ആഴ്‌സണലോ, സിറ്റിയോ? ചാമ്പ്യൻസ് ലീഗിലേക്ക് ആരെല്ലാം? ഇംഗ്ലീഷ് പ്രീമിയർ ലീഗ് കലാശക്കോട്ടിലേക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസൺ അവസാനത്തോട് അടുക്കുമ്പോൾ വീണ്ടും ലീഗ് കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയത് ലിവർപൂൾ ആയിരുന്നെങ്കിൽ ഇത്തവണ ആഴ്‌സനലും മാഞ്ചസ്റ്റർ സിറ്റിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

ഏതാനും മത്സരങ്ങൾക്ക് മുൻപ് വരെ ലീഗ് കിരീടം ആഴ്‌സെനൽ ഏതാണ്ട് ഉറപ്പിച്ചിരുന്നു. എന്നാൽ 8 മത്സരം ശേഷിക്കെ ആഴ്‌സനലിന്റെ ലീഡ് 6 പോയിന്റ് ആയി കുറഞ്ഞിരിക്കുകയാണ്. ഒരു മത്സരം അധികം കയ്യിലുള്ള മാഞ്ചസ്റ്റർ സിറ്റി ലീസ്റ്റർ സിറ്റിക്കെതിരെ ജയിച്ചാൽ ആഴ്‌സനലിന്റെ ലീഡ് 3 പോയിന്റായി കുറയും. അങ്ങനെ സംഭവിച്ചാൽ ഏപ്രിൽ 26-ന് മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് സിറ്റിയും ആഴ്‌സനലും തമ്മിലുള്ള പോരാട്ടം സീസണിന്റെ വിധി നിർണ്ണയിക്കുന്നതാവാൻ സാധ്യതയുണ്ട്.

2003-04 സീസണിലാണ് ആഴ്‌സെനൽ അവസാനമായി ലീഗ് കിരീടം നേടിയത്. ‘ഇൻവിൻസിബിൾസ്’ എന്നറിയപ്പെട്ട ആ ആഴ്‌സെനൽ ടീം ആഴ്‌സനെ വെംഗറിന് കീഴിൽ ഒരു ലീഗ് മത്സരം പോലും പരാജയപ്പെടാതെയാണ് തങ്ങളുടെ മൂന്നാം പ്രീമിയർ ലീഗ് കിരീടം നേടിയത്. 1888-89 സീസണിൽ മാത്രമാണ് ഇംഗ്ളീഷ് ലീഗിൽ മുൻപ് ഒരു ടീം ഇതുപോലെ അപരാജിതരായി കിരീടം നേടിയത്. പുതിയ സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധികളെ തുടർന്നും, ക്ലബിന്റെ റിക്രൂട്ട്‌മെന്റും ഓണർഷിപ്പുമായ മറ്റു പ്രശ്നങ്ങളാലും പിന്നോട്ട് പോയ ആഴ്‌സെനൽ ഈ സീസണിലാണ് വീണ്ടും ലീഗിൽ വലിയ വെല്ലുവിളി ഉയർത്തുന്നത്.

മുൻ ക്യാപ്റ്റൻ കൂടിയായ ആർട്ടേറ്റയുടെ കീഴിൽ ശക്തമായ യുവനിരയുമായി ഈ സീസണിൽ ഉടനീളം മികച്ച ഫോം പിന്തുടർന്ന ആഴ്‌സെനൽ സീസണിന്റെ അവസാന മത്സങ്ങളിലും ഈ ഫോം തുടർന്നാൽ നാലാം പ്രീമിയർ ലീഗ് കിരീടം അകലെയല്ല. താരതമ്യേന യുവതാരങ്ങൾ നിറഞ്ഞ ടീമിന്റെ പരിചയ സമ്പത്തിലെ കുറവ് പോരാട്ടമികവ് കൊണ്ടു മറികടക്കാം എന്നാണ് ആഴ്‌സെനൽ കരുതുന്നത്.

എന്നാൽ പെപ് ഗാർഡിയോളയുടെ കീഴിൽ കഴിഞ്ഞ 5 സീസണുകളിൽ 4 പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിയ മാഞ്ചസ്റ്റർ സിറ്റി വൻ വെല്ലുവിളിയാണ് ആഴ്‌സെനലിന് ഉയർത്തുന്നത്. സീസണിലെ അവസാന മത്സരങ്ങളിൽ തുടർച്ചയായ മികച്ച പ്രകടനങ്ങളിലൂടെ ലീഗ് കിരീടം നേടുന്ന ചരിത്രമാണ് കുറച്ചു കാലങ്ങളായി മാഞ്ചസ്റ്റർ സിറ്റിക്ക് ഉള്ളത്. കഴിഞ്ഞ അഞ്ചു സീസണുകളിലെ അവസാന പത്തു മത്സരങ്ങൾ വീതം പരിഗണിച്ചാൽ 50-ൽ 40 മത്സരങ്ങളും സിറ്റി വിജയിച്ചപ്പോൾ 4 സമനിലകളും 6 പരാജയങ്ങളും മാത്രമാണ് അവർക്ക് ഉള്ളത്. രണ്ടുവട്ടം ലിവർപൂളിന് കപ്പിനും ചുണ്ടിനും ഇടയിൽ ലീഗ് കിരീടം നഷ്ടമായത് സിറ്റിയുടെ ഈ പ്രകടനം മൂലമാണ്. ഇത്തവണയും സിറ്റി ഇത് ആവർത്തിക്കാൻ ഒരുങ്ങുമ്പോൾ വാശിയേറിയ പോരാട്ടങ്ങൾക്കാണ് ഇനി പ്രീമിയർ ലീഗ് സാക്ഷ്യം വഹിക്കുക.

പോയന്റ് നിലയിൽ പിന്നിലാണെങ്കിലും ആഴ്‌സനലിനെ അപേക്ഷിച്ച് താരതമ്യേന എളുപ്പമുള്ള മത്സങ്ങളാണ് സിറ്റിക്കുള്ളത് എന്നതും കിരീടപ്പോരാട്ടത്തിന്റെ അപ്രവചനീയത വർദ്ധിപ്പിക്കുന്നു. ക്യാപ്റ്റൻ ഓഡിഗാർഡ്, ഗോൾ കീപ്പർ റംസ്‌ടെയ്ൽ, സാക്ക, മാർട്ടിനെലി, തോമസ് പാർട്ടി, ഗബ്രിയേൽ, സിൻചെങ്കോ, മുൻ ക്യാപ്റ്റൻ ഷാക്കാ എന്നിവരാണ് ആഴ്‌സനലിന് വേണ്ടി മികച്ച പ്രകടനങ്ങൾ കാഴ്ച്ച വെക്കുന്നത്. ലീഗ് ടോപ്പ് സ്‌കോറർ ഹാലണ്ട്, ഡി ബ്രൂണെ, റൂബൻ ഡിയാസ്, സ്റ്റോണ്സ്, ഹുലിയൻ അൽവരെസ്, റോഡ്രി, വാൾക്കർ, ഫോഡൻ, ഗുണ്ടോഗൻ, ഗ്രീലിഷ്, എഡേഴ്സണ്, ബെർണാഡോ സിൽവ തുടങ്ങിയവരുടെ മികച്ച പ്രകടങ്ങളാണ് സിറ്റിയുടെ ശക്‌തി.

സൗദിയുടെ പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഏറ്റെടുത്ത ശേഷം മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന ന്യൂ കാസിൽ നിലവിൽ മൂന്നാമതാണ്. ഇടയ്ക്കൊന്നു മങ്ങിപ്പോയെങ്കിലും തുടർച്ചയായ വിജയങ്ങളിലൂടെ ന്യൂകാസിൽ ലീഗിലെ ആദ്യ നാലു ടീമുകൾക്ക് ലഭിക്കുന്ന അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗ് സ്പോട്ട് ഏതാണ്ട് ഉറപ്പിച്ച മട്ടാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡും, ടോട്ടൻഹാമും ആണ് ചാമ്പ്യൻസ് ലീഗ് ഉറപ്പിക്കാൻ പൊരുതുന്ന മറ്റുരണ്ടു ടീമുകൾ. എറിക് ടാൻ ഹാഗിന്റെ കീഴിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചെങ്കിലും ടീമിന്റെ സ്ഥിരതയില്ലായ്മ യൂണൈറ്റഡ് ആരാധകരിൽ ആശങ്ക ഉണർത്തുന്നു. ടീമിന്റെ ടോപ്പ് സ്‌കോറർ ആയ റാഷ്ഫോഡിന് പരിക്കേറ്റതും ടീമിന് തിരിച്ചടിയാണ്. റാഷ്ഫോഡിന് പുറമെ ബ്രൂണോ ഫെർണാണ്ടസ്, കാസമിറോ, ലീസാന്ദ്ര മാർട്ടിനെസ്, ലൂക്ക് ഷാ എന്നിവർ ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ക്ലബുമായുള്ള തർക്കത്തെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പിന് ശേഷം ക്ലബ് വിട്ടിരുന്നു. ക്ലബ് ഉടമസ്ഥരായ US-ലെ ഗ്ലെയ്സർ കുടുംബം ക്ലബ് വിൽപ്പനയ്ക്കായി ഒരുങ്ങുകയാണ്. ഖത്തറിലെ ഒരു ഗ്രൂപ്പ്, സർ ജിം റാഡ്ക്ലിഫ് തുടങ്ങിയവർ ക്ലബ് വാങ്ങാൻ ലേലത്തിൽ പങ്കെടുക്കുന്നു.

ടോട്ടൻഹാമിന്റെ അവസ്‌ഥയും വ്യത്യസ്‌തമല്ല. പ്രകടനത്തിലെ അസ്ഥിരതയും, ബോർഡുമായുള്ള അഭിപ്രായ ഭിന്നതയും മാനേജർ ആയിരുന്ന അന്റോണിയോ കൊണ്ടെയുടെ ജോലി തെറിപ്പിച്ചു. പുതിയ മാനേജരെ തേടുന്ന ടോട്ടൻഹാം അടുത്ത വർഷം ചാമ്പ്യൻസ് ലീഗിൽ സ്ഥാനം കിട്ടിയില്ലെങ്കിൽ ക്യാപ്റ്റൻ ഹാരി കെയ്ൻ ഉൾപ്പെടെ ടീം വിടുമെന്ന ആശങ്കയിലുമാണ്. അതുകൊണ്ട് തന്നെ ക്ലബിന്റെ ഭാവിക്ക് ഇനിയുള്ള മത്സരങ്ങളും, പുതിയ മാനേജർ നിയമനവും വളരെ പ്രധാനമാണ്. നിരവധി വർഷങ്ങളായി ട്രോഫികളൊന്നും ടോട്ടൻഹാമിന് നേടാൻ കഴിയാത്തതിൽ ആരാധകരും നിരാശരാണ്.

കഴിഞ്ഞ തവണ ലീഗിൽ രണ്ടാമത് എത്തുകയും, ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ എല്ലാ പ്രധാന ടൂർണമെന്റുകളുടെയും ഫൈനലിൽ എത്തുകയും, FA കപ്പ് വിജയിക്കുകയും ചെയ്ത ലിവർപൂൾ ഈ വർഷം മോശം പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്. നിരവധി താരങ്ങളുടെ പരിക്കും, ഫോം നഷ്ടവും ഇതിന് കാരണമാണ്. കാര്യമായ റിക്രൂട്ട്‌മെന്റ് നടത്തിയില്ലെങ്കിൽ വരുന്ന സീസണുകളിലും ടീം തിരിച്ചടി നേരിടാൻ സാധ്യത ഉണ്ട്.

ഉക്രൈൻ യുദ്ധത്തിന് ശേഷം ഉണ്ടായ വിലക്കുകൾ മൂലം റഷ്യൻ കോടീശ്വരൻ റോമൻ അബ്‌റാമോവിച്ചിന് ചെൽസി ക്ലബ് ടോഡ് ബോളിയുടെ നേതൃത്വത്തിലുള്ള അമേരിക്കൻ കണ്സോർഷ്യത്തിന് വിൽക്കേണ്ടി വന്നു. അബ്‌റാമോവിച്ചിന്റെ ഉടമസ്ഥതയിൽ നിരവധി കിരീടങ്ങൾ നേടിയ ചെൽസിക്ക് പുതിയ ഓണർമാർ ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ പണം ചിലവാക്കി നിരവധി കളിക്കാരെ കൊണ്ടുവന്നെങ്കിലും ലീഗിൽ കഷ്ടകാലമാണ്. ഈ സീസണിൽ 11 ലീഗ് കളികളിൽ പരാജയപ്പെട്ട ചെൽസി ഇപ്പോൾ പതിനൊന്നാം സ്ഥാനത്താണ്. മനേജർമാരായിരുന്ന തോമസ് ടൂക്കലിനും, ഗ്രഹാം പോർട്ടറിനും സ്ഥാനം നഷ്ടമായപ്പോൾ മുൻ ചെൽസി കളിക്കാരനും മാനേജരും ആയിരുന്ന ഫ്രാൻക് ലാംപാർഡിന് ടീമിന്റെ താൽക്കാലിക ചുമതല നൽകിയിരിക്കുകയാണ്.

ഗ്രഹാം പോർട്ടറിന്റെ മുൻ ടീം ആയ ബ്രൈറ്റൺ, ഉനൈ എംറി മാനേജർ ആയി വന്നശേഷം ആസ്റ്റൺ വില്ല, ബ്രെണ്ട്ഫോർഡ്, ഫുൾഹാം തുടങ്ങിയ ക്ലബുകൾ ലീഗിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തിയപ്പോൾ 9 ടീമുകളാണ് ഇപ്പോഴും ലീഗിൽ നിന്ന് തരംതാഴ്ത്തൽ ഒഴിവാക്കാനായി പൊരുതുന്നത്. ലീഗിൽ അവസാന സ്ഥാനത്ത് എത്തുന്ന 3 ടീമുകൾ രണ്ടാം ഡിവിഷനായ ചാമ്പ്യൻഷിപ്പിലേക്ക് തരംതാഴ്ത്തപ്പെടും.

ആഴ്‌സനലും സിറ്റിയും തമ്മിലുള്ള കിരീട പോരാട്ടവും, അവശേഷിക്കുന്ന ചാമ്പ്യൻസ് ലീഗ് സ്ഥാനങ്ങൾക്കായുള്ള ന്യൂകാസിൽ, മാഞ്ചസ്റ്റർ യൂണൈറ്റഡ്, ടോട്ടൻഹാം പോരാട്ടവും, റേലിഗേഷൻ ഒഴിവാക്കാനുള്ള ലീഗ് ടേബിളിന്റെ രണ്ടാം പകുതിയിലെ കൂട്ടപ്പൊരിച്ചിലും, യൂറോപ്യൻ ടൂർണമെന്റുകളിലെ സ്പോട്ടുകൾക്കായി ലിവർപൂളും ചെൽസിയും ഉൾപ്പടെയുള്ള വമ്പന്മാരുടെ അവസാന ശ്രമങ്ങളും ഒക്കെയായി ആവേശമേറിയ മത്സരങ്ങളാണ് ഇനി ഈ പ്രീമിയർ ലീഗ് സീസണിൽ പ്രതീക്ഷിക്കാവുന്നത്.