Movie Review- ലളിതം, മനോഹരം ഈ കൊച്ചു പ്രണയകഥ

Mild Spoiler Alert

ആറു വർഷങ്ങൾക്ക് ശേഷമുള്ള ഭാവനയുടെ തിരിച്ചുവരവിൻ്റെ സിനിമ എന്നുള്ള രീതിയിൽ തന്നെയാണ് ‘ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ഇറങ്ങും മുന്നേ ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ ഭാവന എന്ന നായികയുടെ വെറുമൊരു തിരിച്ചുവരവിനുള്ള ശ്രമം മാത്രമല്ല നവാഗതനായ ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്തിരിക്കുന്ന ഈ ഫീൽ ഗുഡ് പ്രണയ ചിത്രം. മറിച്ച് വളരെ ലളിതമായി, ചിട്ടയോടെ അനാവശ്യമായ സീനുകൾ ഒന്നും തിരുകി കയറ്റാതെ പ്രേക്ഷകരിലേക്ക് ഒരു മികച്ച സിനിമ അനുഭവം ആണ് ആദിലും സംഘവും ഒരുക്കിയിരിക്കുന്നത്. കൂടാതെ കഥാപാത്രത്തോട് അങ്ങേയറ്റം നീതി പുലർത്തി അഭിനയിച്ച ജിമ്മിയെന്ന ഷറഫുദ്ദീനും, പക്വതയോടെ നിത്യയെ കൈകാര്യം ചെയ്ത ഭാവനയും പ്രേക്ഷകരുടെ മനസ്സിലേക്ക് ഈ സിനിമയിലൂടെ ഇറങ്ങി ചെല്ലുമെന്ന് ഉറപ്പാണ്.

പ്രണയവും, പ്രണയ തകർച്ചയും, വിവാഹവും, ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളും, വിവാഹമോചനവുമെല്ലാം മലയാള സിനിമകളിൽ പലപ്പോഴായി നമ്മൾ കാണാറുള്ളതാണ്.. ഈ സിനിമയിലും പറഞ്ഞു പോകുന്നതും അതൊക്കെ തന്നെയാണ്. പക്ഷേ ഒട്ടും ലൗഡ് അല്ലാതെ പല കാര്യങ്ങളും പ്രേക്ഷകരിലേക്ക് കൺവെ ചെയ്യുക എന്നത് ചെറിയ കാര്യമല്ല. വലിയ ബഹളങ്ങളോ, നീണ്ട സംഭാഷണ ശകലങ്ങളോ ഇല്ലാതെ തന്നെ താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പ്രേക്ഷകരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതിൽ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ വിജയിച്ചിട്ടുണ്ട് എന്ന് പറയാം. ഏച്ചുകെട്ടലുകളോ, അനാവശ്യ മെലോഡ്രാമകളോ, അതിവൈകാരികതയോ ഇല്ലാതെ തന്നെ കുടുംബത്തിനകത്തെ സാഹചര്യങ്ങൾ കൃത്യമായി അടയാളപ്പെുത്തിയിട്ടുണ്ട് ചിത്രം. പലതും പലർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്നതുമാണ്. യാഥാസ്ഥിതിക മുസ്ലിം കുടുംബങ്ങളിൽ പോലും ഇപ്പോൾ കണ്ടുവരുന്ന പോസിറ്റിവ് ആയ മാറ്റങ്ങൾ സിനിമയിൽ വളരെ നന്നായി പ്രസന്റ് ചെയ്തിട്ടുണ്ട്.

തൻ്റെ പ്രണയ തകർച്ചയ്ക്ക് ശേഷമുള്ള ആറുവർഷം വീട്ടുകാർ ഗൾഫിലേക്ക് നാട് കടത്തിയ ആ ട്രോമയിൽ നിന്ന് പുറത്തു വന്നതിന് ശേഷവും ജിമ്മി തനിക്ക് മനസ്സിലുള്ള പല കാര്യങ്ങളും ഇപ്പൊ കൺവേ ചെയ്യാൻ പറ്റാത്ത ഒരു മാനസികാവസ്ഥയാണെന്ന് സുഹൃത്തിനോട് പറയുന്ന സിറ്റുവേഷനുണ്ട്.. ജിമ്മിക്ക് , അയാളുടെ മനസ്സിലുള്ള പല കാര്യങ്ങളും കൺവേ ചെയ്യാൻ പറ്റുന്നില്ലെന്ന് ആ ഡയലോഗിന് മുന്നേ തന്നെ പ്രേക്ഷകർക്കും മനസ്സിലാക്കത്തക്കവണ്ണം ഷറഫുദ്ദീൻ ഗംഭീരമായി അഭിനയിച്ചിട്ടുണ്ട്. ‘നിനക്ക് ഇത്രയോക്കെ സൗകര്യങ്ങൾ ചെയ്തു തന്നിട്ടും നീ നന്നാവുന്നില്ലല്ലോ’? എന്ന് പറയുന്ന അച്ഛൻറെ മുഖത്ത് നോക്കി ‘എനിക്ക് താല്പര്യമുള്ള എന്തിനെങ്കിലും ആരെങ്കിലും പ്രോത്സാഹിപ്പിച്ചിട്ടുണ്ടോ’ എന്ന് മറുചോദ്യം ചോദിക്കുന്നുണ്ട്. ഒട്ടുമിക്ക മക്കളും ഫേസ് ചെയ്തിട്ടുള്ള ഒരു ചോദ്യവും തിരിച്ചൊന്നും പറയാനാകാതെ നിസ്സഹരായി നിന്നിട്ടുള്ള പലർക്കും ഇതൊക്കെ റിലേറ്റ് ചെയ്യാൻ പറ്റും. 10, 15 വർഷങ്ങൾക്ക് ശേഷം സഹികെട്ട് ജിമ്മി മറുപടി പറഞ്ഞപോലെ പറഞ്ഞവരും കാണും.

ഡൊമസ്റ്റിക് വയലൻസ് എന്നത് കവിളത്ത് കിട്ടുന്ന തല്ലുകൾ മാത്രമല്ലന്നും, തന്നെ പരിഗണിക്കാത്ത ,ഒരു വ്യക്തിയായി പോലും അംഗീകരിക്കാത്ത ഒരിടത്തുനിന്നും ഇറങ്ങിപ്പോരുക എന്നത് തന്നെയാണ് വേണ്ടതെന്നും. എന്താണ് വിവാഹബന്ധം വേർപ്പെടുന്നതിനുള്ള കാരണമെന്ന് ചോദിക്കുമ്പോൾ താൻ അനുഭവിച്ച മാനസിക സംഘർഷങ്ങൾ നിത്യ പറയാതെ പറയുന്നുണ്ട്. പക്ഷേ അതിനുള്ള സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ പെൺകുട്ടികൾക്ക് കിട്ടുന്ന സന്ദർഭങ്ങളിൽ മാത്രമാണ് അതൊരു ഓപ്ഷൻ എന്നതും സത്യമാണ്. നിത്യക്ക് അതൊരു ഓപ്ഷൻ ആവുന്നതും അങ്ങനെ തന്നെയാണ്. അനാവശ്യമായ ഫൈറ്റ് സീനുകൾ (ഒരു കൊമേർഷ്യൽ ചേരുവയുടെ ഭാഗമായി വേണം എങ്കിൽ ചിത്രത്തിൽ ഉൾപ്പെടുത്താമായിരുന്നു) ഒഴിവാക്കിയത് ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്.

ബോൺഹോമി എൻ്റെർടെയ്ൻമെൻ്റ് അവതരിപ്പിക്കുന്ന ഈ ചിത്രം ലണ്ടൻ ടാക്കീസിൻ്റെയും ബാനറിൽ റെനീഷ് അബ്ദുൾ ഖാദറും, രാജേഷ് കൃഷ്ണയും ആണ് നിർമിച്ചിരിക്കുന്നത്.അരുൺ റുഷ്ദിയുടെ ഛായാഗ്രഹണം എടുത്തു പറയേണ്ട മറ്റൊരു മേന്മ ആണ്. ഷറഫുദ്ധീൻ, ഭാവന എന്നിവരെ കൂടാതെ അച്ഛനായി വേഷമിട്ട അശോകൻ, നെഗറ്റീവ് കഥാപാത്രമായി അഭിനയിച്ച വരുണ് എന്നിവരും അവരുടെ കഥാപാത്രങ്ങളെ മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്.

അവസാനത്തെ പാട്ട് സീനിൻ്റെ ആവശ്യം ഇത്രത്തോളം ഉണ്ടായിരുന്നു എന്നതും, ഇക്കാക്കയുടെയും, കുഞ്ഞനിയത്തിയുടെയും പരസ്പരമുള്ള ബോണ്ട് സിനിമയിൽ വളരെ ലൗഡായി കാണിച്ചെങ്കിൽ പോലും പ്രേക്ഷകരിലേക്ക് അതെത്രത്തോളം ആഴത്തിൽ ഇറങ്ങി ചെന്നു് എന്നതും സംശയമാണ്. എന്നാൽ ചാരത്തിൽ നിന്ന് ഒരു ഫീനിക്സ് പക്ഷി കണക്കെ ഉയർത്തെഴുന്നേറ്റു വന്ന ഭാവനയെ ബിഗ് സ്‌ക്രീനിൽ വീണ്ടും നിറഞ്ഞു കാണുമ്പോൾ ഈ നെഗറ്റിവ്‌സ് ഒരു വലിയ പ്രശ്നം ആയി അനുഭവപ്പെടില്ല. എന്തായാലും ഒരു ബഷീറിയൻ രീതി പിന്തുടർന്ന ചിത്രത്തിന്റെ പേര് പോലെ തന്നെ ലളിതവും സുന്ദരവുമായ ഒരു പ്രണയകഥ ആണ് ‘ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’.