നീണ്ടു കിടക്കുന്ന പൊറ്റാളിലെ വഴികളിലൂടെ നിതിൻ എന്ന ചെറുപ്പക്കാരനിലേക്ക്; ജസാറുദ്ദീൻ എം എഴുതുന്നു

നിതിൻ സത്യസന്ധനാണ്. പക്ഷേ അതു മറ്റുള്ളവർ പ്രതീക്ഷിക്കുന്നതുപോലെയല്ലെന്നു മാത്രം. മനുഷ്യർക്കിടയിൽ അവൻ ഒരു നിസ്സഹായത അനുഭവിക്കുന്നു. അതുകൊണ്ടാണ് ഇരുപതുകളിലെത്തിയ അവൻ തന്നെയും ലോകത്തെയും നിർവ്യാജം നിരീക്ഷിക്കുന്നതും മറ്റൊരു നിവൃത്തിയുമില്ലാതെ രേഖപ്പെടുത്തുന്നതും. അവിടെ തെളിയുന്ന ആഖ്യാനം ഋജുവല്ല, സുമുഖവുമല്ല. 2002 ജൂൺ മുതൽ ഡിസംബർ വരെയുള്ള അർധവർഷത്തിൽ കേരളത്തിലെ ഒരു സാധാരണ ഗ്രാമത്തിൽനിന്നുള്ള ഒരു ചെറുപ്പക്കാരൻ, അക്കാലത്തെ മറ്റനേകം ചെറുപ്പക്കാരെയും പോലെ, തന്റെ ചുറ്റുമുയരുന്ന നാഗരികതയുടെ ബഹുസ്വരമായ കാലുഷ്യങ്ങളെയും സാധ്യതകളെയും അഭിമുഖീകരിക്കുന്നതാണ് ഈ രചന, അഭിലാഷ് മേലേതിലിന്റെ നിതിന്റെ പുസ്തകം. മറ്റൊരിടത്തേക്കും പറന്നകലാതെ, നമ്മുടെ കൺമുന്നിലെ ഒരൊറ്റയിടത്തിൽതന്നെ മണിക്കൂറുകളോളം ചുറ്റിത്തിരിയുന്ന ഒരു പക്ഷി നൽകുന്ന ഉൽകണ്ഠ പോലെ, ഒരാൾക്കും ആശ്വാസം പകരാനാവാത്ത അലച്ചിലാണ്, ആർക്കും രൂപഭദ്രമാക്കാനാവാത്ത ആവിഷ്കാരമാണു യൌവനം എന്ന ഒരു ആഖ്യാനത്തിലേക്ക് ഈ നോവൽ വികസിക്കുന്നതായി ഞാൻ കാണുന്നു.

-അജയ് പി മങ്ങാട്ട് (എഴുത്തുകാരൻ)

അഭിലാഷ് മേലേതിൽ എഴുതിയ ‘നിതിന്റെ പുസ്തകം’ ഒരു ആസ്വാദന കുറിപ്പ്- ജസാറുദ്ദീൻ എം എഴുതുന്നു

ഫിക്ഷനെ കുറിച്ച് പൊതുവേ പറയാറുള്ള സംഗതിയാണല്ലോ അത് വായനക്കാരന് അയാൾ ഒരിക്കലും അനുഭവിക്കാൻ സാധ്യതയില്ലാത്ത അപരിചിതമായ ജീവിതങ്ങൾ കാണിച്ചുകൊടുക്കുന്നു എന്നത്. പക്ഷെ അഭിലാഷിൻറെ പൊറ്റാൾ നോവലുകളോ നിതിൻറെ പുസ്തകമോ വായിക്കുമ്പോൾ എനിക്കീ അപരിചിതത്വം ഒരിക്കലും തോന്നിയിട്ടില്ല. പൊറ്റാൾ എന്ന സ്ഥലം ഞാൻ കണ്ടിട്ടില്ല. അത് എത്രത്തോളം അഭിലാഷിൻറെ ഭാവനയാണെന്നും അറിയില്ല. പക്ഷെ അത്രയേറെ പരിചയം തോന്നുന്ന സ്ഥലങ്ങളും കഥാപാത്രങ്ങളും ഇടവഴികളുമാണ് അഭിലാഷിൻറെ മൂന്ന് നോവലുകളിലും. അതുതന്നെയാണ് അവയുടെ സൗന്ദര്യവും. നിതിൻറേത് അസാധാരണമോ സംഭവബഹുലമോ ആയ ഒരു ജീവിതമല്ല. രണ്ടായിരത്തിരണ്ടിൽ കേരളത്തിലെ ഒരു ഗ്രാമപ്രദേശത്ത് ജീവിക്കുന്ന സാധാരണ ചെറുപ്പക്കാരൻ മാത്രമാണയാൾ. അയാൾക്ക് ചുറ്റുമുള്ള നഗരവും മനുഷ്യരും മാറിക്കൊണ്ടിരിക്കുകയാണ്. അതിൻറെ സാധ്യതകളും സംഘർഷങ്ങളും അയാളുടെ ജീവിതത്തെയും ചിന്തകളെയും സ്വാധീനിക്കുന്നുണ്ട്.

യൗവനത്തിൻറെ ആദ്യവർഷങ്ങളിലുള്ള നിതിൻ എന്ന യുവാവിൻറെ ഡയറി എൻട്രികളിലൂടെയാണ് അഭിലാഷ് കഥപറയുന്നത്. നിതിൻറെ ഡയറിയിലില്ലാത്തതൊന്നും നോവലിലുമില്ല. രണ്ടായിരത്തിരണ്ട്‍ മെയ് മുപ്പതുമുതൽ വർഷാവസാനം വരെയുള്ള നിതിൻറെ കുറിപ്പുകൾ. ആ കുറിപ്പുകളിലൂടെ നമ്മൾ നിതിനെ കാണുന്നു. അവൻറെ കാഴ്ചയിലൂടെ അവന് ചുറ്റുമുള്ളവരെയും. നിതിൻ അന്തർമുഖനാണ്. അപകർഷത നിറഞ്ഞവനാണ്. ബസിൽ ഏറ്റവും പുറകിലത്തെ സീറ്റിൽ ആരുടേയും നോട്ടമെത്താതെയിരിക്കാൻ താല്പര്യപ്പെടുന്നവൻ. പുതിയ ആളുകളോട് സംസാരിക്കാനോ, അറിയാവുന്ന ആളുകളോടുതന്നെ എതിർതെന്തെങ്കിലും പറയാനോ നിതിന് മടിയാണ്. ആരെങ്കിലും അടുത്തുവന്ന് നിൽക്കുമ്പോൾ തന്നെ തൻ്റെ പാന്‍റിനടിയിൽ പറ്റിയ ചെളിയും, നനഞ്ഞ ഷൂവുമോർത്ത് അയാൾ അസ്വസ്ഥനാവുന്നു. അപ്പോഴും, ചുറ്റുപാടിനെയും ചുറ്റുമുള്ളവരെയും അവൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. എല്ലാവരെക്കുറിച്ചും എല്ലാത്തിനെക്കുറിച്ചും അവന് അവൻറേതായ ബോധ്യങ്ങളുണ്ട്. അത് പലപ്പോഴും തുറന്നുപ്രകടിപ്പിക്കാൻ അവൻ ധൈര്യപ്പെടുന്നില്ലെന്ന് മാത്രം. ഒരു പക്ഷെ അത് ഉള്ളിലടിഞ്ഞ് കിടക്കുന്നതുകൊണ്ടാവാം നിതിൻറെ കുറിപ്പുകൾക്ക് അത്രയും ആഴമുള്ളത്.

സിഡി റൈറ്റിങ് ഷോപ്പുകൾ വന്നുതുടങ്ങുന്നു, ഒ.എഫ്.സി കേബിളുകൾക്കായി പണിനടക്കുന്നു, അക്ഷയ സെന്ററുകൾ വരുന്നു, പലരൂപത്തിൽ ഡിജിറ്റൽ യുഗം പൊറ്റാൾ പോലുള്ള ഉൾനാടുകളിലും എത്തിത്തുടങ്ങുന്ന കാലമാണ്. നിതിൻ ഇവയുടെയെല്ലാം ആദ്യ ഗുണഭോക്താക്കളിൽ ഒരാളാണ്. അതിന് അയാളെ പ്രാപ്തനാക്കുന്നത് കുടുംബത്തിൻറെ സാമ്പത്തികവും ജാതീയവുമായ നിലയാണ്. നഗരത്തിലെ ആദ്യകാല ഐ.ടി സ്റ്റാർട്ട് അപ്പുകളിൽ ഒന്നിലാണ് നിതിൻ ജോലി ചെയ്യുന്നത്. അത്തരമൊരു തൊഴിലിടംതന്നെ മലയാള സാഹിത്യത്തിന് അന്യമാണെന്ന് തോന്നുന്നു. അച്ഛനെയും അമ്മയെയും കുറിച്ച് നിതിൻ ഏറെയൊന്നും എഴുതുന്നില്ല. അയാൾ ഇഷ്ടപ്പെടുന്ന ഒരന്തരീക്ഷമല്ല വീട്ടിൽ അയാൾക്ക് ലഭിക്കുന്നത്. നിതിൻറെ ഏട്ടൻ വായനക്കാരനാണ്. ഏട്ടനിലൂടെയാവണം ആ ശീലം നിതിനും കിട്ടിയിട്ടുണ്ട്. അവരുടെ സംഭാഷണങ്ങളിലൂടെയും നിതിൻറെ വായനയിലൂടെയും പല പുസ്തകങ്ങളുടെയും റെഫറൻസുകൾ നോവലിൽ കടന്നുവരുന്നുണ്ട്. ഏട്ടനും സുഹൃത്തും പറഞ്ഞുകൊടുക്കുന്ന എഴുത്തുകാരിൽ/പുസ്തകങ്ങളിൽ നിതിൻ ഏറെ വായിക്കുന്നത് കാഫ്കയെയാണ്. അവൻറെ ജീവിതവും വ്യക്തിത്വവുമോർക്കുമ്പോൾ അത് വളരെ സ്വാഭാവികവുമാണ്.

നിതിൻറെ സൗഹൃദങ്ങൾ ഏറെയുമുണ്ടാവുന്നത് താഴേ പോറ്റാളിലെ ക്രിക്കറ്റ് കളിയിലൂടെയാണ്. ‘നിതിന് എല്ലാ ഷോട്ടുകളുടെയും പേരറിയാം പക്ഷെ ഒന്ന് പോലും കളിക്കാനറിയില്ല.’ എന്ന കൂട്ടുകാരൻറെ നിരീക്ഷണം അവൻറെ മൊത്തം ജീവിതത്തെ ഉപസംഹരിക്കുന്നതായി തോന്നി. തന്നേക്കാൾ പ്രായം കുറഞ്ഞവരോടാണ് നിതിന് കൂടുതൽ സംസാരിക്കാനാവുന്നത്. ഇവിടെ താഴേ പൊറ്റാളും മേലേ പൊറ്റാളും തമ്മിലുള്ള വിഭജനം സാമ്പത്തികവും ജാതീയവുമായ ഒരു വിഭജനംകൂടിയാണെന്ന് പുസ്തകത്തിൽനിന്നും മനസ്സിലാവുന്നുണ്ട്. തൊട്ടടുത്ത് താമസിക്കുന്നവരാണെങ്കിലും താഴേ പൊറ്റാളിലുള്ളവരെ തൻറെ അച്ഛന് അറിയുകയെങ്കിലും ചെയ്യുമോ എന്ന് നിതിൻ ആശ്ചര്യപ്പെടുന്നുണ്ട്. കളിക്കളത്തിലും കല്യാണപ്പന്തികളിലും ഓഫീസിലുമെല്ലാം ജാതി പ്രവർത്തിക്കുന്നത് അവൻ മനസ്സിലാക്കുന്നുണ്ട്.

യൗവനാരംഭത്തിലെ എല്ലാ വായനക്കാരെയും പോലെ നിതിനും കവിതകളെഴുതുന്നുണ്ട്. ആ കവിതകൾ നിതിൻറെ ഉള്ളിൽക്കിടന്ന് രൂപാന്തരപ്പെടുന്നതെങ്ങിനെയെന്ന് അവൻറെ ഡയറിയിൽ കാണാം. ശിഹാബുമായി സംസാരിച്ച ഒരുദിവസം വൈകീട്ടെഴുതിയ ദുഖകരമായ കുറിപ്പിൽ എഴുതിയ ഒരുപമ – മഴക്കാലത്ത് ആരുമറിയാതെ ശബ്ദം പോലും കേൾപ്പിക്കാതെ ഒടിഞ്ഞുവീഴുന്ന മരച്ചില്ലകളെ പോലെ സൗഹൃദങ്ങൾ ഇല്ലാതാവുന്നത് – ദിവസങ്ങൾക്കുശേഷം കവിതയായി മാറുന്നുത് നോവലിൽ കാണുന്നുണ്ട്. നിതിനും ശിഹാബും തമ്മിലുള്ള സൗഹൃദവും പ്രണയവും സൂക്ഷമെങ്കിലും ആഴമേറിയതാണ്. ഗുജറാത്തിലായിരുന്ന ശിഹാബ് രണ്ടായിരത്തിരണ്ടിൻറെ ആദ്യ മാസങ്ങൾക്കുശേഷം നാട്ടിലേക്ക് തിരിച്ച് വരാൻ കാരണം എന്തായിരിക്കും? രാജ്യത്തിൻറെ പിന്നീടുള്ള ഗതിയെ തന്നെ സ്വാധീനിച്ച ഒരു കലാപത്തെ ഉൾനാടൻ ഗ്രാമത്തിലെ ഒരു ചെറുപ്പക്കാരൻറെ കഥയിൽ എഴുത്തകാരൻ അടിയാളപ്പെടുത്തിയതാവാം അത്. ആദ്യ നോവലുകളുടെ അതേ ചുറ്റുപാടിലാണ് കഥ നടക്കുന്നതെങ്കിലും നിതിന്‍റേത് സ്വതന്ത്രമായ മറ്റൊരു കഥ തന്നെയാണ്. കഥകളും ഉപകഥകളുമായി പൊറ്റാളിൽ വഴികൾ നീണ്ടുകിടക്കുകയാണല്ലോ.