൗണ്ടർ മൊബിലൈസേഷനും, ഭരണകൂട അക്രമങ്ങളും നടക്കുന്നു. ഭരണകൂടം വിപ്ലവത്തിന്റെ സ്മരണകൾ നിലനിർത്താനും എബ്രാതിൽ പ്രദർശിപ്പിക്കപ്പെട്ട അതിക്രൂരമായ ഷാ അടിച്ചമർത്തൽ രാജവാഴ്ചയുടെ മുകളിൽ ധാർമികമായ ഉയർന്ന സ്ഥാനം ഉറപ്പിക്കാനും ശ്രമിക്കുമ്പോൾ, തെരുവിലെ പ്രതിഷേധക്കാർക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. മഹ്സ അമീനിയുടെ മരണത്തെ തുടർന്നുള്ള പ്രക്ഷോഭം പൊടുന്നനെയുള്ള ഒരു ജ്വലനമാകാം. പക്ഷേ, ഇസ്ലാമിക് റിപ്പബ്ലിക്കിലെ സാമൂഹിക അസ്വസ്ഥകൾ തുടരുന്നതിനാൽ ഇത് അവസാനത്തേതായിരിക്കാൻ സാധ്യതയില്ല.

https://www.thehindu.com/news/international/limited-democracy-unlimited-theocracy/article65947879.ece